Monday , October   15, 2018
Monday , October   15, 2018

മികവോടെ ഏലക്ക, ഓണമായിട്ടും നാളികേരത്തിന് തളർച്ച

കൊച്ചി- ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് പുതിയ അന്വേഷണങ്ങൾ എത്തിയത് വ്യാപാര രംഗം സജീവമാക്കി. വില ഉയർത്തി ജാതിക്ക സംഭരിക്കാൻ ആഭ്യന്തര വിദേശ വ്യാപാരികൾ രംഗത്ത്. ഏലക്ക മികവ് നിലനിർത്തി. ചിങ്ങം അടുത്തിട്ടും നാളികേരോൽപ്പന്ന വിപണിയിൽ തളർച്ച. റബർ ക്ഷാമം രൂക്ഷമെങ്കിലും ടയർ നിർമ്മാതാക്കൾ നിരക്ക് ഉയർത്തിയില്ല. ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് പവൻ നീങ്ങി. 
കേരളത്തിൽ കാലവർഷം അനുകൂലമായ സാഹചര്യത്തിൽ അടുത്ത സീസണിൽ കുരുമുളക് ഉൽപാദനം ഉയരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ചിങ്ങത്തിൽ കാലവർഷം അൽപം ദുർബലമായാൽ കൊടികളിൽ കുരുമുളക് മണികൾ മികവ് കാണിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കർഷകർ. നടപ്പ് സീസണിലെ ഉൽപ്പാദനത്തിൽ വലിയോരു പങ്ക് ചരക്ക് ഇപ്പോഴും സ്‌റ്റോക്കുണ്ട്. 
കുരുമുളക് വില ഉയരുന്നതും പ്രതീക്ഷയിൽ വലിയെരു പങ്ക് കർഷകർ ഉൽപ്പന്നം വിപണിയിൽ ഇറക്കാതെ പിടിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ തുടങ്ങുന്ന ഉത്സവ സീസണിൽ നിരക്ക് ഉയരുമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകൾ. ഉത്തരേന്ത്യയിൽനിന്ന് ഇക്കുറിയും വൻ ഓർഡറുകൾ വിപണി പ്രതീക്ഷിക്കുന്നു. ഹൈറേഞ്ച്, വയനാട് ഭാഗങ്ങളിൽ നിന്ന് കൊച്ചി മാർക്കറ്റിൽ കാര്യമായി മുളക് എത്തിയില്ല. 
ആഗോള വിപണിയിൽ വിയറ്റ്‌നാം സജീവമാണ്. വിളവെടുപ്പ് പുരോഗമിക്കുന്ന ഇന്തോനേഷ്യ പുതിയ മുളക് ഈ മാസം വിൽപ്പനക്ക് ഇറക്കും. ബ്രസീലിയൻ കയറ്റുമതിക്കാർ പുതിയ കുരുമുളക് സെപ്റ്റംബറിൽ ഇറക്കുമെന്ന സൂചനയാണ് നൽകുന്നത്. ഇന്ത്യൻ മുളക് വില ടണ്ണിന് 5400 ഡോളറാണ്. അൺ ഗാർബിൾഡ് കുരുമുളക് വില 33,500 രൂപയിൽനിന്ന് 33,900 രൂപയായി. 
ഏലക്ക ശേഖരിക്കാൻ വാങ്ങലുകാർ ഉത്സാഹിച്ചു. ഉത്സവകാലം അടുത്ത സാഹചര്യത്തിൽ ലഭ്യത കുറഞ്ഞത് വ്യാപാരികളിൽ ആശങ്ക പരത്തി. ലേല കേന്ദ്രങ്ങളിൽ ഏലക്ക സംഭരിക്കാൻ അവർ നടത്തിയ തിരക്കിട്ട നീക്കങ്ങൾ വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാക്കി. വാരത്തിന്റെ തുടക്കത്തിൽ കിലോ 1433 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്ന ഏലം വാരാവസാനം അൽപം തളർന്നങ്കിലും വാങ്ങൽ താൽപര്യം ശക്തമാണ്. യൂറോപ്പിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നും ഏലത്തിന് അനേഷണങ്ങളുണ്ട്. പ്രതികൂല കാലാവസ്ഥയും കീടബാധകളുംമൂലം പല തോട്ടങ്ങളിലും ഉൽപാദനം പ്രതീക്ഷിച്ചതിനെക്കാൾ കുറയും. ഉൽപാദനം ചുരുങ്ങുമെന്ന ഭീതിയിൽ കിട്ടുന്ന വിലയ്ക്ക് ചരക്ക് ഏടുക്കാൻ ആഭ്യന്തര വ്യാപാരികൾ ലേലത്തിൽ മത്സരിച്ചു. 
വിദേശ ചുക്ക് ലഭ്യത ഉയർന്നങ്കിലും നാടൻ ചരക്കും ശേഖരിക്കാൻ ആഭ്യന്തര വ്യാപാരികൾ പല അവസരത്തിലും ഉത്സാഹിച്ചു. നാടൻ ചുക്ക് വരവ് ചുരുങ്ങിയാൽ നിരക്ക് ഉയരുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം വ്യാപാരികൾ. വിവിധ വിദേശ രാജ്യങ്ങളിൽനിന്ന് ചുക്കിന് അന്വേഷണങ്ങളുണ്ട്. ആഭ്യന്തര ആവശ്യം ഉയർന്നാൽ കയറ്റുമതിക്കാർ വില ഉയർത്തി ലഭ്യത ഉറപ്പ് വരുത്താൻ ശ്രമം നടത്താം. അതേസമയം നൈജീരിയൻ ചുക്ക് ഉത്തരേന്ത്യയിൽ താഴ്ന്ന വിലക്ക് ലഭ്യമാണ്. ഇറക്കുമതി ചുക്ക് കറിമസാല വ്യവസായികൾ കാര്യമായി ശേഖരിച്ചില്ല. കൊച്ചിയിൽ മീഡിയം ചുക്ക് 14,000 രൂപയിലും ബെസ്റ്റ് ചുക്ക് 15,000 രൂപയിലുമാണ്. 
ജാതിക്ക ജാതിപത്രി വിലകളിൽ വീണ്ടും വർധന. വ്യവസായികൾ ജാതിക്ക സംഭരിക്കാൻ രംഗത്തുണ്ട്. വിപണിയുടെ പ്രതീക്ഷക്കൊത്ത് ഗ്രാമീണ മേഖലകളിൽനിന്ന് ചരക്ക് എത്താഞ്ഞത് കണ്ട് ഇറക്കുമതിക്ക് ഒരു വിഭാഗം ഉത്സാഹിച്ചു. ശ്രീലങ്കൻ ചരക്ക് എത്തിയതായാണ് സൂചന. മധ്യകേരളത്തിലെ വിപണികളിൽ വരവാണ്. 
വിവിധ ഭക്ഷ്യയെണ്ണകളുടെ നിരക്ക് താഴ്ന്നത് നാളികേരോൽപ്പന്നങ്ങൾക്ക് തിരിച്ചടിയായി. ചിങ്ങം അടുത്തിട്ടും തുടർച്ചയായ മുന്നാം വാരത്തിലും വെളിച്ചെണ്ണ വില സ്‌റ്റെഡി. ഇതര ഭക്ഷ്യയെണ്ണ വിലകൾ താഴ്ന്ന നിൽക്കുന്നതിനാൽ ഉയർന്ന വിലയ്ക്ക് കൊപ്ര സംഭരിക്കാൻ മില്ലുകാർ തയാറായില്ല. മാസാരംഭമായിരുന്നിട്ടും പ്രദേശിക ഡിമാന്റ് എണ്ണ വിപണിക്ക് നേട്ടമായില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 16,800 രൂപയിലും കൊപ്ര 11,190 രൂപയിലും വെള്ളിയാഴ്ച ക്ലോസിംഗ് നടന്നു.  
ചിങ്ങത്തിന് മുമ്പായി റബർ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം കർഷകർ.  നാലാം ട്രേഡ് റബർ 13,100 രൂപയിലും അഞ്ചാം ഗ്രേഡ് 12,900 രൂപയിലുമാണ്. ഒട്ടുപാലിന്റെ വില 10,000 രൂപ വരെ ഉയർന്നു.  
സ്വർണ വില താഴ്ന്നു. ആഭരണ കേന്ദ്രങ്ങളിൽ 22,200 രൂപയിൽ വിൽപ്പനക്ക് തുടക്കം കുറിച്ച പവൻ 21,920 വരെ താഴ്ന്ന ശേഷം 22,000 രൂപയിലാണ്. ഇതോടെ ഒരു ഗ്രാമിന് വില 2775 രൂപയിൽ നിന്ന് 2750 രൂപയായി. ന്യൂയോർക്കിൽ  ട്രോയ് ഔൺസ് സ്വർണം 1223 ഡോളറിൽനിന്ന് 1203 ഡോളർ വരെ താഴ്ന്ന ശേഷം 1212 ഡോളറിലാണ്.   


 

Latest News