Tuesday , April   23, 2019
Tuesday , April   23, 2019

ജി.എസ്.ടി കിഴിവിൽ ഓണം വിപണി ഉഷാറാകും 

വിവിധ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി നിരക്ക് കുറച്ചതോടെ ഓണക്കാല വിപണിയിലെ മാന്ദ്യം ഒഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. 
പുതിയ നിരക്കുകൾ ജൂലൈ 27 ന് നിലവിൽ വന്നു. ഇതുമൂലം ഏകദേശം 7000 കോടി രൂപയോളം നികുതി വരുമാനത്തിൽ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഗൃഹോപകരണങ്ങളുടെയും മറ്റും വില കുറയുന്നതിനാൽ ഡിസ്‌കൗണ്ടുകളും ഓഫറുകളും നൽകി ഉപഭോക്താക്കളെ ആകർഷിക്കാമെന്നാണ് വ്യാപാരികൾ കണക്കുകൂട്ടുന്നത്.
ജി.എസ്.ടി റിട്ടേൺ സമർപ്പിക്കുന്നത് ലളിതമാക്കിയത് ചെറുകിട ബിസിനസുകൾക്ക് ആശ്വാസകരമാകും. അഞ്ചു കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾ മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ ഫയൽ ചെയ്താൽ മതി. എന്നാൽ എല്ലാ മാസവും നികുതി അടക്കേണ്ടി വരും.
മറ്റൊരു മാറ്റം ടൂറിസം മേഖലയെ ബാധിക്കുന്നതാണ്. ഇനി മുതൽ ഹോട്ടൽ മുറികൾക്ക് ബില്ലിലെ തുക അനുസരിച്ചു നികുതി നിരക്ക് നിശ്ചയിച്ചാൽ മതിയെന്ന് ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു. മിക്ക ഹോട്ടലിലും യഥാർഥ മുറിവാടക പരസ്യം ചെയ്യുന്ന നിരക്കിൽനിന്നു മിക്കപ്പോഴും വളരെ കുറവായിരിക്കും. എന്നാൽ നേരത്തേയുള്ള ജി.എസ്.ടി വ്യവസ്ഥ അനുസരിച്ച് പരസ്യം ചെയ്ത തുകക്ക് ജി.എസ്.ടി ഈടാക്കണം. എന്നാൽ ജി.എസ്.ടി നിരക്കുകളിൽ മാറ്റമില്ല. ബില്ല് 7500 രൂപക്ക് താഴെയെങ്കിൽ 18 ശതമാനവും, 7500 രൂപക്ക് മുകളിലെങ്കിൽ 28 ശതമാനവുമാണ് ജി.എസ്.ടി.

മറ്റ് പ്രധാന മാറ്റങ്ങൾ

പൂർണ്ണ നികുതി ഇളവ് ലഭിച്ചവ
സാനിറ്ററി പാടുകൾ (ഇതുവരെ 12 ശതമാനമായിരുന്നു നികുതി)
രാഖി, വൈറ്റമിൻ ചേർന്ന പാൽ (ളീൃശേളശലറ ാശഹസ)  കല്ല്, മാർബിൾ, തടി എന്നിവ കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ, ചൂൽ നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ, പ്‌ളേറ്റുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൈമരുത് വൃക്ഷത്തിന്റെ ഇലകൾ, കയർ പിത്ത് കംപോസ്റ്റ്, സ്മാരക നാണയങ്ങൾ.


28 ൽനിന്ന് 18 ശതമാനത്തിലേക്ക് കുറച്ചത്
റെഫ്രിജറേറ്റർ, വിവിധതരം ഫ്രീസറുകൾ, വാട്ടർ കൂളർ, മിൽക്ക് കൂളർ, ലെതർ ഇൻഡസ്ട്രിയിൽ ഉപയോഗിക്കുന്നതരം ഫ്രീസർ, ഐസ്‌ക്രീം ഫ്രീസർ തുടങ്ങിയവ
വാട്ടർ ഹീറ്റർ, ടിവി 68 സെന്റിമീറ്റർ വരെ, തേപ്പുപെട്ടി, വാഷിംഗ് മെഷീൻ, വാക്വം ക്ലീനർ, ലിഥിയം അയൺ ബാറ്ററികൾ, ഗ്ലേസിയേർസ് പുട്ടി, ഗ്രാഫ്റ്റിങ് പുട്ടി, റെസിൻ സിമന്റ്, വാർണിഷ്, പെയിന്റ്, ഇനാമൽ, ഫുഡ് െ്രെഗൻഡർ, മിക്‌സർ, ജ്യൂസർ, ഷേവിങ്ങ് ഉപകരണം, ഹെയർ ക്ലിപ്പർ, ഹെയർ ഡ്രയർ, ടോയ്‌ലറ്റ് സ്‌പ്രേ.
പ്രത്യേക ഉപയോഗത്തിനുള്ള മോട്ടോർ വാഹനങ്ങൾ (ക്രെയിൻ ലോറികൾ, അഗ്‌നിശമന വാഹനങ്ങൾ, കോൺക്രീറ്റ് മിക്‌സർ ലോറി, സ്‌പ്രേയിങ് ലോറി, ഫാക്ടറികളിൽ ഉപയോഗിക്കുന്നതരം വർക്‌സ് ട്രക്കുകൾ, ട്രെയിലറുകൾ.

18 ൽനിന്നു 12 ശതമാനത്തിലേക്ക് നികുതി കുറച്ചത്
കരകൗശല വസ്തുക്കൾ, കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന റബർ റോളർ, മുളകൊണ്ടുള്ള ഫ്‌ളോറിങ്, ജൂവലറി ബോക്‌സ്, ഹാൻഡ് ബാഗുകൾ, മരം കൊണ്ടുള്ള ബോക്‌സുകൾ, കൈകൊണ്ട് നിർമ്മിച്ച വിളക്കുകൾ, പിത്തളയിലുള്ള മണ്ണെണ്ണ കൊണ്ട് പ്രവർത്തിക്കുന്ന പ്രഷർ സ്റ്റൗവ്, സിപ്, സ്ലൈഡ് ഫാസ്‌നർ.

18 ൽനിന്ന് 5 ശതമാനത്തിലേക്ക്  കുറച്ചത്
ഇന്ധനത്തിൽ ചേർക്കുന്ന എഥനോൾ, ജൈവ ഇന്ധന പെല്ലെറ്റുകൾ, 1000 രൂപ വരെയുള്ള ചെരുപ്പുകൾ (ഇതുവരെ 500 രൂപ വരെയുള്ള ചെരുപ്പുകൾക്കായിരുന്നു 5 ശതമാനം ജി.എസ്.ടി)

12 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനത്തിലേക്ക് കുറച്ചത്
കൈത്തറിയിൽ നിർമ്മിച്ച പായ, ഫോസ്‌ഫോറിക് ആസിഡ്, 1000 രൂപയിൽ താഴെയുള്ള തൊപ്പി (തുന്നിയതുൾപ്പെടെ)
നികുതിയിൽ വരുത്തിയിരിക്കുന്ന ഇളവുകൾ ഉപഭോക്താക്കളുമായി പങ്കുവക്കാത്ത ഉൽപാദകർക്കും കച്ചവടക്കാർക്കുമെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Latest News