Tuesday , August   21, 2018
Tuesday , August   21, 2018

ഉരുട്ടിക്കൊല വിധി  നൽകുന്ന സന്ദേശം 

ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഇത്തരമൊരു വിധി. നിരപരാധിയായ ഒരു ചെറുപ്പക്കാരനെ ലോക്കപ്പിലിട്ട് ഉരുട്ടികൊന്ന പോലീസുകാർക്ക് വധശിക്ഷ. സിബിഐ പ്രത്യേക കോടതിയാണ് ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന ഈ സുപ്രധാനവിധി പ്രഖ്യാപിച്ചിരിക്കുന്നത്. തീർച്ചയായും വധശിക്ഷ ആധുനിക സമൂഹത്തിനു ചേർന്നതല്ല എന്നതിൽ സംശയമൊന്നുമില്ല. നിയമപാലകരായ പോലീസുകാരുടെ അതിക്രൂരമായ നിയമലംഘനത്തിനാണ് ശിക്ഷ എന്നതു ശരി തന്നെ. അപ്പോഴും വധശിക്ഷ ന്യായീകരിക്കപ്പെടുന്നില്ല. ആ വിഷയം നിലനിൽക്കുമ്പോഴും തിരിച്ചടിക്കില്ല എന്നറപ്പുള്ള നിസ്സഹായരായ മനുഷ്യരെ തല്ലിയും ഉരുട്ടിയും കൊല്ലുന്നവർ നിസ്സാരമായി കൈകഴുകി വരുന്ന സ്ഥിരം പരിപാടി ഇതോടെ അവസാനിക്കുമെങ്കിൽ അതായിരിക്കും ഈ വിധിയുടെ ചരിത്രപരമായ പ്രാധാന്യം.  
നിലവിൽ സർവീസിലിരിക്കുന്ന രണ്ടു പേർക്കാണ് 13 വർഷത്തിനുശേഷം വധശിക്ഷ ലഭിച്ചിരിക്കുന്നത്. പോലീസുകാർ പ്രതികളാകുമ്പോൾ ഭയപ്പെട്ട് സാക്ഷികൾ കൂറുമാറുന്നത് സ്ഥിരം സംഭവമാണല്ലോ. അങ്ങനെയാണ് അവർ മിക്കവാറും രക്ഷപ്പെടുന്നത്. അക്കാര്യവും കോടതി പരിശോധിച്ചു എന്നത് സ്വാഗതാർഹമാണ്. വിചാരണ വേളയിൽ കൂറുമാറിയ പ്രധാന സാക്ഷി സുരേഷിനെതിരെ വേണമെങ്കിൽ നടപടി സ്വീകരിക്കാമെന്ന് കോടതി സി.ബി.ഐയോട് നിർദേശിച്ചിട്ടുണ്ട്. സിബിഐ അതു ചെയ്യുകതന്നെ വേണം. അതും ഭാവിയിലേക്കൊരു താക്കീതാകും. കഴിഞ്ഞില്ല. കള്ളക്കേസും വ്യാജരേഖകളും ഉണ്ടാക്കുന്ന പോലീസിന്റെ സ്ഥിരം നടപടിക്കെതിരേയും കോടതി വിരൽ ചൂണ്ടുന്നു. ഉദയകുമാറിന്റേത് അന്യായ കസ്റ്റഡി ആണെന്നത് ഒഴിവാക്കാൻ മോഷണക്കുറ്റം ചുമത്താനായി പോലീസ് വ്യാജരേഖ ഉണ്ടാക്കിയിരുന്നു.  പോലീസ് കസ്റ്റഡിയിൽ ഉദയകുമാർ മരിച്ചശേഷമാണ് മോഷണക്കുറ്റം ചുമത്തിയതെന്നും മൃതദേഹത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സത്യത്തിൽ ആക്രി പെറുക്കി വിറ്റുകിട്ടിയതും അമ്മ തന്നതുമായ പണമായിരുന്നു ഉദയകമാറിന്റെ കൈവശമുണ്ടായിരുന്നത്. ഉദ്യോഗസ്ഥരെ കോടതിയിൽ ഹാജരാക്കുമ്പോൾ മാധ്യമങ്ങളിൽ നിന്ന് മറച്ചുപിടിക്കാൻ ആൾമാറാട്ടം നടത്തിയതും വിവാദമായിരുന്നു. ഇതിനു ചുക്കാൻ പിടിച്ച ഓഫീസറും  അച്ചടക്ക നടപടി നേരിട്ടിരുന്നു. ഇത്തരത്തിൽ വളരെ പ്രാധാന്യമുള്ള സംഭവങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട് നടന്നത്.  ഇതിനേക്കാളെല്ലാമുപരി മകന്റെ മരണത്തിൽ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ വൃദ്ധയായ അമ്മ നടത്തിയ പോരാട്ടമാണ് ഇതോടെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്. 
ആരേയും ലോക്കപ്പിലിട്ടു മർദ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന പോലീസിന്റെ ധാരണ അവസാനിക്കാൻ  സഹായകരമാകുമെങ്കിൽ അതായിരിക്കും ഈ വിധിയുടെ ചരിത്രപരമായ പ്രസക്തി. അടുത്തയിടെ ഇത്തരം സംഭവങ്ങൾ നിരവധിയായി ആവർത്തിക്കപ്പെടുകയാണ്. ഈ മന്ത്രിസഭ വന്നതിനുശേഷവും നിരവധി പേർ പോലീസ് മർദ്ദനത്തിൽ മരിച്ചിട്ടുണ്ട്. ഏറെവിവാദമായ ശ്രീജിത്ത് വധം ഒരു ഉദാഹരണം മാത്രം. പോലീസ് കംപ്ലെയന്റ് അതോറിറ്റിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ വർദ്ധിച്ചുവരുന്ന പോലീസ് അതിക്രമങ്ങളെ പറ്റി പലവട്ടം പറഞ്ഞു കഴിഞ്ഞു. എന്നാൽ സർക്കാരിൽ നിന്ന് ഇക്കാര്യത്തിൽ ശക്തമായ നടപടികൾ ഉണ്ടാകുന്നില്ല എന്നു പറയാതെ വയ്യ. മാത്രമല്ല, പലപ്പോഴും ആത്മവീര്യത്തെ പറ്റി പറഞ്ഞ് മുഖ്യമന്ത്രിതന്നെ പലപ്പോഴും പോലീസതിക്രമങ്ങളെ പരോക്ഷമായി ന്യായീകരിക്കുകയാണ്. അടിയന്തരാവസ്ഥകാലത്ത് തനിക്കേറ്റ ലോക്കപ്പ് മർദ്ദനത്തെ രാഷ്ട്രീയ മൂലധനമാക്കിയ ഒരാൾ ഒരിക്കലും പറയാൻ പാടില്ലാത്ത ഒന്നാണ് അത.് അതുമായി ബന്ധപ്പെട്ട് നിയമസഭയിൽ പിണറായി ചെയ്ത പ്രസിദ്ധമായ പ്രസംഗത്തിൽ പറയുന്നത് ഇങ്ങനെയാണ്. 'ഒരു പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പോലീസ് ലോക്കപ്പിലിട്ട് ഒരാളെ മൃഗീയമായി തല്ലാൻ നേതൃത്വം കൊടുക്കുകയെന്നു പറഞ്ഞാൽ അത് രാഷ്ട്രീയമാണോ? ഇതാണോ രാഷ്ട്രീയം? ഒരു പൊലീസ് സൾക്കിൾ ഇൻസ്പെക്ടർക്കുമാത്രം അല്ലെങ്കിൽ കണ്ണൂർ ഡിഎസ്പി തോമസിനു മാത്രമായി തല്ലാനുള്ള ധൈര്യം കിട്ടിയെന്നാണോ ഞാൻ വിശ്വസിക്കേണ്ടത്? ഒരിക്കലുമല്ല..' അതുതന്നെയാണ് ശരി. സംരക്ഷണം കിട്ടുമെന്ന ഉറപ്പാണ് പോലീസിന് ഇത്രയും ധൈര്യം നൽകുന്നത്. 
അതില്ലാതാകാനെങ്കിലും ഈ വിധി സഹായിച്ചാൽ നന്ന്. എന്തായാലും പ്രതികൾ കുറ്റക്കാരാണെന്ന കഴിഞ്ഞ ദിവസത്തെ കോടതിവിധിക്കുശേഷം മുഖ്യമന്ത്രി നിലപാട് മാറ്റിയിട്ടുണ്ട്.  ഇന്നലെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ. 'ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകേണ്ട പോലീസ് മനുഷ്യാവകാശ ലംഘകരാകുന്നു.
 മൂന്നാംമുറ, അഴിമതി, അന്യായതടങ്കൽ എന്നിവ മനുഷ്യാവകാശങ്ങളെ ബാധിക്കുന്നത് ജനാധിപത്യ ഭരണക്രമത്തിന് യോജിച്ചതല്ല. ഇതെല്ലാം ഒഴിവാക്കി പോലീസിനെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കും. വേലിതന്നെ വിളവ് തിന്നുന്നത് ഒരു സമൂഹത്തിനും ഭൂഷണമല്ല.' പറയുന്നത് ആത്മാർത്ഥമായിട്ടാണെങ്കിൽ കേരളമത് സ്വാഗതം ചെയ്യും. സത്യത്തിൽ ലോകത്തെ ഏറ്റവും വലിയ ഭീരുക്കൾ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സിനിമയിലല്ലാതെ തങ്ങൾക്കു തിരിച്ചടി കിട്ടില്ല എന്ന ഉറപ്പിൽ ലോക്കപ്പിലിട്ട് കുറ്റവാളികളേയും അല്ലാത്തവരേയും ദുർബ്ബലവിഭാഗങ്ങളേയും മർദ്ദിക്കുന്ന പോലീസുകാർ തന്നെയാണത്. സംരക്ഷണം കിട്ടില്ല എന്നുറപ്പായാൽ അവരുടെ ധൈര്യമെല്ലാം പമ്പ കടക്കും. അടിയന്തരമായി സർക്കാർ ചെയ്യേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. അതിലൊന്ന് സിസി ടിവി ക്യാമറയുടേതാണ്. പൊതുസ്ഥലങ്ങളിലെല്ലാം സിസിടിവി ക്യമറകൾ സ്ഥാപിച്ച് ജനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന പോലീസിനെ ഞെട്ടിച്ച ചില നിർദ്ദേശങ്ങൾ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി മുന്നോട്ട് വെച്ചിരുന്നു. പോലീസ് സ്റ്റേഷനിലെ എല്ലാ മുറികളും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കണം, ലോക്കപ്പ് പ്രതികളും പൊലീസും തമ്മിൽ ആശയ വിനിമയം നടത്തുന്ന ഇടങ്ങൾ തുടങ്ങി സ്റ്റേഷനുകളിലെ എല്ലാ കോണുകളും ദിവസത്തിൽ 24 മണിക്കൂറും നിരീക്ഷണ വലയത്തിൽ വരുന്ന വിധത്തിൽ ക്യാമറകൾ സ്ഥാപിക്കണം, പോലീസ് സ്റ്റേഷനുകളിൽ മിന്നൽ പരിശോധന നടത്താൻ മാധ്യമ സന്നദ്ധ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപീകരിക്കണം, സിസി ടി.വി ദൃശ്യങ്ങൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമർപ്പിക്കണം,  ഇത് പരിശോധിച്ച് മനുഷ്യാവകാശ കമ്മിഷൻ വേണ്ട നടപടികൾ സ്വീകരിക്കണം, കസ്റ്റഡി പീഡനങ്ങൾ നിയന്ത്രിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ മേൽനോട്ടം വഹിക്കണം,  എല്ലാ സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കോടതികൾ സ്ഥാപിക്കണം തുടങ്ങിയ നിർദ്ദേശങ്ങളായിരുന്നു അവയിൽ പ്രധാനം. ജനങ്ങളെ നിരീക്ഷിക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും അവകാശമുള്ളപ്പോൾതന്നെ നിങ്ങളും ജനാധിപത്യത്തിൽ അപ്രമാദിത്തമുള്ളവരല്ല എന്ന സന്ദേശമായിരുന്നു അത് പോലീസിന് നൽകിയത്. നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ല എന്നു ധരിച്ചിരിക്കുന്ന നിയമപാലകർക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു അത്. പതിവുപോലെ ആ റിപ്പോർട്ട് നടപ്പാക്കപ്പെട്ടില്ല. അത് നടപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണം. പോലീസിൽ സാധാരണമായ അനഭലഷണീയമായ പ്രവണതകളെ കുറിച്ച് മുൻ ഡി ജി പി സെൻകുമാർ ഒരിക്കൽ തുറന്നു പറഞ്ഞ സത്യങ്ങളും ഇപ്പോൾ ഓർക്കുന്നത് നന്നായിരിക്കും. 
വ്യക്തികളോടും സമൂഹത്തോടും പരുഷമായി പെരുമാറുക. അകാരണമായി അവരെ അപമാനിക്കുക, ദേഹോപദ്രവം ഏൽപ്പിക്കുക നിയമവിരുദ്ധമായ കാര്യങ്ങൾക്കായി കേസ് രജിസ്റ്റർ ചെയ്യുക. നിയമവിരുദ്ധമായി വ്യക്തികളെ അറസ്റ്റ് ചെയ്യുക നിയമവിരുദ്ധമായ തെരച്ചിലുകൾ നടത്തുക. വസ്തുവകകളും വാഹനങ്ങളും മറ്റും അകാരണമായി പിടിച്ചെടുക്കുക, പണമോ സ്വാധീനമോ വഴി സ്വാധീനിക്കാൻ കഴിയാത്തവരുടെ പരാതികൾ അവഗണിക്കുക, ക്രമസമാധാനത്തിനു വേണ്ടി അമിതബലപ്രയോഗം നടത്തുക വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുക, വ്യക്തിപരമായ താല്പര്യങ്ങൾക്കുവേണ്ടി പൊലീസ് സംവിധാനം ദുർവിനിയോഗം ചെയ്യുക, സത്യസന്ധമായും നീതിപൂർവ്വകമായും മുഖം നോക്കാതെയും നടപടികൾ എടുക്കാതിരിക്കുക കസ്റ്റഡിയിൽ എടുത്ത പ്രതികളെ പീഡിപ്പിക്കുക സ്ത്രീകളോട് മോശമായി പെരുമാറുക ഡ്യൂട്ടിയ്ക്കിടയിൽ മദ്യപിക്കുക, മുറുക്കുക, പുകവലിക്കുക എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ സ്വയം വിമർശനങ്ങൾ. ഇവക്കെല്ലാം അറുതി വരുത്താനും നടപടി വേണം.
കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ചില മാറ്റങ്ങൾക്ക് ശ്രമിക്കുകയുണ്ടായി. ലോക്കപ്പിലുള്ളവരോട് മാന്യമായി പെരുമാറുക, സമയത്ത് ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുക, സഭ്യമായ ഭാഷ ഉപയോഗിക്കുക, കസ്റ്റഡിയിലുള്ളവരെ പ്രദർശന വസ്തുവാക്കാതിരിക്കുക, സാക്ഷികളെ സ്റ്റേഷനിൽ വിളിച്ചു വരുത്താതിരിക്കുക, അഥവാ അതൊഴിവാക്കാൻ കഴിയില്ലെങ്കിൽ അവർക്ക് ഒരു ദിവസത്തെ വേതനം നൽകുക, വൃദ്ധരേയും സ്ത്രീകളേയും കുട്ടികളേയും ഒരിക്കലും അനാവശ്യമായി സ്റ്റേഷനിലേക്കു വരുത്താതിരിക്കുക, ആരു ചോദിച്ചാലും ഐഡി കാർഡ് കാണിച്ചു കൊടുക്കുക തുടങ്ങിയവയെല്ലാം അവയിൽ പെടുന്ന. എന്നാൽ കാര്യമായൊന്നും നടന്നില്ല. ഈ നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണം. 
ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്ന്. 50വർഷം മുമ്പു പാസ്സായ പോലീസ് ആക്ടാണ് ഇപ്പോഴും ഇവിടെ നിലനിൽക്കുന്നത്. അതാകട്ടെ ബ്രിട്ടീഷുകാർ നടപ്പാക്കിയ പഴയ ആക്ടിന്റെ ചുവടുപിടിച്ചത്. അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു വ്യക്തം. അടിച്ചമർത്തുക എന്നതുതന്നെ. കമ്യൂണിസ്റ്റുകാർ പറയാറുള്ളപോലെ പോലീസ് എന്നും ഭരണകൂടത്തിന്റെ മർദ്ദനോപകരണം തന്നെ. എന്നാൽ ജനാധിപത്യ വ്യവസ്ഥയിൽ ആ അവസ്ഥ മാറേണ്ടതുണ്ട്. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം. മുത്തങ്ങയിൽ ആദിവാസികളെ മർദ്ദിക്കുന്നതു കണ്ട് വേദനിച്ച ഐസക് ആന്റണി എന്ന പോലീസുകാരൻ ജനാധിപത്യത്തിലെ പോലീസ് എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. 
 

Latest News