Tuesday , April   23, 2019
Tuesday , April   23, 2019

യുദ്ധം ഒരു വിനോദം

മാർഗററ്റ് മാക്മില്ലൻ ഏറെ കാലം ടൊറൊന്റോ സർവകലാശാലയിൽ ചരിത്രം പഠിപ്പിക്കുകയായിരുന്നു.  കേംബ്രിഡ്ജിൽ പഠിക്കുമ്പോൾ ബ്രിട്ടീഷ് ഭരണത്തിലെ ഇന്ത്യയുടെ അവസ്ഥയെപ്പറ്റിയായിരുന്നു ഗവേഷണം.  കഴിഞ്ഞയാഴ്ച അവരുടെ റീത് സ്മാരകപ്രഭാഷണത്തിന്റെ ഏതാനും ഭാഗം ഞാൻ വായിച്ചു.  നമുക്കെല്ലാം പ്രിയപ്പെട്ടതു തന്നെ വിഷയം: യുദ്ധം.
പ്രൊഫസർ മാർഗററ്റ് മാക്മില്ലന്റെ ചിന്തകളിലൂടെ കടന്നു പോകുമ്പോൾ പാർക്കിൽ ഗൗരിയുമൊത്തു നടക്കുമ്പോൾ പറഞ്ഞിരുന്ന കഥകൾ ഓർത്തുപോയി. വീരവും കരുണവും കലർന്ന യുദ്ധസ്മൃതികൾ അവൾക്കു കേൾക്കാനും എനിക്കു പറയാനും ഒരു പോലെ ഇഷ്ടമായിരുന്നു. ഞാൻ കൃഷ്ണനെ ഉദ്ധരിച്ചു: യുദ്ധായ കൃതനിശ്ചയ:  യുദ്ധത്തിനൊരുങ്ങുക എന്ന ആഹ്വാനമാണ് കാലം മുഴുവൻ, ലോകം മുഴുവൻ, മുഴങ്ങുന്നതെന്നു തോന്നും. കഥകൾ അങ്ങനെ പറഞ്ഞുപോയപ്പോൾ ഉറപ്പിച്ചു,  യുദ്ധത്തിന്റെ ചിത്രമാണ് മനുഷ്യന്റെ ചരിത്രം.  കുട്ടികൾക്കുവേണ്ടി ഒരു യുദ്ധപുരാണം എഴുതിക്കൂടേ എന്നു കൂടി ആലോചനയുണ്ടായി. ഓരോരുത്തരും എഴുതുന്ന പുരാണത്തിൽ അവർക്കിഷ്ടപ്പെട്ട യുദ്ധം ചേർക്കുകയും ഇഷ്ടപ്പെടാത്തത് വിട്ടു കളയുകയും ചെയ്യുന്നു. ഏതായാലും യുദ്ധത്തെപ്പറ്റി ആലോചിക്കുകയാണ് സമാധാനത്തിലേക്കുള്ള എളുപ്പവഴി എന്നു വിചാരിക്കണം. പക്ഷേ  മിക്ക ആലോചനകളെയും പോലെ എന്റെ യുദ്ധരചനയും അലസി. 
നമ്മുടെ മുൻ വിധി പോലെ യുദ്ധത്തെ ഓരോ രീതിയിൽ വിശേഷിപ്പിക്കാം.  ചിലർക്ക് അത് അശ്വമേധമാകാം, ചിലർക്ക് ആക്രമണവും.  ചിലർ യുദ്ധത്തെ രസകരമായ മൽസരമായും മറ്റു ചിലർ എന്തിനോടൊക്കെയോ ഉള്ള പ്രതിഷേധമായും കണക്കാക്കുന്നു.  ചിലയിടങ്ങളിൽ പേർ വിപ്ലവം എന്നായിരിക്കും. ചിലർ വിജയം ആഘോഷിക്കുന്നു, ചിലർ തലമുറകളായി പൊറുക്കാൻ വയ്യാത്ത വഞ്ചനയുടെ ഓർമ്മയിൽ നീറുന്നു.  ആ വിജയത്തിന്റെയും വഞ്ചനയുടെയും ആവിഷ്‌ക്കാരമാണ് ഹോമറുടെയും വാൽമീകിയുടെയും വ്യാസന്റെയും കൃതികൾ.  യുദ്ധത്തിന്റെ പരിണാമം എന്താണെന്നു ചോദിച്ചപ്പോൾപേരറിയാത്ത ഒരു റഷ്യൻ പടയാളി പറഞ്ഞ വാക്കുകൾ മാർഗററ്റിന്റെ പ്രഭാഷണത്തിൽ ഉദ്ധരിക്കപ്പ്‌പെടുന്നുണ്ട്.  ഒരു മഹാകാവ്യത്തിൽ ഒതുങ്ങാത്ത അത്ര ഭാവഭദ്രമായിരുന്നു ആ പ്രസ്താവം: 'യുദ്ധത്തിനിടയിൽ ആത്മാവിനു വല്ലാതെ വയസ്സാകുന്നു.'
മുവയിരം കൊല്ലം മുമ്പ്  നടന്നതാണ് ട്രോയും ഗ്രീസും തമ്മിലുള്ള യുദ്ധം. ഇലിയഡിലും ഒഡിസ്സിയിലും അത് ഓർമ്മിക്കപ്പെട്ടു.  പിന്നെ, യുദ്ധത്തിന്റെ തുടർച്ച സ്ഥാപിക്കാനെന്നോണം, സ്പാർടയും ആഥൻസും തമ്മിൽ അടിയായി.  പെലോപൊന്നേഷ്യൻ യുദ്ധം എന്ന പേരിൽ നാം അതിനെ ഓർത്തു രസിച്ചു.  ഒരു നൂറ്റാണ്ടു കഴിഞ്ഞില്ല, ലോകത്തെ മുഴുവൻ യുദ്ധത്തിൽ തോല്പിക്കാൻ അതാ വരുന്നു മഹാനായ അലക്‌സാണ്ഡർ. ഇന്ത്യയുടെ ഒരു ഭാഗം കൂടി കീഴടക്കി തിരിച്ചു പോകും വഴി ചക്രവർത്തി മരിച്ചു. ചക്രവർത്തിയാണെങ്കിലും അരിസ്‌ടോട്ടലിന്റെ ശിഷ്യനിൽ ഒരു ദാർശനികനും ഒളിഞ്ഞിരുന്നിരുന്നു. തന്റെ കൈ രണ്ടും ശവമഞ്ചത്തിൽനിന്നു പുറത്തിടണമെന്ന് അലക്‌സാണ്ഡർ നേരത്തേ ആജ്ഞാപിച്ചിരുന്നത്രേയുദ്ധം ജയിച്ച താൻ ഒന്നും കൊണ്ടുപോകുന്നില്ലെന്നു കാണിക്കാൻ. 
ഗ്രീസിലെ അന്ധകവിയെക്കാൾ എന്തുകൊണ്ടും മഹാനായ യുദ്ധലേഖകനായിരുന്നു ഒന്നേകാൽ ലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതം എഴുതിയ കൃഷ്ണദ്വൈപായനൻ.  കുരുക്ഷേത്രത്തിന്റെ കഥ ഉപസംഹരിക്കുന്‌പോൾ അദ്ദേഹം ഖിന്നനായിരുന്നു.  വ്യാസൻ പറഞ്ഞു: 'കൈ രണ്ടുമുയർത്തി ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നു, ധർമ്മം അനുഷ്ഠിക്കുക, ആരും കേൾക്കുന്നേയില്ല.' വ്യാസന് 'കാവ്യബീജം സനാതനം' പകർന്നുകൊടുത്ത വാൽമീകിക്കും വേദന ഉളവാക്കുന്നതായിരുന്നു ലങ്കയിൽ നടന്ന യുദ്ധവിജയത്തിന്റെ ശേഷപത്രം. 
അലക്‌സാണ്ഡർ പിടിച്ചടക്കാൻ വന്നു പോകുമ്പോൾ, മനസ്സിനെയും ചോദനയെയും ഒതുക്കിനിർത്താൻ ശ്രമിക്കുകയായിരുന്നു മറ്റൊരു രാജ്യാധികാരി, ഗൗതമബുദ്ധൻ.  ശാന്തിമന്ത്രത്തെ മുദ്രാവാക്യമാക്കി മാറ്റിയ ചക്രവർത്തിയായിരുന്നു ദേവകൾക്കു പ്രിയനായിരുന്ന അശോകൻ.  വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ അങ്ങേയറ്റം വരെ എത്തിയ അശോകൻ കലിംഗരാജ്യത്തെ കബന്ധക്കൂന്പാരം കണ്ട് അന്തിച്ചുനിന്നു, ആദ്യമായും അവസാനമായും. കലിംഗയുദ്ധത്തോളം പ്രാധാന്യമുള്ള വേറൊന്ന് യുദ്ധചരിത്രത്തിൽ കാണില്ല.  യുദ്ധമെന്ന നിരർഥകമായ തിന്മയെ വെളിപ്പെടുത്തുന്നതായിരുന്നു അശോകനെ ശുദ്ധീകരിച്ചെടുത്ത കലിംഗയുദ്ധം.  
പിന്നെ ഒരായിരം കൊല്ലം കഴിഞ്ഞു ഒരു മറുനാടൻ അക്രമം ഇന്ത്യയെ കീഴ്‌പ്പെടുത്താൻ.  ഇന്ത്യൻ രാഷ്ട്രത്തിന്റെ ദൗർബല്യം എന്നു പറയാവുന്ന ആത്മവഞ്ചനയും അന്ന് പ്രകടമായി.  തോറ്റു പിൻ വാങ്ങിയ മുഹമ്മദ് ഗോറി വീണ്ടും വന്നപ്പോൾ സഹായിക്കാൻ ശത്രുപക്ഷത്തെ ഒറ്റുകാരുണ്ടായിരുന്നു. പൃഥ്വീരാജ് ചൗഹാനു പാര പണിത ജയ്ചന്ദ് യുഗങ്ങളിലൂടെ വിശ്വാസവഞ്ചനയുടെ പര്യായമായി. എത്രയെത്ര യുദ്ധങ്ങളുടെ ഗതി മാറുമായിരുന്നു ആരെങ്കിലുമൊക്കെ പാര പണിതിരുന്നില്ലെങ്കിൽ!
അക്കൂട്ടത്തിൽ നമുക്കും കണക്കു വെക്കാൻ ചിലതുണ്ട്:  തിരുമല നായ്ക്കനെതിരെ വേണാടിന്റെ പട നയിച്ച ഇരവിക്കുട്ടിപ്പ്പിള്ള വലിയ പടത്തലവനെ പിന്നിൽനിന്നു കുത്തിയ മൂത്ത പടയാളിയുടെ ഭീരുത്വമുൾപ്പടെ. ജയ്ചന്ദിന്റെ പിൻ മുറക്കാരനായിരുന്നു മിർ ജാഫർ. പ്ലാസി യുദ്ധത്തിൽ 1757ൽ സിറാജ് ഉദ് ദൗള ബ്രിട്ടിഷുകാരോടു തോറ്റപ്പോൾ മിർ ജാഫർ അടക്കിപ്പിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു.  മറ്റൊരു മാനസികസന്ദർഭത്തിൽ ജൂലിയസ് സ്സിസർ ബ്രൂട്ടസ്സിനോട് പറഞ്ഞതും അതു തന്നെ. പ്ലാസി യുദ്ധം ബ്രിട്ടിഷ് ഭരണത്തിന്റെ ചൊലിയാട്ടമായിരുന്നു. ആശ്വസിക്കാമെങ്കിൽ ആശ്വസിക്കാം, സിറാജ് ഉദ് ദൗള ബംഗാളിൽ അടിയറവു പറയുന്‌പോൾ, വേണാടിന്റെ കടപ്പുറത്ത്  പാശ്ചാത്യശക്തികൾ തോറ്റുമടങ്ങുകയായിരുന്നു. ബ്രിട്ടിഷുകാർക്കു മുന്പ് ഇന്ത്യ കയ്യടക്കാൻ വന്ന ലന്തക്കാർ മാർത്താണ്ഡവർമ്മയുടെ പട്ടാളത്തോടു തോറ്റു. അങ്ങനെ കൊളച്ചൽ യുദ്ധം ചരിത്രപ്രസിദ്ധമായി.  ലന്തക്കാരുടെ മേധാവിയായിരുന്ന ഡി ലിനോയ് വർമ്മയുടെ പട്ടാളത്തിന്റെ പരിശീലകനായി മാറുകയും ചെയ്തു.
വർമ്മ കൊച്ചുകൊച്ചു പോരുകളിലൂടെ വേണാട് രൂപപ്പെടുത്തിയപ്പോൾ, വടക്ക്, സാമൂതിരി തൃപ്പുണിത്തുറ തമ്പുരാനെയും വള്ളുവക്കോനാതിരിയെയും കുരങ്ങു കളിപ്പിക്കുകയായിരുന്നു.  ഒടുവിൽ സഹികെട്ട് തരൂർ സ്വരൂപത്തിലെ കാരണവർ ഏറാൾപ്പാടിനെ കുരുക്കാൻ, ഡിണ്ടിക്കലിൽ തമ്പടിച്ചിരുന്ന ഹൈദരാലിയെ വിളിച്ചുവരുത്തി.  അങ്ങനെ പുതിയൊരു പോർമുഖം കൂടി തുറന്നു.  മൈസൂർ സുൽത്താന്മാരും മറാഠ ചേകവന്മാരും ബ്രിട്ടിഷുകാരുമായി നടത്തിയ യുദ്ധപരമ്പരക്കും അർഥതലങ്ങൾ പലതാകും.  അവ ഉൾക്കൊണ്ടാലേ ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും പശ്ചാത്തലം മുഴുവൻ പിടി കിട്ടുകയുള്ളു.
ചേകവന്മാർ എന്നു വെറുതേ പറഞ്ഞതല്ല.  യുദ്ധത്തിൽ കൊല്ലുകയോ മരിക്കുകയോ ചെയ്യുന്നവരുടെ വീരഗാഥയാണ് നമുക്ക് നേരമ്പോക്ക്. അതായിരുന്നു മാമാങ്കം. മറ്റൊരിടത്ത് അതിലെ കളിക്കാരെ സമുറായ് എന്നു വിളിച്ചു.  മരിക്കാതെ ഊരിപ്പോരുന്നവരെ നമ്മൾ വീരശൃംഖലയും ശൗര്യചക്രവും അണിയിച്ച് ആദരിക്കുന്നു. അവരെയും അവർ കൊന്നവരെയും രസിപ്പിക്കാൻ നമ്മൾ വടക്കൻ പാട്ടും ഗീതയും പാടുന്നു.  ന ജായതേ മ്രിയതേ...ആരും ജനിക്കുന്നില്ല, മരിക്കുന്നുമില്ല. പിന്നെന്തിനു പേടിക്കുന്നു.  നിങ്ങൾ വീഴുന്നതിനു മുമ്പ് എതിരെ വരുന്നവനെ വെട്ടി വീഴ്ത്തുവിൻ  ചേകവർ സാമ്രാജ്യം പടുത്തുയർത്തേണ്ടവരാണ്. ഒന്നാം പാനിപ്പറ്റ് യുദ്ധത്തിൽ അവർ മുഗളസാമ്രാജ്യത്തിന്റെ തറ പണിതു.  അതോടൊപ്പം മാറാത്ത ഒരു സ്പർദ്ധയുടെയും സംശയത്തിന്റെയും കറയും മെനഞ്ഞു.  വേറെ കുറേ ചേകവന്മാർ ഒരു നൂറ്റാണ്ടുകൊണ്ട് പണിതുയർത്തിയ വിജയനഗരസാമ്രാജ്യം തളിക്കോട്ട യുദ്ധത്തിൽ അയൽവാസികൾ ഒത്തുചേർന്ന് നശിപ്പിച്ചു.  മറന്നുപോയ ആ സാമ്രാജ്യത്തെ ഓർത്തെടുത്ത റോബർട് സെവെൽ എന്ന ചരിത്രകാരൻ പറഞ്ഞു, ഇത്ര സമൃദ്ധമായ ഒരു സാമ്രാജ്യം ഇത്ര ചടുലമായും ഇത്ര പൂർണമായും കത്തിച്ചു കളഞ്ഞ സംഭവം വേറെയില്ല.  
ഇങ്ങനെ സമഗ്രമായ നാശം വരുത്തുന്ന യുദ്ധത്തിൽനിന്ന് സൗന്ദര്യം കണ്ടെത്താൻ പറ്റുമോ എന്നു ചോദിക്കുന്നു മാർഗററ്റ് മാക്മില്ലൻ. ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്തു മരിച്ച വിൽഫ്രഡ് ഓവൻ പറഞ്ഞിരുന്നു, യുദ്ധം വീരന്മാരെയല്ല, 'തോക്കിൻ തീറ്റ'യെ സൃഷ്ടിക്കുന്നു. ആ പ്രലപനത്തിലും നമ്മൾ അഴക് കണ്ടെത്തി, ബദർ പാട്ടിലും മറ്റു വീരഗാഥകളിലുമെന്ന പോലെ.  യുദ്ധം ജയിക്കാനുള്ളതു മാത്രമല്ല, രസിക്കാൻ കൂടിയത്രേ.  
കുവൈത്ത്- ഇറാഖ് യുദ്ധം നടക്കുമ്പോൾ  ഒരു വൈകുന്നേരം എഡിറ്റർ കാർലേക്കറുമായി സൊള്ളാനിരുന്നു. ടി വിയിൽ യുദ്ധത്തിന്റെ മിന്നലാട്ടം കണ്ടിരുന്നതിനെപ്പറ്റിയായി സംസാരം. ഓരോ മിന്നലാട്ടത്തിലും മനുഷ്യർ മരിക്കുകയും  മന്ദിരങ്ങൾ ഇടിഞ്ഞു വീഴുകയും ചെയ്യുന്നു. അതുകണ്ട് നമ്മൾ കയ്യടിക്കുന്നു. യുദ്ധം ഒരു വിനോദമാകുന്നു.  രണ്ടു ദിവസത്തിനുശേഷം എഡിറ്ററുടെ കോളം വന്നു. ഇതായിരുന്നു തലക്കെട്ട്: യുദ്ധം ഒരു വിനോദം.  
മനുഷ്യസ്വഭാവമാണ് യുദ്ധം.  മനുഷ്യൻ എത്ര മനോഹരമായ പദം എന്നൊക്കെ ഗോർക്കിക്ക് ചോദിക്കാം.  കൂട്ടം കൂട്ടമായി കൊല്ലാനും വിജയത്തിൽ പെരുന്പറയടിക്കാനും പറ്റുന്ന മൃഗം മനുഷ്യനല്ലാതെയില്ല.  സാധാരണ മനുഷ്യൻ, താരാട്ടു പാടുകയും കുമ്മിയടിക്കുകയും കളമെഴുതുകയും മറ്റും ചെയ്യുന്ന മനുഷ്യൻ എന്തിന്റെയോ പേരിൽ ആളുകളെ വക വരുത്തി രസിക്കുന്ന പ്രവണതയെ ഹന്ന അരേണ്ട് എന്ന രണ്ടാം ലോകയുദ്ധ ഗവേഷക ഇങ്ങനെ വിശേഷിപ്പിച്ചു: തിന്മയുടെ സർവസാധാരണത്വം.  അവരുടെ നിഗമനം ഉറപ്പിക്കും മട്ടിൽ തിന്മയുടെ ന്യൂറോളജിയെപ്പറ്റിയുള്ള പഠനം മുന്നോട്ടു പോയിരിക്കുന്നു.
മനുഷ്യന്റെ ആ ഹീനപ്രകൃതിയും പുതിയ യുദ്ധസാമഗ്രികളുമായാൽ സർവനാശത്തിനുള്ള തിരക്കഥയായി. ഹിംസയുടെ നവീനയന്ത്രങ്ങളും തന്ത്രങ്ങളും ഉപയോഗിക്കുന്ന യുദ്ധത്തിന്റെ പരിണാമം എന്തായിരിക്കും?  മാർഗററ്റ് മാക്മില്ലൻ പറയുന്നു: മനുഷ്യരാശിയുടെ നാശം നമ്മൾ നേരിടുന്നു.
അവർ ദർശിക്കുന്ന അന്ധകാരത്തിലും വല്ലപ്പോഴും വെളിച്ചത്തിന്റെ തരി കാണാം.  ഹിരോഷിമക്കു ശേഷം നമ്മൾ ഇതുവരെ എത്തിയില്ലേ?  ശീതസമരത്തിന്റെ മൂർദ്ധന്യത്തിൽ സർവനാശത്തിന്റെ സ്‌ഫോടനം കാത്തിരുന്ന നമുക്ക് സന്തോഷകരമായ നിരാശ ഉണ്ടായില്ലേ?  വടക്കൻ കൊറിയയിൽ എന്തെങ്കിലും കൂരമായ വിഡ്ഢിത്തം ഉടനേ നടക്കുമെന്നു പേടിച്ച നാളുകൾ കഴിഞ്ഞില്ലേ? കാത്തിരിക്കാം, നക്ഷത്രങ്ങൾക്കപ്പുറവും ലോകം വർത്തിക്കുന്നു.  
 

Latest News