Monday , December   10, 2018
Monday , December   10, 2018

വ്യാജവാര്‍ത്തകള്‍ തടയാന്‍ വാട്‌സ്ആപ്പ് ഇന്ത്യന്‍ ടീമിനെ നിയോഗിക്കുന്നു

ന്യൂദല്‍ഹി- വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് തടയാന്‍ ഇന്ത്യന്‍ സംഘത്തെ ചുമതലയേല്‍പിക്കുമെന്ന് വാട്‌സ്ആപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ വ്യാജ സന്ദേശങ്ങള്‍ തായറാക്കുന്ന ഉറവിടം കണ്ടെത്തണമെന്ന ആവശ്യം ഇപ്പോഴും ബാക്കി കിടക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ആള്‍ക്കൂട്ട മര്‍ദനങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് വാട്‌സ്ആപ്പിലൂടെ ആയതിനാല്‍ കമ്പനി വന്‍വിമര്‍ശം നേരിടുകയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന് ബോധവല്‍കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് ഏറ്റവും ഒടുവില്‍ നല്‍കിയിരിക്കുന്ന നോട്ടീസിന് മറുപടിയായി വാട്‌സ്ആപ്പ് വിശദീകരിച്ചിരിക്കുന്നത്.
വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെ ചുമതലപ്പെടുത്തുന്ന സംഘത്തിന്റെ മേധാവി ഇന്ത്യക്കാരനായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകളുടെ ഉറവിടം കണ്ടെത്താനുളള സംവിധാനം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കമ്പനി ഇനിയും അംഗീകരിച്ചിട്ടില്ല. ഇത് അനുവദിച്ചാല്‍ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നും ദുരുപയോഗം ചെയ്യുമെന്നുമാണ് കമ്പനി കരുതുന്നത്.
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഇന്ത്യയില്‍ നിക്ഷേപം തുടരുന്നതിനുമാണ് മുന്‍തൂക്കമെന്നും ഇതിനായാണ് പ്രാദേശിക ടീമിനെ നിയോഗിക്കുന്നതെന്നുമാണ് വാട്‌സ്ആപ്പ് വക്താവ് നല്‍കിയ മറുപടി.
 

Latest News