Monday , February   18, 2019
Monday , February   18, 2019

എ.എം. മുഹമ്മദിന്റെ കഥകൾ: കാലത്തിന്റെ നേർക്കാഴ്ചകൾ

എ.എം. മുഹമ്മദ്

വായന 

കാലം എന്നും മനുഷ്യന് നിദ്ധരിക്കേണ്ടതായ ഒരു സമസ്യയാണ്. കാലബദ്ധമായ കഥയിൽ ആഖ്യാനപരമായ പുതുമയിലൂടെ ജീവിതത്തെ ആവിഷ്‌ക്കരിക്കുമ്പോഴാണ് കാലത്തെ ഭേദിക്കുകയെന്ന വെല്ലുവിളി കഥാകൃത്തിന് ഏറ്റെടുക്കാനും കാലത്തിന് അർത്ഥം സൃഷ്ടിക്കാനും കഴിയുന്നത്. എഴുത്തുകാരനെ എന്നും വേട്ടയാടുന്ന ദാർശനിക പ്രശ്‌നങ്ങളാണ് സ്ഥലവും കാലവും. ജീവിതത്തിലും കഥയിലും സ്ഥലം മൂർത്തമായും കാലം അമൂർത്തമായുമാണ്  നമുക്ക് അനുഭവപ്പെടുന്നത്. സ്ഥലം മനുഷ്യ ജീവിതഗതിയിൽ കാലത്തോളം നിയാമകമായി വർത്തിക്കുന്ന ഒന്നല്ല. സാഹിത്യ രൂപങ്ങളിൽ ഏറ്റവും ആഖ്യാന പ്രധാനമായ കഥയിലാണ്  കാലദേശങ്ങളുടെ തനതു മുദ്രകൾ കൂടുതൽ വ്യക്തതയോടെ ദൃശ്യമാകുന്നത്.
കാലത്തിനനുസരിച്ച് കഥയെഴുത്തിന്റെ രീതികളും ആഖ്യാന ശൈലിയും അവതരണത്തിന്റെ സങ്കേതവും മാറുകയാണ്. ഭാഷയുടെ സൗന്ദര്യാത്മകതക്ക് പ്രാധാന്യമേകി ആഖ്യാന രീതിയിലും രചനാ സങ്കേതത്തിലും പരീക്ഷണാത്മകമായ പുതുമകൾ തേടുന്ന സങ്കേതബദ്ധമായ കഥകൾ പലപ്പോഴും ജീവിതത്തോട് തന്നെ മുഖം തിരിച്ചു നിൽക്കുന്നു. ജീവിതത്തിന്റെ പുറം കാഴ്ചകൾക്കപ്പുറം ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് നീളുന്ന അകം കാഴ്ചകളൊരുക്കാനും സമകാലിക സാമൂഹികാവസ്ഥകളോട് പ്രതികരിക്കാനും സംവേദനക്ഷമമല്ലാത്ത ആ കഥകൾക്ക് കരുത്തില്ലാതെ പോകുന്നു. എക്കാലത്തും വായിക്കപ്പെടുന്ന കഥകളുടെ പൊതുസ്വഭാവം സംവേദന ക്ഷമതയും ലാളിത്യവുമാണ്. അത്തരത്തിൽ ജീവിത വീക്ഷണത്തിന്റെ സമഗ്രത കൊണ്ടും യഥാതഥവും ലളിതവുമായ ആഖ്യാനത്തിന്റെ സൗന്ദര്യം കൊണ്ടും വിസ്മയകരമായ കഥകളെഴുതി ശ്രദ്ധേയനായ എഴുത്തുകാരനാണ് എ.എം.മുഹമ്മദ്. കഥയുടെ ഭാഷ ജീവിതമായിരിക്കണമെന്ന നിഷ്‌ക്കർഷതയോടെ ജീവിതത്തെ സൂക്ഷ്മവും അഗാധവുമായി ആവിഷ്‌ക്കരിക്കുന്ന അദ്ദേഹത്തിന്റെ കഥകളിൽ കാലത്തെ തൊടുന്ന ജീവിത രാഷ്ട്രീയമാണ് അടയാളപ്പെടുത്തുന്നത്.  സമകാലിക ജീവിതത്തിന്റെ ഭാവ വൈവിധ്യങ്ങളെ വേറിട്ട ശൈലിയിൽ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പല കഥകളും മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച കാലത്ത് തന്നെ സാഹിത്യ ലോകത്ത് ചർച്ച ചെയ്യപ്പെട്ടവയാണ്. മൂന്നു പതിറ്റാണ്ടു കാലത്തെ അദ്ദേഹത്തിന്റെ കഥകളിൽ നിന്ന് തെരഞ്ഞെടുത്ത മുപ്പത്തിമൂന്ന് കഥകളുടെ സവിശേഷ സമാഹാരമാണ് കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'എ.എം.മുഹമ്മദിന്റെ തെരഞ്ഞെടുത്ത കഥകൾ'


ജീവിതത്തിന്റെ സൗന്ദര്യം ലാളിത്യമാണെന്ന്  ഈ സമാഹാരത്തിലെ ഓരോ കഥയും നമ്മോട് പറയുന്നു. വർത്തമാന കാല ജീവിതത്തിന്റെ സർവതല സ്പർശികളായ ഈ കഥകൾ പ്രമേയ വൈവിധ്യം കൊണ്ടും ആഖ്യാന ശിൽപ്പം കൊണ്ടും ശ്രദ്ധേയമാണ്. കൃത്രിമത്വവും സങ്കീർണ്ണതകളുമില്ലാതെ ലളിതവും സുന്ദരവുമായ ഭാഷയിൽ ജീവിതം വരച്ചിടുന്ന രചനാ ശൈലിയാണ് മുഹമ്മദിന്റേത്. വരമൊഴിയുടെ ഗദ്യ ഭാഷയിൽ നിന്ന് വാമൊഴിയുടെ സംസാരഭാഷയിലേക്ക് അടുപ്പിക്കുന്ന ഈ കഥകളുടെ ഭാഷ നമ്മുടെ ബുദ്ധിയോടല്ല, ഹൃദയവുമായാണ് സംവേദിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ അർഥ ഗാംഭീര്യത്തെ വൈകരികമായും അനുഭവതീക്ഷ്ണമായും ആവിഷ്‌ക്കരിച്ച് അനുഭവങ്ങളുടെ നേർക്കാഴ്ചയൊരുക്കുന്നു ഈ കഥകൾ. കഥാ സാഹിത്യത്തിൽ അന്യമായി കൊണ്ടിരിക്കുന്ന പ്രാദേശിക തനിമയുടെ സൗന്ദര്യവും ഈ കഥകളെ വേറിട്ടതാക്കുന്നുണ്ട്. സാംസ്‌കാരിക തനിമയുടെ വളക്കൂറുള്ള ഓണാട്ടുകരയുടെ മണ്ണിലാണ് ഈ കഥകൾ വേരാഴ്ന്നു നിൽക്കുന്നത്.
കാല ഗതിവിഗതികൾക്കൊപ്പം അസാധാരണമായി പരിണമിച്ചു കൊണ്ടിരിക്കുന്ന മലയാളി മനസ്സ് ഈ കഥകളിലുടനീളം നമുക്ക് ദർശിക്കാനാവും. കേരളീയ സമൂഹത്തിന്റെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്തെ രൂപപരിണാമങ്ങൾ ഈ കഥകളിലെ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ നമുക്ക് മുന്നിലേക്ക് വരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളും ലാഭാധിഷ്ഠിതമായ പുതിയ സാമ്പത്തിക ക്രമവും മനുഷ്യ ജീവിതത്തെയും സംസ്‌കാരത്തെയും ജീവിതാവസ്ഥകളെയും മൂല്യങ്ങളെയും എങ്ങനെ മാറ്റി മറിക്കുന്നുവെന്ന രാഷ്ട്രീയം സ്വാഭാവികതയോടെ ഈ കഥകൾ കൈകാര്യം ചെയ്യുന്നു. എന്നാൽ ആ രാഷ്ട്രീയം പ്രത്യയ ശാസ്ത്ര നിബദ്ധമോ സിദ്ധാന്തപരമോ അല്ല. സാമൂഹികാനുഭവങ്ങളിൽ നിന്ന് പിറവിയെടുക്കുന്ന സൂക്ഷ്മ രാഷ്ട്രീയമാണ് ഈ കഥകളുടെ അന്തർധാരയായി വർത്തിക്കുന്നത്. പുതിയ കാലത്തിന്റെ നെറികേടുകളോട് കലഹിക്കുന്ന ഈ കഥകൾ സമകാലിക ജീവിത യാഥാർത്ഥ്യങ്ങളോടുള്ള നാട്യങ്ങളില്ലാത്ത പ്രതികരണമായി മാറുന്നു. മനുഷ്യനന്മയിലും സ്‌നേഹത്തിലും അധിഷ്ഠിതമായൊരു ജീവിതാവബോധമാണ് ഈ കഥാകൃത്തിനെ  നയിക്കുന്നത്. നമ്മുടെ പരിചിത പരിസരങ്ങളിൽ നിന്നുള്ള മനുഷ്യർ മാത്രമല്ല ഈ കഥകളിലെ കഥാപാത്രങ്ങൾ. മരങ്ങളും ചെടികളും പ്രകൃതിയും ജീവജാലങ്ങളും അചേതനമായ വസ്തുക്കളുമെല്ലാം ചേർന്ന അനുഭവ സാന്ദ്രമായ കഥാലോകമാണ് മുഹമ്മദിന്റേത്. ഈ സമഹാരത്തിലെ ആദ്യ കഥയായ 'റോബസ്റ്റ'യിൽ ഒരു കാപ്പിച്ചെടിയാണ് കേന്ദ്രകഥാപാത്രം. 'കസേരകളിക്കുന്ന ആത്മാക്കളി'ലെ കസേരയും 'ക്യാമറക്കണ്ണി'ലെ ക്യാമറയും 'ക്രിസ്തുദാസിന്റെകാർട്ടൂണുകളി'ലെ കാർട്ടൂണുകളും 'മുത്തശ്ശിയുടെ കട്ടിലി'ലെ കട്ടിലുമെല്ലാം മനുഷ്യരെപ്പോലെ വികാര വിചാരങ്ങളുള്ള സംസാരിക്കുന്ന കഥാപാത്രങ്ങളാണ്. ഭാവനയും യാഥാർത്ഥ്യവും തിരിച്ചറിയാൻ കഴിയാത്ത വിധം കഥാപാത്രങ്ങളും ബിംബങ്ങളും പ്രമേയങ്ങളും ഈ കഥകളിൽ കടന്നു വരുന്നു. നഗരത്തിന്റെ വേവലാതികളും ഗ്രാമത്തിന്റെ വന്യമായ അനുഭവങ്ങളും നാട്ടുവഴികളുടെ ഗന്ധവും ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നു.
ഒരു കാപ്പിച്ചെടിയും ഇന്ദുഗോപൻ നായരെന്ന കർഷകനുമായുള്ള ആത്മഭാഷണങ്ങളിലൂടെ പ്രകൃതിയും മനുഷ്യനുമായുള്ള ഹൃദയബന്ധത്തെ 'റോബസ്റ്റ'യിൽ ഭാവസുന്ദരമായി കഥാകൃത്ത് അവതരിപ്പിക്കുന്നു. കാപ്പിക്കുരുവിന്റെ കനത്ത വിലയിടിവിൽ പ്രതീക്ഷകൾ കൈവെടിഞ്ഞ് ഹൃദയം തകർന്ന ആ കർഷകന്റെ വേദന കോഫി ബോർഡ് ഉദ്യോഗസ്ഥരോ സ്വന്തം വീട്ടുകാരോ പോലും മനസിലാക്കാതെ വരുമ്പോൾ 'ദൈവത്തിന്റെ സൃഷ്ടികളിൽ നന്ദി കെട്ട ഒരേയൊരു വർഗ്ഗം ഒരു വിഭാഗം മനുഷ്യരാണെന്ന' കാപ്പിച്ചെടിയുടെ ആത്മഗതം നമ്മുടെ ഹൃദയത്തിലേക്ക് തുളച്ചു കയറുന്നു. കടക്കെണിയിൽ ജീവിതം വഴിമുട്ടി ഒരു തുണ്ടുകയറിൽ ജീവനൊടുക്കേണ്ടി വരുന്ന നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് കർഷകരുടെ പ്രതീകമായി മാറുന്നു ഇന്ദുഗോപൻ നായരെന്ന ഈ കർഷക കഥാപാത്രം.


'തകഴിയിലെ വെള്ളപ്പൊക്കത്തിൽ ഒഴുകി ഒഴുകി ഒരു മനസ്സ്' എന്ന കഥയിൽ തകഴി ശിവശങ്കരപ്പിള്ള എന്ന മഹാനായ എഴുത്തുകാരനും അദ്ദേഹത്തിന്റെ 'വെള്ളപ്പൊക്കത്തിൽ' എന്ന പ്രശസ്തമായ കഥയും പുനർജനിക്കുന്നു. ചരിത്രത്തിൽ ഇടം നേടിയ ഒരു കഥയും കഥാകാരനും മറ്റൊരു എഴുത്തുകാരന് വിഷയമാകുന്നുവെന്ന അപൂർവതയും ഈ കഥയ്ക്കുണ്ട്. കഥയിലെ മെഹമൂദ് എന്ന ബാലൻ 'വെള്ളപ്പൊക്കത്തിന് കഥയുണ്ടോ ബാപ്പാ?'എന്നു ചോദിക്കുന്നുണ്ട്. 'സർവ്വ വസ്തുക്കൾക്കും കഥയുണ്ടെന്ന' പിതാവിന്റെ മറുപടി കഥയുടെ ലോക സത്യമാണ് വിളിച്ചു പറയുന്നത്. തകഴിയുടെ മരണശേഷം അദ്ദേഹത്തിനു ലഭിക്കുന്ന ഏറ്റവും വലിയ ഒരാദരവാണ് ഈ കഥ എന്നാണ് മാധവിക്കുട്ടി അഭിപ്രായപ്പെട്ടത്.
'ക്യാമറക്കണ്ണുകൾ' എന്ന കഥ ഒരു ക്യാമറയുടെ ആത്മവിലാപമായി മാറുന്നു. ക്യാമറ കൊണ്ട് വസ്തുക്കളെയോ പ്രകൃതി ദൃശ്യങ്ങളെയോ മാത്രമല്ല സംഭവങ്ങളും ജീവിതമുഹൂർത്തങ്ങളും വികാരങ്ങളുമൊക്കെ പകർത്താമെങ്കിലും അത് തകരാറിലായാൽ ഒരു പാഴ്‌വസ്തുവായി ഉപേക്ഷിക്കപ്പെടുന്നു. മനുഷ്യന്റെയും അനുഭവം വിശാലമായ അർത്ഥത്തിൽ അതു തന്നെയാണ്. ഉപയോഗ ശൂന്യമായത് വലിച്ചറിയുന്നതു പോലെ വൃദ്ധജങ്ങൾ അധികപ്പാറ്റായി മാറുന്ന പുതിയ കാലത്തിന്റെ മൂല്യത്തകർച്ചയാണ് 'മെയ് പതിനാലിലെ കോ-ഇൻസിഡന്റുകൾ' എന്ന കഥയുടെ പ്രമേയം. വാർധക്യത്തിന്റെ അവശതകളിൽ മക്കളിൽ നിന്ന് ഒറ്റപ്പെട്ട് വൃദ്ധസദനത്തിൽ കഴിയേണ്ടി വരുന്ന മഹേശ്വരിയമ്മയുടെ ജന്മദിനവും മരണവും ഒരു മാതൃദിനത്തിൽ ഒന്നിച്ചു വരുന്നതിന്റെ യാദൃച്ഛികത അവരുടെ മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം വായനക്കാരിലും കൗതുകവും അമ്പരപ്പുമുളവാക്കുന്നു. ഇന്റർനെറ്റും സാമൂഹിക മാധ്യമങ്ങളും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സൃഷ്ടിക്കുന്ന അപഭൃംശങ്ങളാണ് 'സൈബർ പുഴുവിൽ' നർമ്മം കലർത്തി വരച്ചിടുന്നത്. മലയാളിയുടെ പൊള്ളത്തരങ്ങളെയും രാഷ്ട്രീയ സദാചാരസമസ്യകളെയും തുറന്നു കാട്ടുന്ന കഥയാണ് സഖാവ് ഹൈദരാലി.
രാഷ്ട്രീയവും മതവും അധികാരവും ചേർന്ന് രൂപപ്പെടുത്തുന്ന വർഗ്ഗീയമായ അസഹിഷ്ണുതകൾ ഒരു കലാകാരന്റെ ജീവിതത്തെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും എങ്ങനെ ഇല്ലാതാക്കുന്നുവെന്ന് 'രാമനലിയാർ' എന്ന കഥ നമുക്ക് വ്യക്തമാക്കിത്തരുന്നു. ജീവിതത്തിലെ നീണ്ടകാലം ശ്രീരാമനായി അരങ്ങത്ത് ജീവിച്ച് പ്രേക്ഷകരുടെ സ്‌നേഹാദരങ്ങൾ നേടി രാമനലിയാർ എന്നറിയപ്പെട്ട നടക നടനാണ് അലിയാർ. ബാല്യത്തിലെ അനാഥത്വത്തിൽ അഭയമേകിയ ക്ഷേത്ര പരിസരങ്ങളിൽ നിന്ന് വളർന്ന് മഹാനടനായി മാറിയപ്പോഴും അഭിനേത്രിയായ ജാനകിയെ ജീവിതസഖിയാക്കിയപ്പോഴും അലിയാരുടെ ജീവിതത്തിൽ ആരും മതം കാണുന്നില്ല. പുതിയ കാലത്ത്ചിലർ തന്റെ പേരിലെ മതസൂചന ഉയർത്തിക്കാട്ടി അഭിനയത്തിന് വിലക്കുകൽപ്പിക്കുമ്പോൾ അലിയാർ എന്ന കലാകാരൻ എല്ലാ ശക്തിയും ചോർന്ന് തളർന്ന് പോകുന്നു. ഭീതിയും വിഹ്വലതയും നിറഞ്ഞ വർത്തമാന കാല യാഥാർത്ഥ്യങ്ങളിലേക്കും വാർദ്ധ്യക്യത്തിന്റെ ഏകാന്തതയിൽ ഒറ്റപ്പെടുന്ന മനുഷ്യജീവിതങ്ങളിലേക്കും ഈ കഥ വിരൽ ചൂണ്ടുന്നു. 'ഇരട്ടക്കുട്ടികളുള്ള അമ്മമാരി'ലെ ദേവികയും ഹസീനയും ഇരുവരുടെയും മക്കൾക്ക് അമ്മയും ഉമ്മയും മാത്രമല്ല. സങ്കുചിത മതവികാരങ്ങൾ മനുഷ്യ മനസുകളിൽ വിദ്വേഷവും പകയും നിറക്കുമ്പോൾ അവർ മനുഷ്യത്വത്തിന്റെയും നിർമലമായ സ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃത്വത്തിന്റെയും മാതൃകയായി മാറുന്നു. മതത്തിന്റെ പേരിൽ മനുഷ്യൻ പരസ്പരം പോരടിക്കുന്ന ഹിംസാത്മകതക്കെതിരെ മാനവികതയുടെ ആദ്രമായ ചലനങ്ങൾ സമൂഹ മനസുകളിൽ സൃഷ്ടിക്കുന്ന ശക്തമായ കഥയാണ് ' ശ്രീനഗർ മുസാഫറാബാദ് ബസ്'. 'കുഞ്ഞൂട്ടന്റെ മത(ദം)വും ചർച്ച ചെയ്യുന്നത് മതം മനുഷ്യ ജീവിതത്തിൽ തീർക്കുന്ന സങ്കീർണ്ണതകളാണ്.


നാം നിത്യജീവിതത്തിൽ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കഥാ സന്ദർഭങ്ങളാണ് മിക്ക കഥകളിലും കടന്നു വരുന്നത്. നമ്മുടെ കൺമുന്നിൽ കണ്ട വാർത്തകളും കാലികസംഭവങ്ങളും വൈകാരിക തലത്തിൽ സംക്രമിപ്പിച്ച് കഥകളാക്കുന്നതിൽ കഥാകൃത്ത് വിജയിക്കുന്നു. സദ്ദാം ഹുസൈന്റെ തൂക്കിക്കൊലയുടെ വാർത്തയെ 'ബലിപെരുന്നാൾ' എന്ന കഥയിൽ സുന്ദരമായി ചേർത്തു വെച്ചിരിക്കുന്നു. ഒരു ബലിപെരുന്നാൾ ദിനത്തിൽ ആ തൂക്കിക്കൊലയുടെ ടെലിവിഷൻ ദൃശ്യങ്ങൾ മുത്തലിഫ് എന്ന ബാലന്റെ കരുന്നു മനസിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ വായനക്കാരനും അനുഭവപ്പെടുന്നു. 'മൂസയുടെ അതീന്ദ്രീയം' എന്ന കഥയിൽ ഗൾഫിലേക്ക് തിരിച്ചു പോകാൻ കഴിയാതെ മനോനില തെറ്റിയ മൂസ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് മുഖ്യമന്ത്രിയുടെ കസേരയിൽ കയറി ഇരിക്കുന്നു. അത് അധികാര സ്ഥാനങ്ങളൊടുള്ള എല്ലാം നഷ്ടപ്പെട്ടവന്റെ വെല്ലുവിളിയായി കഥയിൽ പ്രതിധ്വനിക്കുന്നു. സ്വന്തം ജീവിത ദുരിതങ്ങളുടെ ദൃശ്യങ്ങൾ തന്നെ ടെലിവിഷനിൽ കാണേണ്ടി വരുന്ന പ്രവാസിയെ 'അച്ചുതൻ കുട്ടിയും മിനിസ്‌ക്രീനിൽ' എന്ന കഥയിൽ കാണാം. നമുക്ക് മാധ്യമങ്ങളിലൂടെ പരിചിതമായ സംഭവങ്ങൾ പുതിയ പുതിയ ഭാവതലങ്ങൾ സൃഷ്ടിച്ചു കൊണ്ട് കഥയിൽ നാനാർഥങ്ങൾ തേടുന്നു. മൂന്നു പതിറ്റാണ്ടിലധികം നീളുന്ന ഗൾഫ് പ്രവാസത്തിന്റെ തീവ്രാനുഭവങ്ങൾ മുഹമ്മദിന്റെ മിക്ക കഥകളിലും കാണാം. തീറെഴുത്ത്, ഖൈസു, ഇക്കോട്ടൂരന്റെ ജർമൻ യാത്ര, ഒസാമ, കരിഞ്ഞ പ്രഭാതം, തുലാവർഷത്തിന് കർക്കിടക ക്കോളിന്റെ പെയ്ത്ത് എന്നീ കഥകൾ പ്രവാസ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്യുന്ന വൈവിധ്യമാർന്ന അനുഭവ ലോകം തുറന്നിടുന്നു.
യാഥാർത്ഥ്യത്തെ നിരന്തരം പരിവർത്തനം ചെയ്തു കൊണ്ട് ജീവിത സംഘർഷത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന കരുത്തുറ്റ രചനകളണ് ഈ സമാഹാരത്തിലെ ഓരോ കഥകളും. ലോകത്തെയും ജീവിതത്തെയും വിഭിന്നമായ രീതിയിൽ ദർശിക്കാൻ കാലത്തെ അതിജീവിക്കുന്ന ഈ കഥകൾ നമ്മെ പ്രേരിപ്പിക്കുമെന്നത് തീർച്ചയാണ്. ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ള മാധവിക്കുട്ടി, ടി.പദ്മനാഭൻ, പ്രൊഫ.എം.കൃഷ്ണൻ നായർ എന്നിവരുടെ അഭിപ്രായങ്ങളും ഇ.പി.രാജഗോപാലന്റെ അവതാരികയും ഡോ. സുശീലാദേവിയുടെ പഠനവും കഥകളെ കൂടുതൽ ആഴത്തിലറിയാൻ സഹായകമാണ്. ഗൃഹാതുത്വമുണർത്തുന്ന മുഖചിത്രവും ഈ സമാഹാരത്തെ കൂടുതൽ ആകർഷകമാക്കുന്നു.

എ.എം. മുഹമ്മദിന്റെ കഥകൾ.
കറന്റ് ബുക്‌സ് ,കോട്ടയം.
വില 175 രൂപ

 

Latest News