Sunday , June   16, 2019
Sunday , June   16, 2019

അവധിക്കെത്തുന്ന പ്രവാസിയുടെ ധർമ്മസങ്കടങ്ങൾ

'ഭാര്യയും മക്കളും മറ്റ് കുടുംബങ്ങളുമൊക്കെ നാട്ടിലാണ്. വർഷത്തിലൊരിക്കൽ ഒരു മാസക്കാലത്തോളം നാട്ടിൽ വരാൻ കഴിയും. രണ്ട് വർഷത്തിലൊരിക്കൽ യാത്രയ്ക്കുള്ള ചെലവ് ഓഫീസ് വഹിക്കും. നാട്ടിൽ വന്നുപോയിട്ട് രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു. പക്ഷേ, എന്തോ നാട്ടിലേക്ക് പോകാൻ തോന്നുന്നില്ല'. അയാൾ തന്നെ കാരണങ്ങളും പറഞ്ഞു: 'നാട്ടിൽ പോകുമ്പോഴാണ് നഷ്ടപ്പെടുന്നതെന്താണെന്നറിയുന്നത്. പലതും നേരത്തെ മനസ്സിൽ കണ്ടും എഴുതിവെച്ചുറച്ചും നാട്ടിലെത്തുന്നു. ഒന്നും ആഗ്രഹിക്കുന്നപോലെ പറ്റുന്നില്ല. ഭാര്യയും മക്കളും എന്നും നാട്ടിലേക്കുവരാൻ നിർബ്ബന്ധിക്കുന്നു. മറ്റ് പല കാരണങ്ങളും പറഞ്ഞ് അയാൾ യാത്ര നീട്ടിവെക്കുന്നു. നഷ്ടമാവുന്നതിലെ വേവലാതി കൂടുന്നതറിയുകയും ചെയ്യുന്നു'. 
നാട്ടിലേക്ക് വരാൻ തോന്നാത്തയാളിന്റെ വേവലാതി അവധി ഞൊടിയിടകൊണ്ട് കഴിഞ്ഞുപോകുമല്ലോ എന്നതാണ്. വിചാരിക്കുന്ന കാര്യങ്ങൾ അതുപോലെ സഫലീകരിക്കാൻ അവധിനാളുകൾ ഇടനൽകുന്നില്ല എന്ന സങ്കടമാണിയാൾക്കും. പിന്നെ, കൂടിച്ചേരൽ എന്ന ആശ്വാസത്തിൽനിന്ന് എടുത്ത് മാറ്റപ്പെടുമല്ലോ എന്ന തീരാത്ത സങ്കടവും. സത്യത്തിൽ, ബാഹ്യതലത്തിൽ ചിലർ നാട്ടിലേക്ക് വരുന്നതാലോചിക്കുമ്പോൾ വിഷമമനുഭവിക്കുന്നതും. നാട്ടിലും കുടുംബത്തോടൊപ്പവും കഴിയാനുള്ള മോഹം കൊണ്ടുതന്നെയാണ്. വിരലിലെണ്ണാവുന്ന അവധിനാളുകൾ കണ്ണുചിമ്മിത്തുറക്കുന്നതിനിടയിൽ കൊഴിഞ്ഞുപോകുന്നതറിഞ്ഞവരുടെ വേദനയാണിത്. ഒരു ശരാശരി ഗൾഫുകാരൻ, വിവാഹിതനല്ലെങ്കിൽപ്പോലും, ഈ മാനസികാവസ്ഥ അനുഭവിക്കാത്തവനായിരിക്കാനിടയില്ല. 
മടക്കത്തീയതി കുറിച്ച ടിക്കറ്റ് ബാഗിലിരിക്കുമ്പോഴും, അത് മറക്കാനാശിച്ചാണ് ഗൾഫുകാർ വന്നിറങ്ങുന്നത്. നാട്ടിൽവെച്ച് ചുരുങ്ങിയ നാളുകൾകൊണ്ട് ചെയ്തുതീർക്കാനുള്ള നൂറായിരം കാര്യങ്ങളുടെ ആരും കാണാപ്പട്ടിക അയാളുടെ മനസ്സിലുണ്ടാവും. വീടുപണി, മക്കളുടെ അഡ്മിഷൻ, അമ്മായിയുടെ മകളുടെ കല്യാണം, അളിയന്റെ വിസ, അമ്മയുടെ ചികിത്സ, സുഹൃത്തുക്കൾക്കൊപ്പം ഒരു യാത്ര, നാട്ടിലില്ലാത്ത നാളുകളിലുണ്ടായ മരണം, കല്യാണം എന്നിവ നടന്ന വീടുകളിലെ സന്ദർശനം, എൽ.ഐ.സി ഏജന്റിൽനിന്നുള്ള ഒഴിഞ്ഞുമാറൽ, മക്കൾക്കെന്നോ വാഗ്ദാനം നൽകിയ രണ്ടുദിവസത്തെ വിനോദയാത്ര... അങ്ങിനെയങ്ങിനെ...
പട്ടികയിലെ മോഹങ്ങൾക്ക് മുൻഗണന നൽകി ചിട്ടപ്പെടുത്താനുള്ള ഒരുക്കം യാത്ര പുറപ്പെടും മുമ്പെ തുടങ്ങിയിരിക്കും. ആലോചിച്ചാലോചിച്ച് ഒരു പ്ലാനുമായി നാട്ടിലെ വിമാനത്താവളത്തിലിറങ്ങുന്നു. ആദ്യദിവസം തന്നെ അത് കുഴഞ്ഞുമറിഞ്ഞതറിയുന്നു. പലതും നടക്കാതെ പോകുന്നു. ചിലത് നീട്ടിവെച്ചുകൊണ്ടേയിരിക്കുന്നു. എന്ത് ചെയ്തിട്ടും ഫലമില്ലാത്ത നേരങ്ങൾ. ഭാര്യയോടുപോലും സ്വസ്ഥമായി ഇരുന്ന് വർത്തമാനം പറയാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം. ഖത്തറിലേക്കുള്ള ആദ്യയാത്രയിൽ സഹയാത്രികൻ പറഞ്ഞ വാക്കുകൾ ഓർക്കുന്നു; 'ഒന്നും പറഞ്ഞ് തീർന്നിരുന്നില്ല, അല്ല ഒന്നും പറഞ്ഞ് തുടങ്ങിയിരുന്നില്ല'.
അനുഭവച്ചൂളയിൽനിന്ന് ബാബു ഭരദ്വാജ് 'പ്രവാസിയുടെ കുറിപ്പുകളി'ൽ ഗൾഫുകാരുടെ മനസ്സിന്റെ എക്‌സ്‌റേ പകർത്തിവെച്ചിട്ടുണ്ട്. നാട്ടിലെത്തിയ രാത്രികളെക്കുറിച്ച് :'ആ രാത്രി രതിനിശ്വാസങ്ങളായി എരിഞ്ഞുതീരുന്നു. ഞാനവളെ എന്റെ മാറോട് ചേർത്തുപിടിക്കുന്നു. അവളുടെ മനസ്സും ശരീരവും പിടഞ്ഞുകൊണ്ടിരിക്കുന്നത് ഞാനറിയുന്നു. ഇത്തരം പിടച്ചിലിന്റെ ഒരു രാത്രി നഷ്ടപ്പെട്ടതിന്റെ നഷ്ടം ഒരിക്കലും തീർക്കാനാവില്ലെന്ന് ഞാനറിയുന്നു'.


പ്രവാസികളുടെ അവധിക്കാലത്തെ സങ്കടങ്ങളും ജോലിസ്ഥലത്തേക്ക് മടങ്ങുമ്പോഴുള്ള ആന്തരികസംഘർഷങ്ങളുമറിയാൻ മനഃശാസ്ത്രജ്ഞരാകേണ്ടതില്ല. അവധിനാളുകളിൽ പരിചയമുള്ള ഗൾഫുകാരെ കാണുമ്പോഴും, ഏറ്റവുമടുത്ത ബന്ധുക്കളേയോ സുഹൃത്തുക്കളേയോ യാത്രയയക്കാൻ എയർപോർട്ടിൽ ചെല്ലുമ്പോഴും ഇതറിഞ്ഞിട്ടുണ്ട്. അവധിക്കാലം കൈക്കുമ്പിളിലെടുത്ത വെള്ളം പോലെ ഒഴുകിയൊലിച്ചുപോയ സങ്കടം. യാത്ര പറയുമ്പോൾ ധർമ്മസങ്കടങ്ങളുടെ ഒരേ മുഖം. 
പുറത്തുനിന്ന് കാണാവുന്നതിനേക്കാളേറെ ആഴങ്ങളും മടക്കുകളും ചുളിവുകളും അസാധാരണ ചിത്രങ്ങളുമുള്ള മണൽക്കൂമ്പാരമാണ് തിരിച്ച് വിമാനം കേറുന്ന പ്രവാസി. പലരുമത് കണ്ടേക്കില്ല. സമൂഹമനഃശാസ്ത്രവായനയ്ക്കും കൗൺസലിങ്ങ് പരിചയത്തിനും മണൽമടക്കുകളിലെ അദൃശ്യചിത്രങ്ങൾ ചിലത് കാണാനാവുന്നു. അത്രമാത്രം. 
മുപ്പത്തഞ്ച് വർഷക്കാലത്തോളമായി സൗദി അറേബ്യയിൽ ജോലിയെടുക്കുന്ന ഇബ്രാഹിംക്ക പറഞ്ഞതോർക്കുന്നു: 'ഓരോ മടക്കയാത്രയിലും അറവുശാലയിലേക്ക് കയറിട്ട് വലിച്ചുകൊണ്ടുപോകുന്ന ഒരാടിന്റെ സ്ഥാനത്താണ് ഞാൻ'.
ഗൾഫുകാരായ മലയാളികൾ അവധിക്കാലത്ത് നാട്ടിലേക്ക് വരാനൊരുങ്ങുമ്പോൾ അമിതപ്രതീക്ഷയുടെ പട്ടികയൊരുക്കലിന് മുതിരാതിരിക്കുന്നതാണ് നല്ലത്. യാഥാർത്ഥ്യബോധത്തോടെ അവധിക്കാലം ചിട്ടപ്പെടുത്തുന്നതാണ് ഫലപ്രദം. നാട്ടിലുള്ളവർക്ക്‌പോലും പലതും അവരാശിക്കുന്നപോലെയല്ല നടക്കുന്നത്. നടക്കാനാവുന്ന കാര്യങ്ങളും നടക്കാത്ത കാര്യങ്ങളും വേർതിരിച്ചറിയണം. എല്ലാം നടക്കാനിടയില്ലാത്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. എല്ലാം തന്നിലൂടെ തന്നെ നടക്കണമെന്ന വാശിയും നല്ലതല്ല. വിശ്വാസമുള്ള സുഹൃത്തുക്കളേയോ ബന്ധുക്കളേയോ പലതിനും ആശ്രയിക്കേണ്ടിവരും. കാര്യങ്ങൾ പലതും മറ്റുള്ളവരിലൂടെ നിർവ്വഹണം നടത്തുന്നത് ഏറെ ആശ്വാസം നൽകും. അതിൽ വേവലാതി പൂണ്ടതുകൊണ്ട് കാര്യമില്ല. 
മറിച്ച് നാട്ടിലെത്തുമ്പോൾ ചെയ്യാനുള്ള പലവിധ കാര്യങ്ങൾ അതിന്റെ മുൻഗണനാക്രമത്തിൽ ചെയ്തുതീർക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അവധിദിനങ്ങളിൽ എവിടെയൊക്കെ സമയം പാഴായിപ്പോകുന്നുവെന്ന് ഒരാത്മവിശകലനം നടത്തി, അതൊഴിവാക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഒരാളിന് എമ്പാടും സങ്കപ്പെടേണ്ടിവരില്ല. അവധിനാൾ ചോർന്നുപോകുമല്ലോ എന്നോർത്ത് നാട്ടിൽ വരാതിരിക്കുന്നതും ശരിയായ മാർഗ്ഗമല്ല. മുൻകൂട്ടിയുള്ള ആസൂത്രണം, ഓരോ കാര്യങ്ങൾക്ക് പരസഹായം ആവശ്യമുണ്ടെങ്കിൽ അവരെ നേരത്തെ അറിയിച്ച് അതിന് തയ്യാറാക്കൽ, നാട്ടിലെത്തിയാൽ ഏറ്റവും മുൻഗണന നൽകേണ്ട കാര്യങ്ങൾ ചെയ്തുതീർക്കൽ എന്നിവ ഒരു ഗൾഫുകാരന് കുറേയൊക്കെ ആശ്വാസമേകാതിരിക്കില്ല.

Latest News