റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ടിൽ റൺവേയിൽനിന്ന് തെന്നി നീങ്ങിയ ജെറ്റ് എയർവെയ്‌സ് വിമാനത്തിൽനിന്ന് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് റിപ്പോർട്ട്. വിവിധ സുരക്ഷാവകുപ്പുകൾ കുതിച്ചെത്തി തീയണച്ചത് കൊണ്ടാണ് യാത്രക്കാർ പോറലേൽക്കാതെ രക്ഷപ്പെട്ടത് എന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ന് പുലർച്ചെ 151 യാത്രക്കാരുമായി പറന്നുയരുന്നതിന് ശ്രമിക്കവെയാണ് ബോയിംഗ് 737-8 ഇനത്തിൽ പെട്ട വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങിയത്.
ധൃതി പിടിച്ച് ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എൻജിനിൽ നേരിയ തോതിൽ അഗ്നിബാധയുണ്ടാകുകയായിരുന്നു. പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അഗ്നിശമന സംഘങ്ങൾ കുതിച്ചെത്തി വിമാനത്തിലെ തീയണക്കുകയും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ അൽപം വൈകിയിരുന്നെങ്കിൽ വിമാനം പൂർണമായും കത്തിയമരുമായിരുന്നു.