Friday , March   22, 2019
Friday , March   22, 2019

വരുന്നു കായംകുളം കൊച്ചുണ്ണി,  കൂടെ ഇത്തിക്കര പക്കിയും

മലയാള സിനിമയിൽ പുതു ചരിത്രം കുറിക്കാൻ കായംകുളം കൊച്ചുണ്ണി വീണ്ടുമെത്തുന്നു. ചരിത്രഗതികളും ഒന്നര നൂറ്റാണ്ടു മുമ്പുള്ള കാലഘട്ടവും പുനഃസൃഷ്ടിക്കുന്ന കായംകുളം കൊച്ചുണ്ണി മലയാള സിനിമ ഇതുവരെ സാക്ഷ്യം വഹിക്കാത്ത വിശാലമായ ക്യാൻവാസിലാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കുന്നത്. കൊച്ചുണ്ണിയുടെ വേഷത്തിൽ നിവിൻ പോളി എത്തുമ്പോൾ, ചെറിയ റോളെങ്കിലും ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുന്നതാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്. 45 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. സാധാരണ നിലയിൽ ഏതാണ്ട് അഞ്ച് മലയാള സിനിമകൾക്ക് ചെലവാകുന്ന തുക. ശ്രീ ഗോകുലം മൂവീസ് ആണ് കായംകുളം കൊച്ചുണ്ണി നിർമ്മിക്കുന്നത്. 


പഴയ കാലത്തെ പുനഃസൃഷ്ടിക്കാനായി രൂപകൽപ്പന ചെയ്ത സെറ്റിനുമാത്രം 12 കോടിയാണ് ചിലവുവന്നത്. കേരളം തലമുറകളായി കേട്ടു പരിചയിച്ച കായംകുളം കൊച്ചുണ്ണിയുടെ കഥാ പശ്ചാത്തലവും കാലഘട്ടവുമെല്ലാം വിശാലമായ കാൻവാസിൽ അടയാളപ്പെടുത്തപ്പെട്ടതായിരുന്നു. ആധുനിക സാങ്കേതിക വിദ്യയുമായി മലയാള സിനിമ കൊച്ചുണ്ണിയെ വീണ്ടും സമീപിക്കുമ്പോൾ, കഥയിലെ സാഹചര്യങ്ങളിൽ മാറ്റിത്തിരുത്തൽ വരുത്താനാവില്ല. സത്യനെ നായകനാക്കി അര നൂറ്റാണ്ട് മുമ്പ് കായംകുളം കൊച്ചുണ്ണിയെ ഒരുക്കിയ അവസ്ഥയുമല്ല ഇന്ന്.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മധ്യകേരളത്തിലെ ഗ്രാമത്തെ ഇന്നത്തെ കാലത്ത് പുനഃസൃഷ്ടിക്കുക എന്നതായിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസും കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയും അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി. 1830 കാലഘട്ടമാണ് കായംകുളം കൊച്ചുണ്ണിയിൽ പുനഃസൃഷ്ടിച്ചിരിക്കുന്നത്. പ്രശസ്തമായ ഐതിഹ്യമാലയാണ് ഇതിന്റെ തിരക്കഥയൊരുക്കാൻ സഞ്ജു ബോബിയെ സഹായിച്ചത്. 

ഐതിഹ്യമാല വായിച്ച ഓരോ മലയാളിയും ഈ കാലഘട്ടത്തെ ഭാവനയിൽ പുനരാവിഷ്‌കരിച്ചിട്ടുണ്ടാകും. 1830കളിലെ സംസ്‌കാരം, ആളുകളുടെ വസ്ത്രധാരണം, ഭക്ഷണരീതി, സഞ്ചാരസാധ്യതകൾ ഇതെല്ലാം സത്യസന്ധമായാലേ കായംകുളം കൊച്ചുണ്ണി ഒരു റിയലിസ്റ്റിക് പീരിയോഡിക് സിനിമയാകുമായിരുന്നുള്ളൂ. സിനിമക്കുവേണ്ടി പ്രത്യേക ഗവേഷണ സംഘം ഒരു വർഷത്തോളം പരിശ്രമിച്ചാണ് പഴയ കാലത്തെ ആ സൂക്ഷ്മ വിശദാംശങ്ങളെല്ലാം ശേഖരിച്ചത്. 


1830കളുടെ കാഴ്ച സമ്മാനിക്കുന്ന സ്ഥലങ്ങളോ, സംസ്‌കാരമോ, നിർമ്മിതികളോ ഒന്നും ഈ 21ാം നൂറ്റാണ്ടിലെ കേരളത്തിൽ ബാക്കിയായിട്ടില്ല. അങ്ങനെയാണ് സിനിമയ്ക്കാവശ്യമായ പശ്ചാത്തലം പൂർണ്ണമായും സെറ്റിടാൻ തീരുമാനിച്ചത്. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും ഭാവനയിലുള്ള കാലഘട്ടം റിയലിസ്റ്റിക്കായി പുന:സൃഷ്ടിക്കുകയായിരുന്നു. കായംകുളം ചന്തയിലേക്ക് ആളുകൾ പുഴയിലൂടെ സഞ്ചരിച്ചെത്തുന്ന പ്രദേശത്തിന്റെ ഇമേജുകൾ കണ്ടാൽ കേരളത്തിന് പുറത്തുള്ള ലൊക്കേഷനിൽ സെറ്റിട്ടതാണെന്ന് ഒരിക്കലും പറയില്ല. അത്ര മനോഹരവും സ്വാഭാവികവുമായാണ് സുനിൽ സെറ്റൊരുക്കിയത്.
കളരി, 1830 ലെ വലിയൊരു ഗ്രാമം, കൊട്ടാരത്തിന്റെ ഇന്റീരിയർ, എന്നിവയും സുനിലിന്റെ സെറ്റ് തന്നെ. 
കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്ന വലിയവീട്ടിൽ പീടിക ഇന്നും കായംകുളത്തുണ്ട്. വലിയവീട്ടിൽ പീടികയുടെ വശത്തുള്ള അമ്പലം, റോഡ്, പീടിക തുടങ്ങിയവയെല്ലാം 150 വർഷം മുമ്പ് എങ്ങനെയായിരുന്നവെന്ന് ഭാവനയിൽ കണ്ടാണ് സെറ്റൊരുക്കിയത്. 
കളരിയാണ് പ്രധാന ലൊക്കേഷനുകളിലൊന്ന്. ഏതാണ്ട് 20 ദിവസം കൊണ്ടാണ് കളരിയുടെ പണി പൂർത്തിയായത്. ഇവിടെയാണ് ചിത്രീകരണം തുടങ്ങിയത്. രാജകൊട്ടാരത്തിന്റെ ഇന്റീരിയർ 10 ദിവസം കൊണ്ട് പൂർത്തിയാക്കി. ഗ്രാമത്തിന്റെ സെറ്റ് പൂർത്തിയാക്കാൻ 25 ദിവസമെടുത്തു. നൂറ്റമ്പതോളം ചെറിയ വീടുകൾ ഉൾപ്പെടെ ചെയ്ത വില്ലേജിന്റെ സെറ്റ് കലാസംവിധാന മികവ് വിളിച്ചോതുന്നതാണ്. 
135 ദിവസത്തെ ചിത്രീകരണമാണ് ആദ്യം പ്ലാൻ ചെയ്തിരുന്നത്. പക്ഷെ പൂർത്തിയാകാൻ 161 ദിവസം വേണ്ടിവന്നു. അപ്രതീക്ഷിതമായ മഴയും രണ്ടു തവണ നിവിൻപോളിക്ക് പരിക്കേറ്റതുമെല്ലാം ഷൂട്ട് നീളാൻ കാരണമായി. അറുന്നൂറോളം ആളുകളായിരുന്നു ഓരോ ദിവസത്തെ ചിത്രീകരണത്തിലും പങ്കെടുത്തത്. കൊച്ചി, ഗോവ, മംഗലാപുരം, ഉഡുപ്പി, മണിപ്പാൽ, കാസർകോഡ്, കടപ്പ, പാലക്കാട്, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം.


ചെറിയ റോളിലാണെങ്കിലും ഇത്തിക്കര പക്കിയായി മോഹൻലാലിന്റെ വരവോടെയാണ് സിനിമയുടെ ഗ്ലാമറും വിപണിമൂല്യവും കുത്തനെ ഉയർന്നത്. ഈ വേഷത്തിലേക്ക് കമലഹാസൻ, നാഗാർജ്ജുന, മലയാളത്തിലെ യുവനടൻമാർ, തമിഴിലെ ചില പ്രശസ്തർ അങ്ങനെ പല പേരുകൾ ആദ്യഘട്ടത്തിൽ പരിഗണിച്ചു. എന്നാൽ റോഷൻ ആൻഡ്രൂസിനെ സംബന്ധിച്ച് മോഹൻലാൽ തന്നെയായിരുന്നു ഏറ്റവും നല്ല ഓപ്ഷൻ. എന്നാൽ നിവിൻ പോളി ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ വരാൻ മോഹൻലാൽ തയ്യാറാകുമോ എന്നത് റോഷൻ ആൻഡ്രൂസിന്റെ സംശയമായിരുന്നു. അറച്ചറച്ചാണെങ്കിലും റോഷൻ ആൻഡ്രൂസ് മോഹൻലാലിനോട് ഫോണിൽ കാര്യം പറഞ്ഞപ്പോൾ ഒരുമടിയും കൂടാതെ വളരെ ആകാംക്ഷയോടെ ഇത്തിക്കരപക്കിയായി മാറാൻ മോഹൻലാൽ സമ്മതിച്ചു. മോഹൻലാൽ വന്നതോടെ സിനിമയുടെ എനർജി ലെവൽ തന്നെ മാറിപ്പോയെന്നാണ് റോഷൻ പറയുന്നു. 
ഇത്തിക്കരപക്കിയുടെ ലുക്ക് ഡിസൈൻ ചെയ്യുകയായിരുന്നു സംവിധായകനെ സംബന്ധിച്ച് അടുത്ത വെല്ലുവിളി. ബാഹുബലി ചെയ്ത സനത്താണ് ഇത്തിക്കരപക്കിയുടെ ലുക്ക് വരച്ചത്. സനത് വരച്ചതിൽ നിന്നും മൂന്നെണ്ണം റോഷൻ തിരഞ്ഞെടുത്തു. കൂടിയാലോചനകൾക്കുശേഷം അവസാന തെരഞ്ഞെടുപ്പും റോഷന്റേതായിരുന്നു. ഇത്തിക്കരപക്കിയുടെ ലുക്കും കോസ്റ്റ്യൂസും തീർച്ചയായ ശേഷം മുംബൈയിൽ മോഹൻലാലിന് മെയ്ക്കപ്പ് ടെസ്റ്റ് നടത്തി.


ചിത്രീകരണത്തിന്റെ തലേന്ന് രാത്രിയാണ് ഇത്തിക്കരപക്കിയുടെ അവസാനരൂപത്തിലും ഭാവത്തിലും ലാൽ എത്തിച്ചേരുന്നത്. അപ്പോഴും മെയ്ക്കപ് പൂർണമായിരുന്നില്ല. പിറ്റേന്ന് രാവിലെ മോഹൻലാൽ റോഷൻ ആൻഡ്രൂസിനെ വിളിപ്പിച്ച് മെയക്കപ്പിൽ സ്വന്തം നിലയിൽ ചില പരീക്ഷണങ്ങളെല്ലാം നടത്തി. 
സംവിധായകൻ പ്രതീക്ഷിച്ചതിലും മികവാർന്ന രീതിയിൽ ഇത്തിക്കരപക്കിയായി മാറി മോഹൻലാൽ കാത്തു നിൽക്കുകയായിരുന്നു. ഇടികൊണ്ട് കണ്ണിന്റെ ലെവലിൽ ചെറിയൊരു മാറ്റം വരുത്താമെന്ന മോഹൻലാലിന്റെ നിർദ്ദേശവും റോഷൻ അംഗീകരിച്ചു. മോഹൻലാലും റോഷൻ ആൻഡ്രൂസും ലൊക്കേഷനിൽ ചെന്നിറങ്ങുമ്പോൾ മുഴുവൻ ആളുകളും ഒരുമിച്ച് കൈയ്യടിച്ചു. 
കായംകുളം കൊച്ചുണ്ണിയുടെ മൂന്നോ നാലോ ജീവിത കാലഘട്ടങ്ങൾ സിനിമിയിൽ പറയുന്നുണ്ട്. ഏതു പ്രായത്തിലേക്കും രൂപമാറ്റം വരുത്താമെന്ന സാധ്യതയാണ് നിവിനെ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായി പരിഗണിച്ചതെന്ന് റോഷൻ നേരത്തെ സൂചിപ്പിച്ചിരുന്നു. 


കഥാപാത്രമാകാൻ മുടി പറ്റെയെടുക്കാനടക്കം തയ്യാറായ നിവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും കായംകുളം കൊച്ചുണ്ണി. 
സണ്ണി വെയ്ൻ എന്ന അഭിനേതാവിന്റെ കരിയറിലെ വഴിത്തിരിവാകാവുന്ന വേഷമാണ് കായംകുളം കൊച്ചുണ്ണിയിലേത്. കേശവൻ എന്ന വേഷത്തിലാണ് സണ്ണി എത്തുന്നത്. ബാബു ആന്റണി അവതരിപ്പിക്കുന്ന കളരി ഗുരുക്കളായ തങ്ങളുടെ വേഷവും ശ്രദ്ധേയം. അമലാ പോളിനെ പരിഗണിച്ചിരുന്ന വേഷത്തിലേക്കാണ് പ്രിയാ ആനന്ദ് വരുന്നത്. അശ്വിനി, സുധീർ കരമന, ഇടവേള ബാബു, സാദിഖ്, ഷൈൻ ടോം ചാക്കോ, തമിഴ് നടൻ എം.എസ്. ഭാസ്‌കർ തുടങ്ങിയവരെല്ലാം കായംകുളം കൊച്ചുണ്ണിയിൽ ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുന്നു.