Sunday , May   26, 2019
Sunday , May   26, 2019

ഖൽബിലെ തേനൂറും  കോയിക്കോട്... 

ചാവേർ ആക്രമണം, സ്‌ഫോടനം, പ്രളയം, ആൾക്കൂട്ട കൊല വാർത്തകൾ കണ്ട് കണ്ട് മിനിസ്‌ക്രീനിൽ നോക്കാൻ വയ്യെന്ന് വിചാരിച്ചിരിക്കുമ്പോഴതാ പ്രാദേശിക വാർത്തയിൽ മനസ്സിന് കുളിർമ പകരുന്ന ഒരു വാർത്ത. മനോരമ ന്യൂസിലാണ് വാർത്ത. കനത്ത മഴയെ തുടർന്ന് ആലപ്പുഴ, കോട്ടയം ജില്ലകളിൽ ധാരാളം പേർ ദുരിത പൂർണമായ ജീവിതമാണ് നയിച്ചു വരുന്നത്. അനേകം കുടുംബങ്ങൾ ക്യാമ്പുകളിൽ അത്യാവശ്യ സൗകര്യങ്ങൾ പോലുമില്ലാതെ കഷ്ടപ്പെടുന്നതിന്റെ ദൃശ്യങ്ങളും ചാനലുകളിൽ കണ്ടിരുന്നു. അതിനിടയ്ക്കാണ് ആലപ്പുഴ, കോട്ടയം ജില്ലകളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോഴിക്കോട് കലക്ടർ മുൻകൈയെടുത്ത് ജനകീയ പങ്കാളിത്തത്തോടെ വിഭവ സമാഹരണം നടത്തിയത്. വാർത്തയുടെ ഹൈലൈറ്റ് മക്കളില്ലാത്ത ഫാത്തിമയുടെ സഹായമാണ്. അരിപ്പൊടിയും ആട്ടയും കലക്ടറെ ഏൽപിച്ച മക്കളില്ലാത്ത ഈ സ്ത്രീ വളർത്തു മകൻ കോയിൻ ബോക്‌സിൽ സമാഹരിച്ച 250 രൂപയും കോഴിക്കോട് കലക്ടറുടെ നിധിയിലേക്ക് നൽകി. അത്യാവശ്യ ഘട്ടത്തിൽ സഹായിക്കാൻ സന്നദ്ധരാവുന്ന മനസ്സുകളെയാണ് വാർത്താ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതും. 
*** *** ***
പ്രകൃതിക്ഷോഭം റിപ്പോർട്ട് ചെയ്യാൻ പുറപ്പെട്ട രണ്ട് മാധ്യമ പ്രവർത്തകർക്ക് കൂടി ജീവഹാനി സംഭവിച്ചു. ഇത് പോലൊരു മഴക്കാലത്താണ് കോട്ടയത്തെ ന്യൂസ് ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് മൃതിയടഞ്ഞത്. വൈക്കത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്ത് മടങ്ങുകയായിരുന്ന മാതൃഭൂമി ന്യൂസ് വാർത്താ സംഘത്തിലെ രണ്ട് പേരാണ് വള്ളം മറിഞ്ഞുള്ള അപകടത്തിൽ പെട്ടത്. മൂന്ന് പേരെ നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടൽ കൊണ്ട് രക്ഷപ്പെടുത്താൻ സാധിച്ചു. പ്രാദേശിക ലേഖകനായ സജിയും ഡ്രൈവർ ബിബിനുമാണ്  ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ അന്ത്യശ്വാസം വലിച്ചത് അസ്വസ്ഥസ്ഥതയുണ്ടാക്കുന്ന വാർത്തയാണ്.  മാധ്യമ പ്രവർത്തകർ ഓരോ ദിവസവും കടന്നുപോകുന്നത് ഏറെ അപകടം പിടിച്ച വഴികളിലൂടെ ആണ് എന്നതാണ് യാഥാർഥ്യം. പലപ്പോഴും ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തങ്ങളിൽ നിന്ന് അവർ രക്ഷപ്പെടുന്നത്. വാർത്തയ്ക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ് ഓരോ മാധ്യമ പ്രവർത്തകനും. ദൃശ്യ മാധ്യമ പ്രവർത്തകരെ സംബന്ധിച്ച് മത്സരം കുറച്ചുകൂടി കടുത്തതാണ്. വ്യത്യസ്തതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാൻ അവർ തയ്യാറാകുന്നതിന് കാരണവും ഈ മത്സരം തന്നെ.  വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാൻ ആ പ്രദേശത്തെ ദൃശ്യങ്ങൾ തന്നെ പലപ്പോഴും മതിയാകും. എന്നിട്ടും എന്തിനാണ് മുങ്ങി നിൽക്കുന്ന പ്രദേശത്ത് റിപ്പോർട്ടർ മൈക്കും പിടിച്ച് വെള്ളത്തിൽ ഇറങ്ങി  നിന്ന് റിപ്പോർട്ട് ചെയ്യുന്നത്? അപകട സാധ്യതയുള്ള ഇത്തരം റിപ്പോർട്ടിംഗ് നിരുത്സാഹപ്പെടുത്താൻ ശ്രദ്ധിക്കേണ്ടത് ഉയർന്ന പദവിയിൽ ഇരിക്കുന്നവരാണ്. 
*** *** ***
മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡന്റാക്കാൻ സമീപിച്ചിരുന്നതായി നടൻ ബാബുരാജിന്റെ വെളിപ്പെടുത്തൽ. റിപ്പോർട്ടർ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്‌സിലാണ് ബാബുരാജ് ഇക്കാര്യം വ്യക്തമാക്കിയത്. നികേഷും അഭിലാഷുമാണ് അഭിമുഖം നടത്തിയത്. മഞ്ജു വരുന്നതിനോട് എല്ലാവർക്കും താൽപര്യമായിരുന്നു. എന്നാൽ മഞ്ജു താൽപര്യമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു. പാർവതിയെ തഴഞ്ഞുവെന്ന ആക്ഷേപത്തിനും താരം മറുപടി നൽകി. നടിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ അമ്മ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. ആർക്കും മത്സരിക്കാവുന്നതാണ്. എന്നാൽ അമ്മ യോഗത്തിൽ വന്ന് ഫോം ഫിൽ ചെയ്യാനും വോട്ടു ചോദിക്കാനുമൊക്കെ പലർക്കും മടിയാണ്. അതൊക്കെ കുറച്ച് ബുദ്ധിമുട്ടുള്ള പണിയായത് കൊണ്ട് എല്ലാവരും പിന്മാറുകയാണ് പതിവ്. മഞ്ജു 'അമ്മ'യുടെ യോഗത്തിനെത്തിയിരുന്നില്ലെന്നും ബാബുരാജ് പറഞ്ഞു. 
*** *** ***
സോഷ്യൽ മീഡിയ ആന്റി സോഷ്യലായി മാറിയതിന്റെ ദുരിതം അനുഭവിക്കുകയാണ് കേരളം. ഇന്ത്യയിൽ ആൾക്കൂട്ട ആക്രമങ്ങൾക്ക് സമൂഹ മാധ്യമങ്ങൾ വഴിയൊരുക്കുന്നുവെന്ന് കണ്ടറിഞ്ഞാണ് വാട്ട്‌സപ്പ് ചില നിയന്ത്രണങ്ങളേർപ്പെടുത്തിയത്. പത്രങ്ങളിലെയോ, ചാനലുകളിലെയോ പോലെ പബ്ലിഷ് ചെയ്യുന്ന കാര്യത്തിന്റെ ആധികാരികത ഉറപ്പു വരുത്താൻ സോഷ്യൽ മീഡിയയിൽ ആരുമില്ല. ആരെയും കൊല്ലാം, അപവാദ പ്രചാരണങ്ങൾ ഇഷ്ടം പോലെ നടത്താം. ജീവിക്കാൻ മാധ്യമ പ്രവർത്തനം നടത്തുന്നവരെ  ചീത്ത വിളിക്കാം. അങ്ങിനെയുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നവരിൽ മലയാളികൾ ഏറെ മുന്നിലാണ്. ജുഡീഷ്യൽ അധികാരമുള്ള വനിതാ കമ്മീഷന്റെ സ്ഥാനങ്ങളിലിരിക്കുന്നവരെ വരെ അപമാനിക്കാൻ ഇവർക്കെല്ലാം ആരാണ് സ്വാതന്ത്ര്യം നൽകിയതെന്ന് അറിയില്ല.  കൊച്ചിയിലെ ഹനാൻ എന്ന പെൺകുട്ടിയാണ് ആൾക്കൂട്ട ആക്രമണത്തിന് ഏറ്റവും ഒടുവിൽ ഇരയായത്. ഹനാൻ കേരളത്തിൽ ചർച്ചാവിഷയം ആയതിന് പിന്നിൽ അമൽ കെ.ആർ. എന്ന മാതൃഭൂമി കൊച്ചി യൂണിറ്റിലെ മാധ്യമ പ്രവർത്തകനാണ്. ഹനാന്റെ ജീവിതാനുഭവങ്ങൾ മനസിലാക്കുമ്പോൾ ആ കുട്ടിയെ കുറിച്ച് അഭിമാനം തോന്നുന്നു എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. കേരളം മുഴുവനും ഹനാന് ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  പിണറായിക്ക് പിന്നാലെ ഹനാന് പിന്തുണയുമായി മന്ത്രി തോമസ് ഐസക്കും എത്തി. മന്ത്രി  ഫേസ്ബുക്ക് പോസ്റ്റിലാണ് പെൺകുട്ടിയെ പ്രശംസിച്ചത്. ഒന്നാന്തരമൊരു സംരംഭകയ്ക്കു വേണ്ട ഗുണങ്ങളെല്ലാം ഹനാൻ എന്ന കൊച്ചുമിടുക്കിയ്ക്കുണ്ട്. സിനിമാമോഹം, ആങ്കറിംഗ്, പാചകം, കച്ചവടം എന്നിങ്ങനെ ഹനാൻ കൈവെയ്ക്കാത്ത മേഖലകളില്ല. ആലുവ മണപ്പുറം ഫെസ്റ്റിലെ ചെറുകിട കർഷകരുടെ സ്റ്റാളിലേയ്ക്കുള്ള രംഗപ്രവേശം മുതൽ മീൻ കച്ചവടത്തിന്റെ കാര്യത്തിൽ വരെ, ഇടിച്ചുകയറി സ്വന്തം ഇടം സ്ഥാപിച്ചെടുക്കുന്ന തന്റേടിയായൊരു സംരംഭകയുടെ ചുറുചുറുക്ക് ദൃശ്യമാണ് കപ്പയും പായസവും പലഹാരങ്ങളുമൊക്കെയായി മണപ്പുറം ഫെസ്റ്റിലെത്തുമ്പോൾ ഇതെവിടെ വെച്ച് വിൽക്കുമെന്നൊന്നും അറിയുമായിരുന്നില്ല. വലക്കാരോടും വള്ളക്കാരോടുമൊപ്പം മീൻ കച്ചവടം നടത്തിയതും അതിനിടയ്ക്ക് അമാന്യമായി പെരുമാറിയൊരു ചേട്ടനെ നൈസായി ഒഴിവാക്കിയതുമൊക്കെ എത്ര രസമായാണ് ആ കുട്ടി വിവരിക്കുന്നത്. ആത്മവിശ്വാസത്തോടെ ജീവിക്കാൻ ഇറങ്ങിത്തിരിച്ച, ആവോളം തന്റേടമുള്ളൊരു മിടുമിടുക്കിയാണ് കുട്ടി. കേരളം ഒരു മനസോടെ അവളെ പിന്തുണയ്ക്കണം-ധനമന്ത്രി നയം വ്യക്തമാക്കി 
*** *** ***
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഫ്രിക്കൻ സന്ദർശനത്തിനെതിരെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പാർലമെന്റ് സെഷൻ നടക്കുന്ന വേളയിൽ മോഡിക്ക് ഈ യാത്ര ഒഴിവാക്കാമായിരുന്നു എന്നാണ് ഖാർഗെ അഭിപ്രായപ്പെട്ടത്. അഞ്ചു ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനായി കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി പോയത്. റുവാണ്ട, യുഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. 21 വർഷത്തിനിടെ യുഗാണ്ട സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോഡി. സന്ദർശനത്തിന്റെ ഭാഗമായി 200 പശുക്കളെ റുവാണ്ടൻ ജനതയ്ക്ക് പ്രധാനമന്ത്രി കൈമാറിയിരുന്നു. പശുക്കടത്ത് തടയാൻ ജനക്കൂട്ടമെത്തിയപ്പോൾ അമിത് ഷാജി തടയുന്നത് കാർട്ടൂണായി. ഇരുനൂറ് പശുക്കളെ സമ്മാനിച്ച മോഡിജി പിറ്റേന്ന് കാലത്ത് താമസിച്ച ഹോട്ടലിൽ നിന്ന് ആതിഥേയനെ ഫോൺ ചെയ്ത് സമ്മാനത്തെ കുറിച്ച് അന്വേഷിച്ച കാര്യമാണ് ഒരു വിരുതൻ ഫേസ്ബുക്കിൽ പോസ്റ്റിയത്. നല്ല ഉഗ്രൻ സാധനം, കുറേ എണ്ണത്തിനെ മക്കൾ ബാർബക്യു ആക്കി. വൈഫിന് ഇഷ്ടപ്പെട്ടത് സൂപ്പാണ്. 

 

Latest News