Sunday , May   26, 2019
Sunday , May   26, 2019

പുണ്യഭൂമിയിലെ  മലയാളി പെരുമ 

കാരുണ്യത്തിന്റെ ഒരായിരം കൈകൾ നീട്ടിപിടിക്കുന്ന തീർഥാടക സേവനത്തിന്റെ തണലും തലോടലും കൊണ്ട് മാനവിക സേവനം കാഴ്ച വെച്ചിരുന്ന പ്രവാസികൾ വല്ലാതെ സ്വാധീനിച്ചിരുന്നു

പ്രവാസത്തിലുമുണ്ട് ഒരു മലയാളി പെരുമ. അത് സേവന രംഗത്തായാലും കൂട്ടായ്മയിലായാലും ശരി.  വർണ, ദേശ ഭേദമില്ലാതെ മരുഭൂമിയുടെ മണലാരുണ്യത്തിൽ സംഗമിച്ചുകൊണ്ട് ഐക്യത്തിന്റെ പുതിയൊരു സന്ദേശം ആഗോള ജനതക്കുമുന്നിൽ മുസ്‌ലിം  ലോകം മക്കയുടെ മണ്ണിൽ കാണിച്ചുകൊടുക്കുമ്പോൾ അവർക്ക് സഹായത്തിന്റെ കൂട്ടായ്മയായി എന്നും ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് സൗദി പ്രവാസികൾ. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ 5000ലധികം പേരാണ് സേവന രംഗത്തു നിറ സാന്നിധ്യമായി മക്കയിലും മദീനയിലുമായി രംഗത്തുള്ളത്. അവർക്ക് കൂട്ടത്തിൽ മലയാളി വനിതകളുമുണ്ട്. 


പാപക്കറയാൽ ഇരുൾ പുരണ്ട ഹൃദയത്തെ ഹജ്ജിന്റെ സംശുദ്ധി കൊണ്ട് കഴുകിക്കളയാൻ കടലുകൾ കടന്ന്, മരുപ്പച്ചയിൽ നിന്നുയർന്നു വരുന്ന ഇലാഹിന്റെ കരുതലുകൾ തേടി കാതങ്ങൾ താണ്ടിവരുന്ന വിവിധ ഭാഗങ്ങളിൽ നിന്നായി ദശലക്ഷം വിശ്വാസികളാണ് ഈ പവിത്ര ഭൂമിയിലേക്ക് കടന്നു വരുന്നത്. എന്നാൽ ലോകത്തിന്റെ അന്തരങ്ങളെ കുളിർ മഴ പെയ്യിച്ച ചില കാഴ്ചകൾ നന്മകൾ എല്ലാം ഹജ്ജ് വേളയിൽ നമ്മുക്ക് കാണുവാൻ സാധിക്കാറുണ്ട്. പരിശുദ്ധ ഹജ്ജ് നിർവഹിക്കാനെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സേവിക്കാൻ കിട്ടുന്ന അപൂർവ അവസരം ഏതൊരു വിശ്വാസിക്കും അതീവ ഹൃദ്യവും അവിസ്മരണീയവുമായ അനുഭവവുമായിരിക്കും. ഒരു പുരുഷായുസ്സിൽ ആത്മനിർവൃതിയടയാനും സേവനപാതയിൽ ആത്മസായൂജ്യം ലഭിക്കുവാനും കിട്ടുന്ന അസുലഭ നിമിഷങ്ങൾ തീർഥാടന സേവനത്തിന്റെറ നേർകാഴ്ചകളായിരിക്കും പ്രദാനം ചെയ്യുന്നത്. ഹജ്ജ് വേളയിൽ പുണ്യനഗരികളിൽ എത്തുന്ന ഹാജിമാർക്ക് മനുഷ്യ സാധ്യമായ സേവനങ്ങൾ ചെയ്യാൻ അവസരം ലഭിക്കുന്നത് എന്തു മാത്രം സംതൃപ്തിയും മധുരതരവുമായിരിക്കുമെന്ന് പറയേണ്ടതില്ല. 


കാരുണ്യത്തിന്റെ ഒരായിരം കൈകൾ നീട്ടിപിടിക്കുന്ന തീർഥാടക സേവനത്തിന്റെ തണലും തലോടലും കൊണ്ട് മാനവിക സേവനം കാഴ്ച വെച്ചിരുന്ന പ്രവാസികൾ വല്ലാതെ സ്വാധീനിച്ചിരുന്നു. കൈ മെയ് മറന്ന് നിസ്സീമമായ പരസ്‌നേഹത്തിന്റെ ഉദാത്തമായ സേവനങ്ങൾ കാഴ്ചവെക്കുന്ന വളണ്ടിർമാർ മാതൃകാ പരമായ ത്യാഗപരിശ്രമങ്ങളാണ് ഓരോ ഹജ്ജ് നാളിലും ചെയ്യുന്നത്. സന്നദ്ധ പ്രവർത്തനം വ്യക്തിത്വ വികസനത്തിനുള്ള പരിശീലനം കൂടിയാണ്. ഹജ്ജ് സേവനത്തിനിറങ്ങുന്ന ഓരോരുത്തരുടെയും സേവനത്തിന് ഹാജിമാരുടെ പ്രാർത്ഥനകളിൽ ഇടം പിടിക്കുക കൂടി ചെയ്യുമ്പോൾ ഹൃദയ ബന്ധങ്ങളുടെ ഊഷ്മളത പറഞ്ഞറിയിക്കാൻ നമുക്ക് കഴിയില്ല. 


ലോകത്തെ മറ്റൊരു തീർഥാടകർക്കും ലഭ്യമല്ലാത്തത്ര സഹായ സഹകരണങ്ങളാണ് ഉപജീവനാർഥം ഇവിടെ എത്തിയ മലയാളികൾ ഹാജിമാർക്ക് നൽകിവരുന്നത്. മുൻ കാലങ്ങളിൽ ഇത്തരം സേവനങ്ങൾ കേരളാ ഹാജിമാരിൽ മാത്രം ഒതുങ്ങിയിരുന്നുവെങ്കിൽ ഇന്നത് ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് പുറമെ ലോകത്തിലെ വിവിധ ഹാജിമാർക്ക് വരെ ലഭ്യമാവുന്നുണ്ട്. 
ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് മാത്രം ആസൂത്രിതമെങ്കിലും ചെറിയ തോതിൽ ആരംഭിച്ച മലയാളി പ്രവാസികളുടെ ഹജ്ജ് സേവനം ഓരോ വർഷം പിന്നിടുമ്പോൾ വമ്പിച്ച ആവേശവും കൂടുതൽ പേരുടെ പങ്കാളിത്തവുമുള്ള വലിയ സംരംഭമായി വളരുകയാണ്. മക്കയിലെയും മദീനയിലെയും ജിദ്ദയിലെയും പ്രവാസി, മത സംഘടനകളാണ് ഒറ്റപ്പെട്ട രൂപത്തിൽ സേവനത്തിന് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് സംയുക്ത സംരംഭങ്ങളായി അത് വളർന്നു. മത, രാഷ്ട്രീയ അന്തരങ്ങൾ മാറ്റിവെച്ച് ചുരുങ്ങിയ വർഷങ്ങളിൽ ജിദ്ദയിൽ പ്രവർത്തിച്ച ഹജ്ജ് സേവകരായ പ്രവാസികളുടെ സംയുക്ത സംരംഭമായ ഹജ്ജ് വെൽഫെയർ ഫോറം മാറി. എന്നാൽ പിന്നീട് അതു ഓരോ രാഷ്ട്രീയ മത സംഘടനകളുടെ നേതൃത്വത്തിൽ വേറെ  വേറെ സംഘങ്ങളായി മാറുകയായിരുന്നു. ഇപ്പോൾ പ്രതിനിധികൾ വിവിധ പേരുകളിൽ പ്രത്യേകം വളണ്ടിയർ ജാക്കറ്റുകളണിഞ്ഞാണ്  സേവനം നടത്തുന്നത്. 


ഹജ്ജ് കർമങ്ങൾക്കിടയിൽ അറഫയിലും മിനായിലും വഴിതെറ്റി പോകുന്ന ഹാജിമാരെ അവരുടെ തമ്പുകളിലെത്തിക്കുക, ഹാജിമാർക്ക് വേണ്ട വെള്ളം ഭക്ഷണം എന്നിവ എത്തിച്ച് കൊടുക്കുക, ഭാഷാ പരിജ്ഞാനമില്ലാത്തവർക്ക് ആവശ്യങ്ങൾ നിർവഹിക്കാൻ സഹായിക്കുക  മറ്റു കാര്യങ്ങളിൽ ആവശ്യമായ മാർഗ നിർദേശങ്ങളും സഹകരണവും ചെയ്യുക  പതിനായിരത്തോളം കഞ്ഞി പാക്കറ്റുകൾ വിതരണം ചെയ്യുന്നതും ഹാജിമാർക്ക് ഏറെ പ്രയോജനകരമാണ്. കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന് ട്രോളികളിലും കവറുകളിലും ബോക്‌സുകളിലുമായി കഞ്ഞി കൊണ്ടുവരാൻ വളരെ പ്രയാസപ്പെടേണ്ടി വരുന്നു വളണ്ടിയർമാർക്ക്. ഇതിനു പുറമെ ഹറം പരിസരം, അറഫ, മുസ്ദലിഫ, മിന, അസീസിയ എന്നിവിടങ്ങളിലും മിന റെയിൽവേ സ്റ്റേഷനിലും സദാ സമയം സേവന സന്നദ്ധരായി രംഗത്തുണ്ടാവും  വളണ്ടിയർമാർ. വൃദ്ധരും രോഗികളുമായ ഹാജിമാരെ വീൽചെയറുകളിലും വാഹനത്തിലും അവർ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു. ഹജ്ജ് ദിവസങ്ങളിൽ വഴിതെറ്റി പോകുന്നവർക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ നൽകാൻ മിനായിൽ ഹാജിമാർ താമസിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങളടങ്ങിയ 'മാപ്' വരെ കൈയിൽ സൂക്ഷിച്ച് കൃത്യമായ നിർദേശങ്ങൾ ഹാജിമാർക്ക് നൽകുക തുടങ്ങിയ പ്രവർത്തനങ്ങളിലാണ് വളണ്ടിയർമാർ സജീവമായി രംഗത്തുണ്ടാവുന്നത്. 
സേവന നിരതരായി എവിടെയും ഓടി നടക്കുന്ന സന്നദ്ധ പ്രവർത്തകർ ഉത്കൃഷ്ടമായ കർമം ചെയ്യുമ്പോൾ അല്ലാഹുവിന്റെ പ്രീതി മാത്രമാണ് കാംക്ഷിക്കുന്നത് എന്ന് അറിയുക. 
പലപ്പോഴും തിക്കിലും തിരക്കിലും പെട്ട് കൂടെപ്പിറപ്പുകളെയും സ്വന്തക്കാരെയും കൂട്ടം തെറ്റി ഒറ്റപ്പെടുന്ന വയോധികരടക്കമുള്ള നിരവധി പേരുടെ രക്ഷകരായി എത്തിയ അനേകം കഥകൾ പറയാനുണ്ടാവും ഹജ്ജ് സേവന രംഗത്തുള്ളവർക്ക്. നടക്കാൻ ബുദ്ധിമുട്ടായവർക്ക് വീൽ ചെയറിന്റെ സഹായവും ചെയ്ത് കൊടുത്തു. അതിനിടക്ക് മെഡിക്കൽ സഹായങ്ങൾ ആവശ്യമുള്ളവർക്ക് അതും ചെയ്ത് കൊടുക്കാനായി. പോലീസ് സേനയിലുള്ളവർ പലപ്പോഴും സഹായത്തിനായി തങ്ങളെ വിളിച്ച് കൊണ്ടേയിരുന്നു. 


ഒരു വളണ്ടിയർ പറഞ്ഞു: ..ഞാൻ മിനായിൽനിന്ന് തിരിച്ച് പോരുന്ന സമയത്ത് ഒരു പോലീസ് വാഹനം പിറകിൽ നിന്ന് ഹോൺ അടിച്ച് അങ്ങോട്ട് വരാൻ പറഞ്ഞു..ചെന്നപ്പോൾ ഒരു അമേരിക്കക്കാരൻ വഴി അറിയാതെ ഇവരുടെ അടുത്ത് വന്ന് കരയുകയാണ് എന്നെ അയാളുടെ അടുത്തേക്ക് ചേർത്ത് നിർത്തി' ഇവരാണ് ഏറ്റവും നല്ല വളണ്ടിയേഴ്‌സ് എന്നു പറഞ്ഞു മലയാളി സന്നദ്ധ പ്രവർത്തകരുടെ കൈയിൽ ഏൽപ്പിക്കുന്ന എത്ര കഥകളാണ് ഓരോ കർമ ഭടൻമാർക്കും പറയാനുണ്ടാവുക. ദേശവും ഭാഷയും വേഷവും മറന്ന് പ്രയാസപ്പെടുന്നവർക്ക് സമാശ്വാസം നൽകാൻ അതിരുകളില്ലാത്ത സേവനവഴി വെട്ടിത്തെളിക്കാൻ വിശേഷിച്ച് മലയാളികൾ കാണിക്കുന്ന ത്യാഗസന്നദ്ധതക്ക് ഇതിനോളം നല്ല ഉദാഹരണങ്ങളില്ല. 163 രാഷ്ട്രങ്ങളിൽ നിന്നായി ഇരുപത് ലക്ഷത്തോളം തീർഥാടകരാണ് ഓരോ വർഷവും ഹജ്ജിന്റെ പുണ്യം നേടി ആത്മീയ വിശുദ്ധി നേടാൻ മക്കയിലെത്തുന്നത്. കത്തുന്ന സൂര്യന് താഴെ 40 ഡിഗ്രി കൊടും ചൂടിലാണ് ഈ വർഷം തീർഥാടക ലക്ഷങ്ങൾ മക്കയിലെത്തിയത്. 

 

Latest News