Tuesday , February   19, 2019
Tuesday , February   19, 2019

ചാലിയാറിന്റെ  ഫുട്‌ബോൾ പണ്ഡിറ്റ്

നാല് വർഷത്തിലൊരിക്കൽ ലോകകപ്പ് ഫുട്‌ബോളിന്റെ ആരവമുയർന്നാൽ തെരഞ്ഞെടുപ്പായാലും ഓണമായാലും പെരുന്നാളായാലും മലബാർ ഗ്രാമങ്ങളിലെ കാൽപന്ത് പ്രേമികളുടെ മനസ്സിലും ഹൃദയത്തിലും കളി മാത്രമേയുണ്ടാവൂ. ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ കളികളെക്കുറിച്ച് മാത്രമല്ല ആ രാജ്യങ്ങളുടെ ചരിത്ര വഴികൾ പോലും ഏതൊരു  സാധാരണക്കാരനും അന്വേഷിച്ച് പഠിക്കും. റഷ്യൻ ലോകകപ്പിൽ പന്തുരുണ്ട് തുടങ്ങിയപ്പോൾ നാട്ടിൻപുറങ്ങളിലെ കരിപിടിച്ച ചായ മക്കാനികളിൽ ചൂടുചായക്കൊപ്പം വിശകലന ചർച്ചകളുടെ പുകയുയർന്നു. ക്രെംലിൻ മതിലിനെ  കുറിച്ചും വോൾഗാ നദിയെ കുറിച്ചും ചർവിതചർവണം നടത്തി അവർ ചരിത്രകാരൻമാരായി. ഫുട്‌ബോൾ മലബാറുകാർക്ക് അങ്ങനെയാണ്. അവരതിന് ആത്മാവിന്റെ ഉള്ളറകളിലാണ് സ്ഥാനം കൊടുത്തിട്ടുള്ളത്. 
അവരുടെ പ്രതീകമാണ് സവിശേഷമായ നിരീക്ഷണ വിലയിരുത്തലുകൾ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന മലപ്പുറം ജില്ലയിലെ വാഴക്കാട് തടായിൽ സുബൈർ എന്ന കൃഷിക്കാരൻ. ഈ ലോകകപ്പ് കാലത്ത് ദ്യശ്യമാധ്യമങ്ങളിലും സാമൂഹ മാധ്യമങ്ങളിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് സുബൈർ. നാടൻ ശൈലിയിലൂടെയുള്ള വിലയിരുത്തലുകൾ കൃത്യമായി എന്നതുപോലെ ഹരം പകരുന്നതുമായി. ടി.വി ചാനലുകൾ തന്നെ അന്വേഷിച്ച് വരികയും തൽസമയം നിരീക്ഷണങ്ങൾ പങ്ക് വെക്കുകയും ചെയ്തപ്പോഴും തനി നാട്ടിൻപുറത്തുകാരന്റെ ശൈലിയിൽനിന്ന് സുബൈർ വഴി മാറിയില്ല. 


ആധുനിക സംവിധാനമുള്ള മൊബൈൽ ഫോണോ ഫേസ്ബുക്ക്, വാട്‌സാപ് പോലുള്ള സോഷ്യൽ മീഡിയയോ ഉപയോഗിച്ചിട്ടില്ലാത്ത സുബൈർ ഇത്ര പ്രശസ്തി നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ലോകകപ്പ് തുടങ്ങും മുമ്പ് ബ്രസീൽ ടീമിന് ഇത്തവണ ഉണ്ടാകാൻ പോകുന്ന പതനം ഹാസ്യാത്മകമായി വിലയിരുത്തിയതാണ് സുബൈറിനെ ശ്രദ്ധേയനാക്കിയത്. അതൊരു അർജന്റീനാ ആരാധകന്റെ വ്യാമോഹമായേ ആദ്യം പലരും കണ്ടുള്ളൂ. പിന്നീട് സുബൈറിന്റെ പ്രവചനങ്ങളൊക്കെ പുലരാൻ തുടങ്ങിയതോടെ കളി മാറി. സ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള സുബൈർ പരന്ന പത്രവായനയിലൂടെയാണ് ഫുട്‌ബോൾ ജ്ഞാനിയായത്. സ്‌പോർട്‌സ് പേജുകൾ ഹരമാണ്. അന്താരാഷ്ട്ര, ദേശിയ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചും നല്ല അവബോധമുണ്ട്. അനുഭവങ്ങളുടെ മഹാപുസ്തകമാണ് തന്റെ ജീവിതമെന്ന് സുബൈർ ഇടക്ക് ഓർമ്മപ്പെടുത്തുന്നു. 
അർജന്റീനയുടെ ആരാധകനാണെങ്കിലും ഓരോ ടീമിനെയും അവരുടെ കോച്ച്, സമീപകാലത്തെ കളികൾ എല്ലാം നോക്കിയാണ് വിലയിരുത്തൽ. മൂന്ന് ലക്ഷത്തി മുപ്പതിനായിരം മാത്രം ജനസംഖ്യയുള്ള, വർഷത്തിൽ പകുതിയും മഞ്ഞിലുറഞ്ഞ് കിടക്കുന്ന ഐസ്‌ലൻഡ് ഫുട്ബാൾ ലോകത്തിന് വിസ്മയം മാത്രമല്ല പാഠപുസ്തകം കൂടിയാണെന്ന് സുബൈർ പറയുന്നു. അന്തരീക്ഷ താപനില 10 ഡിഗ്രിക്കും 25 ഡിഗി സെൽഷ്യസിനുമിടയിലേക്ക് താഴുന്ന ഐസ്‌ലൻഡിൽ മെയ് മുതൽ സെപ്റ്റംബർ വരെ അഞ്ച് മാസം മാത്രമാണ് പുറത്ത് ഫുട്ബാൾ കളിക്കാനാവുക. എന്നാൽ ഈ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി കളിക്കളത്തിൽ അദ്ഭുതങ്ങളുടെ ആലിപ്പഴം സൃഷ്ടിച്ചു ഈ കുഞ്ഞൻ സ്‌കാൻഡിനേവിയൻ ദ്വീപ് രാഷ്ട്രം. ഒപ്പം ഏഷ്യൻ രാജ്യങ്ങളായ തെക്കൻ കൊറിയ, ഇറാൻ, ജപ്പാൻ ടീമുകളും നടത്തിയ മുന്നേറ്റം യൂറോപ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് വരും കാലങ്ങളിൽ ഭീഷണിയാകുമെന്നാണ് കഴിഞ്ഞ ലോകകപ്പിനെ കുറിച്ച് സുബൈർ വിലയിരുത്തുന്നത്.
ഇഷ്ട ടീമായ അർജന്റീനയെക്കുറിച്ച് സുബൈർ വിലയിരുത്തുന്നത് ഇങ്ങനെ: യഥാർത്ഥ മധ്യനിരയുടെ അഭാവം, മെസ്സി ഫോമിലേക്ക് ഉയരാത്തത്, കോച്ചിന്റെ ചില തെറ്റായ തീരുമാനങ്ങൾ. അവസാന നിമിഷം മാത്രം കുതിക്കുന്ന റോളിലായിരുന്നു പലപ്പോഴും മെസ്സി, അത് അത്ര ഫലം ചെയ്തില്ല. അടുത്ത ലോക കപ്പ് നടക്കുന്നത് ഏഷ്യൻ രാജ്യമായ ഖത്തറിലാണ്, അത് കൊണ്ട് തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ലോകോത്തര കായിക വിനോദമായ ഫുട്‌ബോളിനെ ഉയർത്തുവാൻ നമ്മുടെ ഭരണകൂടം സമീപനങ്ങൾ മാറ്റുകയും ക്രിയാത്മകമായ പരിപാടികൾ ആവിഷ്‌കരിക്കുകയും വേണമെന്ന് സുബൈർ അടിവരയിടുന്നു. പുതിയ പ്രതിഭകളെ കണ്ടെത്തി അവർക്ക് മികച്ച രീതിയിലുള്ള അക്കാദമികൾ സ്ഥാപിക്കാൻ നമ്മുടെ സർക്കാറുകൾ മുന്നോട്ട് വരേണ്ടതുണ്ട്.
മെസിയുടെയും റൊണാൾഡോയുടെയും നെയ്മാറിന്റെയും പ്രതാപകാലം കഴിയാറായി എന്നും ഭാവിയുടെ താരം എംബാപ്പെയാണെന്നും സുബൈർ നിരീക്ഷിക്കുന്നു. എക്കാലത്തേയും ഏറ്റവും വലിയ കളിക്കാരനായ പെലെയുമായി ഈ പത്തൊൻപതുകാരനെ താരതമ്യപ്പെടുത്താൻ കഴിയും. ഫുട്ബാൾ ഗ്രൗണ്ടിൽ ഉസൈൻ ബോൾട്ടിനേക്കാളും വേഗത്തിലാണ് എംബാപ്പെ പന്തുമായി പായുന്നതെന്ന് സുബൈർ കൂട്ടിച്ചേർത്തു. 
കമ്മുവിന്റേയും സുലൈഖയുടേയും മകനാണ് നാൽപതുകാരനായ സുബൈർ. അവിവാഹിതനാണ്. നാല് സഹോദരങ്ങൾ ഉണ്ട്. സുബൈറിന്റെ വേഷവും ഭാഷാ ശൈലിയും ശ്രദ്ധേയമായതോടെ ടെലിഫിലിമുകളടക്കമുള്ള സംരംഭങ്ങളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. നാട്ടിലെ സാമൂഹിക സംസ്‌കാരിക കായിക സംഘടനകളും സുബൈറിന് സ്വീകരണം ഒരുക്കി കഴിഞ്ഞു. ചാലിയപ്രം ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർഥികളാണ് ആദ്യ സ്വീകരണവും ആദരവും സമ്മാനിച്ചത്. 2022 ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് നേരിട്ട് കാണണമെന്ന് സുബൈർ ആഗ്രഹിക്കുന്നു.


 

Latest News