Tuesday , April   23, 2019
Tuesday , April   23, 2019

കളിക്കാരുടെ കുടുംബങ്ങൾക്കൊപ്പം

ഫിഫയുടെ അതിഥിയായി ലോകകപ്പ് വീക്ഷിച്ച ഫിഫ മുൻ ലോജിസ്റ്റിക്‌സ് മാനേജറും 
എ.ഐ.എഫ്.എഫ് ഗൾഫ് മേഖലാ സ്‌കൗടുമായ തലശ്ശേരി സ്വദേശി സി.കെ.പി ഷാനവാസ്  അനുഭവങ്ങൾ പങ്കുവെക്കുന്നു. 

റഷ്യയിലെ ലോകകപ്പ് ഞാൻ നേരിട്ട് വീക്ഷിക്കുന്ന രണ്ടാമത്തെ ലോകകപ്പാണ്. ഫിഫയുടെ അതിഥിയെന്ന നിലയിൽ കളിക്കാരെയും റഫറിമാരെയുമൊക്കെ അടുത്തിരുന്ന് കാണാനും പരിചയപ്പെടാനും സാധിച്ചു. ബ്രസീലിലെ ലോകകപ്പിലും ഏതാനും മത്സരങ്ങൾ കണ്ടിരുന്നു. ഇത്തവണ ഗ്രൗണ്ടുകളിൽ ഹൈ സെൻസിറ്റിവ് ഏരിയയിൽ തന്നെയാണ് ഫിഫ എനിക്ക് ടിക്കറ്റുകൾ അനുവദിച്ചത്. കളിക്കളത്തിന് തൊട്ടടുത്തിരുന്നാണ് പല കളികളും വീക്ഷിച്ചത്. ഒരുതവണ ഫ്രഞ്ച് കളിക്കാരുടെ കുടുംബത്തിന് തൊട്ടുപിന്നിലിരുന്നാണ്. ഇംഗ്ലണ്ട് കളിക്കാരുടെയും ബെൽജിയം കളിക്കാരുടെയും കുടുംബങ്ങൾക്ക് സമീപമിരുന്നും കളി കാണാൻ സാധിച്ചു. ഇത് ജീവിതത്തിലെ വലിയ അനുഭവമായി കാണുന്നു.  
റഷ്യയുടെ പ്രതിഛായ
ഈ ലോകകപ്പ് കൊണ്ട് റഷ്യക്കുണ്ടായ ഏറ്റവും വലിയ നേട്ടം അവരുടെ പ്രതിഛായ മാറ്റിയെടുക്കാൻ സാധിച്ചുവെന്നതാണ്. റഷ്യയെ ലോകത്തിനു മുന്നിൽ തുറന്നുവെക്കാൻ ടൂർണമെന്റിന് സാധിച്ചു. സാംസ്‌കാരികമായും ചരിത്രപരമായും വലിയ പാരമ്പര്യമുള്ള രാജ്യമാണ് റഷ്യ. എന്നാൽ ലോകത്തിന് മുന്നിൽ ഇന്ന് റഷ്യയെക്കുറിച്ചുള്ള ചിത്രം മറ്റു പലതുമാണ്. അതു തിരുത്താൻ ലോകകപ്പിലൂടെ റഷ്യക്ക് കഴിഞ്ഞു. റഷ്യയിലേക്ക് വിമാനം കയറുമ്പോഴുള്ള ചിത്രമായിരുന്നില്ല അവിടെ കണ്ടത്. രണ്ട് പ്രശ്‌നങ്ങളേ ഉണ്ടായിരുന്നുള്ളൂ, ഭക്ഷണവും ഭാഷയും. ബഹുഭൂരിഭാഗം പേർക്കും ഇംഗ്ലിഷ് സംസാരിക്കാനറിയാമായിരുന്നില്ല. ഇതൊഴിച്ചാൽ ലോകകപ്പിന് വന്ന ആളുകളെ കൈയിലെടുക്കാൻ റഷ്യക്ക് സാധിച്ചു. 
ഫൈനൽ വീക്ഷിക്കാൻ വന്ന 80,000 കാണികളിൽ നൂറ്റമ്പതിൽപരം രാജ്യങ്ങളിലുള്ളവർ ഉണ്ടായിരുന്നു. പ്രത്യേകിച്ചും ലോകകപ്പ് സ്‌പോൺസർമാരായ കമ്പനികളുടെ പ്രതിനിധികൾ മിക്ക രാജ്യങ്ങളിൽ നിന്നും വന്നു. അതിനാൽ അതീവ സുരക്ഷയാണ് ഫൈനലിന് ഏർപ്പെടുത്തിയിരുന്നത്. കുറ്റമറ്റ രീതിയിലുള്ള മെഗാ ഇവന്റായി തന്നെയാണ് റഷ്യ ലോകകപ്പ് നടത്തിയത്. ജിയാനി ഇൻഫാന്റിനൊ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ ലോകകപ്പെന്ന നിലയിൽ ഫിഫയും ലോകകപ്പിന്റെ വിജയത്തിനായി വലിയ ജാഗ്രതയാണ് കാണിച്ചത്. വലിയ വിപ്ലവങ്ങൾക്കും യുദ്ധങ്ങൾക്കും സാക്ഷിയായിട്ടും റഷ്യ സാമ്പത്തിക പുരോഗതി കൈവരിച്ചുവെന്ന് ലോകത്തിന് നേരിട്ട് കാണാൻ ലോകകപ്പ് അവസരമൊരുക്കി. 

ലോക സംഗമം
ലോകകപ്പ് യഥാർഥത്തിൽ ലോക സംഗമം തന്നെയായിരുന്നു. നൂറുകണക്കിന് മലയാളികളുൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വൻ തോതിൽ ഫുട്‌ബോൾ പ്രേമികൾ മത്സരങ്ങൾ കാണാനെത്തി. ഫൈനൽ വരെ ടിക്കറ്റെടുത്ത് വന്ന ആയിരക്കണക്കിന് ബ്രസീലുകാരും അർജന്റീനക്കാരുമുണ്ടായിരുന്നു. സ്വന്തം ടീമുകൾ നേരത്തെ പുറത്തായെങ്കിലും ഇവരൊക്കെ റഷ്യയിൽ തന്നെ തങ്ങി. ഫാൻ ഐ.ഡി ഉള്ളതിനാൽ ടിക്കറ്റുകൾ മറിച്ചുവിൽക്കുന്നത് എളുപ്പമായിരുന്നില്ല. മാത്രമല്ല, റഷ്യയിൽ തങ്ങാൻ ഒരുപാട് സൗകര്യവുമുണ്ടായിരുന്നു. 

റഷ്യൻ മെട്രൊ
റഷ്യൻ മെട്രോയെക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. ഇത്ര വിപുലമായ സൗകര്യങ്ങളുള്ള മെട്രൊ മറ്റെവിടെയെങ്കിലുമുണ്ടോയെന്ന് സംശയമാണ്. ഓരോ മത്സരവും കാണാൻ ശരാശരി അറുപതിനായിരത്തോളം ആളുകളാണ് എത്തിയത്. കൂടാതെ വളണ്ടിയർമാരും സ്റ്റാഫും മറ്റ് ജീവനക്കാരും. ഇവരിൽ സ്വന്തം വാഹനങ്ങളിൽ വന്നവർ വിരളമായിരിക്കും. വൻകിട ഹോട്ടലുകളിൽ താമസിച്ച ഏതാനും പ്രമുഖരെ ആഡംബര കാറുകളിൽ അവർ വേദികളിലെത്തിച്ചിരിക്കാം. ബാക്കിയെല്ലാവരും മെട്രോയെയാണ് ആശ്രയിച്ചത്. കളി കഴിഞ്ഞ് പരമാവധി ഒരു മണിക്കൂറിനുള്ളിൽ ഇവർക്കെല്ലാം വേദി വിടാൻ സാധിച്ചു. മിനിറ്റുകളുടെ ഇടവേളയിൽ ട്രെയിൻ സർവീസുകളുണ്ടായിരുന്നു. 
ബ്രസീലിലെ ലോകകപ്പിലും മെട്രൊ സൗകര്യമുണ്ടായിരുന്നു. റിയോഡിജനീറോയിൽ മാരക്കാനാ സ്റ്റേഡിയത്തിനു സമീപവും സാവൊപൗളോ സ്റ്റേഡിയത്തിനു സമീപവുമൊക്കെ. ബ്രസീലിയയിൽ താമസിക്കുന്ന ഹോട്ടലിനു സമീപം തന്നെയായിരുന്നു വേദി. എന്നാൽ റഷ്യയിലെ സൗകര്യങ്ങൾ അതിനെക്കാളൊക്കെ മികച്ചു നിന്നു.


 
പൗരന്മാർക്കും നേട്ടം
ലോകകപ്പ് റഷ്യയിലെ പൗരന്മാർക്കും വലിയ സാമ്പത്തിക നേട്ടം കൊണ്ടുവന്നു. സംഘാടകരുമായി സഹകരിച്ച് ആളുകൾ സ്വന്തം ഫഌറ്റുകൾ ആരാധകർക്കായി വാടകക്ക് കൊടുത്തു. ഒരു ദിനത്തിന് 5000 റൂബിൾ (ഏതാണ്ട് 5000 രൂപ) വരെയായിരുന്നു വാടക. ഗൾഫിലെ ബാച്ചിലർ റൂമുകൾ പോലെ അഞ്ചും ആറും കിടക്കകൾ ഇട്ടായിരുന്നു ആളുകളെ താമസിപ്പിച്ചിരുന്നത്. അതിനൊക്കെ കൃത്യമായ രേഖകളുമുണ്ടായിരുന്നു. ഗവൺമെന്റ് നിരീക്ഷണവുമുണ്ടായിരുന്നു. ലോകകപ്പിന്റെ ഒരു മാസം കൊണ്ട് ഒരു വർഷത്തേക്കുള്ള വരുമാനമുണ്ടാക്കാൻ ഈ കുടുംബങ്ങൾക്കൊക്കെ സാധിച്ചു. ആളുകൾ ടൂറിസ്റ്റ് ഗൈഡുകളായി പ്രവർത്തിച്ചു. പെയ്ഡ് പാർക്കുകളും ലോകകപ്പ് ഫാൻ ഫെസ്റ്റുകളുമൊക്കെ റഷ്യക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കി. ലോകകപ്പിന് ടിക്കറ്റെടുത്ത് ഫാൻ ഐ.ഡി ഉണ്ടാക്കിയവർ ഭാവിയിൽ റഷ്യ സന്ദർശിക്കുമ്പോൾ കാര്യങ്ങൾ എളുപ്പമായിരിക്കുമെന്ന് പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. അവർക്ക് വിസ നടപടികൾ എളുപ്പമായിരിക്കും. 

മത്സരങ്ങളുടെ നിലവാരം
എന്തുകൊണ്ടും മികച്ച നിലവാരം പുലർത്തിയ ലോകകപ്പായിരുന്നു ഇത്. അറ്റാക്കിംഗ്, പോസിറ്റിവ് ഫുട്‌ബോളാണ് ഫൈനലിലുൾപ്പെടെ കണ്ടത്. ടി.വികളിൽ കണ്ടവർക്ക് തന്നെ അവ ആവേശകരമായെങ്കിൽ നേരിട്ട് കണ്ടവരുടെ ആഹ്ലാദം ആലോചിക്കാവുന്നതേയുള്ളൂ. 
ലോകകപ്പ് വേദികൾ തമ്മിൽ എത്ര ദൂരമുണ്ടെങ്കിലും ഫാൻ ഐ.ഡി ഉള്ളവർക്ക് യാത്ര സൗജന്യമാണ്. കസാനും സെയ്ന്റ്പീറ്റേഴ്‌സ്ബർഗും പോലെ ആയിരത്തിയഞ്ഞൂറും എഴുനൂറും കിലോമീറ്റർ ദൂരമുള്ള വേദികളിലേക്ക് ഫസ്റ്റ് ക്ലാസ് സൗകര്യത്തോടെ സഞ്ചരിക്കാം. 
റഷ്യൻ പോലീസിന്റെയും സൈനികരുടെയും രാപ്പകൽ ജാഗ്രതയും എടുത്തുപറയേണ്ടിയിരിക്കുന്നു. ലോകകപ്പ് ഗംഭീരമാക്കുന്നതിൽ അതും വലിയ പങ്കുവഹിച്ചു. വഴി മാറിപ്പോയാൽ ഒരു ഫോൺ കോളിൽ പോലീസുകാരെ ബന്ധപ്പെടാം. അവർ ടാക്‌സി പിടിച്ച് അതിന്റെ ചാർജ് പറഞ്ഞു തരികയും വേണ്ട സ്ഥലത്തെത്താൻ സഹായിക്കുകയും ചെയ്യും. ഭാഷാ പ്രശ്‌നമുണ്ടായിട്ടും പലർക്കും പോലീസിന്റെ സഹായം വലിയ അനുഗ്രഹമായി.  

ഭാവി ലോകകപ്പ്
റഷ്യയിലെ ലോകകപ്പ് ഇത്ര വലിയ വിജയമായത് ഖത്തറിന് ഒരു പാഠമാണ്. മലയാളികൾക്കും അതൊരു അവിസ്മരണീയ അനുഭവമാവും. ഖത്തറിലെ ഓരോ മുക്കുമൂലയിലും മലയാളികളുണ്ട്. ഇന്ത്യക്കാർക്ക് ഓൺഅറൈവൽ വിസ ലഭ്യമാണ്. അതുകൊണ്ടു തന്നെ ഖത്തർ ലോകകപ്പ് ഇന്ത്യയുടെ കൂടി ഉത്സവമായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്‌ബോൾ ആരാധകരെ ഖത്തർ എങ്ങനെ ഉൾക്കൊള്ളും എന്നത് വലിയ ചോദ്യചിഹ്നമാണ്. അതുകൊണ്ടാണ് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം മുപ്പത്തിരണ്ടിൽ നിന്ന് നാൽപത്തെട്ടാക്കാനുള്ള ആലോചന ഫിഫ അൽപമൊന്ന് മന്ദഗതിയിലാക്കിയത്. 
2026 ലെ അമേരിക്കൻ വൻകരയിലെ ലോകകപ്പിലേ 48 ടീമുകൾക്ക് പ്രവേശനമനുവദിക്കാൻ സാധ്യതയുള്ളൂ. 48 രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയും ജി.സി.സി, അറബ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള കാണികളുടെ കുത്തൊഴുക്ക് ഖത്തർ എങ്ങനെ നേരിടുമെന്നത് ലോകം ഉറ്റുനോക്കും. 

Latest News