Monday , June   17, 2019
Monday , June   17, 2019

ഈ പെൺകുട്ടി  ഒരു മാതൃകയാണ്... 

ഓർക്കുകയും ദുഃഖിക്കുകയും ചെയ്യുന്നതിനേക്കാൾ മറക്കുകയും ചിരിക്കുകയുമാണ് നല്ലത്.  ജോർജിനോ റോസറ്റിയാണ് ഇങ്ങനെ പറഞ്ഞത്. 
ഇനി നുസ്രത്തിന്റെ കഥ പറയാം. വഴിക്കടവ് മരുത സ്വദേശിയാണ് നുസ്രത്ത്. 
ഇരുകാലുകൾക്കും ചലന ശേഷി ഇല്ലെങ്കിലും അതോർത്ത് ദുഃഖിക്കാൻ നുസ്രത്തിന് നേരമില്ല. മനോഹരമായ ചിരിയാൽ എല്ലാം മറക്കുന്നു. 
എഴുത്ത്, വര, വായന, കച്ചവടം -ഇവയാണ് നുസ്രത്തിന്റെ പ്രവർത്തന മേഖലകൾ.
കച്ചവടം ഉപജീവനമാർഗം മാത്രമല്ല, നാല് ചുമരുകൾക്കുള്ളിലൊതുങ്ങാതെ പുറംലോകവുമായി ബന്ധപ്പെടാനുള്ള മാർഗം കൂടിയാണ്.
മാതാപിതാക്കൾക്ക് ആശ്വാസവും ആവേശവുമാണ് നുസ്രത്ത്. മകളുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി ഒപ്പം തന്നെയുണ്ട് ഉപ്പയും ഉമ്മയും.
തങ്ങളിലൊരാളായി കൂടെ കൂട്ടുന്ന സൗഹൃദങ്ങൾ. സ്‌നേഹതീരം പാലിയേറ്റീവിന്റെ പ്രവർത്തകർ എല്ലാം നുസ്രത്തിനെ വഴി നടത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു.
വായനയെ സ്‌നേഹിക്കുന്ന നുസ്രത്തിന്റെ ഇഷ്ട എഴുത്തുകാരി കമല സുരയ്യയാണ്. കാളികാവ് സാഹിതി കൂട്ടായ്മയുടെ സഞ്ചരിക്കുന്ന വായനശാലയുടെ ഭാഗമായി നുസ്രത്ത് മാറി. ഗിരീഷ് മാഷ്, രജീഷ്, അനസ് ബാവ എന്നിവർ പുസ്തകങ്ങളുമായി നുസ്രത്തിനെ കാണാൻ ഇടയ്ക്കിടക്കെത്തും. ഇത് തന്നെയാണ് നുസ്രത്തിന്റെ ഏറ്റവും വലിയ സന്തോഷവും. തന്നെ പോലുള്ളവരുടെ വായനാ പ്രേമത്തെ പ്രോത്സാഹിപ്പിക്കുന്ന അവരുടെ പ്രവർത്തനം ഒരു മാതൃകയായി നുസ്രത്ത് കാണുന്നു.


ഫാദർ ബോബി ജോസ് കട്ടിക്കാട് എഴുതിയ കൂട്ട് എന്ന പുസ്തകം തന്നെ ഏറെ സ്വാധീനിച്ചുവെന്ന് നുസ്രത്ത്. വീണ്ടും വീണ്ടും വായിക്കാൻ കൊതിപ്പിക്കുന്നവയാണ് അവയിലെ വരികളെന്നും സാക്ഷ്യപ്പെടുത്തൽ.
ജീവിതത്തിൽ എത്രയൊക്കെ ദുരന്തങ്ങൾ ഉണ്ടായാലും അതിനെയൊക്കെ നേരിടാനുള്ള ധൈര്യം നമ്മുടെ ആത്മാവിനുണ്ട്. അതിനാൽ ധൈര്യമായി മുന്നോട്ട് പോവുക. പിന്നെ ഒന്ന് നഷ്ടപ്പെടുമ്പോൾ മറ്റൊന്ന് നമ്മളെ കാത്തിരിക്കുന്നുണ്ടാകും എന്ന ശുഭാപ്തി വിശ്വാസം കൊണ്ട് വെല്ലുവിളി അതിജീവിക്കുക. മറ്റുള്ളവരോട് മത്സരിക്കാതെ, അവനവനോട് മത്സരിക്കുക -നുസ്രത്തിന്റെ വാക്കുകൾ.
ഈ ശുഭാപ്തി വിശ്വാസമാണ് മറ്റുള്ളവർക്ക് കൂടി പോസ്റ്റീവ് എനർജി നൽകുന്ന മനോഹരമായ ചിരിക്കും പെരുമാറ്റത്തിനും പിന്നിലെ രഹസ്യം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ലോക വനിതാ ദിനത്തോടനുബന്ധിച്ചു കിട്ടിയ അവാർഡ് ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തങ്ങളിലൊന്നാണെന്നും തന്നെ പോലുള്ളവരും മറ്റുള്ളവർക്ക് മുമ്പിൽ അംഗീകരിക്കപ്പെടുന്നുവെന്നതിൽ അഭിമാനം തോന്നിയ നിമിഷമായിരുന്നുവെന്നും നുസ്രത്ത്.
സുഹൃത്തുക്കൾ വലിയൊരു തണൽ തന്നെയാണ്. ജീവിതത്തിൽ അവർക്കുള്ള സ്ഥാനം വളരെ വലുതായി തന്നെ കാണുന്നു. നവ മാധ്യമങ്ങളിൽ കൂടി അവർ നൽകുന്ന സ്‌നേഹവും പരിഗണനയും ജീവിതത്തിലെ മറ്റൊരു പുണ്യം.


വൈകല്യം ഉള്ളവരോട് ഈ സമൂഹം കാണിക്കുന്ന അവഗണന കാണുമ്പോൾ വേദന തോന്നാറുണ്ട്. അവരെപ്പോഴും മറ്റുള്ളവർക്ക് കാഴ്ചക്കാരാണ്. മാത്രമല്ല അവർക്ക് എവിടെയും സൗകര്യങ്ങളുമില്ല. 
നജീബ് മൂടാടി വഴി ഗ്രീൻ പാലിയേറ്റീവിലെ അക്ഷര പച്ച എന്ന പ്രോഗ്രാമിൽ പങ്കടുക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു. കുറെ പേരെ പരിചയപ്പെടാനും എഴുത്തിനെക്കുറിച്ച് കുറെ കാര്യങ്ങൾ അറിയുവാനും സാധിച്ചു.
പെൻഡുലം ബുക്‌സ് താൻ പലപ്പോഴായി എഴുതിയ അനുഭവക്കുറിപ്പുകൾ പുസ്തക രൂപത്തിലാക്കുന്ന സന്തോഷത്തിലാണ് നുസ്രത്ത്.
അവനവനിലേക്കൊതുങ്ങി ഒന്നിനും സമയമില്ലാതെ എന്തിനോ വേണ്ടി നെട്ടോട്ടമോടുന്നവർക്ക് മുമ്പിൽ പരിമിതികളെ അതിജീവിച്ച്, സ്വപ്രയത്‌നത്താൽ ജീവിതം സുന്ദരമാക്കുന്നു.
തീർച്ചയായും  ഈ പെൺകുട്ടി ഒരു മാതൃകയാണ്.