Saturday , April   20, 2019
Saturday , April   20, 2019

ഗൾഫുകാർ മദ്യപിക്കുമ്പോൾ

യുവാവായ അമിത മദ്യാസക്തൻ ചികിത്സയ്ക്കു ശേഷം അയാളുടെ ജ്യേഷ്ഠ സഹോദരനോടൊപ്പം എന്റെയടുത്തെത്തി. സഹോദരൻ പറഞ്ഞു: 'സാർ, ഹോസ്പിറ്റൽ വിട്ടശേഷം ഇതുവരെ കുടിച്ചിട്ടില്ല'.
'എത്ര നാളായി?' ഞാൻ ചോദിച്ചു.
'പതിമൂന്ന് ദിവസമായി' -അയാൾ പറഞ്ഞു.
'നല്ലതു തന്നെ. പക്ഷേ ഇനിയിയാൾ ജീവിതത്തിലൊരിക്കലും കുടിക്കുകയില്ലെന്ന് കരുതരുത്. കുടിക്കുന്ന എല്ലാവരും മദ്യത്തിന് കീഴ്‌പ്പെടുന്നില്ല. ശാസ്ത്രീയമായ പഠനങ്ങൾ വ്യക്തമാക്കുന്നത് ഏത് രാജ്യത്തായാലും മദ്യപിക്കുന്നവരിൽ ഇരുപത് ശതമാനം അമിത മദ്യാസക്തരായി മാറുമെന്നാണ്. അഡിക്റ്റായിക്കഴിഞ്ഞ ഒരാൾക്ക് എളുപ്പം മദ്യമുപേക്ഷിക്കാനാവില്ല. അയാൾ അമിത മദ്യാസക്തി എന്ന രോഗത്തിന് കീഴ്‌പ്പെട്ടയാളാണ്. അമിത മദ്യാസക്തി ഒരു ആജീവനാന്ത രോഗമാണ്. മാറാരോഗം. എന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ട അയാൾ, പുറത്തിരിക്കുന്ന അനിയൻ കേൾക്കാതിരിക്കാൻ മെല്ലെ ചോദിച്ചു: 'അപ്പോ ഇനിയും കുടിക്ക്വോ?'
അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു ഉത്കണ്ഠ എനിക്ക് കാണാമായിരുന്നു. ഞാൻ പറഞ്ഞു: 'സത്യം പറഞ്ഞാൽ ഇനിയും കുടിക്കാം. റിലാപ്‌സ്, അഥവാ കുടിനിർത്തിയ ശേഷമുള്ള കുടി, ഈ രോഗത്തിന്റെ ഭാഗമാണ്'.
അയാൾ സാവധാനം ചോദിച്ചു: 'ഇനിയപ്പോ കുടിക്കാതിരിക്കാൻ ഒരു രക്ഷയുമില്ലേ സാർ?'
'ഇല്ല എന്ന് പറഞ്ഞുകൂടാ. കൗൺസലിംഗ് തുടരണം. അയാളുടെ ചുറ്റുവട്ടം കുടിക്കാതിരിക്കാൻ സഹായം ചെയ്യുന്നതാവണം. മദ്യപാനം നിർത്തിയവരുടെ കൂട്ടായ്മയായ ആൽകഹോളിക്‌സ് അനോനിസമുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കണം'.
'സാഹചര്യങ്ങൾ മാറണമെങ്കിൽ അവനെ ഇവിടന്ന് എങ്ങോട്ടെങ്കിലും പറഞ്ഞയക്കണം. കൂട്ടുകെട്ട് നമുക്ക് മാറ്റാൻ പറ്റുമോ? വീട്ടുകാരെന്തും ചെയ്യാം. പക്ഷേ, കൂട്ടുകാരെ നമുക്ക് മാറ്റിയെടുക്കാൻ പറ്റ്വോ?' -അയാൾ സംശയം പ്രകടിപ്പിച്ചു. 
'അയാൾ മാറുക എന്നതു തന്നെയാണ് പ്രധാനം' -ഞാൻ പറഞ്ഞു. മിണ്ടാതിരിക്കുന്ന അയാൾ അൽപം കഴിഞ്ഞ് ചോദിച്ചു: 'സാർ, ഇവനെ ഗൾഫിലേക്ക് പറഞ്ഞയച്ചാൽ ശര്യാവൂലേ?'
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: 'സാധ്യതയുണ്ട്. എന്നാൽ ഉറപ്പില്ലതാനും'. 
അവിടെയൊന്നും മദ്യം കിട്ടാത്ത സ്ഥലമല്ലെന്ന് എനിക്കുമറിയാം. എന്നാലും, കുടിക്കുന്നവരല്ല കൂടെയുള്ളത് എങ്കിൽ രക്ഷപ്പെടൂലേ?' അയാൾ പറഞ്ഞു.
'ഇയാൾ പോകാൻ തയ്യാറാണോ' -ഞാൻ ചോദിച്ചു.
'തയ്യാറാണ് സാർ' -അയാളുത്തരം പറഞ്ഞു.
ഞാൻ ഒന്നും പറഞ്ഞില്ല. ഗൾഫ് രാജ്യങ്ങളിൽ മദ്യം ഒരിടത്തുമില്ല എന്ന് പറയാൻ വയ്യ. മദ്യപിക്കാനാശിക്കുന്നവൻ അത് ഏത് രാജ്യത്തും കണ്ടെത്തും. അല്ലെങ്കിൽ മദ്യം അവരുടെയടുത്ത് ചെന്നെത്തും. കുടിച്ചുകൊണ്ടിരിക്കും. പ്രശ്‌നങ്ങളുമുണ്ടാവും. തിരിച്ച് നാട്ടിലേക്കു തന്നെ വരും. എന്നാൽ അമിത മദ്യാസക്തിയിൽനിന്ന് രക്ഷപ്പെട്ടവർ ഉണ്ട്. 21 വർഷമായി മദ്യപിക്കാത്ത ഒരു പെരുങ്കുടിയനെ എനിക്കറിയാം. പക്ഷേ, കുടിയനെ സുബോധാവസ്ഥ നിലനിർത്താൻ സാധിക്കുന്ന ആൽക്കഹോളിക്‌സ് അനോനിമസ് കൂട്ടായ്മയിലെ സജീവമായ പങ്കാളിത്തമാണ് പലരേയും മദ്യമുക്തിക്ക് സഹായിക്കുന്നത്. ഒപ്പം മദ്യപാനം കൊണ്ടുണ്ടായ പലവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കൗൺസലിങും ആവശ്യമായി വരും. ആൽക്കഹോളിക്‌സ് അനോനിമസ് ഗൾഫ് നാടുകളിൽ സാധാരണക്കാർക്കിടയിൽ സജീവമല്ല. ദുബായിയിലോ കുവൈത്തിലോ ഉള്ള ചില ഹോസ്പിറ്റലുകളിലോ, യൂറോപ്യൻമാർക്കിടയിലോ മാത്രമേ എഎ എന്ന ആൽക്കഹോളിക്‌സ് അനോനിമസ് പ്രവർത്തിക്കുന്നുള്ളൂ. അപ്പോൾ ഗൾഫിലെത്തിയതുകൊണ്ട് മാത്രം ഒരാൾ കുടിയിൽനിന്ന് രക്ഷപ്പെടണമെന്നില്ല.
അയാളപ്പോൾ പറഞ്ഞു:' എന്തായാലും ഇവിടെ കഴിഞ്ഞാൽ അവൻ കുടിക്കും. ഗൾഫിലേക്ക് പോവട്ടെ'.
ഗൾഫിലേക്ക് പറഞ്ഞയച്ചു. ബന്ധുക്കളോടൊപ്പം താമസം തുടങ്ങി. ബന്ധുക്കാർക്ക് അയാളുടെ അമിത മദ്യാസക്തിയെക്കുറിച്ച് അറിയിപ്പ് നൽകിയിരുന്നു. അവർ ശ്രദ്ധ വെക്കേണ്ട കാര്യങ്ങൾ ഞാൻ അവരോട് പറയാൻ നിർദ്ദേശിച്ചിരുന്നു. അയാൾ ഗൾഫിലെത്തിയ വിവരവും ജോലിയിൽ പ്രവേശിച്ച കാര്യങ്ങളും സഹോദരൻ എന്നെ ഫോണിലൂടെ അറിയിച്ചുകൊണ്ടിരുന്നു. രണ്ടാമത്തെ മാസം അയാളുടെ ഫോൺ: 'രക്ഷയില്ല സാർ, അവൻ കുടിച്ചു. ഒരു തവണയല്ല, പലവട്ടം'.
അറേബ്യൻ നാടുകളിൽ മദ്യം ലഭിക്കുകയില്ലെന്ന് കരുതുന്നവർ ഉണ്ട്. ഗൾഫിലായാൽ ഒരാൾ കുടിക്കില്ലെന്നും വിശ്വസിക്കുന്നവരുണ്ട്. വസ്തുതകൾക്ക് നിരക്കാത്ത ധാരണകളാണിവ. മദ്യം ഔദ്യോഗികമായി വിതരണം ചെയ്യാനുള്ള നിയമപരമായ അവകാശം ലഭിച്ചിട്ടുള്ള ഹോട്ടലുകളും ഡാൻസ് ക്ലബ്ബുകളും ചില ഗൾഫ് നാടുകളിലുണ്ട്. ഗൾഫ് രാജ്യങ്ങളിലെവിടെ ഇത്തരം സൗകര്യങ്ങളുണ്ടെന്ന് ബോധപൂർവ്വം കുറിക്കുന്നില്ല. എന്നാൽ നിയമപരമായി മദ്യം നിരോധിച്ച ഗൾഫ് രാജ്യങ്ങളിൽ നിരോധനം ലംഘിക്കപ്പെടുന്നുണ്ട്. വാറ്റുമദ്യങ്ങൾ രഹസ്യമായി ഉൽപാദിപ്പിക്കുന്നു. വിതരണം ചെയ്യപ്പെടുന്നു. നിയമപാലകർക്കും ഇക്കാര്യമറിയാം. പിടിക്കപ്പെടുമ്പോൾ ശിക്ഷിക്കപ്പെടുന്നുണ്ടെങ്കിലും രഹസ്യ മദ്യ വിതരണം ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ മദ്യത്തിന് കീഴടങ്ങിയവർ എവിടെ ചെന്നാലും അത് കണ്ടെത്തിയേക്കും. ഒരു മദ്യപന്റെ വാക്കുകൾ: 'അറബിക്കടലിന്റെ നടുവിലാണതെന്ന് പറഞ്ഞാലും നീന്തലറിയാത്ത ഞാൻ അത് കൈക്കലാക്കി തിരിച്ചെത്തും'.
അമിത മദ്യാസക്തർ മാത്രമല്ല ഗൾഫ് നാടുകളിൽ മദ്യപിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് മദ്യപിച്ചു തുടങ്ങിയവരെ അറിയാം. മദ്യപിക്കുന്നവരേയും കണ്ടിട്ടുണ്ട്. ഗൾഫിൽനിന്ന് മദ്യത്തിന് കീഴടങ്ങിയവരെ നാട്ടിലെത്തിച്ച് കൗൺസലിങിന് മുന്നിലെത്തിച്ചിട്ടുണ്ട്. 
ലോകത്തെവിടെയും മദ്യം ലഭിക്കുന്നു. പല തരത്തിലുള്ള മദ്യം ലഭ്യമാണ്. ഓരോ തരം മദ്യത്തിലും ഇതൈൽ ആൽക്കഹോളിന്റെ അംശം വേർതിരിഞ്ഞ് കിടക്കുന്നു. ബിയറിൽ ഏഴു ശതമാനമെങ്കിൽ, ബ്രാണ്ടി, വിസ്‌കി തുടങ്ങിയവയിൽ മുപ്പത്-നാൽപത് ശതമാനം വരെ. വാറ്റുമദ്യങ്ങളിൽ ഇതൈൽ ആൽക്കഹോളിന്റെ അംശം അമ്പതും കടക്കുന്നു. ആദ്യമൊക്കെ ബിയറോ നാടൻ കള്ളോ കുടിച്ചു തുടങ്ങുന്ന പലർക്കും അത് മതിയാവാതെ വരുന്നു. അവർ കൂടുതൽ, പെട്ടെന്ന് 'കിക്ക്' കിട്ടുന്ന മദ്യം തേടുന്നു. ഒരിക്കലും മദ്യപിച്ചു തുടങ്ങുന്ന ഒരാൾ അതിന് കീഴ്‌പ്പെടുമെന്ന് കരുതുന്നില്ല. മറിച്ച് മദ്യത്തെ കീഴ്‌പ്പെടുത്തിക്കഴിയുമെന്നാണ് അഹങ്കരിക്കുക. മദ്യപിക്കുന്നവരിൽ 80 ശതമാനത്തോളം വരുന്ന 'സോഷ്യൽ ഡ്രിങ്കേഴ്‌സ്' ഇടക്കിടെ കുടിച്ച് കഴിയുന്നു. ഒത്തുചേരലുകളിലും ആഘോഷങ്ങളിലും വാരാന്ത്യങ്ങളിലും അവർ മദ്യപിക്കുന്നു. ഗൾഫിലെ ബാച്ച്‌ലർ ക്വാർട്ടേഴ്‌സുകളിലും ലേബർ ക്യാമ്പുകളിലുംവെച്ച് കുടി നടത്തുന്നു. കൂട്ടുചേർന്ന് വീടുകളിൽവെച്ചും അവധി ദിനങ്ങളുടെ തലേന്ന് രാത്രി മദ്യം ലഭിക്കുന്ന റസ്റ്റോറന്റുകളിൽവെച്ചും കുടിക്കുന്നവരുണ്ട്. ഗൾഫിലൊരിടത്തുവെച്ച്, കൂട്ടുകാരനൊപ്പം മരുപ്പറമ്പുകളും പാറമടക്കുകളും കാണാൻ പോയപ്പോൾ കൂടെയുണ്ടായിരുന്ന ഒരാൾ വഴിയിലുടനീളം കുടിച്ചുകൊണ്ടേയിരുന്നത് ഓർമ്മയിലുണ്ട്. 
ഗൾഫിൽവെച്ച് മദ്യത്തിന് കീഴടങ്ങുന്നവരിൽ ഭൂരിപക്ഷം ബാച്ചലേഴ്‌സ് ആണ്. അവർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും തന്നെയാണ് അതിനുള്ള പ്രധാന കാരണം. ഇക്കൂട്ടരിൽ പല തരത്തിലുള്ള മദ്യപന്മാരുണ്ട്. വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നവരാണ് ഇക്കൂട്ടരിൽ കൂടുതൽ. ബാറുകളിൽ പോയോ മുറിയിലിരുന്നോ ഒറ്റക്കോ കൂട്ടം ചേർന്നോ ഇവർ കുടിക്കുന്നു. പിറ്റേന്ന് അവധിയാകയാൽ വൈകിയെണീക്കുന്നവരാണിവർ. ബാച്ചലർമാരിൽ ചിലർ വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ മദ്യപിക്കുന്നവരാണ്. മദ്യപിക്കാനുള്ള പ്രധാന സൗകര്യങ്ങളിലൊന്ന് ഭാര്യയോ, മാതാപിതാക്കളോ മക്കളോ ഇവർ മദ്യപിച്ചത് നേരിട്ടറിയുന്നില്ല എന്നതാണ്. പലരുടേയും മദ്യപാനം ഭാര്യമാർ ഫോണിലൂടെ 'മണത്തറിയുന്നു'വെങ്കിലും തടസ്സമേതും പ്രകടമായില്ലാത്തതിനാൽ ഇവരിൽ പലരും നിർബാധം മദ്യപാനം തുടരുന്നു. മദ്യപിക്കാത്ത ചങ്ങാതിമാരിൽ നിന്നോ അടുത്ത ബന്ധുജനങ്ങളിൽനിന്നോ ഉള്ള പ്രതികരണങ്ങളേയോ ഉപദേശങ്ങളേയോ വില വെക്കുന്നില്ല. മദ്യപാനത്തിന്റെ പ്രത്യാഘാതങ്ങൾ പെരുമാറ്റങ്ങളിൽ മെല്ലെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ടാവും. ജോലിയിടങ്ങളിലെ നീക്കങ്ങളെ ബാധിച്ചു തുടങ്ങിയിട്ടുമുണ്ടാവും. എന്നാലും അവർ മദ്യപാനം തുടരുന്നു.
ഫഌറ്റുകളിലോ വില്ലകളിലോ വെച്ച് കൂട്ടുചേർന്ന് മദ്യപിക്കുന്നവരാണ് മറ്റൊരു കൂട്ടർ. താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ളവരാണീ ഗൾഫുകാർ. ആഘോഷങ്ങളാണ് ഇവരുടെ ആദ്യകാല മദ്യപാന വേദികൾ. പരിചയമുള്ളവരാണ് സഹമദ്യപന്മാരായെത്തുക. ആദ്യമൊക്കെ കുട്ടികളോ സ്ത്രീകളോ അറിയാതെയാണീ ഗൾഫുകാരുടെ മദ്യപാനം. പിന്നീട് കുടുംബിനികളുടെ ഒത്താശയോടെയാവും. അവർ നിർദ്ദേശിക്കുക, പുറത്തു പോയി മദ്യപിക്കരുതെന്നായിരിക്കും. മദ്യപിക്കുന്നതിന്റെ തോത് കുറക്കുവാൻ എപ്പോഴും അവർക്കാവുമെന്ന് തെറ്റിദ്ധരിക്കുന്നു അവർ. മദ്യപാനമേറുമ്പോൾ അവർ തങ്ങൾക്കിത് കലപില കൂട്ടിയോ കലഹിച്ചോ നിർത്തിക്കാനാവുമെന്നും വിചാരിക്കുന്നു. പലരുടേയും മദ്യപാനം വീടിന് പുറത്തേക്ക് നീങ്ങുന്നു. ഉയർന്ന ജോലിയുള്ളവരുടെ മദ്യപാനത്തിന്റെ തുടക്കം,  ചിലപ്പോൾ ഔദ്യോഗികമായ ഒത്തുചേരലുകളിൽവെച്ചായിരിക്കും. അത് ജോലിയുടെ ഭാഗമാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചേക്കും. മദ്യപിക്കുന്നത് ജോലിക്കയറ്റത്തിനും മെച്ചപ്പെട്ട സ്ഥാനലബ്ധിക്കും സഹായിക്കുമെന്നും ഇക്കൂട്ടർ പറഞ്ഞെന്നിരിക്കും.


ഗൾഫിലായാലും പല തലങ്ങളിലായി ഈവിധം കുടിച്ചു തുടങ്ങുന്നവരും എപ്പോഴും ഇടയ്ക്ക് കുടിച്ച് കഴിയുന്നവരാവില്ല. ചിലർ ക്രമാനുസൃതമായി കുടിയുടെ തോത് കൂട്ടുന്നു. ഇടവേള കുറയുന്നു. മദ്യത്തിന് കീഴ്‌പ്പെടുന്നു. അവരുടെ ജീവിതം അമിത മദ്യാസക്തിക്ക് മുന്നിൽ താറുമാറാക്കപ്പെടുന്നു. ശരീരത്തെ ബാധിക്കുന്നു. രോഗങ്ങൾ പ്രത്യക്ഷത്തിൽ യുവത്വത്തിൽ വന്നേക്കില്ല. എന്നാൽ വന്നെത്തുന്ന രോഗങ്ങളെ മദ്യപാനം വഷളാക്കുന്നു. മാനസിക തലങ്ങളെ പല വിധേന ബാധിച്ചിരിക്കും. അതിവൈകാരികത, കടുത്ത ദേഷ്യം, അനിയന്ത്രിതമായ കോപം, കുറ്റബോധം, വെറുപ്പ് തുടങ്ങിയവ മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളെ ബാധിക്കുന്നു. സംഘർഷങ്ങളുണ്ടാവുന്നു. ഭാര്യയും മക്കളും നാട്ടിലാകയാൽ മദ്യപാനത്താലുണ്ടാകുന്ന സംഘർഷങ്ങൾ ഇക്കൂട്ടർക്ക് കുറവായിരിക്കും. മദ്യപാനത്തെക്കുറിച്ച് മനസ്സിലാക്കുന്ന ഭാര്യമാരുടെ കടുംവാക്കുകളെ അതിജീവിക്കാനുള്ള തന്ത്രങ്ങൾ അവർ തന്നെ മെനഞ്ഞെടുക്കും.
മദ്യപിക്കുന്ന പല ഗൾഫുകാരും എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് മദ്യം വാങ്ങിയായിരിക്കും നാട്ടിൽ വിമാനമിറങ്ങുക. കൂട്ടുകാർക്കോ പഴയ ബോസുമാർക്കോ ഉപഹാരമായി നൽകാനാണതെന്ന് പറയും. ഗൾഫുകാരെത്തിയാൽ മദ്യപിക്കുന്ന കൂട്ടുകാരുമെത്തും. ഗൾഫിൽനിന്ന് വരുന്നവർ നാട്ടിൽ കൂട്ടുചേർന്ന് കുടിക്കുന്നത് ചങ്ങാതിമാരുടെയിടയിൽ മേൽക്കോയ്മ കാണിക്കാനാണ്. പത്രാസ് പ്രകടിപ്പിക്കാനാണ്. എന്നാൽ ഇടക്കിടെയുള്ള മദ്യപാനം വീട്ടിൽ അസ്വസ്ഥതകളുണ്ടാക്കുന്നതും ഭാര്യാഭർതൃബന്ധത്തെ ബാധിക്കുന്നതും വൈകാതെ അവർ തിരിച്ചറിയാതിരിക്കില്ല. മദ്യപിക്കാതിരിക്കാനാവാത്തവർ നാട്ടിലെത്തിയാൽ സർവ്വ സ്വാതന്ത്ര്യങ്ങളും ആഘോഷിച്ച് മദ്യപിച്ചുകൊണ്ടേയിരിക്കുന്നു. അവർ അമിത മദ്യാസക്തി എന്ന് രോഗത്തിനടിപ്പെട്ടവരാണെങ്കിലും ഏതു സമയത്തും കുടി നിർത്താനാവുമെന്ന് വീമ്പിളക്കി കുടിച്ച് നശിക്കുന്നു. മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു.
ഗൾഫ് നാടുകളിലേക്ക് തൊഴിൽ കുടിയേറ്റം നടത്തുന്നവർ ജീവിതത്തിലെ പ്രാരാബ്ധങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. എന്നാൽ മദ്യപാനം അത് പലവിധ പ്രശ്‌നങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു. എളുപ്പം പരിഹാരം കണ്ടെത്താനാവാത്ത അവസ്ഥയിൽ എത്തിക്കുന്നു. ഗൾഫുകാരന്റേയും മുന്നിലുള്ള ഏറ്റവും സുരക്ഷിതമായ മാർഗം ഒരിക്കലും കുടിക്കാതിരിക്കുക എന്നതാണ്. ഒരിക്കലും കുടിക്കാതിരിക്കുന്നവർ മദ്യത്തിനൊരിക്കലും കീഴ്‌പ്പെടുന്നില്ല എന്നത് തന്നെയാണ് ഗൾഫുകാരും ഓർക്കേണ്ടത്. മദ്യത്തിന് വിധേയരായാൽ സർവ്വരും നശിക്കുമെന്നതും അതെളുപ്പം തിരിച്ചുപിടിക്കാനാവില്ലെന്നതുമാണ് സത്യം. ആരാണതിന് കീഴടങ്ങുകയെന്നത്, അമിത മദ്യാസക്തരായിത്തീരുന്ന നൂറിൽ ഇരുപതുപേർ ആരാണെന്നത് ഒരാൾക്കും പ്രവചിക്കാനാവാത്തവിധം നിഗൂഢമാണുതാനും. മദ്യപിക്കുന്ന ഗൾഫുകാർ ആലോചിക്കേണ്ടതിത്ര മാത്രം: എന്തിന് ഞാൻ ഇരുപതു ശതമാനത്തിലൊരാളായി മാറി എന്റേയും കുടുംബാംഗങ്ങളുടെയും ജീവിതം നശിപ്പിക്കണം?


 

Latest News