Tuesday , April   23, 2019
Tuesday , April   23, 2019

വക്കം മൗലവിയെന്ന പരിഷ്‌കരണ വാദി

ഇതാണ് സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയും നവോത്ഥാന നായകരിൽ പ്രമുഖനുമായ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ യഥാർത്ഥ ചിത്രം. അദ്ദേഹത്തിന്റെ  പേരിൽ പ്രചരിച്ചിരുന്ന ചിത്രങ്ങളൊന്നും അദ്ദേഹത്തിന്റേതായിരുന്നില്ല. വൃദ്ധനായൊരു മുസ്‌ലിം പണ്ഡിതന്റെ ചിത്രമാണ് വക്കം അബ്ദുൽ ഖാദർ മൗലവിയുടേതായി വ്യാപകമായി പ്രചരിച്ചത്. ഇന്റർനെറ്റിലും ഇതേ ചിത്രമാണുണ്ടായിരുന്നത്. വക്കം അബ്ദുൽ ഖാദർ മൗലവി വളരെ ചുറുചുറുക്കുള്ളയാളായിരുന്നു. കർമ്മയോഗിയായ അദ്ദേഹം 62 ാമത്തെ വയസ്സിൽ മരിച്ചു. ഇതൊക്കെ എല്ലാവർക്കും അറിയാമായിരുന്നിട്ടും തെറ്റായ ചിത്രം അങ്ങനെ പ്രചരിച്ചുകൊണ്ടേയിരുന്നു.
വ്യക്തിപരമായ പ്രശസ്തിയിൽ വിശ്വസിക്കാതിരുന്ന വക്കം മൗലവി തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നില്ല.  ഇസ്‌ലാമിനെ അന്ധവിശ്വാസങ്ങളിൽനിന്ന് മോചിപ്പിക്കാനായും അതിന്റെ സുവർണ കാലത്തേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമായി ആരംഭിച്ച ഇസ്ലാഹി പ്രസ്ഥാനത്തിന്റെ  മുൻനിരക്കാരനായിരുന്നു. വക്കം അബ്ദുൽ ഖാദർ മൗലവി. ശൈഖ് ഇബ്‌നുതൈമിയ, മുഹമ്മദുബിനു അബ്ദുൽ വഹാബ് എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകർ. ലോകത്താകെ ഇവരുടെ ആശയങ്ങൾക്ക് ബുദ്ധിജീവികളുടെ ഇടയിൽ സ്വാധീനം ലഭിച്ചു. കേരളത്തിൽ വക്കം മൗലവിയായിരുന്നു ഇസ്‌ലാഹി പ്രസ്ഥാനം ആരംഭിച്ചത്. തനിക്ക് പൈതൃകമായി ലഭിച്ച സമ്പത്തൊക്കെ നാടിന്റെയും ജനങ്ങളുടെയും നന്മക്കായി ചെലവഴിക്കാൻ അദ്ദേഹം നിശ്ചയിച്ചു. ദേശീയത നമ്മുടെ രാജ്യത്ത് വേരുപിടിക്കുന്നതിനു മുമ്പ് അദ്ദേഹം ആദ്യമായി ആരംഭിച്ച പത്രത്തിന്റെ പേര് സ്വദേശാഭിമാനിയെന്നായിരുന്നുവെന്ന് ഓർക്കുക. 1905 ലാണദ്ദേഹം സ്വദേശാഭിമാനി പത്രം സ്ഥാപിച്ചത്. ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരക്കാരനാകുന്നത് 1920 കളിലാണ്. 
ഇരുട്ടിൽ കഴിയുന്നവരെ വെളിച്ചത്തിലേക്ക് നയിക്കാനും അടിമത്തത്തിൽ കഴിയുന്നവരെ അതിൽനിന്ന് മോചിപ്പിക്കാനുമായി ജീവിതം ഉഴിഞ്ഞുവെച്ച വക്കം മൗലവി ഒരിക്കലും തിരിച്ചൊന്നും പ്രതീക്ഷിച്ചിരുന്നില്ല. തന്നെക്കുറിച്ച് ആരും അറിയേണ്ടതില്ല. തന്റെ പ്രവർത്തനങ്ങളുടെ  സുഗന്ധത്തിലൂടെ അവരെന്നെ തിരിച്ചറിഞ്ഞാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. ഒരു കൈദാനം ചെയ്യുന്നത് മറുകൈ അറിയരുതെന്ന ചിന്താഗതിക്കാരനുമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും സ്വന്തം വീട്ടിൽ പോലും സൂക്ഷിക്കുകയുണ്ടായില്ല.
ഇതാണ് അദ്ദേഹത്തിന്റെ ചിത്രത്തെക്കുറിച്ച് തെറ്റുകൾ ഉണ്ടാകാനിടയാക്കിയത്. ബന്ധുക്കൾക്ക് മൗലവിയുടേതായി പ്രചരിക്കുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റേതല്ലെന്ന് മുമ്പേ അറിയാമായിരുന്നു. എന്നാൽ പകരമൊന്ന് കാണിച്ചുകൊടുക്കാൻ അവരുടെ പക്കൽ യാഥാർത്ഥ ചിത്രമുണ്ടായിരുന്നില്ല. വക്കം മൗലവിയുടെ ചിത്രമില്ലാത്തതിന്റെ ബുദ്ധിമുട്ട് പാഠപുസ്തകം തയ്യാറാക്കുന്നവരെ മാത്രമല്ല. മറ്റ് മേഖലയിലുള്ളവരെയും ബുദ്ധിമുട്ടിച്ചു. 
ഒരിക്കൽ കേരള പത്ര പ്രവർത്തക യൂണിയന്റെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ നടക്കുകയാണ്. വേദിയിൽ സ്വദേശാഭിനമാനി പത്രത്തിന്റെ സ്ഥാപകനായ വക്കം അബ്ദുൽ ഖാദർ മൗലവിയുടെയും പത്രാധിപരായിരുന്ന രാമകൃഷ്ണ പിള്ളയുടെയും ചിതങ്ങൾ സ്ഥാപിച്ചിരുന്നു. 
മലബാറിൽനിന്ന് വന്ന ചില പ്രതിനിധികൾക്ക് ഒരു സംശയം. വേദിയിൽ സ്ഥാപിച്ചിരിക്കുന്ന മൗലവിയെ എവിടെയോ കണ്ട് മറന്നതു പോലെ.~ഒടുക്കം ആളെ കണ്ടുപിടിച്ചു. മുസ്‌ലിം ലീഗിന്റെ നേതാവായ അബ്ദുൽ ഖാദറിന്റെ ചിത്രമാണത്. അവർ ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽ പെടുത്തി. അപ്പോഴാണ് അവർക്ക് അമളി പറ്റിയ കാര്യം ബോധ്യമായത്. വക്കം അബ്ദുൽ ഖാദറെന്ന പേരിൽ എവിടുന്നോ കിട്ടിയ ചിത്രമാണ് വേദിയിൽ പ്രിന്റ് ചെയ്തു വെച്ചത്. രാമകൃഷ്ണപിള്ളയുടെയും വക്കം അബ്ദുൽ ഖാദർ മൗലവിയുടെയും ചിത്രങ്ങൾ ചേർത്ത് പ്രിന്റ് ചെയ്തതിനാൽ പെട്ടെന്നത് മാറ്റുക പ്രായോഗികമായിരുന്നില്ല. വക്കം അബ്ദുൽ ഖാദറിന്റേതെന്ന് കരുതി തെറ്റായി പ്രിന്റ് ചെയ്ത ചിത്രം കറുത്ത തുണി കൊണ്ട് മറച്ചുവെച്ചു. 
ദൈവം തെറ്റു ചെയ്താലും അത് റിപ്പോർട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമ പ്രവർത്തകർക്ക് തങ്ങളുടെ സംഘടനാ നേതാക്കൾക്ക് പറ്റിയ പിഴവാണെങ്കിലും അത് റിപ്പോർട്ട് ചെയ്യാതിരിക്കാനാവില്ലല്ലോ. അടുത്ത ദിവസത്തെ പത്രങ്ങളെങ്കിലും ഈ വാർത്തയുമായാണ് പുറത്തിറങ്ങിയത്. ഇത്തരത്തിലുള്ള അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ വക്കം മൗലവി ഫൗണ്ടേഷനും അദ്ദേഹത്തിന്റെ കൊച്ചുമകനുമായ സുഹൈർ ഉൾപ്പെടെയുള്ളവർ ആത്മാർത്ഥമായ അന്വേഷണം ആരംഭിച്ചു. ആലോകോട്ടുള്ള ഒരാളുടെ ചിത്രശേഖരത്തിൽനിന്ന് മൗലവിയുടെ  ചിത്രം ഒടുക്കം സുഹൈർ കണ്ടെത്തി. ഇത് വക്കം അബ്ദുൽ ഖാദറിന്റെ ചിത്രം തന്നെയാണോയെന്ന് പല തരത്തിൽ ഉറപ്പാക്കിയ ശേഷമാണതു തന്നെയെന്ന് ഉറപ്പിച്ചത്.
വക്കം അബ്ദുൽ ഖാദറർമാരായി മൂന്ന് പേരാണുള്ളത്. ഒന്ന് സാക്ഷാൽ സ്വദേശാഭിമാനി വക്കം അബ്ദുൽ ഖാദർ മൗലവി, സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എയിൽ അംഗമായിരുന്നയാളും ബ്രീട്ടീഷുകാരാൽ തൂക്കിലേറ്റപ്പെട്ടയാളുമായ ധീരദേശാഭിമാനി വക്കം അബ്ദുൽ ഖാദറാണ് രണ്ടാമത്തെയാൾ. മൂന്നാമത്തെയാൾ സ്വദേശാഭിമാനി വക്കം അബ്ദുൽ ഖാദറിന്റെ മകനും സാഹിത്യകാരനുമായ വക്കം അബ്ദുൽ ഖാദർ. പലർക്കും ഇവരെ പരസ്പരം മാറിപ്പോകുക സാധാരണമാണ്.
തിരുവായ്ക്ക് എതിർവാ ഇല്ലാതിരുന്ന കാലത്ത് അധികാരികളുടെ ദുർനടപ്പിനെതിരെയും അഴിമതിക്കെതിരെയും തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും സ്വദേശാഭിമാനി വക്കം അബ്ദുൽ ഖാദർ മൗലവിയും തമ്മിലുള്ള കൂട്ടുകെട്ട് മാധ്യമ ചരിത്രത്തിൽ തന്നെ തങ്കലിപികളാൽ എഴുതപ്പെടേണ്ടതാണ്. ഇരുമെയ്യാണെങ്കിലും ഒരേ മനസ്സായിരുന്നു അവരുടേത്. തന്റെ സ്വപ്‌നങ്ങൾക്ക് പറ്റിയ പത്രാധിപരെ മൗലവി കണ്ടെത്തുകയായിരുന്നു. ദിവാൻ പി. രാജഗോപാലാചാരിയെ വിമർശിച്ചതിന്റെ പേരിൽ രാമകൃഷ്ണ പിള്ളയെ തിരുവിതാംകൂറിൽനിന്ന് നാടുകടത്തി. 
വക്കം അബ്ദുൽ ഖാദർ മൗലവിക്ക് പ്രസും സ്വത്തുമൊക്കെ നഷ്ടമായി. ഇരുവരും അതിൽ തെല്ലും ദുഃഖിച്ചില്ല. അവർ സത്യത്തിനായി നിലകൊണ്ടു. ത്യാഗനിർഭരമായ ജീവിതം നയിച്ചു. തിരുവിതാംകൂറിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നിൽ ജനിച്ച വക്കം അബ്ദുൽ ഖാദർ മൗലവിക്ക് സമ്പത്തിന്റെ മഹാഭൂരിപക്ഷവും നഷ്ടമായി. എന്നിട്ടും അദ്ദേഹം തന്റെ പത്രാധിപരെ ഓർത്താണ് ദുഃഖിച്ചത്. ഇതായിരുന്നും വക്കം അബ്ദുൽ ഖാദർ മൗലവിയെന്ന മാധ്യമ ഉടമസ്ഥൻ. ഇന്നതൊരു അദ്ഭുതമായി തോന്നാം. വക്കം അബ്ദുൽ ഖാദർ മൗലവിക്ക് വേണ്ട വിധത്തിലുള്ള ഒരു സ്മാരകം ഇന്നും ഇല്ല. ചരിത്രം അദ്ദേഹത്തോട് നീതി കാണിച്ചോയെന്നും സംശയമാണ്. 
 

Latest News