Sunday , May   26, 2019
Sunday , May   26, 2019

കളിയാരവങ്ങളണയാത്ത രാവുകൾ

ലോകകപ്പ് വീക്ഷിച്ച് തിരിച്ചെത്തിയ ദമാമിലെ 
നാലു സുഹൃത്തുക്കളുടെ അനുഭവങ്ങളിലൂടെ...

കാൽപന്ത് കളിയുടെ ആരവങ്ങളുടെ ആവേശത്തിലലിഞ്ഞ്, സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങൾ ആവാഹിച്ച് മോസ്‌കോയിൽ നിന്നു തിരിച്ചെത്തിയ നിർവൃതിയിലാണ് ദമാമിലെ സുഹൃത്തുക്കളായ താജ് അയ്യാരിൽ, സിറാജ് ബാലുശ്ശേരി, നൗഷീർ ബാലുശ്ശേരി, നിഷാദ് കുറ്റിയാടി എന്നിവർ. മോസ്‌കോയിലെ ലൂഷ്‌നിക്കി സ്‌റ്റേഡിയത്തിൽ ജൂൺ 14ന് 21 ാമത് ലോകപ്പിന്റെ ആദ്യ വിസിൽ മുഴങ്ങിയപ്പോൾ മുതൽ ഒരുമാസക്കാലം എല്ലാ വഴികളും റഷ്യയിലേക്കായിരുന്നു. കാൽപ്പന്തുകളിയെ നെഞ്ചേറ്റിയവർ അക്ഷമയോടെ കാത്തിരുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് എന്ന പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കായിക മാമാങ്കം വോൾഗയുടെ തീരങ്ങളിൽ ആരവമുയർന്നപ്പോൾ തന്നെ ഈ സുഹൃദ് സംഘം മോസ്‌കോയിലെത്തി. തങ്ങളുടെ പ്രിയതാരങ്ങളും ഇഷ്ട ടീമുകളും തീർക്കുന്ന വിസ്മയ നിമിഷങ്ങളിൽ മതിമറന്ന് ആഹ്ലാദിക്കുവാനും അവിസ്മരണീയമാക്കുവാനും ഇവർക്കായി. നിരവധി പ്രതിബന്ധങ്ങൾ അതിജീവിച്ചാണ് ഇവർ റഷ്യയിലേക്ക് പറന്നത്. ആദ്യഘട്ടത്തിൽ വിസയും സ്‌റ്റേഡിയത്തിലേക്കുള്ള ടിക്കറ്റും ലഭിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തിൽ ഓൺലൈനിൽ എട്ട് മണിക്കൂർ കണ്ണടക്കാതെ കാത്തിരുന്നപ്പോഴാണ് ഫാൻ വിസയും മറ്റു യാത്രരേഖകളും ശരിയാകുന്നത്. ജൂൺ 21 ന് ബഹ്‌റൈൻ വഴി റഷ്യയിലേക്ക് തിരിച്ചു. അപ്പോഴേക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സംഗമ ഭൂമിയായി മോസ്‌കോ നഗരം മാറിയിരുന്നു. റഷ്യൻ ഭരണകൂടവും അവിടുത്തെ ജനങ്ങളും എത്ര താൽപര്യപൂർവ്വമാണ് ലോക കായിക മാമാങ്കത്തെ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നതെന്ന് അവിടുത്തെ ഒരോ ചലനങ്ങളും വിളിച്ച് പറഞ്ഞു. കേട്ടറിഞ്ഞ റഷ്യയല്ല അനുഭവിച്ചറിഞ്ഞ റഷ്യയെന്ന് ബോധ്യപ്പെട്ടു. ബഹുഭൂരിഭാഗം പേർക്കും ഇംഗ്ലീഷ് ഭാഷ വശമില്ല, പക്ഷേ ആതിഥ്യമര്യാദയോടെ ആളുകളെ സ്വീകരിക്കാനും ബഹുമാനിക്കാനും ഭാഷ ഒരു വിഘാതമായില്ല. ഇന്ത്യക്കാരോട് കൂടുതൽ താൽപര്യം കാണിക്കുമ്പോൾ തന്നെ ഇന്ത്യൻ അഭ്രപാളികളിലെ ഇതിഹാസങ്ങളായ രാജ്കുമാറും മിഥുൻ ചക്രവർത്തിയും ഒപ്പം നിരവധി ഹിന്ദി ഹിറ്റ് ഗാനങ്ങളും റഷ്യൻ ജനതയുടെ ചുണ്ടുകളിൽ എപ്പോഴുമുണ്ട്. നമസ്‌തേ എന്ന് പറഞ്ഞ് ഇന്ത്യക്കാരെ അഭിവാദ്യം ചെയ്യുന്നവരാണ് ബഹുഭൂരിഭാഗവും. മോസ്‌കോ യൂനിവേഴ്‌സിറ്റിയിലൊരുക്കിയ വിശാലമായ ഫാൻ ഫെസ്റ്റാണ് ഏറെ ശ്രദ്ധേയം. സ്‌റ്റേഡിയത്തിൽ നടക്കുന്ന കളികൾ കാണാൻ സാധിക്കാത്തവരെ ലക്ഷ്യം വെച്ച് അധികൃതർ സജ്ജികരിച്ച ഫാൻ ഫെസ്റ്റ് കോർണർ കളിയാവേശങ്ങളുടെ സംഗമം കേന്ദ്രം കൂടിയാണ്. പൊട്ടിച്ചിരിക്കുന്നവരേയും പൊട്ടിക്കരയുന്നവരേയും ഇവിടെ കാണാം. സ്‌റ്റേഡിയത്തിലേതിന് സമാനമായ അനുഭൂതിയാണ് ഇവിടെ നിന്ന് ലഭിക്കുക. രാപ്പകൽ ഭേദമില്ലാതെ ജനങ്ങളുടെ ഒഴുക്കാണിവിടെ.


മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ ഉസ്‌ബെക്കിസ്ഥാൻ, താജികിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നൊക്കെ ആയിരക്കണക്കിന് തൊഴിലാളികൾ ഇവിടെയുണ്ട്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഒരു കോടിയോളമാണ് കുടിയേറ്റ തൊഴിലാളികളുടെ എണ്ണം. സ്‌റ്റേഡിയങ്ങളും ഗതാഗത സൗകര്യങ്ങളും നിർമിച്ചതിൽ കുടിയേറ്റ തൊഴിലാളികൾക്ക് കാര്യമായ പങ്കുണ്ടെന്ന് റഷ്യക്കാർ സമ്മതിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളാണ് റഷ്യയിലേത്. പത്ത് മണിയാവുമ്പോൾ മാത്രമാണ് രാത്രിയായി എന്ന പ്രതീതിയുണ്ടാകുക. അർധരാത്രിയിലും വൈകുന്നേരത്തിന്റെ പ്രതീതിയുള്ള വൈറ്റ്‌നൈറ്റ് പ്രതിഭാസം. രാത്രി ദൈർഘ്യം വളരെ കുറവാണ് മോസ്‌കോയിൽ. ലോകത്തിലെ ഏറ്റവും വലിയ മെട്രോയും റഷ്യയിലാണ്. ഇത് വൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. കളികൾ നടക്കുന്ന ദിവസം മെട്രോയടക്കമുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിച്ചുള്ള യാത്ര സൗജന്യമാണ്. ഒരേ സ്ഥലത്ത് തന്നെ മൂന്ന് നിലകളിലായി മെട്രോ പാതകൾ കടന്ന് പോകുന്നുണ്ട്. 13 വ്യത്യസ്ത ലൈനുകളിലായി 245 മെട്രോ സ്‌റ്റേഷനുകൾ മോസ്‌കോയിലുണ്ട്. ഓരോ മൺതരിയും വിപ്ലവാഭിവാദ്യം പറയുന്ന റഷ്യയിലെ പുൽമൈതാനങ്ങളിൽ കഴിഞ്ഞ ഒരു മാസത്തോളമായി ലോകം ഫുട്ബാളിനോളം ചെറുതാവുകയായിരുന്നു. റഷ്യൻ സുന്ദരിമാരേക്കാൾ മനോഹരമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പന്ത്രണ്ട് മൈതാനങ്ങളിൽ മാറ്റുരച്ച പോരാട്ടം വാഴ്ചയുടെയും വീഴ്ചയുടെയും വേദിയാണ് ലോകകപ്പെന്ന് തെളിയിച്ചു. നാലു കൊല്ലമായി കാൽപ്പന്തുകളിയുടെ ആരാധകർ കാത്തിരുന്നത് ഈയൊരു മാസത്തിന് വേണ്ടിയാണ്. സുവർണ കീരിടത്തിന് മാത്രമല്ല, ടൂർണമെന്റിലെ മികച്ച താരത്തിന് വേണ്ടിയും ഇത്തവണ കടുത്ത പോരാട്ടം തന്നെയാണ് നടന്നത്. ക്ലബ് മത്സരങ്ങളിൽ തികച്ചും വിഭിന്നമാണ് ലോകകപ്പ്.  1930 ൽ ലാറ്റിനമേരിക്കയിലെ ഉറുഗ്വായ്‌യിൽ നടന്ന ആദ്യ ലോകകപ്പിൽ പങ്കെടുത്തത് 13 ടീമുകൾ മാത്രം. 88 വർഷങ്ങൾക്കിപ്പുറം 211 ഫിഫ അംഗരാജ്യങ്ങളിൽ നിന്ന് യോഗ്യതാ റൗണ്ട് കടന്നുവരുന്ന 32 ടീമുകളുടെ മാമാങ്കമായി മാറി റഷ്യയിൽ നടന്ന ലോകകപ്പ്. പിന്നിട്ട ഓരോ ലോകകപ്പും ഓർമകളുടെ ഗോളാരവങ്ങളാണ്. ഒന്നും രണ്ടും മഹായുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച ലോകത്തിന് നാലുവർഷത്തിലൊരിക്കൽ കാണാൻ കഴിയുന്ന രക്തരഹിതമായ മഹായുദ്ധമാണ് ലോകകപ്പ്. ഓരോ ലോകകപ്പ് വേദിയിലേക്കും യോഗ്യൻമാരായ പടയാളികൾ പറന്നെത്തും. അസാധാരണ ഗതിവേഗവും പന്തടക്കവും ഡ്രിബഌഗും പാസിംഗും ടാക്ലിംഗുമൊക്കെയാണ് അവരുടെ ആണവായുധങ്ങൾ. ഈ യുദ്ധത്തിൽ ഒരൊറ്റജേതാവേ ഉണ്ടാകൂ. വരുന്ന നാലുകൊല്ലം ലോക ഫുട്ബാളിന്റെ സിംഹാസനം അവർക്കാണ്.
ലോകത്തെ ഏകമതം ഫുട്‌ബോളായിരുന്നെങ്കിൽ എന്നാശിച്ച് പോകുന്ന നിമിഷം. വർണ്ണത്തിനുംഭാഷക്കും ദേശത്തിനും രാജ്യാതിർത്തികൾക്കുമപ്പുറം ഒരേ മനസ്സോടെ ജനങ്ങൾ സംഗമിച്ച വേദി. മാനവികതയും പരസ്പര സ്‌നേഹവും മാത്രമാണ് ഇവിടെ നിന്നു പകർന്ന് നൽകാനുള്ളതെന്നാണ് ലോകകപ്പിന് നേരിട്ട് സാക്ഷിയാവാൻ സാധിച്ചവർ മറ്റുള്ളവർക്ക് മുമ്പിൽ പങ്ക് വെക്കുന്നത്.

Latest News