Tuesday , April   23, 2019
Tuesday , April   23, 2019

നെയ്മാർ 27, ഷ്‌മൈക്കൽ 21

ഈ ലോകകപ്പിൽ ഏറ്റവുമധികം ഷോട്ടെടുത്ത കളിക്കാരൻ ബ്രസീലിന്റെ നെയ്മാറാണ്, 27. ഏറ്റവും കൂടുതൽ ഷോട്ടുകൾ രക്ഷിച്ച ഗോളി ഡെന്മാർക്കിന്റെ കാസ്പർ ഷ്‌മൈക്കലും. ലോകകപ്പ് ഫുട്‌ബോളിലെ രസകരമായ കണക്കുകളിലൂടെ...

519- ലൂക്ക മോദ്‌റിച് (1.72 മീ), എഡൻ ഹസാഡ് (1.73 മീ.), ആന്റോയ്ൻ ഗ്രീസ്മാൻ (1.74 മീ.) എന്നിവരുടെ മൊത്തം ഉയരം 519 സെ.മീ മാത്രം. 1990 ൽ സാൽവറ്റോർ സ്‌കിലാച്ചിയും ലോതർ മത്തായൂസും ഡിയേഗൊ മറഡോണയും മികച്ച കളിക്കാർക്കുള്ള ഗോൾഡൻ ബോൾ, സിൽവർ ബോൾ, ബ്രോൺസ് ബോൾ ബഹുമതികൾ നേടിയ ശേഷം ഇത്രയും ഉയരം കുറഞ്ഞ താരങ്ങൾ മികച്ച കളിക്കാരാവുന്നത് ആദ്യം. 
135- പ്രി ക്വാർട്ടറിൽ ഉറുഗ്വായ്‌യും പോർചുഗലും ഏറ്റുമുട്ടിയപ്പോൾ കോച്ചുമാരായ ഓസ്‌കാർ തബാരേസിന്റെയും (ഉറുഗ്വായ്) ഫെർണാണ്ടൊ സാന്റോസിന്റെയും (പോർചുഗൽ) മൊത്തം വയസ്സ് 135 വയസ്സും മൂന്നു മാസവുമായിരുന്നു. 2014 ലെ ലോകകപ്പിൽ ഉറുഗ്വായ്‌യും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോഴുള്ള റെക്കോർഡ് ഇവർ മറികടന്നു. അന്ന് തബാരേസിന്റെയും ഇംഗ്ലണ്ട് കോച്ച് റോയ് ഹോഗ്‌സന്റെയും മൊത്തം പ്രായം 134 വർഷമായിരുന്നു.
72.5- ക്രൊയേഷ്യയുടെ ഇവാൻ പെരിസിച് ഓടിത്തീർത്തത് 72.5 കിലോമീറ്ററായിരുന്നു. എന്നാൽ 2010 ൽ സ്‌പെയിനിന്റെ ഷാവിയും (80 കി.മീ) 2014 ൽ ജർമനിയുടെ തോമസ് മുള്ളറും (84 കി.മീ) ഓടിയതിന്റെ അടുത്തെത്താൻ പെരിസിച്ചിന് സാധിച്ചില്ല. 
48- ജപ്പാനെതിരെ രണ്ടു ഗോളിന് പിന്നിലായ ശേഷം ബെൽജിയം 3-2 ന് ജയിച്ചു. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ രണ്ടു ഗോളിന് പിന്നിലായ ശേഷം അവസാനമായി ഒരു ടീം ജയിച്ചത് 48 വർഷം മുമ്പാണ്. 1970 ൽ ഇംഗ്ലണ്ടിനെ ജർമനിയാണ് രണ്ടു ഗോളിന് പിന്നിലായ ശേഷം എക്‌സ്ട്രാ ടൈമിൽ 3-2 ന് തോൽപിച്ചത്. 
40- ബയേൺ മ്യൂണിക്കിന്റെയോ ഇന്റർ മിലാന്റെയോ ഒരു കളിക്കാരനില്ലാതെ അവസാനമായി ലോകകപ്പ് ഫൈനൽ അരങ്ങേറിയത് 40 വർഷം മുമ്പാണ്. ഇത്തവണ ഫ്രഞ്ച് നിരയിൽ സബ്സ്റ്റിറ്റിയൂട്ടായി ബയേണിന്റെ കോറന്റീൻ ടോളിസൊ ഉണ്ടായി. ക്രൊയേഷ്യൻ നിരയിൽ രണ്ട് ഇന്റർ കളിക്കാരുണ്ടായിരുന്നു, മാഴ്‌സെലൊ ബ്രോസൊവിച്ചും ഇവാൻ പെരിസിച്ചും. 
21- ക്രിസ്റ്റ്യാനൊ റൊണാൾഡോയും ലിയണൽ മെസ്സിയും ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ മൊത്തം 21 മണിക്കൂറും 10 മിനിറ്റുമായി ഗോൾ വരൾച്ച നേരിടുകയാണ്. മെസ്സി എട്ടു തവണയും ക്രിസ്റ്റ്യാനൊ ആറു തവണയും നോക്കൗട്ട് മത്സരങ്ങൾ കളിച്ചു. 
18- ലോകകപ്പ് ചരിത്രത്തിലെ 18 കളികൾക്കു ശേഷമാണ് ഒരു ലാറ്റിനമേരിക്കൻ ടീമിനെ ഏഷ്യൻ ടീമിന് തോൽപിക്കാനായത്. കൊളംബിയയെ 2-1 ന് മറികടന്ന് ജപ്പാനാണ് ആദ്യ വിജയം സ്വന്തമാക്കിയത്. 
14.3- ഈ ലോകകപ്പിലെ മികച്ച ഗോളിയാവുമെന്ന് കരുതിയത് സ്‌പെയിനിന്റെ ഡേവിഡ് ഡി ഗിയ ആയിരുന്നു. എന്നാൽ ടൂർണമെന്റിലെ ഏറ്റവും മോശം സെയ്‌വ് ശതമാനം (14.3) ഡി ഗിയയുടേതായിരുന്നു. നാല് മത്സരങ്ങളിൽ ഡി ഗിയ ആറ് വഴങ്ങി. രക്ഷിച്ചത് ഒരു ഗോൾ ശ്രമം മാത്രം. അതേസമയം ഡെന്മാർക്കിന്റെ കാസ്പർ ഷ്‌മൈക്കൽ തന്റെ നേരെ വന്ന 23 ഷോട്ടുകളിൽ ഇരുപത്തൊന്നും രക്ഷിച്ചു. 91.3 ശതമാനം. 
12- ഒരു ഡസൻ സെൽഫ് ഗോളുകളാണ് ഈ ലോകകപ്പിൽ വീണത്. ഫൈനലിൽ മാരിയൊ മൻസൂകിച്ചിന്റേതുൾപ്പെടെ. 1998 ൽ ഫ്രാൻസിലെ ലോകകപ്പിൽ വീണതിന്റെ ഇരട്ടി. ഏറ്റവും അവസാനം വീണ സെൽഫ് ഗോൾ ഇറാനെതിരെ മൊറോക്കോയുടെ അസീസ് ബൂഹദൂസിന്റേതായിരുന്നു. തൊണ്ണൂറ്റഞ്ചാം മിനിറ്റിൽ. സെർഗി ഇഗ്‌നാഷേവിച് (റഷ്യ) സെൽഫ് ഗോളടിച്ചത് തന്റെ മുപ്പത്തൊമ്പതാം ജന്മദിനത്തിലാണ്. സെൽഫ് ഗോളടിക്കുന്ന പ്രായമേറിയ കളിക്കാരനായി ഇഗ്‌നാഷേവിച്. 
11- ഇംഗ്ലണ്ടിന്റെ ഡിഫന്റർ ഹാരി മഗ്വയർ എതിർ വലകളിലേക്ക് പായിച്ചത് 11 ഷോട്ടുകളായിരുന്നു. ബ്രസീലിന്റെ സ്‌ട്രൈക്കർ ഗബ്രിയേൽ ജെസ്യൂസ് (10), ക്രൊയേഷ്യയുടെ ലൂക്ക മോദ്‌റിച് (10), ഐസ്‌ലന്റ് സ്‌ട്രൈക്കർ ഗിൽഫി സിഗുർദ്‌സൻ (10), ഇംഗ്ലണ്ട് സ്‌ട്രൈക്കർ റഹീം സ്റ്റെർലിംഗ് (10), പോളണ്ടിന്റെ റോബർട് ലെവൻഡോവ്‌സ്‌കി (9), കൊളംബിയയുടെ റഡാമൽ ഫാൽക്കാവൊ (8), ഫ്രാൻസിന്റെ കീലിയൻ എംബാപ്പെ (8), പോൾ പോഗ്ബ (8), അർജന്റീനയുടെ സെർജിയൊ അഗ്വിരൊ (6), ഇംഗ്ലണ്ടിന്റെ ഡെലി അലി (5) എന്നിവരെക്കാളെല്ലാമേറെ. ഏറ്റവുമധികം ഷോട്ട് പായിച്ചത് നെയ്മാറാണ് -27. ഇവാൻ പെരിസിച്ചും ബ്രസീലിന്റെ ഫിലിപ്പെ കൗടിഞ്ഞോയുമാണ് (22 വീതം) രണ്ടാം സ്ഥാനത്ത്. 
10- ബെൽജിയത്തിന്റെ 16 ഗോളുകൾ നേടിയത് 10 കളിക്കാർ ചേർന്നാണ്. ഇത്രയധികം കളിക്കാർ ഒരു ടീമിൽ ഗോളടിച്ചത് മുമ്പ് രണ്ടു തവണ മാത്രം. 1982 ൽ ഫ്രാൻസും 2006 ൽ ഇറ്റലിയും. 
7- മെക്‌സിക്കൊ തുടർച്ചയായ ഏഴാമത്തെ ലോകകപ്പിലും പ്രി ക്വാർട്ടറിൽ വീണു. ലോകകപ്പിൽ ബ്രസീലിനെതിരെ കളിച്ച അവസാന ഏഴര മണിക്കൂറിൽ മെക്‌സിക്കോക്ക് ഒരു ഗോൾ പോലുമടിക്കാനായില്ല. വഴങ്ങിയത് 13 ഗോളായിരുന്നു. 
5- അഞ്ച് ടീനേജ് താരങ്ങൾ ലോകകപ്പിലെ ഒരു കളിയിൽ ഒന്നിലേറെ ഗോളടിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ കീലിയൻ എംബാപ്പെ ആ നേട്ടം കൈവരിക്കും മുമ്പ് അവസാനമായി അതു സാധിച്ചത് 60 വർഷം മുമ്പ് ബ്രസീലിന്റെ പെലെക്കായിരുന്നു. ലോകകപ്പ് ഫൈനൽ കളിക്കുന്ന മൂന്നാമത്തെ ടീനേജറായി എംബാപ്പെ. 1958 ൽ പെലെയും 1982 ൽ ഇറ്റലിയുടെ ഗ്വിസപ്പെ ബെർഗോമിയുമായിരുന്നു മുമ്പ് ആ നേട്ടം കൈവരിച്ചത്. 
4- ലോകകപ്പിന്റെ പെനാൽട്ടി ഷൂട്ടൗട്ടുകളിൽ നാല് കിക്കുകൾ രക്ഷിച്ചു ക്രൊയേഷ്യയുടെ ഡാനിയേൽ സുബസിച്. അർജന്റീനയുടെ സെർജിയൊ ഗൊയ്‌കോചിയയും പശ്ചിമ ജർമനിയുടെ ഹരോൾഡ് ഷുമാക്കറും മുമ്പ് ഇത്രയും സെയ്‌വുകൾ കാഴ്ചവെച്ചിട്ടുണ്ട്. 
3- ക്രൊയേഷ്യ തുടർച്ചയായി മൂന്ന് കളികൾ എക്‌സ്ട്രാ ടൈം കളിച്ചു. ഡെന്മാർക്കിനും റഷ്യക്കും ഇംഗ്ലണ്ടിനുമെതിരെ. 1990 ൽ ഇംഗ്ലണ്ടും തുടർച്ചയായി മൂന്ന് കളികൾ എക്‌സ്ട്രാ ടൈം വരെ പൊരുതി.  
 

Latest News