Tuesday , August   21, 2018
Tuesday , August   21, 2018

ജനസേവയിലെ പീഡനം:  ജോസ് മാവേലി അടക്കം മൂന്നു പേർ അറസ്റ്റിൽ

കൊച്ചി- ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന ജനസേവ ശിശുഭവനിൽ കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന പരാതിയിൽ മൂന്നുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജനസേവാ ശിശുഭവൻ ചെയർമാൻ ആലുവ തായിക്കാട്ടുകര, പെരിയാർ ഹെറിറ്റേജിൽ ജോസ് മാവേലി (68), ജനസേവയിലെ ജീവനക്കാരനും പത്തനംതിട്ട കൊറ്റനാട്ടുകര കരിയംപ്ലാവ് കരിപ്പൊഴിക്കൽ വീട്ടിൽ റോബിൻ (32),ജനസേവയിലെ അന്തേവാസിയായ പ്രായപൂർത്തിയാകാത്ത യുവാവ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ. ആർ റസ്റ്റമിന്റെ നേതൃത്വത്തിൽ എറണാകുളം തൃപ്പൂണിത്തുറയിലെ ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
ജനസേവയിലെ അന്തേവാസിയായ പ്രായപൂർത്തിയാകാത്ത യുവാവ് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. പീഡനവിവരം രഹസ്യമാക്കിവെച്ചതിന് പോക്‌സോ നിയമപ്രകാരമാണ് ജോസ് മാവേലിക്കും റോബിനുമെതിരെ കേസെടുത്തത്. കേസിൽ അഞ്ചും ആറും പ്രതികളാണിവർ. 
ജോസ് മാവേലിയെയും റോബിനെയും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  യുവാവിനെ എറണാകുളം പോക്‌സോ കോടതിയിൽ ഹാജരാക്കി. പിന്നീട് ജുവനൈൽ ഹോമിലേക്ക് മാറ്റി.
ജനസേവയിലെ കുട്ടികൾ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതായി സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ പരാതി ഉണ്ടായിരുന്നു. കുറ്റിപ്പുറം, ചെങ്ങമനാട്, അയിരൂർ, തങ്കമണി സ്‌റ്റേഷനുകളിലെ പരാതിയിൽ കേസെടുത്തിരുന്നു. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. രണ്ടു വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. 
ജുവനൈൽ ജസ്റ്റിസ് നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ജനസേവ ശിശുഭവൻ അടുത്തിടെ സർക്കാർ ഏറ്റെടുത്തിരുന്നു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കലക്ടറാണ് ശിശുഭവൻ ഏറ്റെടുത്തത്. നിയമലംഘനം നടത്തി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കുട്ടികളെ പാർപ്പിക്കുന്നതിലെ സുരക്ഷിതത്വമില്ലായ്മ ശിശുക്ഷേമ സമിതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് അന്തേവാസികളെയടക്കം സർക്കാർ ഏറ്റെടുത്തത്. എന്നാൽ കേസിൽ താൻ നിരപരാധിയാണെന്ന്  ജോസ് മാവേലി പറഞ്ഞു.