Tuesday , October   16, 2018
Tuesday , October   16, 2018

കാലം കീഴടക്കിയ കുതിപ്പിന് 25 വയസ്സ്

ഹവാന -  കുട്ടിക്കാലത്ത് ഉയരങ്ങളെ പേടിയായിരുന്നു ഹവിയർ സൊടോമയർക്ക്. ഉയരങ്ങൾ കീഴടക്കലായി പിന്നീട് ഹോബി. 1993 ജൂലൈ 27 ന് സ്‌പെയിനിലെ സാലമാങ്കയിൽ സൊടോമയർ കീഴടക്കിയ ഉയരം ഹൈജമ്പിൽ ഇന്നുവരെ ഒരു താരത്തിനും മറികടക്കാനായിട്ടില്ല. കാൽനൂറ്റാണ്ട് പൂർത്തിയാക്കാനൊരുങ്ങുകയാണ് ആ റെക്കോർഡ്. 2.43 മീറ്ററിന്റെയും 2.44 മീറ്ററിന്റെയും റെക്കോർഡുകൾക്കുടമയായിരുന്ന സൊടോമയർ അവ രണ്ടും തിരുത്തിയാണ് 2.45 മീറ്ററിന്റെ റെക്കോർഡിൽ ഭദ്രമായി നിലയുറപ്പിച്ചത്. അതിനും അഞ്ച് വർഷം മുമ്പ് ഇതേ സാലമാങ്കയിൽ തന്നെയാണ് സൊടോമയർ തന്റെ ആദ്യ ലോക റെക്കോർഡിന് ഉടമയായത്. 'ആളുകൾ പറയുന്നത് എന്റെ റെക്കോർഡിന് കാൽ നൂറ്റാണ്ടായെന്നാണ്. എന്നാൽ ഞാൻ ലോക റെക്കോർഡുകാരനായിട്ട് 30 വർഷമായി. പിന്നീട് ഞാൻ തന്നെ എന്റെ റെക്കോർഡുകൾ തിരുത്തുകയായിരുന്നു. 1998 ൽ ഞാൻ പിന്നിട്ട 2.43 മീറ്റർ പോലും ഇതുവരെ ആർക്കും മറികടക്കാനായിട്ടില്ല' -അമ്പതുകാരൻ പറഞ്ഞു. 2.43 മീറ്ററിനൊപ്പമെത്താൻ പോലും ഇതുവരെ ഒരാൾക്കേ സാധിച്ചിട്ടുള്ളൂ, ഖത്തറിന്റെ ലോക ചാമ്പ്യൻ മുതാസ് ബാർഷിമിന്. നാലു വർഷം മുമ്പ് ബ്രസ്സൽസിലായിരുന്നു ഇത്. തന്റെ റെക്കോർഡ് തകർക്കാൻ സൊടോമയർ ഏറ്റവും സാധ്യത കൽപിക്കുന്നത് ബാർഷിമിന് തന്നെയാണ്.  
നിരന്തര പരിശീലനങ്ങളിലൂടെയാണ് ഉയരപ്പേടി താൻ മറികടന്നതെന്ന് 1.96 മീറ്റർ ഉയരമുള്ള സൊടോമയർ പറയുന്നു. ഉയരങ്ങളിൽ നിന്ന് ചാടലായിരുന്നു പരിശീലനം. അവസാനമായി പാരച്യൂട്ടിംഗും പരിശീലിച്ചു. 1992 ൽ ഒളിംപിക് ചാമ്പ്യനും 1993 ലും 1997 ലും ലോക ചാമ്പ്യനുമായി. നാലു തവണ ഇൻഡോർ ലോക ചാമ്പ്യൻ, മൂന്നു തവണ പാനമേരിക്കൻ ഗെയിംസ് ചാമ്പ്യൻ... സൊടോമയറുടെ നേട്ടങ്ങൾ അവസാനിക്കുന്നില്ല. സൊടോമയർക്ക് മുമ്പ് അത്‌ലറ്റിക്‌സിന്റെ ഫീൽഡ് ഇനങ്ങളിൽ ക്യൂബക്ക് വലിയ പാരമ്പര്യമൊന്നുമുണ്ടായിരുന്നില്ല. ഇന്ന് വ്യാപകമായ ഫോസ്ബറി ഫ്‌ളോപ് ജമ്പിലൂടെ 1968 ൽ ഒളിംപിക് സ്വർണം നേടിയ ഡിക് ഫോസ്ബറി മാത്രമാണ് സൊടോമയറെ കൂടാതെ ഒളിംപിക്‌സിൽ കരുത്തു കാട്ടിയ യൂറോപ്യനല്ലാത്ത ഹൈജമ്പർ. 
ഉത്തേജക വിലക്കിനെത്തുടർന്ന് 1999 ലെ പാനമേരിക്കൻ സ്വർണം സൊടോമയറിൽ നിന്ന് തിരിച്ചുവാങ്ങിയിരുന്നു. കൊക്കെയ്ൻ അടിച്ചതിനായിരുന്നു ഒരു വർഷത്തെ വിലക്ക്. തന്നെ കുടുക്കിയതാണെന്ന സൊടോമയറുടെ വാദത്തെ ഫിഡൽ കാസ്‌ട്രൊ ഉൾപെടെയുള്ളവർ പിന്താങ്ങിയിരുന്നു. ഇപ്പോൾ ക്യൂബൻ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ സെക്രട്ടറിയാണ് സൊടോമയർ.