Tuesday , May   21, 2019
Tuesday , May   21, 2019

കേരളത്തെ തിരിഞ്ഞു നോക്കാത്ത കേന്ദ്ര ഭരണകൂടം 

ഹാ, കരയുക കേരളമേ.. സംസ്ഥാനത്തുനിന്നുള്ള സർവകക്ഷി സംഘത്തോടുള്ള കേന്ദ്ര സർക്കാരിന്റേയും പ്രത്യേകിച്ച് പ്രധാനമന്ത്രി മോഡിയുടേയും നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഇതു പറയുന്നത്. കൂടിക്കാഴ്ചക്കുള്ള ആവശ്യം പല തവണ പ്രധാനമന്ത്രി നിഷേധിച്ചിരുന്നു. ഒരു ചക്രവർത്തിക്കു മുന്നിൽ മുഖം കാണിക്കാനെത്തുന്ന  ചക്രവർത്തിയെ പോലെയായിരുന്നു ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട, തനിക്കു തുല്യനായ മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി പെരുമാറിയതെന്നു പറയാനാകില്ല. നാണം കെട്ട രീതിയിൽ വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോഴാണ് പ്രധാനമന്ത്രി കനിഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘത്തോട് വളരെ നിഷേധാത്മകമായും കളിയാക്കുന്ന രീതിയിലുമാണ് പ്രധാനമന്ത്രി പെരുമാറിയതെന്നാണ് റിപ്പോർട്ടുകൾ. 
സംഘത്തിന്റെ ആവശ്യങ്ങളോടെല്ലാം മുഖം തിരിക്കുക മാത്രമല്ല, എന്തുകൊണ്ട് മുൻ കേന്ദ്ര സർക്കാരുകളുടെ കാലത്ത് ഇതെല്ലാം നടപ്പായില്ല, പണമനുവദിച്ച പല പദ്ധതികളും നടപ്പായില്ലല്ലോ തുടങ്ങിയ ചോദ്യങ്ങളുന്നയിക്കുകയാണ് മോഡി ചെയ്തത്. 
വാദിയെ പ്രതിയാക്കിയെന്നു സാരം. അവയെന്തുകൊണ്ട് നടപ്പായില്ല എന്ന വിഷയമൊന്നും ചർച്ചയായില്ല. പുറത്ത് മോഡിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ എല്ലാം കേട്ട് പുറത്തു വന്ന് പതിവുപോലെ മാധ്യമങ്ങളോട് പ്രതിഷേധം രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ട്.
ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഇളവുകൾ, കഞ്ചിക്കോട് കോച്ച് ഫാക്ടറി, മഴക്കാല കെടുതിയിൽ ധനസഹായം തുടങ്ങിയവയായിരുന്നു കേരളം മുന്നോട്ട് വെച്ച പ്രധാന  പ്രശ്‌നങ്ങൾ. ഇതിൽ മഴക്കാല കെടുതികളിൽ ഒഴിച്ചു മറ്റു വിഷയങ്ങളിലൊന്നും അനുകൂല പ്രതികരണമോ ഉറപ്പോ ലഭിച്ചില്ലെന്നാണ് സൂചന. ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ കേരളത്തിന് പ്രത്യേകമായി ഒരിളവും നൽകാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
അങ്കമാലി-ശബരി റെയിൽവേ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  റെയിൽവേ മന്ത്രാലയവുമായി സംസാരിക്കാൻ അവസരമൊരുക്കാം എന്ന് പ്രധാനമന്ത്രി അറിയിച്ചുവത്രേ. അത് സംഘപരിവാറിനു താൽപര്യമുള്ള വിഷയമാണല്ലോ. എന്നാൽ ഘോരവനത്തിലൂടെ അത്തരമൊരു റെയിൽവേ വേണോ എന്നു പരിശോധിക്കേണ്ടതാണ്. കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം പെട്ടെന്ന് പുറപ്പെടുവിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് മറ്റു സംസ്ഥാനങ്ങളേയും കൂടി ബാധിക്കുന്ന വിഷയമായതിനാൽ അവരോട് കൂടി ആലോചിച്ച് പെട്ടെന്ന് നടപടികൾ പൂർത്തിയാക്കാം എന്നാണത്രേ പ്രധാനമന്ത്രി മറുപടി നൽകിയത്. അതും പാരിസ്ഥിതികമായി പരിശോധിക്കേണ്ട വിഷയം തന്നെയാണെങ്കിലും പ്രധാനമന്ത്രിയുടെ സമീപനം ശരിയാണെന്നു പറയാനാകില്ല.  
കോച്ച് ഫാക്ടറി അനുവദിച്ച് നൽകണമെന്ന് സംസ്ഥാന നേതാക്കൾ കാര്യമായി ആവശ്യപ്പെട്ടെങ്കിലും ഈ വിഷയത്തിലും അനുകൂല പ്രതികരണമൊന്നും പ്രധാനമന്ത്രിയിൽ നിന്നുണ്ടായില്ല എന്നാണ് സൂചന. ഏറെ കാലത്തെ കേരളത്തിന്റെ ആവശ്യവും അതു ലഭിച്ചു എന്ന പ്രചാരണവുമാണ് തകർന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയെ സ്വകാര്യവത്കരിക്കരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ആവശ്യത്തോട് അതു വാങ്ങാനുള്ള ലേലത്തിൽ കേരളത്തിനും പങ്കെടുക്കാമല്ലോ എന്ന ചോദ്യമാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. കോഴിക്കോട് വിമാനത്താവളം നേരിടുന്ന പ്രശ്‌നങ്ങളും സർവകക്ഷി സംഘം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അതിലും പ്രതീക്ഷ നൽകുന്ന മറുപടിയൊന്നും പ്രധാനമന്ത്രിയിൽ നിന്നും ലഭിച്ചില്ല എന്നാണ് അറിയുന്നത്. 
അനുവദിച്ച പദ്ധതികൾ നടപ്പാക്കത്തതിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ചോദ്യം ജനാധിപത്യ സംവിധാനത്തിൽ ഉന്നയിക്കാൻ പാടില്ലാത്തതാണ്. പ്രധാനമായും സ്ഥലമെടുത്തു നൽകേണ്ട റെയിൽവേ - റോഡ് പദ്ധതികളാണ് മോഡി ചൂണ്ടിക്കാട്ടിയത്. അത്തരം പദ്ധതികൾ കേരളത്തിൽ ഇഴയുന്നു എന്നത് ശരിയാണ്. അതിനു കാരണം ജനകീയ സമരങ്ങളാണ്. ജനസാന്ദ്രതയുടെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ മുന്നിലാണ്. സ്ഥല ലഭ്യതയിൽ പിന്നിലും. അതിനാൽ തന്നെ ഇരകളെ മാന്യമായ രീതിയിൽ പുനരധിവസിപ്പിച്ച് പദ്ധതികൾ നടപ്പാക്കുക എളുപ്പമല്ല. അതിനാൽ തന്നെ മറ്റു സംസ്ഥാനങ്ങളുടെ മാനദണ്ഡം കേരളത്തിൽ അപ്രസക്തമാണ്. അനന്തമായ വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യയിൽ അവയെല്ലാം കണക്കിലെടുത്തുള്ള ആസൂത്രണമാണ് വേണ്ടത്. എന്നാൽ അത്തരമൊരു സമീപനം കേന്ദ്രത്തിനു മാത്രമല്ല, കേരളത്തിനു പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം. 
വാസ്തവത്തിൽ അവസാനം പറഞ്ഞ വിഷയമാണ് നാം ചർച്ച ചെയ്യേണ്ടത്. ലോകത്തെവിടേയും കാണാത്ത രീതിയിലുള്ള വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്തിന് ഒരിക്കലും അനുയോജ്യമല്ലാത്ത കേന്ദ്രീകൃത ഭരണ സംവിധാനമാണ് ഇവിടെ നിലിനിൽക്കുന്നത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പറയാൻ പലവട്ടം അപേക്ഷിക്കേണ്ടിവരുന്നതും കാണുമ്പോൾ ഒന്നും നടക്കാതെ പത്രക്കാരോട് ഖേദം പറയേണ്ടി വരുന്നതും. ഈ സംവിധാനത്തെ തകർത്ത് ഇന്ത്യയെ യഥാർത്ഥ ഫെഡറലാക്കുകയാണ് വേണ്ടത്. അത്തരമൊരു നിലപാട് പക്ഷേ നമ്മുടെ പ്രസ്ഥാനങ്ങൾക്കൊന്നുമില്ല. പിന്നെ വെറുതെ കരഞ്ഞിട്ടും പ്രതിഷേധിച്ചിട്ടും എന്തു ഗുണം.
വാസ്തവത്തിൽ രാഷ്ട്രീയ പ്രബുദ്ധതയിൽ നമ്മേക്കാൾ പിറകിലെന്ന് നാം വിശേഷിപ്പിക്കുന്ന പല സംസ്ഥാനങ്ങളും ഇതിനേക്കാൾ ശക്തമായി അവരുടെ ആവശ്യങ്ങൾ കേന്ദത്തിനു മുന്നിൽ ഉന്നയിക്കുന്നുണ്ട്. നേടിയെടുക്കുന്നുമുണ്ട്. മാത്രമല്ല കേന്ദ്രം കൽപിക്കുന്ന പല പരിപാടികളും നടപ്പാക്കാൻ തങ്ങൾ തയ്യാറല്ല എന്നും അവയിൽ പലതും നിലപാടെടുത്തിട്ടുണ്ട്. നിലവിലെ കേന്ദ്രീകൃത സംവിധാനത്തിൽ നിന്നു തന്നെയാണ് അവരതു ചെയ്യുന്നതെന്നതാണ് ഓർക്കേണ്ടത്. അതിനാരു കാരണമുണ്ട്. 
ആദ്യം സ്വന്തം സംസ്ഥാനത്തിനു വേണ്ടി ശക്തമായ നിലപാടെടുക്കുകയും രണ്ടാമതായി മാത്രം ഇന്ത്യയെ കുറിച്ചു പറയുകയും ചെയ്യുന്ന പ്രസ്ഥാനങ്ങൾ അവിടങ്ങളിൽ ഉണ്ടെന്നതാണത്. തമിഴ്‌നാടും ആന്ധ്രയും ബംഗാളും ബിഹാറുമൊക്കെ ഉദാഹരണം.  എന്നാൽ നമുക്കുള്ളത് അഖിലേന്ത്യാ പാർട്ടികളുടെ (പലതും സാങ്കേതികമായി മാത്രം) കേരള ഘടകങ്ങളാണ്. അതിനാൽ തന്നെ അവയും ഈ കേന്ദ്രീകൃത സംവിധാനത്തിന്റെ ഭാഗമാണ്. ഈ പാർട്ടികളുടെ ആന്തരിക സംവിധാനവും കേന്ദ്രീകൃതമാണല്ലോ. എന്തിനും ഏതിനും എ ഐ സി സിയേയും പോളിറ്റ് ബ്യൂറോയേയും കേന്ദ്ര നേതൃത്വത്തേയും ആശ്രയിക്കുന്ന ഈ പാർട്ടികൾക്ക് ഇത്തരത്തിലല്ലാതെ മറ്റെന്ത് നിലപാടാണ് സ്വീകരിക്കാൻ കഴിയുക? പേരിൽ സംസ്ഥാനത്തിന്റെ പേരുള്ള കേരള കോൺഗ്രസിനും ഒരു കേരള രാഷ്ട്രീയമില്ലല്ലോ. ഇന്ത്യ ഒരു ദേശീയതയല്ലെന്നും വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നുമുള്ള  നിലപാട് ഒരു കാലത്ത് സ്വീകരിച്ചിരുന്നവരാണ് കമ്യൂണിസ്റ്റുകാർ. ആ നിലപാടിന്റെ അടിസ്ഥാനത്തിൽ തന്നെ അഖിലേന്ത്യാ പാർട്ടികളേക്കാൾ പ്രസക്തം പ്രാദേശിക പാർട്ടികളാണെന്നത് വ്യക്തം. അതിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം ഇ എം എസ് എഴുതിയത്. എന്നാലവരടക്കം ആ നിലപാട് മാറ്റി. മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. പിന്നീട് മത്തായി മാഞ്ഞൂരാനെ പോലുള്ളവരും ഒരു നക്‌സലൈറ്റ് വിഭാഗവും ഇത്തരത്തിൽ നിലപാടെടുത്തിരുന്നു. എന്നാലതൊന്നും ശക്തമായ സ്വാധീനമായില്ല. കേന്ദ്ര അവഗണനക്കെതിരെ പഞ്ചാബ് മോഡൽ സമരം വേണമെന്നു പറഞ്ഞ ബാലകൃഷ്ണപിള്ളയെ നമ്മൾ വിഘടന വാദിയാക്കി. അങ്ങനെ കേന്ദ്രീകൃത സംവിധാനത്തിന്റെ ശക്തരായ വക്താക്കളായ നമ്മൾ അർഹിക്കുന്നത് ഈ സമീപനം തന്നെയാണ്. അതിൽ കണ്ണീരൊഴുക്കിയിട്ട് എന്തു കാര്യം..?

Latest News