Monday , March   18, 2019
Monday , March   18, 2019

പാപ പരിഹാരങ്ങളും അനശ്വര വിഭാഗീയതയും

ഏതു പാപിയും വാർധക്യമെത്തുമ്പോൾ ഒന്നു പശ്ചാത്തപിച്ചെന്നുവരും. ദൈവ ചിന്തയുണ്ടാകും. പുരാണ പുസ്തകങ്ങൾ പാരായണം ചെയ്യുന്നിടത്തു പതുങ്ങിയെങ്കിലും ചെല്ലും. കിടന്നു കഷ്ടപ്പെടാൻ ഇടയാക്കല്ലേ എന്ന് ഒടയതമ്പുരാനോടു പ്രാർഥിക്കും; സംഗതി ഗോപ്യമായിരിക്കുമെങ്കിലും അതിനു മനുഷ്യനെന്നോ സംഘടനയെന്നോ പാർട്ടിയെന്നോ വ്യത്യസമില്ല. ഇപ്പോൾ കണ്ടില്ലേ, കോൺഗ്രസ് പാർട്ടി രാമായണ മാസാചരണത്തിനു തീരുമാനമെടുക്കുന്നു. അകത്തെ കലഹം ഒന്നുകൂടി മൂക്കുന്നു. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വന്നു വീണു എന്നു പറഞ്ഞതുപോലെ. കാര്യങ്ങൾ മാറുന്നു. പണ്ടേ ദുർബല, പോരാഞ്ഞിട്ടു ഗർഭിണിയും എന്ന അവസ്ഥയിലാലണ് പാർട്ടി. ഘടകകക്ഷികളോ, സ്വതന്ത്ര്യരോ, എറിഞ്ഞുകൊടുക്കുന്ന വോട്ട് അപ്പക്കഷ്ണം പോലെ ഭുജിച്ചാണ് പല പഞ്ചായത്തുകളിലും നിലത്തു വീഴാതെ നിൽക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ കാല പാപ പരിഹാരത്തിന് പാരായണം, നല്ലൊരു ആയുർവേദ വിധി പ്രകാരം പിഴിച്ചിലും കിഴിയുമായി കഴിയുന്നു. സുധീരനെപ്പോലെ ചിലർ മൂക്കുപിഴിച്ചിലും കണ്ണുതുടയ്ക്കലുമായി വീട്ടിൽ കഴിയുന്നു. ആകെ ഒരുതരം അനാരോഗ്യകരവും അശുഭകരവുമായ കാലാവസ്ഥ. ഇതിനു പുറമെ ഇടുക്കിയിൽ ഉരുൾപൊട്ടലെന്നു കേൾക്കുമ്പോൾ നേതൃത്വത്തിന്റെ ഉള്ളിൽ തീയാളുന്നു. പാർട്ടിയിലും അതുണ്ടാകാം. ഉരുൾപൊട്ടാൻ കാത്തുനിൽക്കുകയാണ് ബി.ജെ.പിയും ഇടതന്മാരും. ഇതിനിടയിൽ അൽപമെങ്കിലും ആശ്വാസം കൊള്ളാമെന്നു കരുതിയാണ് രാമായണത്തെ കയറി പിടിച്ചത്. പുസ്തകം ആരുടെയും കുത്തകയല്ലല്ലോ. കഥ നടന്നുവെന്നു പറയുന്ന കാലത്ത് ആർ.എസ്.എസുകാർ ജനിച്ചിട്ടുമില്ല. പക്ഷേ, വേന്ദ്രന്മാർ അകത്തുതന്നെ ഉണ്ടായിരുന്നു. പാളയത്തിൽപട എന്നു പറഞ്ഞുവരുന്നത് കോൺഗ്രസിന്റെ ഉദ്ഭവകാലത്തുണ്ടായ പ്രയോഗകമാകാനേ വഴിയുള്ളൂ. ദില്ലി വാല ശശി തരൂരിനും, കോഴിക്കോട്ടും തൃശൂരിലും പ്രതീക്ഷയില്ലാത്ത തിരുവനന്തോരം എമ്മെല്ലേ മുരളീധരനുമാണ് എതിർപ്പ്. ശ്ശെടാ! മാർക്‌സിസ്റ്റുകാർക്ക് പോലും പുരാണ ഭക്തിയും ഭയവുമൊക്കെയുള്ള കാലമാണ്. എതിർപ്പിനുവേണം ഒരു ന്യായം. പി. കേശവദേവ് എന്നൊരു എഴുത്തുകാരനുണ്ടായിരുന്നു. അദ്ദേഹത്തിന് ചാടിവീണ് എതിർക്കുകയായിരുന്നു സ്ഥിരം ഹോബി. തരൂരും മുരളിയും അങ്ങോരുടെ പുസ്തകങ്ങൾ വായിച്ചിരിക്കുമോ? ഹേയ്, അതില്ല. ഒന്നാമന് മലയാളം വായന ഇല്ല. രണ്ടാമന് വായിച്ചാലൊട്ടു മനസ്സിലാകുകയുമില്ല. എന്നാലെന്ത്? ശകുനം മുടക്കിയല്ലേ. മതേതരത്വവാദിയാണത്രേ! 'തരം പോലെ മതം' എന്നൊരർത്ഥമുള്ളത് ഇവരൊന്നും കേട്ടിട്ടില്ല. പോട്ടെ, ബി.ജെ.പിയിലേക്കുള്ള ഒഴുക്കു തടയാനാണെന്നാണു കരുതിയത്. ഇനി നടപ്പിലാ എന്നാണു തോന്നുന്നത്!

*** *** ***

ഗോപിനാഥ് മുതുകാടിനൊപ്പം താനും പ്രകടന വേദി പങ്കിട്ടിട്ടുണ്ടെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ തൃശൂരിൽ പറഞ്ഞു. സത്യവാദിയാണ് ബാലനായ മന്ത്രി. മുമ്പ് വി.എസിനോടൊപ്പം കുറച്ചുനാൾ ഉണ്ടായിരുന്നുവെന്നും മലബാർ ലോബിയുടെ നിർബന്ധമോ ഭീഷണിയോ നിമിത്തമാണ് മറുകണ്ടത്തേക്കു പോയതെന്നും ഒരു കിംവദന്തിയുണ്ട്. സത്യമാണെങ്കിൽ അതും ഒരു മാജിക്കാണ്. താൻ രംഗത്തു തുടരാത്തത് മുതുകാടിന്റെ ഭാവിയെ ഓർത്താണെന്നാണ് മന്ത്രിപക്ഷം. അതിനെന്താ രാഷ്ട്രീയം തന്നെ മാജിക് അല്ലേ. ജനങ്ങളെ വിശ്വസിപ്പിച്ചു കബളിപ്പിക്കുന്ന വിദ്യ അല്ലേ? ഇത്രയും രസികന്മാരായ മന്ത്രിമാർ മറ്റു മന്ത്രിസഭകളിൽ ഉണ്ടാകാൻ വഴിയില്ല.
 ജി. സുധാകരൻ മറ്റൊരുദാഹരണം. ബാലനാകട്ടെ, ജില്ലാ സാംസ്‌കാരിക സമുച്ചയങ്ങൾക്ക് 50 കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടേ അടങ്ങിയുള്ളൂ. എന്താണ് ഈ കോടിയുടെ ലക്ഷ്യമെന്നു ചോദിക്കാൻ ആരും എണീറ്റില്ല. ലോക്കൽ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും അക്കാര്യം നോക്കിക്കൊള്ളുമെന്ന മറുപടിയേ കിട്ടുമായിരുന്നുള്ളൂ.

*** *** ***

കഷ്ടകാലം മോഹൻലാലിനെയാണോ, അതോ ലാൽ കഷ്ടകാലത്തെയാണോ പിടികൂടിയിരിക്കുന്നത്? അതൊരു നല്ല ചോദ്യമായി ക്വിസ് പരിപാടികളിൽ അവതരിപ്പിക്കുന്നത് നന്നായിരിക്കും. 'അമ്മ'യുടെ പ്രസിഡന്റായി ലാൽ ചുമതലയേറ്റ ദിവസം തുടങ്ങിയതാണ് പുതിയ പ്രശ്‌നങ്ങൾ. വിമൻ ഇൻ കലക്ടിവ് എന്നതിന്റെ അർഥം പോലുമറിയാത്ത കുറച്ചു ശാക്തീകരണക്കാരാണ് മുന്നണിപ്പടയാളികൾ. ഭൂരിപക്ഷവും പടമില്ലെങ്കിലും ജീവിക്കാൻ കഴിയുന്നവർ. അവരും കെട്ടാരക്കര ഗണേശനും നേർക്കുനേർ ഇടഞ്ഞുനിൽപായി. ഇടയ്ക്ക് നമ്മുടെ ഒടിയൻ വിദ്യക്കാരൻ മോഹൻലാലും പ്രശ്‌ന പരിഹാരത്തിന് പാഴൂർ പടിക്കൽ പോകേണ്ട കാര്യമില്ല. അടുത്ത പ്രണവം ചിത്രത്തിൽ രണ്ട് 'വിമനെ' അങ്ങുബുക്കു ചെയ്യുക. പ്രശ്‌നം ഗ്യാസ് ഔട്ട്!

*** *** ***

വസൂരി ലോകത്തുനിന്ന് ഒളിച്ചോടി. മലമ്പനി അങ്ങിങ്ങ് പാത്തും പതുങ്ങിയും കഴിയുന്നു. കുഷ്ഠം, ക്ഷയം, ബാധ, വില്ലൻചുമ- ഒക്കെ മാളത്തിലൊളിച്ചു കഴിഞ്ഞു. എന്നാൽ പിണറായി വിജയനും കോടിയേരി സഖാവും പ്രഖ്യാപിച്ച 'വിഭാഗീയത' മാത്രം ഒടുങ്ങിയില്ല. വയലാറിന്റെ ഗാനം പോലെയാണത്. കാളിദാസൻ മരിച്ചു, കണ്വമാമുനി മരിച്ചു. അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.…… അതേ, വിഭാഗീയത മാത്രം പോയില്ല.
 തലസ്ഥാനത്ത് മാണിക്കൽ ഗ്രാമത്തിന്റെ ചരിത്രം പറയുന്ന 'മാണിക്കൽ പെരുമ' സുവനീർ പ്രകാശന ചടങ്ങ് കണ്ടവരെല്ലാം ഈ ഉയർത്തെഴുനേൽപിൽ വിശ്വസിച്ചു കൈക്കൂലി പരിശുദ്ധരായി. മന്ത്രി കടകംപള്ളി കോലിയക്കോടു കൃഷ്ണൻ നായരെ ഒന്നു സ്തുതിച്ചതേയുള്ളൂ, മാളത്തിലിരുന്ന വിഭാഗീയത പിരപ്പൻകോടു മുരളിയുടെ രൂപത്തിൽ പുറത്തുചാടി ആടുവാൻ തുടങ്ങി. പാർട്ടിക്കകത്ത് പാമ്പു പിടുത്തകാരില്ലാത്തതിനാൽ കടകംപള്ളി തന്നെ മകുടി ഊതി. തികഞ്ഞ വി.എസ് ഭക്തനായ പിരപ്പൻകോടനുണ്ടോ ഒതുങ്ങുന്നു? കോലിയക്കോടൻ എന്ന മാടമ്പിയുടെ വധമാണ് ലക്ഷ്യമെന്ന മട്ടിൽ ഏറെനേരം ചുവടുവച്ചു. പിന്നെ ശാന്തനായി. പത്രപംക്തികളിൽ അതു നിമിത്തം നാലു കോളത്തിൽ വാർത്ത നിരന്നു. ഇക്കാലത്ത് അതൊരു അപൂർവ ഭാഗ്യമാണ്. കവിയും നാടകകൃത്തുമാണെങ്കിലും ശിരോരേഖ ശരിയല്ലാത്തതിനാൽ വി.എസ് പക്ഷത്തുനിൽക്കുന്ന പിരപ്പൻകോട് സഖാവിന് വാർത്താ പ്രാധാന്യം കിട്ടി. സി.പി.എമ്മിലെ ഫാസിസം കാരണം, സാധാരണയായി വാർത്തകളിൽ പിണറായി സഖാവ് മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. ദോഷം പറയരുതല്ലോ, കോടിയേരി സഖാവിന് ആഴ്ചയിലൊരിക്കൽ വാർത്താപ്രവേശം കിട്ടുന്നുണ്ട്!

*** *** ***

ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നാൽ കുട്ടിക്കളിയാണ് ഷാജിക്ക്, അമിത് ഷാജിക്ക്. ഖജനാവ് അദ്ദേഹത്തിന്റെതല്ലല്ലോ. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കാലാവധി തീരാത്ത സംസ്ഥാനത്തുകൂടി ഇലക്ഷൻ നടത്തിക്കുക എന്ന സാഹസം വീണ്ടും പരീക്ഷിക്കുമോ എന്നാണ് പേടി. നികുതി പ്രത്യക്ഷമായാലും പരോക്ഷമായാലും സാധാരണക്കാരന്റെ തലയിൽ വീഴുന്ന ഇടിത്തീര തന്നെ. ഭരണകക്ഷി അതിൽപെടുന്നില്ലെന്നു തോന്നുന്നു. എന്തായാലും 2018ലെ ഇലക്ഷൻ 'അടിപൊളിയാകും. സിനിമാതാരങ്ങളുടെ നീണ്ടനിരയ്ക്കുള്ള സീറ്റുകൾ റിസർവ് ചെയ്തു കഴിഞ്ഞു. 
അക്ഷയനും അനുപമനും നാനാ പടപടാ നായകനും മാത്രമല്ല, സർവ സംസ്ഥാനങ്ങളിൽ നിന്നും നടിനടന്മാർ കൂട്ടത്തോടെ ഇറങ്ങും. വരൾച്ചകാലത്ത് കാട്ടാനകൾ കൊമ്പനും പിടിയും നാട്ടിലേക്കിറങ്ങുന്നതിനെക്കാൾ ഭയങ്കരമായിരിക്കും വരവ്. അവർ വോട്ടറന്മാരെ ജീവനോടെ തൂക്കിയെടുത്ത് പോളിംഗ് ബൂത്തിലെത്തിച്ച് വോട്ടുകുത്തിയ ശേഷമേ നിലത്തുനിർത്തുകയുള്ളൂ. 
അതിനാൽ തന്നെ ഭൂരിപക്ഷം ലക്ഷങ്ങൾ കവിയും. ആകെ വോട്ടറന്മാരുടെ സംഖ്യയിൽ കൂടുതൽ ഭൂരിപക്ഷം കിട്ടിയാലും അദ്ഭുതപെടാനില്ല. അത്തരം മാജിക്കുകൾ ഷാജിക്കു വശമുണ്ട്. നടന്മാർ, ഗായകർ, ഒളിംപ്യൻമാർ, ഓട്ടക്കാർ, ചാട്ടക്കാർ, കച്ചവടക്കാർ, പത്മഭൂഷണക്കാർ തുടങ്ങി ഒരു വൻ നിരജാഥയായി വരുന്നതു കണ്ട് രോമാഞ്ചം കൊള്ളുവാൻ നാട്ടുകാർ തയാറായി കൊള്ളുക. വോട്ടെണ്ണൽ ദിവസം കൂടി കഴിഞ്ഞേ പെട്രോൾ, ഡീസൽ വില വർധനയുണ്ടാകൂ എന്നതും ഒരു പ്രത്യേക ആകർഷകമായിരിക്കും!
 

Latest News