Wednesday , June   19, 2019
Wednesday , June   19, 2019

കപ്പിന് ഫ്രഞ്ച് കിസ്

മോസ്‌കൊ - ഇല്ല, വൻശക്തികൾ കുത്തകയാക്കി വെച്ച ലോകകപ്പിന്റെ ചാമ്പ്യൻനിരയിലേക്ക് ക്രൊയേഷ്യയെന്ന കൊച്ചുനാടിന് ഇടിച്ചുകയറാനായില്ല. ദാവീദും ഗോലിയാത്തും തമ്മിലുള്ള ലോകം ഉറ്റുനോക്കിയ പോരാട്ടത്തിൽ ഫുട്‌ബോളിലെ പരമ്പരാഗത ശക്തികൾക്കു വേണ്ടി ഫ്രാൻസ് കപ്പുയർത്തി. എല്ലാ ചേരുവയും ചേർന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനോട് 2-4 ന് പൊരുതിവീണതോടെ ക്രൊയേഷ്യയുടെ അവിസ്മരണീയ മുന്നേറ്റത്തിന് ലൂഷ്‌നിക്കിയിലെ പുൽത്തകിടിയിൽ ക്രൂരമായ അന്ത്യമായി.  
1998 ൽ പാരിസിലെ ആ ആഘോഷരാവിന്റെ ആവർത്തനമായി മോസ്‌കോയിൽ വീണ്ടും ഫ്രഞ്ച് യുവനിര ഫുട്‌ബോൾ വസന്തമൊരുക്കി. ലോകകപ്പിന്റെ സ്ഥാപകനായ യൂൾസ്‌റിമെയുടെ നാട്ടിലേക്ക് 20 വർഷത്തിനു ശേഷം വീണ്ടും കിരീടമെത്തി. 2006 ലെ ലോകകപ്പിലും സ്വന്തം നാട്ടിൽ രണ്ടു വർഷം മുമ്പ് നടന്ന യൂറോ കപ്പിലും ഫൈനലിൽ തോറ്റ് കണ്ണീർ വാർത്ത ഫ്രഞ്ച് നിര മോസ്‌കോയിലെ പെരുമഴയിൽ ആനന്ദനൃത്തം ചവിട്ടി.


എല്ലാം തികഞ്ഞ ഫൈനൽ
ഉറക്കംതൂങ്ങുന്ന വിരസതയുടെ സമീപകാല ഫൈനൽ ചരിത്രം തിരുത്തിയ സംഭവബഹുലമായ കലാശക്കളിയാണ് ലൂഷ്‌നിക്കി സ്റ്റേഡിയം കണ്ടത്. സെൽഫ് ഗോൾ, 'വാർ' പെനാൽട്ടി ഗോൾ, കോമഡി ഗോൾ, ഒപ്പം എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ, അതിലൊന്ന് പത്തൊമ്പത് വയസ്സ് മാത്രം പ്രായമായ ഒരു കുട്ടിയുടെ വക. 1958 നു ശേഷം ആദ്യമായാണ് ലോകകപ്പ് ഫൈനൽ അഞ്ചിലേറെ ഗോളുകൾ കാണുന്നത്. ഫൈനലിൽ ഒരു ടീം നാലു ഗോളടിക്കുന്നത് 1970 നു ശേഷം ആദ്യവും. ഉറുഗ്വായ്ക്കും അർജന്റീനക്കുമൊപ്പം രണ്ടു തവണ ലോകകപ്പ് ജയിച്ച മൂന്നാമത്തെ ടീമായി ഫ്രാൻസ്.
'ഒരൊറ്റ  മന്ത്രം, ഒരൊറ്റ ശക്തി, ഇത് ഞങ്ങളുടെ ക്രൊയേഷ്യ' എന്ന ഗാലറിയിലെ കൂറ്റൻ ബാനറിനെ സാക്ഷിയാക്കി മാരിയൊ മൻസൂകിച്ചാണ് ഫൈനലിന് കിക്കോഫ് ചെയ്തത്. സെമി ഫൈനലിലെ അതേ ടീമിനെ ഇരു ടീമുകളും അണനിരത്തി. രണ്ട് പകുതിയും തുടങ്ങിയത് ക്രൊയേഷ്യയുടെ നിരന്തര സമ്മർദ്ദങ്ങളോടെയാണ്. ഫ്രഞ്ച് പ്രതിരോധം ആ ഘട്ടം സമർഥമായി തരണം ചെയ്തു.
പതിനെട്ടാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോളവസരത്തിൽ തന്നെ ഫ്രാൻസ് മുന്നിലെത്തി. ക്രൊയേഷ്യ സമ്മാനിച്ച സെൽഫ് ഗോളായിരുന്നു അത്. ക്രൊയേഷ്യൻ ബോക്‌സിന്റെ ഇടതു വശത്തു കിട്ടിയ ഫ്രീകിക്ക് ആന്റോയ്ൻ ഗ്രീസ്മാൻ ഉയർത്തിയപ്പോൾ ഹെഡ് ചെയ്തകറ്റാൻ ശ്രമിച്ചതായിരുന്നു മാരിയൊ മൻസൂകിച്. ഗോളി ദാനിയേൽ സുബസിച്ചിനെ നിസ്സഹായനാക്കി അത് വലയുടെ മോന്തായത്തിലേക്ക് പറന്നു. ഒന്നാന്തരം സെൽഫ് ഗോൾ. 2006 നു ശേഷം ലോകകപ്പ് ഫൈനലിലെ നിശ്ചിത സമയത്തെ ആദ്യ ഗോൾ ഇതിനെക്കാൾ സംഭവബഹുലമാവാനില്ല. ക്രൊയേഷ്യയെ സംബന്ധിച്ചിടത്തോളം ക്രൂരവും. ആ ഫ്രീകിക്ക് നിസ്സാര ഫൗളിനായിരുന്നു, കിക്കെടുക്കുമ്പോൾ പോഗ്ബ നേരിയ വ്യത്യാസത്തിൽ ഓഫ്‌സൈഡുമായിരുന്നു. ആ നിരാശ മറന്ന് ക്രൊയേഷ്യ തിരിച്ചടിച്ചു.


ഇരുപത്തെട്ടാം മിനിറ്റിൽ ക്രൊയേഷ്യ ഒപ്പമെത്തി. ഇവാൻ പെരിസിച്ചിന്റെ എണ്ണം പറഞ്ഞ ഗോളിലൂടെ. 30 വാര അകലെ നിന്ന് ഇവാൻ റാകിറ്റിച് ഫ്രീകിക്ക് ഉയർത്തിയത് രണ്ടാം പോസ്റ്റിലേക്കായിരുന്നു. ദോമഗോയ് വീദ സമർഥമായി അത് ബോക്‌സിനു മധ്യത്തിലേക്ക് പാസ് ചെയ്തു. വലതു കാലു കൊണ്ടുള്ള ടച്ചിലൂടെ ഇടം കണ്ടെത്തിയ ശേഷം പെരിസിച് പായിച്ച ഇടങ്കാലൻ ബുള്ളറ്റ് ബോക്‌സിലെ ആൾക്കൂട്ടത്തിനിടയിലൂടെ വലയിലേക്ക് വഴി കണ്ടു. ടൂർണമെന്റിൽ പെരിസിച്ചിന്റെ മൂന്നാം ഗോൾ. തുടർച്ചയായ നാലാമത്തെ കളിയിലും ആദ്യം ഗോൾ വഴങ്ങിയ ശേഷം ക്രൊയേഷ്യ തുല്യത നേടി. കഴിഞ്ഞ മൂന്നു കളികളും എക്‌സ്ട്രാ ടൈമിലേക്കു നീട്ടായനായിരുന്നു ക്രൊയേഷ്യക്ക്.
തിരിച്ചുവരവിന് തട
ക്രൊയേഷ്യ തിരിച്ചടിച്ചു തുടങ്ങിയപ്പോഴാണ് നിർഭാഗ്യം അവരെ വേട്ടയാടിയത്. ഗോളാഘോഷത്തിന്റെ ആരവമടങ്ങും മുമ്പെ പെരിസിച് വില്ലനായി. കോർണർ കിക്ക് തടുക്കാൻ ചാടിവീണ പെരിസിച്ചിന്റെ കൈയിൽ പന്ത് കൊണ്ടു. ബോധപൂർവമാണോ അല്ലയോ എന്നത് ആർക്കും ഉറപ്പിച്ചുപറയാനാവുമായിരുന്നില്ല. ഒന്നര മിനിറ്റോളം വീഡിയൊ പരിശോധിച്ച് അർജന്റീനക്കാരൻ റഫറി നെസ്റ്റർ പിറ്റാന പെനാൽട്ടി വിധിച്ചു. ഗോളിയെ വലത്തേക്കാകർഷിച്ച് ഗ്രീസ്മാന്റെ ഇടങ്കാൽ പന്തിനെ വലയുടെ ഇടത്തെ മൂലയിലേക്ക് പായിച്ചു. ഗ്രീസ്മാന്റെ നാലാം ഗോൾ.
തിരിച്ചടിക്കാനുറച്ചാണ് ക്രൊയേഷ്യ തിരിച്ചുവന്നത്. ആദ്യ പകുതിയിലെന്ന പോലെ ഫ്രാൻസ് സുസംഘടിതമായി ചെറുത്തുനിന്നു. ആറ് മിനിറ്റിനിടെ രണ്ടു ഗോളടിച്ച് പൂർണമായും അവർ കളിയുടെ കടിഞ്ഞാണേറ്റെടുക്കുകയും ചെയ്തു. രണ്ടും ഒന്നിനൊന്ന് മികച്ച ഗോളുകളായിരുന്നു. അമ്പത്തൊമ്പതാം മിനിറ്റിൽ പോഗ്ബയാണ് രണ്ടാം പകുതിയിലെ ആദ്യ ഗോളടിച്ചത്. പോഗ്ബയുടെ നീളൻ ഡയഗണൽ പാസാണ് നീക്കത്തിന് തുടക്കമിട്ടത്. വലതു വിംഗിലൂടെ കുതിച്ച് പന്ത് പിടിച്ച എംബാപ്പെ ക്രൊയേഷ്യയുടെ ഇവാൻ സ്ട്രിനിച്ചിനെ വെട്ടിച്ച് ബോക്‌സിന്റെ മധ്യത്തിലേക്ക് മറിച്ചു. പന്ത് രണ്ടു തവണ ജഗ്ൾ ചെയ്ത ശേഷം ഗ്രീസ്മാൻ പെനാൽടി സ്‌പോടിൽ നിൽക്കുകയായിരുന്ന പോഗ്ബക്ക് പാസ് ചെയ്തു. പോഗ്ബയുടെ വലങ്കാലനടി ഡിഫന്റർ ദേജാൻ ലോവ്‌റേൻ തടുത്തു. റീബൗണ്ട് പോഗ്ബ തന്നെ ഇടങ്കാലു കൊണ്ട് വലയിലേക്ക് നിലംപറ്റെ പറത്തി. 


ടീനേജ് ഗോൾ
അറുപത്തഞ്ചാം മിനിറ്റിൽ എംബാപ്പെ ലോകകപ്പ് ഫൈനലിൽ ഗോളടിക്കുന്ന രണ്ടാമത്തെ ടീനേജ് താരമായി. 1958 ലെ പെലെയുടെ റെക്കോർഡിനൊപ്പമെത്തി. ലോകകപ്പ് ഫൈനലിൽ സ്റ്റാർടിംഗ് ഇലവനിൽ സ്ഥാനം നേടുന്ന മൂന്നാമത്തെ മാത്രം ടീനേജറാണ് എംബാപ്പെ. ലുക്കാസ് ഹെർണാണ്ടസിന്റെ പാസ് പിടിച്ച എംബാപ്പെ 25 വാര അകലെ നിന്നാണ് ഷോട്ട് പായിച്ചത്.
അറുപത്തൊമ്പതാം മിനിറ്റിൽ കോമഡി ഗോളിനും ഫൈനൽ സാക്ഷിയായി. ബാക്ക്പാസ് പിടിച്ച ഫ്രഞ്ച് ഗോളി ഹ്യൂഗൊ ലോറീസ് ഓടിവന്ന മൻസൂകിച്ചിനെ ഡ്രിബ്ൾ ചെയ്യാൻ ശ്രമിച്ചതായിരുന്നു. മൻസൂകിച്ചിന്റെ കാലിൽ തട്ടി പന്ത് വലയിൽ കയറിയപ്പോൾ ഗാലറിയും കളി കണ്ട ലോകം മുഴുവനുമുള്ള ഫുട്‌ബോൾ പ്രേമികളും മൂക്കത്ത് വിരൽ വെച്ചു. ആ ഭാഗ്യ ഗോൾ തിരിച്ചുവരവിനെക്കുറിച്ച് ക്രൊയേഷ്യക്ക്  നേരിയ പ്രതീക്ഷ നൽകി. 
അവസാന മിനിറ്റുകളിൽ ക്രൊയേഷ്യൻ കളിക്കാർ പൂർണമായും തളർന്ന ഘട്ടത്തിൽ അഞ്ചാം ഗോളടിക്കാനുള്ള രണ്ട് സുവർണാവസരങ്ങൾ പോഗ്ബ പാഴാക്കി. ഫ്രീകിക്കിൽ നിന്നുള്ള പന്ത് പിടിക്കാനായി ബോക്‌സിലേക്ക് ഓടിവന്ന പോഗ്ബയെ ആരും മാർക്ക് ചെയ്തിരുന്നില്ല. പക്ഷെ പോഗ്ബക്ക് ഷോട്ടെടുക്കാനായില്ല.