Thursday , December   13, 2018
Thursday , December   13, 2018

പോലീസിനെതിരെ പ്രകടനം: പോപ്പുലർ ഫ്രണ്ട്  പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ - പോലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി അനുമതിയില്ലാതെ പ്രകടനം നടത്തിയ സംഭവത്തിൽ ജില്ലയിൽ നേതാക്കളടക്കം 160 ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസെടുത്തു. കഴിഞ്ഞ രാത്രിയാണ് കണ്ണൂർ, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്  തുടങ്ങിയ സ്ഥലങ്ങളിൽ പ്രകടനം നടന്നത്. 
പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസിറുദ്ദീൻ എളമരത്തിന്റെയും പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ ജില്ലാ നേതാക്കളുടെയും വീടുകളിൽ പോലീസ് റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രവർത്തകർ പെട്ടെന്ന് സംഘം ചേരുകയും അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തുകയുമായിരുന്നു. കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സമാപിച്ചത്. സംഭവത്തിൽ നാൽപ്പതോളം പേർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ബഷീർ പുന്നാടിന്റെ  വീട്ടിലും കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. 
തലശ്ശേരിയിൽ എഴുപതോളം പേർക്കെതിരെയാണ് കേസെടുത്തത്. നേതാക്കളായ റിയാസ് കായ്യത്ത്, ഉമ്മർ മാസ്റ്റർ, നിസാർ, റിയാസ് ചേറ്റംകുന്ന് എന്നിവരടക്കം കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസ്. ഇരിട്ടിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ മുപ്പതോളം പേർക്കെതിരെയാണ് കേസ്. തളിപ്പറമ്പിൽ ഇരുപതോളം പേർക്കെതിരെയും കേസെടുത്തു. 
അതിനിടെ അഭിമന്യു വിഷയവുമായി ബന്ധപ്പെട്ട് പോലീസിന്റെ ദ്രോഹ നടപടികൾ തുടർന്നാൽ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങാനാണ് സംഘടനയുടെ തീരുമാനമെന്നാണറിയുന്നത്. പഴയ കേസുകൾ പൊടി തട്ടിയെടുത്ത് നടത്തുന്ന അറസ്റ്റുകൾക്കു വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നും സംഘടന തീരുമാനിച്ചതായാണ് പറയുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ മുൻനിര നേതാക്കളെല്ലാവരും തന്നെ സ്വന്തം വീടുകളിൽനിന്നു മാറി നിൽക്കുകയാണ്. 

Latest News