Monday , March   18, 2019
Monday , March   18, 2019

ഗേളി വീണ്ടുമെത്തുന്നു

അഭിനയത്തിനപ്പുറം മറ്റൊന്നും അറിയില്ല. വെല്ലുവിളികൾ നിറഞ്ഞ 
കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്നാണ് മോഹം. വർഷത്തിൽ ഒരു സിനിമയെങ്കിലും 
ചെയ്യണം. ഈയിടെ അഭിനയിച്ച നാ പേരു സൂര്യാ എന്ന തെലുങ്കുചിത്രം അടുത്തമാസം 
തിയേറ്ററുകളിലെത്തും. മലയാളത്തിൽനിന്നും ഇനിയും ഓഫറുകളെത്തുന്നുണ്ട്. 
എങ്കിലും എന്റെ പ്രായത്തിലുള്ളവർക്കുള്ള സിനിമയുണ്ടാവുന്നത് കുറവാണ്. 
പോരാത്തതിന് കേരളത്തിൽ സ്ഥിരതാമസമല്ലാത്തതും അവസരങ്ങൾ കുറയ്ക്കാൻ ഇടയാക്കി. 
ചില പരസ്യചിത്രങ്ങളിലേയ്ക്ക് ക്ഷണം ലഭിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. 

ഗേളിയെ ഓർമയില്ലേ? ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ കുസൃതിക്കാരിയായ പെൺകുട്ടിയെ. വലിയ ഇയർ റിങ്ങുകളും ചുരുട്ടിയൊതുക്കിയ പ്രത്യേക ഹെയർ സ്‌റ്റൈലും വലിയ സൺഗ്ലാസുമൊക്കെയിട്ടായിരുന്നു അവളുടെ വരവ്. വർഷങ്ങളേറെ കഴിഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽനിന്നും അത്രവേഗം മാഞ്ഞുപോകുന്ന വേഷമായിരുന്നില്ല ഗേളിയുടേത്. കുസൃതിയും സ്‌നേഹവുമായി വിഷാദം കലർന്ന പുഞ്ചിരിയോടെ പാറിപ്പറന്നുനടന്ന അവൾ ഒരു മഞ്ഞുകണംപോലെ അലിഞ്ഞില്ലാതായപ്പോൾ അതൊരു നൊമ്പരമായി അവശേഷിച്ചു.
മൂന്നര പതിറ്റാണ്ടോളമായി നാദിയാ മൊയ്തു ഗേളിയെ അവതരിപ്പിച്ചുകഴിഞ്ഞിട്ട്. തുടർന്നും ഒട്ടേറെ കഥാപാത്രങ്ങൾക്ക് ഭാവം നൽകി. എങ്കിലും മലയാളി എന്നും ഓർക്കുന്ന പേരായിരുന്നു ഗേളിയുടേത്. അഭിനയരംഗത്തുനിന്നും കുടുംബജീവിതത്തിലേയ്ക്കും രണ്ടു പെൺകുട്ടികളുടെ അമ്മയായുമെല്ലാം ജീവിതത്തിൽ ഏറെ വേഷങ്ങൾ ആടിത്തീർത്ത നാദിയ  എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തിരിച്ചെത്തിയത്. തുടർന്നും മലയാളത്തിലും തമിഴിലുമെല്ലാമായി ചില ചിത്രങ്ങളിൽ മുഖം കാണിച്ചുപോയി. ഇപ്പോഴിതാ പഴയ നായകനോടൊപ്പം വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ അഭിനേത്രി.
ബോളിവുഡ് സംവിധായകനും എഡിറ്ററുമായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ആദ്യമലയാള ചിത്രമായ നീരാളിയിലൂടെയാണ് നാദിയ വീണ്ടുമെത്തുന്നത്. സണ്ണി ജോർജ് എന്ന ജെമോളജിസ്റ്റായി മോഹൻലാൽ വേഷമിടുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായ മോളിക്കുട്ടിയായാണ് നാദിയയെത്തുന്നത്. ഡ്രാമാത്രില്ലറായ നീരാളിയിലൂടെ മുപ്പത്തിനാലു വർഷത്തിനുശേഷം ആ ജോഡികൾ വീണ്ടുമെത്തുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നാദിയാ മൊയ്തു.
''ഒരൊറ്റ ഫോൺ വിളിയാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. മുംബൈയിൽ സ്ഥിരതാമസക്കാരനായ സംവിധായകൻ അജോയ് വർമ്മ ചോദിച്ചത് ലാലേട്ടനുമൊത്ത് ഒരു ചിത്രമുണ്ട്. അഭിനയിക്കാൻ കഴിയുമോ എന്നാണ്. വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം ലാലേട്ടന്റെ നായിക. ചിത്രീകരണം മുംബൈയിൽ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. മുംബൈയിൽ സ്ഥിരതാമസക്കാരിയായ എനിക്ക് മറ്റെന്തു നോക്കാൻ.  സമ്മതം മൂളി. സംവിധായകൻ വന്നു കണ്ടു. സംസാരിച്ചു. ലാലേട്ടന്റെ ഭാര്യയുടെ വേഷമാണെന്നു പറഞ്ഞു.
സെറ്റിലെത്തി ലാലേട്ടനെ കണ്ടപ്പോഴും അത്ഭുതപ്പെട്ടുപോയി. പുതിയ രൂപവും ഭാവവും. കൂടുതൽ ചെറുപ്പമായിരിക്കുന്നതുപോലെ. പഴയ ഊർജ്ജം അതേപടി നിലനിൽക്കുന്നു. അന്ന് അഭിനയരംഗത്ത് തുടരാൻ ആഗ്രഹിച്ചിരുന്നെങ്കിലും സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു. അതുകൊണ്ടായിരുന്നു ചുവടുറപ്പിക്കാൻ കഴിയാതിരുന്നത്. എങ്കിലും ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
ആദ്യചിത്രത്തിലെ അനുഭവങ്ങൾ നാദിയയ്ക്ക് ഇപ്പോഴും മറക്കാനാവില്ല. ഒരു കോളേജ് പോലെ ബഹളമായിരുന്നു സെറ്റിൽ. ഫാസിൽ സാറിന്റെ സംവിധാനമികവ്. ലാലേട്ടന്റെ കളിചിരികൾ. ലാലേട്ടനെ കണ്ണട വച്ചു നോക്കുന്ന രംഗം. അതെല്ലാം ആർക്ക് മറക്കാനാവും. കാലമെത്ര കഴിഞ്ഞു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.
പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം വേഷമിട്ടിരുന്നെങ്കിലും മലയാളത്തോടായിരുന്നു കൂടുതൽ താല്പര്യം. മലയാളത്തിൽ ഒട്ടേറെ തിരക്കഥാകൃത്തുക്കളും സംവിധായകരും ഇപ്പോഴുണ്ട്. എങ്കിലും സ്ത്രീകേന്ദ്രീകൃതമായ സിനിമകൾ കുറവാണ്. യഥാർത്ഥ ജീവിതം പ്രതിഫലിപ്പിക്കുന്ന സിനിമകളും ഉണ്ടാകേണ്ടതുണ്ട്. പുതിയ ചിത്രമായ നീരാളിയുടെ കഥയും അത്തരത്തിലുള്ളതാണ്. ചിരിയോടൊപ്പം ചിന്തയും ഉയർത്തുന്ന ചിത്രമാണിത്.
തുടക്കത്തിൽ ലഭിച്ചവയെല്ലാം മികച്ച വേഷങ്ങളായിരുന്നു. കൂടുംതേടി എന്ന ചിത്രത്തിലെ ജൂഡിയും വന്നു കണ്ടു കീഴടക്കി എന്ന ചിത്രത്തിലെ മഞ്ജുവും കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലെ അശ്വതിയും പഞ്ചാഗ്നിയിലെ സാവിത്രിയും ശ്യാമയിലെ ശ്യാമയും പൂവിന് പുതിയ പൂന്തെന്നലിലെ നീതയും വധു ഡോക്ടറാണ് എന്ന ചിത്രത്തിലെ അമ്മുക്കുട്ടിയുമെല്ലാം നല്ല വേഷങ്ങളായിരുന്നു. ഇതിനിടയിൽ ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. ഉയിരെ ഉനക്കാകെ, നിലവേ മലരേ, ചിന്ന മാഡം, രാജാത്തി രാജ, താമിരഭരണി, ചണ്ടൈ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങൾ. തെലുങ്കിലും ഒട്ടേറെ കഥാപാത്രങ്ങൾക്ക് ഭാവം പകർന്നു. അഭിനയരംഗത്ത് സജീവമായിരിക്കേയായിരുന്നു വിവാഹം.
ഭർത്താവ് ശിരീഷ് ഗോബോളിനെ കുട്ടിക്കാലംതൊട്ടേ അറിയാമായിരുന്നു. ഞങ്ങൾ തമ്മിലുള്ള വിവാഹം നേരത്തെ പറഞ്ഞുറപ്പിച്ചതായിരുന്നു. ശിരീഷ് അമേരിക്കയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്താണ് ഞാൻ അഭിനയരംഗത്തെത്തിയത്. പഠനം പൂർത്തിയായപ്പോൾ ഞങ്ങളുടെ വിവാഹവും നടന്നു. തുടർന്ന് അമേരിക്കയിലും ലണ്ടനിലുമായി ജീവിതം. ഇപ്പോൾ മുംബൈയിലെത്തി.
ഗേളിയെ ഒരു നായികയായല്ല, മകളായും സഹോദരിയായും അടുത്ത വീട്ടിലെ കുട്ടിയായുമെല്ലാമാണ് പ്രേക്ഷകർ കണ്ടത്. ആ കഥാപാത്രം നൽകിയ കരുത്തിലാണ് നാലുവർഷത്തോളം മലയാളത്തിൽ നിറഞ്ഞുനിന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതുപോലും പ്രേക്ഷകമനസ്സിൽ നിലനിൽക്കണം എന്ന വിശ്വാസത്തിലായിരുന്നു. സിനിമാഭിനയത്തിലൂടെ പണം സമ്പാദിക്കണമെന്നോ ഭാവിജീവിതം പടുത്തുയർത്തണമെന്നോ ആഗ്രഹിച്ചിരുന്നില്ല. ലൊക്കേഷനുകളിൽ പലപ്പോഴും പപ്പ കൂടെയുണ്ടായിരുന്നതുകൊണ്ട് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ എളുപ്പമായി.
വൈവിധ്യമാർന്ന ഒരു സാംസ്‌കാരികാന്തരീക്ഷത്തിലാണ് വളർന്നത്. അച്ഛൻ മൊയ്തു തലശ്ശേരിക്കാരനാണ്. അമ്മ ലളിതയാകട്ടെ തിരുവല്ലക്കാരിയും. ചെമ്പൂരിലെ പാർസി സ്‌കൂളിലായിരുന്നു പഠനം.  
മലയാളികളായ മാതാപിതാക്കളിൽനിന്നും കിട്ടിയ കേരളീയ സംസ്‌കാരം. മലയാളത്തനിമയോടെയാണ് അച്ഛനമ്മമാർ ഞങ്ങളെ വളർത്തിയത്. പിന്നീട് ഒരു മഹാരാഷ്ട്രക്കാരനെ വിവാഹം കഴിച്ച് വിദേശവാസം. പലതരം സംസ്‌കാരങ്ങളുമായി ഇടപഴകാൻ കഴിഞ്ഞു.
അഭിനയത്തിനപ്പുറം മറ്റൊന്നും അറിയില്ല. വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്നാണ് മോഹം. വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണം. ഈയിടെ അഭിനയിച്ച നാ പേരു സൂര്യാ എന്ന തെലുങ്കുചിത്രം അടുത്തമാസം തിയേറ്ററുകളിലെത്തും. മലയാളത്തിൽനിന്നും ഇനിയും ഓഫറുകളെത്തുന്നുണ്ട്. എങ്കിലും എന്റെ പ്രായത്തിലുള്ളവർക്കുള്ള സിനിമയുണ്ടാവുന്നത് കുറവാണ്. പോരാത്തതിന് കേരളത്തിൽ സ്ഥിരതാമസമല്ലാത്തതും അവസരങ്ങൾ കുറയ്ക്കാൻ ഇടയാക്കി. ചില പരസ്യചിത്രങ്ങളിലേയ്ക്ക് ക്ഷണം ലഭിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്.
കുടുംബജീവിതത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ശിരീഷുമായി ചെറുപ്പംതൊട്ടേ അറിയാമായിരുന്നതിനാൽ പരസ്പരം മനസ്സിലാക്കാൻ കഴിയുന്നു. അതുകൊണ്ടാകാം വിട്ടുവീഴ്ച ചെയ്യാൻ രണ്ടുപേർക്കും മടിയില്ല. പുരുഷന്റെ വിജയത്തിനു പിന്നിൽ സ്ത്രീയുടെ പിന്തുണ വേണമെന്നതുപോലെ സ്ത്രീയുടെ ഉയർച്ചയ്ക്ക് പുരുഷന്റെ താങ്ങും ആവശ്യമാണ്. അച്ഛനും ഭർത്താവും എനിക്കു കരുത്തായി നിന്നതുകൊണ്ടാണ് ഇന്ന് കാണുന്ന നാദിയാ മൊയ്തു രൂപപ്പെട്ടത്. മക്കളായ സനയും ജനയും നൽകുന്ന സപ്പോർട്ടും അഭിനയരംഗത്ത് തിരിച്ചുവരാനുള്ള വഴിയൊരുക്കുകയാണ്.  
 

Latest News