നെയ്മാര്‍ എന്ന അഭിനയപ്രതിഭയെ വാനോളം പുകഴ്ത്തിയ മാര്‍ക്കൊ വാന്‍ബാസ്റ്റന്റെ പ്രഖ്യാപനം ബ്രസീല്‍ സൂപ്പര്‍ സ്റ്റാറിന് കിട്ടിയ അവസാന പ്രഹരമായി. യൂറോപ്യന്‍ ഫുട്ബോളിലെ രോമാഞ്ചമാണ് വാന്ബാസ്റ്റണ്. എന്നാല്‍ ലോകകപ്പിലെ മത്സരങ്ങള്‍ സൂക്ഷ്മമായി വീക്ഷിക്കുന്ന ടെക്നിക്കല്‍ കമ്മിറ്റിയുടെ ഡയരക്ടറെന്ന നിലയിലായിരുന്നു വാന്‍ബാസ്റ്റന്റെ നിരീക്ഷണം. ഫ്രീകിക്കുകള്‍ കിട്ടാനുള്ള നെയ്മാറിന്റെ വീഴ്ചകള്‍ വല്ലാതെ കൂടുന്നുണ്ടെന്നും അത് തമാശയായി ആളുകള്‍ ആസ്വദിക്കാന്‍ തുടങ്ങിയത് ബ്രസീല്‍ ടീമിനു പോലും ദോഷമാണെന്നും വാന്‍ബാസ്റ്റന്‍ വിലയിരുത്തി. ലോകകപ്പ് ടെക്നിക്കല്‍ കമ്മിറ്റിയുടെ വാക്ക് വെറും വാക്കല്ല.
നെയ്മാറിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമാണ് ഇത്. ഈ വര്‍ഷമാണ് നെയ്മാര്‍ ഫിഫ ബാലന്‍ഡോര്‍ ബഹുമതി നേടേണ്ടിയിരുന്നത്. അല്ലെങ്കില്‍ അതായിരുന്നു ലക്ഷ്യം. ബാഴ്സലോണയില്‍ ലിയണല്‍ മെസ്സിയുടെ നിഴലില്‍ നിന്ന് മാറി പി.എസ്.ജിയിലേക്ക് ചേക്കേറിയത് അതിനായിരുന്നു. പി.എസ്.ജിയോടൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടുക, ബ്രസീലിനൊപ്പം ലോകകപ്പും. രണ്ടും സാധ്യതയുടെ വലയത്തിലായിരുന്നു. പക്ഷെ ഫെബ്രുവരിയിലെ പരിക്ക് എല്ലാം അവതാളത്തിലാക്കി. ബെല്‍ജിയത്തിന്റെ തന്ത്രത്തിനു മുന്നില്‍ ബ്രസീലിന് അടിതെറ്റിയത് ലോകകപ്പ് സ്വപ്നങ്ങളും ഉടച്ചു. ബ്രസീലിനെ ബെല്‍ജിയം വീഴ്ത്തിയതാണ് ഈ ലോകകപ്പിലെ മികച്ച ടാക്റ്റിക്സായി ഫിഫ ടെക്നിക്കല്‍ കമ്മിറ്റി വിലയിരുത്തിയത് എന്നത് യാദൃശ്ചികം.
ഈ രണ്ട് തിരിച്ചടികള്‍ക്കും നെയ്മാര്‍ മാത്രം ഉത്തരവാദിയല്ല. എന്നാല്‍ ലോകകപ്പിനിടയിലെ അഭിനയങ്ങള്‍ സ്വയംകൃതാനര്‍ഥമാണ്. അത് നെയ്മാറിന്റെ പ്രതിഛായക്കുണ്ടാക്കിയ കോട്ടം ചില്ലറയല്ല. ഏറ്റവുമധികം വീക്ഷിക്കപ്പെടുന്നതും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതുമായ കായിക മേളയാണ് ലോകകപ്പ്. ലോകകപ്പില്‍ നെയ്മാറിനുണ്ടായ ദുഷ്പേര് എളുപ്പം മാറ്റാനാവില്ല. കളികളെ മാത്രം ആശ്രയിച്ചല്ല ഇന്ന് കളിക്കാരന്റെ മാര്‍ക്കറ്റ് മൂല്യം നിശ്ചയിക്കുന്നത്. പ്രതിഛായ കൂടി ബന്ധപ്പെടുത്തിയാണ്. കൡയില്‍ നിന്ന് കിട്ടുന്നതിന്റെ എത്രയോ മടങ്ങാണ് പരസ്യങ്ങളില്‍ നിന്ന് കളിക്കാര്‍ക്ക് കിട്ടുന്നത്. അതുകൊണ്ട് തന്നെ ഈ ലോകകപ്പ് നെയ്മാറിനുണ്ടാക്കിയ പരിക്ക് വളരെ വലുതാണ്. നെയ്മാറിന്റെ ഹെയര്‍ കട്ടും വീഴ്ചകളും വിജയിച്ച ശേഷമുള്ള കണ്ണീരുമൊക്കെ അല്പം കൂടിപ്പോയി എന്ന് ബ്രസീലുകാര്‍ പോലും പരിഹസിച്ചു. എളുപ്പം ഇടപെടാവുന്ന നല്ല പയ്യനെന്നാണ് നെയ്മാറിനെ അറിയുന്നവര്‍ പറയുന്നത്. എന്നാല്‍ നെയ്മാറും ലോകവുമായുള്ള ബന്ധം സോഷ്യല്‍ മീഡിയകള്‍ വഴി മാത്രമാണ്. എപ്പോഴും ഒരു സംരക്ഷിതവലയമുണ്ട് നെയ്മാറിന് ചുറ്റും. അയാളുടെ കളികള്‍ക്കപ്പുറം യഥാര്‍ഥ നെയ്മാര്‍ എന്ത് എന്നത് ദുരൂഹതയാണ്.
വലിയ ആശങ്കകളോടെയാണ് നെയ്മാര്‍ പുതിയ സീസണ് തുടങ്ങുക. പി.എസ്.ജിയില്‍ തുടരണമോയെന്നതായിരിക്കും ആദ്യ തീരുമാനം. ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്ക് റയല്‍ മഡ്രീഡ് പകരക്കാരനെ തേടുന്നുണ്ട്. നെയ്മാറിനെ ലോകകപ്പിനു മുമ്പ് അവര്‍ നോട്ടമിട്ടിരുന്നു. ലിയണല്‍ മെസ്സിയെയും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെയും പോലെ നെയ്മാറിനും ലോകകപ്പ് കിട്ടാക്കനിയാവുമോ? മെസ്സിക്കും ക്രിസ്റ്റിയാനോക്കും ബാലന്‍ഡോര്‍ ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. നെയ്മാറിന് ആശ്വസിക്കാന്‍ അതുപോലുമില്ല. എല്ലാം വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു. പ്രതിഛായാ നഷ്ടം, അതു പരിഹരിക്കലാവും ആദ്യ ദൗത്യം.