Monday , November   19, 2018
Monday , November   19, 2018

സൗദിവൽക്കരണം കുറച്ചിട്ടില്ലെന്ന് തൊഴിൽ മന്ത്രാലയം 

റിയാദ്-ജ്വല്ലറികൾ, ലേഡീസ് ഷോപ്പുകൾ, മൊബൈൽ ഫോൺ കടകൾ, റെന്റ് എ കാർ സ്ഥാപനങ്ങൾ പോലെ നേരത്തെ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കിയ മേഖലകളിൽ സൗദിവൽക്കരണം കുറക്കുകയോ കുറക്കുന്നതിന് തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലകളിൽ സൗദിവൽക്കരണ അനുപാതം കുറക്കുന്നതിന്  മന്ത്രാലയം തീരുമാനിച്ചു എന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.
പുതുതായി സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുന്നതിന് തീരുമാനിച്ച 12 മേഖലകളിൽ സൗദിവൽക്കരണം 70 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പഠിക്കുന്നുണ്ട്. ഇതേക്കുറിച്ച റിപ്പോർട്ടുകൾ തെറ്റിദ്ധരിച്ചാണ് ഇതിനകം സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കിയ മേഖലകളിലും സൗദിവൽക്കരണത്തിൽ ഇളവ് അനുവദിക്കുമെന്ന് ചിലർ പ്രചരിപ്പിക്കുന്നത്. പന്ത്രണ്ടു മേഖലകളിൽ സ്വദേശിവൽക്കരണത്തിൽ ഇളവ് നൽകുന്നതിനുള്ള കരടു തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരസ്യപ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമകളും തൊഴിലാളികളും സാമ്പത്തിക വിദഗ്ധരും അടക്കമുള്ളവരിൽ നിന്ന് ലഭിക്കുന്ന അഭിപ്രായ, നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കരടു തീരുമാനം അതേപോലെ അംഗീകരിക്കുകയോ ഇതിൽ ഭേദഗതികൾ വരുത്തുകയോ ചെയ്യും. ഒപ്റ്റിക്കൽ ടെക്‌നിഷ്യൻ, കാർ മെക്കാനിക്, വാച്ച് ടെക്‌നിഷ്യൻ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ നന്നാക്കുന്ന സാങ്കേതിക വിദഗ്ധർ, ടെയിലർ, പാചകക്കാരൻ, പലഹാര നിർമാണ വിദഗ്ധൻ പോലെ സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാളികളെ വ്യവസ്ഥകൾക്ക് വിധേയമായി സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കുമെന്ന് കരടു തീരുമാനം വ്യക്തമാക്കുന്നു. സൗദി ജീവനക്കാരുടെ എണ്ണം പത്തിൽ കുറയാത്ത സ്ഥാപനങ്ങളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതു മുതൽ ആറു മാസക്കാലത്തേക്ക് സെയിൽസ് മാനേജറായി ഒരു വിദേശിയെ നിയമിക്കുന്നതിന് അനുവദിക്കും. അഞ്ചിൽ കുറവ് സൗദി ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ കയറ്റിറക്ക്, ശുചീകരണ ജോലികൾക്ക് ഒരു വിദേശിയെ നിയമിക്കുന്നതിന് അനുവദിക്കും. അഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആകെ ജീവനക്കാരുടെ ഇരുപതു ശതമാനത്തിന് തുല്യമായത്ര വിദേശികളെ കയറ്റിറക്ക്, ശുചീകരണ ജോലികൾക്ക് നിയമിക്കുന്നതിന് അനുമതിയുണ്ടാകും. സ്ഥാപനങ്ങളുടെ മെയിൻ ഓഫീസിൽ ജോലി ചെയ്യുന്ന വിദേശികളെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയമല്ലാത്ത നേരത്ത് സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് അനുവദിക്കുമെന്നും കരടു തീരുമാനം വ്യക്തമാക്കുന്നു.  കരടു തീരുമാനം അനുസരിച്ച് ഒരു ജീവനക്കാരൻ മാത്രമുള്ള സ്ഥാപനങ്ങളിൽ സൗദികൾക്കു മാത്രമാണ് ജോലി ചെയ്യുന്നതിന് അനുമതിയുണ്ടാവുക. രണ്ടു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഒരു സൗദിയെയും മൂന്നു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ രണ്ടു സൗദികളെയും നാലു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ രണ്ടു സൗദികളെയും അഞ്ചു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ മൂന്നു സൗദികളെയും ആറു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ നാലു സൗദികളെയും ഏഴു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ നാലു സൗദികളെയും എട്ടു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ അഞ്ചു സൗദികളെയും ഒമ്പതു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആറു സൗദികളെയും പത്തു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഏഴു സൗദികളെയും പതിനൊന്നു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഏഴു സൗദികളെയും പന്ത്രണ്ടു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ എട്ടു സൗദികളെയും മുപ്പതു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 21 സൗദികളെയും നൂറു ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 70 സൗദികളെയും ജോലിക്കു വെക്കൽ നിർബന്ധമായിരിക്കും. സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്ത് വിദേശികൾ ഒറ്റക്ക് ജോലി ചെയ്യുന്നതായി കണ്ടെത്തുകയോ മുപ്പതു ശതമാനത്തിൽ കൂടുതൽ വിദേശികൾ ജോലി ചെയ്യുന്നതായി കണ്ടെത്തുകയോ ചെയ്താൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. സ്ഥിരമായി ചുരുങ്ങിയത് ഒരു സൗദി ജീവനക്കാരനെങ്കിലും ഇല്ലാതെ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിപ്പിക്കുന്നതിന് ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.  
 

Latest News