Saturday , February   16, 2019
Saturday , February   16, 2019

നെയ്മാറേ, ഇത്ര വേണ്ട -വാൻബാസ്റ്റൺ

  • ബെൽജിയം തന്ത്രത്തിന് ഫിഫ പ്രശംസ

മോസ്‌കൊ - ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ ബെൽജിയം പ്രയോഗിച്ച തന്ത്രത്തെ പുകഴ്ത്തിയ ലോകകപ്പ് ഫുട്‌ബോളിന്റെ ഫിഫ ടെക്‌നിക്കൽ സമിതി ബ്രസീൽ താരം നെയ്മാറിന്റെ വീഴ്ചകളെ കണക്കിന് പരിഹസിച്ചു. ബ്രസീലിനെതിരെ ബെൽജിയത്തിന്റേതാണ് ലോകകപ്പ് കണ്ട മികച്ച തന്ത്രമെന്ന് ടെക്‌നിക്കൽ സമിതി വിലയിരുത്തി. നെയ്മാറിന്റെ അഭിനയം പരിഹാസമാണ് ഉയർത്തുന്നതെന്നും അൽപം കുറക്കുന്നതാണ് നല്ലതെന്നും ഫിഫ ടെക്‌നിക്കൽ ഡയരക്ടരും മുൻ ഡച്ച് രോമാഞ്ചവുമായ മാർക്കൊ വാൻബാസ്റ്റൺ ഉപദേശിച്ചു. പഴുതടച്ച പ്രതിരോധം ഇപ്പോഴത്തെ സെൻട്രൽ സ്‌ട്രൈക്കർമാർക്ക് മുന്നേറ്റം പ്രയാസകരമാക്കുന്നുവെന്ന് മുൻ സെൻട്രൽ സ്‌ട്രൈക്കർ കൂടിയായ വാൻബാസ്റ്റൺ വിലയിരുത്തി. 
ബ്രസീലിനെ 2-1 ന് തോൽപിച്ച കളിയിൽ ബെൽജിയം ഉജ്വലമായാണ് ആദ്യ പകുതിയിൽ കളിച്ചത്. മത്സരത്തിൽ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്‌നെയെ സെൻട്രൽ അറ്റാക്കറെ പോലെയാണ് കളിപ്പിച്ചത്. റൊമേലു ലുകാകുവിനെ വലതു വിംഗിലും. ഡിബ്രൂയ്‌നെ ഗോളടിച്ചു. ആ മത്സരത്തെ ബെൽജിയം കോച്ച് റോബർടൊ മാർടിനസ് സമീപിച്ചതും ടീമിനെ വിന്യസിച്ചതും ഉജ്വലമായിരുന്നുവെന്ന് ടെക്‌നിക്കൽ സ്റ്റഡി ഗ്രൂപ്പ് അംഗം ആൻഡി റോക്‌സ്ബർഗ് പ്രശംസിച്ചു. മിക്ക കളിക്കാരും യൂറോപ്പിലാണ് കളിക്കുന്നതെങ്കിലും ലോകകപ്പിൽ വിവിധ രാജ്യങ്ങൾ വ്യത്യസ്ത ശൈലിയിലാണ് പൊരുതിയത്. ഫുട്‌ബോളിൽ ആഗോളവൽക്കരണമുണ്ടെന്നതു ശരി തന്നെ. എന്നാൽ ഈ കളിക്കാർ സ്വദേശത്ത് കളിച്ചു വളർന്നവരാണ്, അതിന്റെ സ്വാധീനം പ്രകടമായിരുന്നു. മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാഡിയോളയുടെ കോച്ചിംഗ് രീതിയുടെ സ്വാധീനം എല്ലാ ടീമിലും പ്രകടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗം ചിന്തിക്കുകയും അതിവേഗം പ്രവർത്തിക്കുകയും ചെയ്യുന്ന നിരന്തര സമ്മർദ്ദമാണ് ഈ തന്ത്രത്തിന്റെ അടിസ്ഥാനം. സെറ്റ്പീസുകളെ കൂടുതൽ ഗൗരവത്തോടെ ടീമുകൾ സമീപിച്ചു. ഇംഗ്ലണ്ടാണ് കോർണർകിക്കുകളുടെ രാജാക്കന്മാരെന്ന് റോക്‌സ്ബർഗ് അഭിപ്രായപ്പെട്ടു. 
നെയ്മാറിന്റെ വീഴ്ചകൾ ലോകവ്യാപകമായി പരിഹസിക്കപ്പെടുന്നുണ്ടെന്ന് വാൻബാസ്റ്റൺ ചൂണ്ടിക്കാട്ടി. ഫ്രീകിക്ക് കിട്ടാനായി വീഴുന്നതും പരിക്ക് അഭിനയിക്കുന്നതും നല്ല സ്വഭാവമല്ല. അത് നെയ്മാറിനും ടീമിനും തന്നെ ദോഷം ചെയ്യുന്നു. അഭിനയം കൂടുമ്പോൾ എല്ലാവരും അത് തിരിച്ചറിയും. അത് നെയ്മാർ മനസ്സിലാക്കണം -വാൻബാസ്റ്റൺ ഓർമിപ്പിച്ചു. പരിക്കേൽക്കുകയോ പരിക്കേറ്റതായി അഭിനയിക്കുകയോ ചെയ്ത് നെയ്മാർ അഞ്ച് കളികളിൽ 14 മിനിറ്റ് ഗ്രൗണ്ടിൽ കിടന്നതായാണ് കണക്ക്. 'നെയ്മാറിന്റെ വീഴ്ചകൾ കാണികൾക്ക് ഹരം പകരുന്നുണ്ടല്ലോ, കളിയിൽ അൽപം തമാശയൊക്കെ വേണ്ടേ?' -വാൻബാസ്റ്റൺ ചോദിച്ചു. 
ഇപ്പോഴത്തെ ഒമ്പതാം നമ്പർ താരങ്ങൾക്ക് പന്ത് കിട്ടാനും ഗോളടിക്കാനും കളിയിൽ സ്വാധീനം ചെലുത്താനും പ്രയാസകരമാകുന്ന വിധത്തിലാണ് കോച്ചുമാർ പ്രതിരോധ ഭിത്തി തീർക്കുന്നതെന്ന് വാൻബാസ്റ്റൺ വിലയിരുത്തി. അത്രയും കുറച്ച് പഴുത് മാത്രമേ സ്‌ട്രൈക്കർമാർക്ക് ലഭിക്കുന്നുള്ളൂ. ഏറ്റവും സുസംഘടിതമായ പ്രതിരോധം സ്വീഡൻ, ഡെന്മാർക്ക്, ഐസ്‌ലന്റ് ടീമുകളുടേതാണ്. അതിനാലാണ് ലിയണൽ മെസ്സിയെയും നെയ്മാറിനെയും പോലുള്ള കളിക്കാർക്ക് ഡിഫന്റർമാരെയും മിഡ്ഫീൽഡർമാരെയും കീഴടക്കാൻ സാധിക്കാതിരുന്നത്. ജർമനി, സ്‌പെയിൻ ടീമുകളും നേരിട്ടത് പ്രതിരോധത്തിന്റെ ഉരുക്കുഭിത്തികളാണ്. എതിരാളികളുടെ മിന്നൽ പ്രത്യാക്രമണത്തിന് ഇരയാവുകയും ചെയ്തു ഈ ടീമുകൾ -വാൻബാസ്റ്റൺ വിശദീകരിച്ചു.