Friday , February   22, 2019
Friday , February   22, 2019

രോഗി കൊതിച്ചതും  വൈദ്യൻ കൽപിച്ചതും കൊഴുപ്പ്

വർഷം 1900 മുതലിങ്ങോട്ട് ഒരു 1960 കൾ വരെ നീണ്ടു നിൽക്കുന്ന, ദാരിദ്ര്യ പൂർണമായ, ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കാത്ത ബഹുഭൂരിപക്ഷം വരുന്ന കേരളീയ സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയുടെ ആദ്യത്തെ വിത്തുകൾ നടുന്നത് 1970 കളിലെ ഗൾഫ് പ്രവാസത്തിന്റെ തുടക്കത്തോടെയാണെന്ന് ഏതു കൊച്ചു കുട്ടിക്കുമറിയാം. ഇത് ശക്തി പ്രാപിച്ച് 1980 കളിലെയും 1990 കളിലെയും പ്രവാസ കുത്തൊഴുക്കിന്റെയും തിരിച്ചിങ്ങോട്ടുള്ള NRI കറൻസിയുടെ വിളവെടുപ്പിന്റെയും പ്രത്യക്ഷ ലക്ഷണങ്ങളായിരുന്നു തുടക്കം മുതൽക്കേ വാണിജ്യ സമുച്ചയങ്ങളുടെയും ആഡംബര ഭവനങ്ങളുടെയും വാഹനങ്ങളുടെയും രൂപത്തിലും പിന്നീടിങ്ങോട്ട് ഒരു 2000ാമാണ്ട് മുതൽക്ക് ഭൂമി അഥവാ ഫ്ലാറ്റ് അഥിഷ്ഠിത റിയൽ എസ്റ്റേറ്റ് വിസ്ഫോടനത്തിലൂടെയും, അവസാനം ഒരു കഴിഞ്ഞ പത്തു വർഷത്തിനുളളിൽ ഉയർന്നു വന്ന ഷോപ്പിംഗ് മാൾ സംസ്ക്കാരത്തിലൂടെയും കേരളം പൊതുവെയും മലബാർ വിശേഷിച്ചും സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ നൂറ്റാണ്ടിൽ സംഭവിച്ച വ്യാവസായിക വിപ്ലവം പോലെ, പിന്നീട് സംഭവിച്ച കാർഷിക വിപ്ലവം പോലെ, Y2Kയ്ക്ക് ഇപ്പുറം നടന്ന IT വിപ്ലവം പോലെ, ഇപ്പോ അവസാനം നടന്ന സോഷ്യൽ മീഡിയാ വിപ്ലവം പോലെയൊക്കെത്തന്നെ, നമ്മെ മാറ്റി മറിച്ച ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു ഭക്ഷ്യ വിപ്ലവം അഥവാ ഫാസ്റ്റ് ഫുഡ് വിപ്ലവം. വലിയൊരളവിൽ അതിന് ഉൽപ്രേരകമായത് മേൽ പറഞ്ഞ ഗൾഫ് പ്രവാസം തന്നെയെന്നു കാണാം.

ഇവിടെ, ഭക്ഷ്യ സുഭിക്ഷത എന്നത് കേവലം ഭക്ഷ്യ വസ്തുക്കളുടെ അളവിലുണ്ടായ വർധനവല്ല, മറിച്ച് പാരമ്പര്യമായി നാം പിന്തുടർന്നു പോന്ന സസ്യധിഷ്ഠിത ഭക്ഷ്യ ക്രമത്തിൽ നിന്നും ഏതാണ്ട് പൂർണമായും മാംസാ ധിഷ്ഠിത നോൺ വെജ് സംസ്ക്കാരത്തിലേക്കുള്ള റാഡിക്കൽ ആയ ഒരു മാറ്റം തന്നെയായിരുന്നു സംഭവിച്ചത്!

കൗമാരക്കാരും യുവാക്കളും മാത്രമല്ല, മധ്യവയസക്കരും വയോധികരും എല്ലാം തന്നെ ഈ ഒരു transformation ഒരു പോലെ ആശ്ലേഷിച്ചു, ആസ്വദിച്ചു, ഇരുകൈയും നീട്ടി സ്വീകരിച്ചു.

സ്വാഭാവികമായും ഇതിന്റെ നെഗറ്റിവ് പ്രത്യാഘാതങ്ങൾ രണ്ട് മേഖലകളിലാണ് പ്രധാനമായും പ്രത്യക്ഷപ്പെട്ടത്.

ഒന്ന്, പരിസ്ഥിതികം. മാലിന്യ സംസ്ക്കരണരംഗം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി തന്നെയായിരുന്നു, നോൺ വെജിറ്റേറിയൻ വിപ്ലവം. അറവുമാലിന്യവും ഭക്ഷ്യ മാലിന്യവും കേരളം പോലെ ജനസാന്ദ്രതയുളള ഒരു സ്ഥലത്ത് സൃഷ്ടിച്ച പരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് ദീർഘമായി വേറെത്തന്നെ എഴുതാനുണ്ടെങ്കിലും, നമ്മുടെ പ്രതിപാദ്യ വിഷയം അതല്ലാത്തതിനാൽ അതിലേക്ക് കൂടുതൽ കടക്കുന്നില്ല.

രണ്ട്. ആരോഗ്യപരം. മാംസഭക്ഷണാധിഷ്ഠിതമായി മാറിയ ജീവിത ശൈലി സൃഷ്ടിച്ച ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു  കൊഴുപ്പിന്റെ അതിപ്രസരം. നൂറ് ശതമാനം non-vegetarian ഭക്ഷ്യ സംസ്ക്കാരം മൂലം വ്യാപകമായ, ജീവിത ശൈലീ രോഗങ്ങൾ എന്ന് വിളിക്കപ്പെടുന്ന കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ പ്രത്യാഘാതങ്ങളെ ഒരു വേള അവഗണിച്ചു കൊണ്ടു പോലും തങ്ങളുടെ ഭക്ഷ്യ രീതി തുടർന്നു പോന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സാമൂഹിക തലത്തിൽ വന്ന ഒരു സമൂല മാറ്റമായത് കൊണ്ട് തന്നെ, ഒരു വ്യക്തിയെന്ന നിലയിൽ ഒരു Healthy Diet നിലനിർത്തുക എന്നത് ഒരു വെല്ലുവിളിയായി മാറി. 

അതു കൊണ്ട് തന്നെ, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, അങ്ങേയറ്റം ആസ്വാദ്യകരമായ രുചി നൽകുന്ന കൊഴുപ്പ് ശരീരത്തിന് വരുത്തുന്ന കുഴപ്പങ്ങളെക്കുറിച്ച് അറിഞ്ഞു കൊണ്ടുതന്നെ, അൽപം കുറ്റ ബോധത്തോടെയാണെങ്കിലും ഈ ഭക്ഷണ രീതി സർവ്വരും തുടർന്നു പോന്നു.

അതോടൊപ്പം തന്നെ, അറേബ്യൻ ഭക്ഷ്യ രീതി ഒരു ദശാബ്ധക്കാലമായി കേരളത്തെ സ്വാധീനിച്ചു വരുകയായിരുന്നുവെങ്കിലും, ശക്തമായ സ്വദേശിവൽക്കരണം പോലുള്ള കാരണങ്ങൾ മൂലം വലിയ അളവിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളിൽ നല്ലൊരു വിഭാഗം തുടങ്ങിയ ഫാസ്റ്റ് ഫുഡ് Restaurants സംരംഭങ്ങളിലൂടെ ഏതാണ്ട് മലയാളിയുടെ തീൻമേശ പൂർണമായും അറബ് വൽക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

മറുവശത്ത്, ഫേസ്ബുക്കി ന്റെയും വാട്ട്സ് ആപ്പിന്റെയും മറ്റു സാമൂഹിക മാധ്യമങ്ങളുടെയും വരവോടെ സംഭവിച്ച വൈദ്യവിജ്ഞാന അതിപ്രസരത്തിന്റെ ഫലമായി ഒരു വിധം എല്ലാവരും, മുമ്പ്   കേവലം കേൾവിക്കാർ മാത്രമായിരുന്നതിൽ നിന്ന് വിഭിന്നമായി,  വിമർശനാത്മക "ആരോഗ്യ വിദഗ്ധ"രാവുകയും ചെയ്തിരുന്നിട്ടുപോലും ഇതിന് ഒരു പരിഹാരമായില്ല.

ഈയൊരു പശ്ചാത്തലത്തിലാണ്, കഥയിൽ പുതിയൊരു ട്വിസ്റ്റ് വരുന്നത്.  ഇത്രയും കാലം, ചതിയൻ ചന്തുവിനെപ്പോലെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്ന, കൊഴുപ്പ് എന്ന പാവം വില്ലന്റെ ആരും കാണാത്ത നന്മകളും,  പകരം ഇത്രയും കാലം നമ്മൾ അന്ധമായി വിശ്വസിച്ചിരുന്ന അന്നജം അഥവാ കാർബോഹൈഡ്രേറ്റ് എന്ന നായകന്റെ തിൻമകളും, Low Carb High Fat (LCHF) എന്ന പേരിൽ നമ്മുടെ മുന്നിലവതരിക്കുന്നത്!

മേൽ പറഞ്ഞ മാംസ ഭക്ഷണശൈലിക്കടിപ്പെട്ടിരുന്ന വലിയൊരു വിഭാഗത്തിന്റെ യും മനസ്സിൽ ലഡ്ഡു പൊട്ടിക്കുന്നതായിരുന്നു ഇതിലെ High Fat എന്ന മുദ്രാവാക്യം. തങ്ങൾ തുടർന്നു വന്ന രുചികരമായ Non Veg നെ ഒന്നും ഉപേക്ഷിക്കാതെ തന്നെ, താരതമ്യേന ത്യാഗം കുറഞ്ഞ ഈ Diet ന്റെ popularity വളരെ വേഗം കുതിച്ചുയർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

മുൻ വിധികളില്ലാതെ, LCHF നെക്കുറിച്ച് കേൾക്കാനിടയായ ആർക്കും എളുപ്പം മനസ്സിലാവുന്നതും ആകൃഷ്ടത തോന്നുന്നതും തന്നെയാണതിന്റെ പ്രധാന ആകർഷണം. ഈ ഡയറ്റ് പിന്തുടർന്ന് ശരീരഭാരവും വണ്ണവും, more importantly, കുടവയറും കുറഞ്ഞ് ഒരു പാട് മാറ്റം സംഭവിച്ച ഏതെങ്കിലും സുഹൃത്തുക്കളെ നേരിൽ കണ്ട ആർക്കും അതിനോട് ആകർഷണം തോന്നിയത് സ്വാഭാവികം.

ഇതോടൊപ്പം, വളരെ ഊർജിതമായ നിലയിൽ നടന്നുവരുന്ന പ്രഭാഷണ കാമ്പയിനുകളിലൂടെ,  നിലവിൽ പന്ത്രണ്ടായിരത്തിലധികം അംഗങ്ങളുള്ള Telegram പോലുള്ള Chat Groupലൂടെ, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയെല്ലാമായി, നിരന്തര പ്രചാരണവും നടന്നു വരുന്നു.

കൌതുകകരമെന്ന് തോന്നിയത്,  പ്രാഥമികമായും പ്രമേഹം' എന്ന വ്യാപകരോഗത്തെ (epidemic) അഭിമുഖീകരിക്കുന്നതിനുള്ള ഒരു ഡയറ്റ് ആയിട്ടാണ് ഇത് അവതരിച്ചതെങ്കിലും, ക്രമേണ പക്ഷാഘാതം,  കാൻസർ, വൃക്കരോഗം എന്നിങ്ങനെ എല്ലാ major രോഗങ്ങളെയും പ്രതിരോധിക്കുന്ന ഒരു Master Key ആയിട്ട് LCHF നെ ബ്രാൻഡ് ചെയ്യുന്നത് അതിന്റെ മാർക്കറ്റിംഗിന് അങ്ങേയറ്റം സഹായകമാവുന്നുണ്ട്. 

(തൽക്കാലം, ഹൃദ്രോഗത്തെക്കുറിച്ച് ചോദിക്കരുത്. അത് തങ്ങളുടെ പരിധിയിലൊതുങ്ങില്ല!)

ക്രോണിക് ആയ ഒരു ശരാശരി പ്രമേഹബാധിതന്, വർഷങ്ങളായി താൻ പിന്തുടരുന്ന മോഡേൺ മെഡിസിൻ രീതികളിലൂടെ പ്രദാനം ചെയ്യുന്നതിലുമെത്രയോ വേഗത്തിൽ ഫലപ്രാപ്തി, അതും മരുന്നുകളുടെ സഹായം പോലുമില്ലാതെ ഈ പുതിയ ഡയറ്റ് പ്രദാനം ചെയ്യുന്നത് കാണുമ്പോൾ സ്വാഭാവികമായി ഉണ്ടാവുന്നത് രണ്ട് തരം feelings ആണ്. 

ഒന്ന്, LCHF നോടുള്ള അമിതമായ പ്രതിപത്തി. രണ്ട്, മോഡേൺ മെഡിസിൻ ഇക്കാര്യത്തിൽ വിജയസാധ്യത കുറഞ്ഞതാണോയെന്ന ആശങ്ക. ഇത് രണ്ടും word of mouth വഴി പ്രചരിപ്പിക്കപ്പെടുന്നതോടെയാണ് ഇതിന് വ്യാപക സ്വീകാര്യത കൈവന്നത്.

ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം, LCHF ന്റെ Short Term ഫലം വളരെയധികം ആകർഷകമാണെന്ന (Too difficut to deny) കാര്യം അംഗീകരിക്കുമ്പോഴും ഒരു പാട് ചോദ്യങ്ങൾ അവശേഷിക്കുന്നു. ഉദാഹരണം:

1. ഒന്നോ രണ്ടോ മാസത്തെ കഠിനമായ Diet ലൂടെ കൈവരിച്ച weight loss തുടർന്നങ്ങോട്ടും Long Term നിലനിർത്താനുള്ള feasibility യെ കുറിച്ച് ചിന്തിക്കുന്നുണ്ടോ?

2. ഒരു 5 വർഷം അഥവാ 10 വർഷം ഈ ഡയറ്റ് തുടർന്നാൽ മനുഷ്യ ശരീരത്തിന് സംഭവിക്കുന്ന നെഗറ്റീവ് മാറ്റങ്ങൾ എന്തൊക്കെയാണെന്നതിന് നമ്മുടെ മുമ്പിൽ evidence based പഠനങ്ങൾ വല്ലതും ഉണ്ടോ?

3. ഇത്രയധികം beneficial ആയിരുന്നെങ്കിൽ, ഇങ്ങനെ ഒരു ഭക്ഷണ രീതി എന്തുകൊണ്ട് ഇത്രയും കാലം വ്യാപകമായി ലോകത്ത് മറ്റെവിടെയും സ്വീകരിക്കപ്പെട്ടില്ല?

ഇത്തരം ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണമെങ്കിൽ ആദ്യം വേണ്ടത് LCHF നെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്ര രംഗത്തിന്റെ നിലപാട് അറിയുക എന്നതാണ്. ഇവിടെയാണ് കേരളത്തിൽ നിന്നു തന്നെയുള്ള മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായങ്ങളുടെ സാമൂഹിക പ്രസക്തി.

ഒരു വശത്ത് LCHF അത്യധികം ജനകീയ ശ്രദ്ധ ആകർഷിക്കുകയും ആളുകൾ ഉടനടി ആ രീതി പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ, തുല്യമായ രീതിയിൽ തന്നെ അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കേണ്ട ഭാരിച്ച ഉത്തരാവാദിത്തമാണ് നമ്മുടെ വൈദ്യശാസ്ത്ര അധികാരികൾക്കും (സർക്കാറിനും) ഉള്ളത്. 

LCHF പൂർണമായും സ്വീകാര്യമായ  ഒരു രീതിയാണെന്ന് മെഡിക്കൽ വിദഗ്ധർ തന്നെ അംഗീകരിച്ചാൽ അത് പിന്തുടരുന്നവർക്കുള്ള ആത്മവിശ്വാസം ചെറുതായിരിക്കില്ല.