Saturday , February   16, 2019
Saturday , February   16, 2019

മഴ ശക്തം; പക്ഷേ...

നദികളുടെ ഉത്ഭവസ്ഥാനം, നദീതീര സംരക്ഷണം, മണൽ തിട്ടകളുടെ സംരക്ഷണം, മണൽ വാരൽ നിയന്ത്രണം, നീരൊഴുക്ക് വർദ്ധിപ്പിക്കൽ, ഉപരിതല ഭൂഗർഭ ജല ലഭ്യത വർധിപ്പിക്കൽ, മാലിന്യ നിക്ഷേപം തടയൽ, വ്യവസായ മാലിന്യങ്ങൾ, ഗാർഹിക മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കുന്നത് ഒഴിവാക്കൽ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. മഴയനുഗ്രഹിച്ച ഈ വർഷമെങ്കിലും ഇത്തരമൊരു മുൻകൈ ഉണ്ടായില്ലെങ്കിൽ ഭാവിയിൽ നാം ദുഃഖിക്കുമെന്നുറപ്പ്. 

അടുത്ത കാലത്തൊന്നും കാണാത്ത ശക്തിയോടെയാണ് ഇക്കുറി കേരളത്തിൽ മഴ പെയ്യുന്നത്. മരങ്ങളില്ലെങ്കിലും മഴ പെയ്യുമെന്നതിനു ഇതിനേക്കാൾ വലിയ തെളിവ് വേണോ എന്നു പോലും ചില വികസനവാദികൾ ചോദിക്കുന്നതു കേട്ടു. പക്ഷേ എന്തു ഗുണം? എത്ര മഴ പെയ്താലും ഒഴുകുന്ന വെള്ളത്തെ പിടിച്ചു നിർത്താൻ പ്രകൃതി തന്ന സംവിധാനങ്ങളെല്ലാം ഏറെക്കുറെ നമ്മൾ തകർത്തു കഴിഞ്ഞു. അതിൽ മരങ്ങൾ മുതൽ നെൽവയലുകൾ വരെയുള്ളവ ഉൾപ്പെടുന്നു. ജലസംഭരണികളായ വയലുകളും നീർത്തടങ്ങളും നികത്തുന്നത് തടഞ്ഞുള്ള നിയമത്തിൽ പോലും വെള്ളം ചേർത്താണ് നാം ഈ മഴയെ കുറിച്ച് ഊറ്റം കൊള്ളുന്നതും ആശ്വസിക്കുന്നതും. 
ജലം സംരക്ഷിക്കുക എന്നാൽ ജലസ്രോതസ്സുകളെ സംരക്ഷിക്കലാണ്. അവിടെ തന്നെയാണ് നമ്മൾ കത്തിവെക്കുന്നത്. 44 നദികൾ ഒഴുകുന്ന കേരളത്തിലാണ് വേനൽകാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. അണക്കെട്ടുകളിൽ വെള്ളമില്ലാതാകുന്നു. കുളങ്ങളും കിണറുകളും വറ്റുന്നു. തോടുകളും കായലുകളും നമുക്ക് നഷ്ടപ്പെട്ടു. അവ മലീമസമായി. ജലസ്രോതസ്സുകളെ, തണ്ണീർത്തടങ്ങളെ, നീർത്തടങ്ങളെ ജനകീയ പരിപാടികളിലൂടെ തിരിച്ചു കൊണ്ടുവരികയാണ് ഹരിത കേരളം എന്ന പദ്ധതിയുടെ ലക്ഷ്യമെന്നു സർക്കാർ പറയുമ്പോൾ തന്നെയാണ് ഇത്തരത്തിലുള്ള നിയമ ഭേദഗതികളും വരുന്നത്. 
കഴിഞ്ഞ വർഷം വേനൽകാലത്ത് ജലക്ഷാമം രൂക്ഷമായ സമയത്ത് സംസ്ഥാനത്ത് പല ഭാഗത്തും മഴക്കുഴി നിർമ്മാണവും ജലാശയങ്ങൾ തിരിച്ചുപിടിക്കലുമെല്ലാം ആരംഭിച്ചിരുന്നു. എന്നാൽ മഴയാരംഭിച്ചപ്പോൾ അത്തരം നീക്കങ്ങളുടെ വേഗത കുറഞ്ഞു. മഴ പെയ്യുമ്പോഴാണ് വെള്ളം സംഭരിക്കേണ്ടതെന്ന പ്രാഥമിക അറിവു പോലും നമുക്കില്ലാതായി. ഭാഗ്യവശാൽ ഇക്കുറി കാലവർഷം നേരത്തെ എത്തി. കഴിഞ്ഞ വർഷത്തെ പോലെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടായില്ല. എന്നാൽ അതോടൊപ്പം ജലസംരക്ഷണ നടപടികളും നമ്മൾ ഉദാസീനമാക്കി. അതിന്റെ തിക്ത ഫലം അനുഭവിക്കാൻ പോകുന്നതേയുള്ളൂ. 
ജലസാക്ഷരതയിൽ കേരളം വളരെ പിറകിലാണ്. എല്ലാം അറിയുന്നവരാണെന്ന മലയാളിയുടെ അഹന്ത എത്രയോ പൊള്ളയാണെന്ന് ജലത്തോടുള്ള സമീപനത്തിൽ നിന്നു തന്നെ വ്യക്തം. പ്രായമായവർ ഇനി നന്നാകുമെന്ന് കരുതുക വയ്യ. കുട്ടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഈ വിഷയം വളരെ പ്രാധാന്യത്തോടെ പാഠ്യപദ്ധതിയിൽ തന്നെ ഉൾപ്പെടുത്തേണ്ടതാണ്. ജലമാണ് ജീവന്റെ അടിസ്ഥാനമെന്നും അമ്മയുടെ ഉദരത്തിൽ നമ്മുടെ ആരംഭം ജലത്തിലാണെന്നും ജലം ഇറക്കിത്തന്നെയാണ് നമ്മുടെ അവസാനമെന്നും ശരീരത്തിന്റെ 72% ജലമാണെന്നും ഭക്ഷണമില്ലാതെ 30 ദിവസം കഴിയാമെങ്കിൽ ജലമില്ലാതെ മൂന്നു ദിവസം പോലും കഴിയാൻ സാധ്യമല്ലെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം. എന്നാൽ സ്വന്തം വീട്ടിലെ കിണർ പോലും മൂടിയ അധ്യാപകർക്ക് അതെങ്ങനെ ആത്മാർത്ഥമായി പറയാനാകും?
രണ്ടു വർഷം മുമ്പ് നാസ കേരളത്തിലെ ജലസ്രോതസ്സുകളുടെ വിഭവ ഭൂപടം തയ്യാറാക്കിയപ്പോൾ മനസ്സിലായത് കണ്ടൽ കാടുകളുടെ നശീകരണം, കടൽ ക്ഷോഭങ്ങൾ, നീർത്തടങ്ങൾ നശിപ്പിക്കൽ, നദീതീര കൈയേറ്റം, നദികളുടെ ശോച്യാവസ്ഥ, പശ്ചിമഘട്ട നശീകരണം, കുളങ്ങൾ, കിണറുകൾ എന്നിവയുടെ തിരോധാനം എന്നിവ മൂലം ജലക്ഷാമം അപകടകരമാം വണ്ണം കൂടുന്നു എന്നായിരുന്നു. കേരളത്തിലെ ഭൂഗർഭ ജലനിരപ്പ് മഴക്കാലത്തു പോലും അപകടകരമായി താഴുന്നതായി കേന്ദ്ര ഭൂജല പഠന കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് മഴക്കാലത്തു പോലും റീചാർജ് ചെയ്യപ്പെടുന്നില്ല.  ഭാവിയിലേക്ക് അവശേഷിച്ചിട്ടുള്ള ഭൂഗർഭ ജലം ഊറ്റുന്നതും കൂടുന്നു. ജലത്തിന്റെ ക്രമരഹിതമായ വ്യാപനം, ശാസ്ത്രീയമായ ജല മാനേജ്മെന്റിന്റെ അപര്യാപ്തത, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, വന നശീകരണം. നീർത്തട നശീകരണം, ജലം അന്യസംസ്ഥാനങ്ങൾക്ക് ഷെയർ ചെയ്യുന്നതിൽ അപാകത, ജലസ്രോതസ്സുകളുടെ സ്വകാര്യവത്കരണം തുടങ്ങിയവയൊക്കെ ഈ അവസ്ഥക്ക് കാരണമാണ്. മഴയുടെ ക്രമരഹിതമായ വ്യാപനം തടയുന്നതിൽ നേരിട്ട് നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല. പക്ഷേ വിദഗ്ദ്ധമായ ജല മാനേജ്മെന്റിലൂടെ അതിനെ മറികടക്കാനാകും. അത്തരം നടപടി ഹരിത കേരളത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. പക്ഷേ നടപ്പാകുന്നത് വിപരീതമാണെന്നു മാത്രം. ഇക്കാര്യങ്ങളെല്ലാം ഘോരഘോരം പ്രസംഗിക്കുന്ന കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ പോലും കൊട്ടിഘോഷിക്കപ്പെട്ട നെൽവയൽ - നീർത്തട സംരക്ഷണ നിയമത്തിൽ വെള്ളം ചേർത്തപ്പോൾ നിശ്ശബ്ദനായിരുന്നു എന്നതിൽ നിന്നു നമ്മളെവിടെ എത്തിയിരിക്കുന്നു എന്നു വ്യക്തം. 
മഴവെള്ള സംഭരണത്തെ കുറിച്ച് വാ തോരാതെ പറയുമ്പോഴും അതൊന്നും നടപ്പാക്കപ്പെടുന്നില്ല. എല്ലാ കെട്ടിടങ്ങളിലും അതിനുള്ള സംവിധാനം വേണമെന്നൊക്കെ പറയുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യം എന്താണ്?  3000 മി.മീ. മഴ പെയ്യുന്ന കേരളത്തിൽ ഒഴുകിയോടുന്ന ജലത്തെ, നടത്തി, ഇരുത്തി, കിടത്തി, ഉറക്കുന്ന പ്രക്രിയയാണ് മഴവെള്ള സംഭരണം.  പ്രതിവർഷം 77,900 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് നമ്മുടെ പുഴകളിലൂടെ ഒഴുകുന്നത്. ഇതിൽ 42,700 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമേ നാം ഉപയോഗിക്കുന്നുള്ളൂ. അതായത് ഒഴുകുന്നതിന്റെ 60% പാഴായിപ്പോകുന്നു. 44 നദികൾ, 29 ശുദ്ധജല തടാകങ്ങൾ, 70 ലക്ഷത്തിലധികം കിണറുകൾ. കുഴൽക്കിണറുകളും കൂടാതെ കുളങ്ങളും ചാലുകളും വേറെയും. നദികളിൽനിന്ന് കിട്ടുന്ന വെള്ളത്തിന്റെ രണ്ടര ഇരട്ടി മഴയായും ലഭിക്കുന്നു. ഇവയെല്ലാം കൊണ്ട് സമ്പന്നമായ നാട്ടിലാണ് ഈ ദുരവസ്ഥ എന്നതാണ് കൗതുകകരം. ജലലഭ്യത കുറഞ്ഞ സംസ്ഥാനങ്ങൾ വളരെ ശ്രദ്ധയോടെ ഈ വിഷയം കൈകാര്യം ചെയ്യുമ്പോഴാണ് നമ്മുടെ ഈ അഹങ്കാരം എന്നതാണ് തമാശ. ഇനിയെങ്കിലും ഈ വിഷയം ഗൗരവത്തോടെ കാണാൻ നാം തയ്യാറാകണം. മഴവെള്ള സംഭരണം, കിണർ റീചാർജിംഗ്, മഴക്കുഴി നിർമ്മാണം, വനവൽക്കരണം, വയൽ കൃഷി, കിണറിന്റെ പൂരിത മേഖലകളുടെ സംരക്ഷണം തുടങ്ങിയവയെല്ലാം ജലസാക്ഷരതയുമായി ബന്ധപ്പെട്ടവയാണ്. മണ്ണിൽ ജലാംശം നിലനിർത്താൻ മഴക്കുഴി നിർമ്മാണം കൂടാതെ മൺ കയ്യാലകൾ, കല്ല് കയ്യാലകൾ എന്നിവയുടെ നിർമ്മാണവും ചെക്ക് ഡാമുകൾ നിർമ്മിക്കൽ, ജലാശയങ്ങളുടെ സംരക്ഷണം, തലക്കുള സംരക്ഷണം, പുഴ, തോട് സംരക്ഷണം, കുളം നിർമ്മിക്കൽ തുടങ്ങിയവ സഹായിക്കും. മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിന്റെ ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനും ജൈവ വൈവിധ്യം നിലനിർത്തുന്നതിനും കാർഷിക വിളകളുടെ സംരക്ഷണത്തിനും മണ്ണിൽ മഴവെള്ളം റീചാർജ് ചെയ്യുന്നതിലൂടെ സാധിക്കും. ഇക്കാര്യങ്ങളെല്ലാം കാര്യക്ഷമമായി നടപ്പായാൽ ഭൂഗർഭ ജലത്തിന്റെ തോത് വർദ്ധിക്കും. നദീതീര സംരക്ഷണവും പ്രധാന കാര്യമാണ്. 
നദികളുടെ ഉത്ഭവ സ്ഥാനം, നദീതീര സംരക്ഷണം, മണൽ തിട്ടകളുടെ സംരക്ഷണം, മണൽ വാരൽ നിയന്ത്രണം, നീരൊഴുക്ക് വർദ്ധിപ്പിക്കൽ, ഉപരിതല ഭൂഗർഭ ജല ലഭ്യത വർധിപ്പിക്കൽ, മാലിന്യ നിക്ഷേപം തടയൽ, വ്യവസായ മാലിന്യങ്ങൾ, ഗാർഹിക മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കുന്നത് ഒഴിവാക്കൽ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. മഴയനുഗ്രഹിച്ച ഈ വർഷമെങ്കിലും ഇത്തരമൊരു മുൻകൈ ഉണ്ടായില്ലെങ്കിൽ ഭാവിയിൽ നാം ദുഃഖിക്കുമെന്നുറപ്പ്.