Saturday , February   16, 2019
Saturday , February   16, 2019

വിധേയത്വം ഇങ്ങനേയും

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോക നിലവാരത്തിൽ എത്തിക്കുന്നത് നല്ല കാര്യം തന്നെ. അതിന് സർക്കാർ പ്രോൽസാഹനവും നൽകണം. പക്ഷെ ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത ഒരു സ്ഥാപനത്തിന് ഇത്ര വിപുലമായ സ്വാതന്ത്ര്യവും അംഗീകാരവും, പുറമെ വൻ തുകയും നൽകുമ്പോൾ, രാജ്യത്ത് പതിറ്റാണ്ടുകളായി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന മറ്റ് സ്ഥാപനങ്ങളെ തഴയുകയാണ് സർക്കാർ ചെയ്യുന്നത്. ഖരഗ്പൂരിലെയും, ചെന്നൈയിലെയും ഐ.ഐ.ടികളും രാജ്യത്തെ വിവിധ ഐ.ഐ.എമ്മുകളും, ശാരദ യൂനിവേഴ്‌സിറ്റി പോലുള്ള സ്ഥാപനങ്ങൾ പാരമ്പര്യവും മികച്ച നിലവാരവുമായി നിലനിൽക്കുന്നു. അവയെയെല്ലാം മറികടന്നാണ് അംബാനിയുടെ ഇല്ലാത്ത സ്ഥാപനം ശ്രേഷ്ഠപദവി അടിച്ചുമാറ്റിയിരിക്കുന്നത്. 

രാജ്യത്തെ ആറ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 'ശ്രേഷ്ഠ പദവി' നൽകുന്നതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് രണ്ട് ദിവസം മുമ്പാണ്. വലിയ അംഗീകാരം കിട്ടേണ്ട ആ സംഭവം പക്ഷേ അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്, കാരണം മറ്റൊന്നുമല്ല, ഇനിയും പിറക്കാത്ത ഒരു സ്ഥാപനവും ആ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. റിലയൻസ് മുതലാളി സാക്ഷാൽ മുകേഷ് അംബാനിയുടെ ജിയോ ഇൻസ്റ്റിറ്റിയൂട്ട്. 
ഇനി മറ്റ് സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. മൂന്ന് സർക്കാർ സ്ഥാപനങ്ങളും മൂന്ന് സ്വകാര്യ സ്ഥാപനങ്ങളുമാണ് പട്ടികയിലുള്ളത്. ദൽഹിയിലെയും മുംബൈയിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജികൾ, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എന്നിവയാണ് പൊതുമേഖലയിലുള്ള സ്ഥാപനങ്ങൾ. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ, ബിർളയുടെ ഉടമസ്ഥതയിലുള്ള ബിറ്റ്‌സ് പിലാനി എന്നിവയാണ് സ്വകാര്യ മേഖലയിലുള്ള മറ്റ് രണ്ട് സ്ഥാനപങ്ങൾ. ഈ അഞ്ചെണ്ണത്തിന്റെയും മികവിലും യോഗ്യതയിലും ആർക്കും സംശയമുണ്ടാവാനിടയില്ല. ഇവയ്‌ക്കൊപ്പം ഇനിയും പഠനം ആരംഭിച്ചിട്ടില്ലാത്ത, കെട്ടിടങ്ങൾ പോലും നിർമിച്ചിട്ടില്ലാത്ത അംബാനിയുടെ ഇൻസ്റ്റിറ്റിയൂട്ടിനെ കൂടി ഉൾപ്പെടുത്തുമ്പോൾ അതിനു പിന്നിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്നു വ്യക്തം.
ശ്രേഷ്ഠ പദവി എന്ന അംഗീകാരത്തിനൊപ്പം ഓരോ സ്ഥാപനത്തിനും കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയം ആയിരം കോടി രൂപ വീതം കൂടി നൽകുമെന്നറിയുമ്പോഴാണ് സർക്കാർ തീരുമാനത്തിലെ കള്ളക്കളി വ്യക്തമാവുന്നത്. സർക്കാർ ചെലവിൽ സ്ഥാപനം ആരംഭിച്ച് വിദ്യാർഥികളിൽനിന്ന് വമ്പൻ ഫീസ് വാങ്ങി മറ്റൊരു ലാഭക്കച്ചവടം കൂടി നടത്താൻ മുകേഷ് അംബാനിക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണ് കേന്ദ്രം. 
സർക്കാർ തീരുമാനത്തിൽ സ്വാഭാവികമായും വൻ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസ വിദഗ്ധരും മാധ്യമങ്ങളും മാത്രമല്ല, സാധാരണ ജനങ്ങളും സർക്കാർ നീക്കത്തിൽ വൻ അഴിമതി മണക്കുന്നു. അംബാനിയോടുള്ള പ്രധാനമന്ത്രിയുടെ വിധേയത്വത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ നിലയ്ക്കാത്ത പരിഹാസമാണ്. 'ഇവിടെ നിന്നായിരിക്കുമല്ലേ വികാസ് (വികസനം) ബിരുദമെടുത്തത്' എന്നായിരുന്നു ഒരാൾ ട്വിറ്ററിൽ ചോദിച്ചത്. 'ജിയോ ഇൻസ്റ്റിറ്റിയൂട്ടിൽനിന്ന് ബിരുദം വാങ്ങാൻ ആളുകളുടെ നീണ്ട ക്യൂ' എന്നാണ് മറ്റൊരാളുടെ കമന്റ്. 'ജിയോ ഇൻസ്റ്റിറ്റിയൂട്ടിൽ ഡാറ്റ സൗജന്യം,  പക്ഷേ വിദ്യാഭ്യാസത്തിന് കനത്ത ഫീസ്...', 'ലോകത്തു തന്നെ ആദ്യത്തെ നിലവിലില്ലാത്ത ശ്രേഷ്ഠ വിദ്യാഭ്യാസ സ്ഥാപനം...' എന്നിങ്ങനെ പോകുന്നു മറ്റു വിമർശനങ്ങൾ. 'ഓരോ ദിവസവും നൂറുകണക്കിന് വിദ്യാർഥികൾ അഹമ്മദാബാദിൽനിന്ന് ബുള്ളറ്റ് ട്രെയിനിൽ മുംബൈയിലെ ജിയോ ഇൻസ്റ്റിറ്റിയൂട്ടിലെത്തും. അവർക്ക് പഠിക്കാൻ വിദ്യാഭ്യാസ വായ്പ എടുക്കേണ്ടതില്ല. കാരണം, കനത്ത ട്യൂഷൻ ഫീസ് കഴിഞ്ഞ വർഷം അവർക്ക് ലഭിച്ച 15 ലക്ഷത്തിൽനിന്ന് കൊടുത്തുകഴിഞ്ഞു...' എന്നാണ് മറ്റൊരു പരിഹാസം.
വിമർശനം കടുത്തതോടെ തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്ര മാനവ ശേഷി വികസന മന്ത്രി പ്രകാശ് ജവദേക്കർ രംഗത്തെത്തി. പുതുതായി ആരംഭിക്കുന്ന ഗ്രീൻഫീൽഡ് ഇൻസ്റ്റിറ്റിയൂട്ടുകളുടെ കൂട്ടത്തിൽ പെടുത്തിയാണത് ജിയോ ഇൻസ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി നൽകാൻ തീരുമാനിച്ചതെന്നാണ് വിശദീകരണം. മാത്രമല്ല, ചില നിബന്ധനകൾക്ക് വിധേയമായാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും മന്ത്രാലയം പറയുന്നു. ആവശ്യമായ കെട്ടിടങ്ങൾ നിർമിക്കാൻ വേണ്ട സ്ഥലം സ്ഥാപനത്തിനുണ്ടായിരിക്കണം, ഉന്നത യോഗ്യതയും നീണ്ട പരിചയ സമ്പത്തുമുള്ള വിദഗ്ധർ അടങ്ങിയ കോർ ടീം, സ്ഥാപനം ആരംഭിക്കാനും നടത്താനും ആവശ്യമായ ഫണ്ട്, വ്യക്തമായ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ട കാഴ്ചപ്പാടും കർമപദ്ധതിയും ഉണ്ടായിരിക്കണം... തുടങ്ങിയവയാണവ. ഇതൊക്കെ കണക്കിലെടുത്താണ് ജിയോ ഇൻസ്റ്റിറ്റിയൂട്ടിന് കാലേക്കൂട്ടി ആയിരം കോടിയും ഒപ്പം ശ്രേഷ്ട പദവിയും നൽകിയിരിക്കുന്നത്.
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമിയുടെ നേതൃത്വത്തിലുള്ള എംപവേഡ് കമ്മിറ്റിയാണ് ശ്രേഷ്ഠ പദവി നൽകേണ്ട സ്ഥാപനങ്ങൾ ഏതെക്കെയാണെന്ന് പഠിച്ച് റിപ്പോർട്ട് നൽകിയത്. 
പൊതുമേഖലയിൽ പത്തും സ്വകാര്യ മേഖലയിൽ പത്തുമായി രാജ്യത്ത് 20 ലോക നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തുക എന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ആറ് സ്ഥാപനങ്ങൾക്ക് ശ്രേഷ്ഠ പദവി നൽകിയിരിക്കുന്നത്. പത്ത് വർഷത്തിനുള്ളിൽ ഇവയെ ലോകത്തെ മികച്ച 500 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ എത്തിക്കുക. പിന്നീട് ആദ്യ നൂറിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോൾ അംഗീകാരം കിട്ടാത്ത സ്ഥാപനങ്ങൾക്ക് അടുത്ത വർഷം വീണ്ടും അപേക്ഷിക്കാമെന്നും ഗോപാലസ്വാമി പറയുന്നു.


ശ്രേഷ്ഠ പദവി കിട്ടിയ സ്ഥാപനങ്ങൾക്ക് തങ്ങളുടെ നിലവാരം മച്ചെപ്പെടുത്താൻ സർക്കാരിന്റെ ആയിരം കോടിക്കു പുറമെ മറ്റനേകം സൗകര്യങ്ങളും ലഭ്യമാണ്. യു.ജി.സി, ഉന്നത വിദ്യാഭ്യാസ കമ്മീഷൻ, എ.ഐ.സി.ടി.ഇ തുടങ്ങിയ രാജ്യത്തെ വിദ്യാഭ്യാസ മേൽനോട്ട സ്ഥാപനങ്ങളുടെ ഒരു നിയന്ത്രണവും അവയ്ക്ക് ബാധകമല്ല എന്നതാണ് ഒന്ന്. മൊത്തം വിദ്യാർഥികളിൽ 30 ശതമാനം സീറ്റുകൾ വിദേശ വിദ്യാർഥികൾക്കായി നീക്കിവെക്കാം. അവരിൽനിന്ന് എത്ര വേണമെങ്കിലും ഫീസ് ഈടാക്കാം. ഒരു നിയന്ത്രണവുമുണ്ടാവില്ല. അധ്യാപകരിൽ 25 ശതമാനം വിദേശ വിദഗ്ധരെ ഉൾപ്പെടുത്താം. യു.ജി.സിയുടെ അംഗീകാരം തേടാതെ തന്നെ ലോകത്തെ ഏറ്റവും മികച്ച 500 വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി അക്കാദമിക് സഹകരണത്തിൽ ഏർപ്പെടാം. ഇതിനൊക്കെ പുറമെ കരിക്കുലവും സിലബസും നിർണയിക്കുന്ന കാര്യത്തിലും ഈ സ്ഥാപനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോക നിലവാരത്തിൽ എത്തിക്കുന്നത് നല്ല കാര്യം തന്നെ. അതിന് സർക്കാർ പ്രോൽസാഹനവും നൽകണം. പക്ഷേ ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത ഒരു സ്ഥാപനത്തിന് ഇത്ര വിപുലമായ സ്വാതന്ത്ര്യവും അംഗീകാരവും, പുറമെ വൻ തുകയും നൽകുമ്പോൾ, രാജ്യത്ത് പതിറ്റാണ്ടുകളായി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന മറ്റ് സ്ഥാപനങ്ങളെ തഴയുകയാണ് സർക്കാർ ചെയ്യുന്നത്. ഖരഗ്പൂരിലെയും ചെന്നൈയിലെയും ഐ.ഐ.ടികളും രാജ്യത്തെ വിവിധ ഐ.ഐ.എമ്മുകളും ശാരദ യൂനിവേഴ്‌സിറ്റി പോലുള്ള സ്ഥാപനങ്ങൾ പാരമ്പര്യവും മികച്ച നിലവാരവുമായി നിലനിൽക്കുന്നു. വർഷങ്ങളുടെ സമർപ്പണവും കഠിനാധ്വാനവും കൊണ്ടാണ് അവയെല്ലാം മികച്ച സ്ഥാപനങ്ങളെന്ന പേര് നേടിയത്. അവയെയെല്ലാം മറികടന്നാണ് അംബാനിയുടെ ഇല്ലാത്ത സ്ഥാപനം ശ്രേഷ്ഠ പദവി അടിച്ചുമാറ്റിയിരിക്കുന്നത്. ഇനിയിപ്പോൾ സർക്കാർ നൽകുന്ന കാശുകൊണ്ട് അംബാനിക്ക് കെട്ടിടങ്ങൾ പണിയാം. മികച്ച അധ്യാപകരെ കൊണ്ടുവരാം. എന്നിട്ട് 30 ശതമാനം സീറ്റുകൾ ലേലം ചെയ്ത് വിൽക്കാം. മക്കളെ പഠിപ്പിക്കാൻ എത്ര പണം വേണമെങ്കിലും മുടക്കാൻ തയാറുള്ള വിദേശ പൗരന്മാരായ ഇന്ത്യക്കാർ തന്നെയുള്ളപ്പോൾ അംബാനിക്ക് പേടിക്കാൻ എന്തിരിക്കുന്നു? മൊബൈൽ കച്ചവടമായാലും ക്രിക്കറ്റ് കച്ചവടമായാലും വിദ്യാഭ്യാസ കച്ചവടമായാലും അംബാനിക്ക് ലാഭമേയുള്ളൂ. അത് ഉറപ്പാക്കുകയാണ് സർക്കാരിന്റെ പണി. ഈ കച്ചവടത്തിൽ ഭരണകക്ഷിക്ക് എത്രയാണ് ലാഭവിഹിതം എന്നു മാത്രമേ ഇനി അറിയാനുള്ളൂ.