Monday , September   24, 2018
Monday , September   24, 2018

സൗദിയില്‍ പത്ത് ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങുന്നതിനിടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിയില്‍

റിയാദ് - കൈക്കൂലി കേസില്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബ് അറിയിച്ചു. സൗദിയിലെ സ്വകാര്യ കമ്പനിയുമായി പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സംശയകരമായ സാമ്പത്തിക ഇടപാട് നടത്തുന്നതിന് ശ്രമിക്കുന്നതായി പ്രതിരോധ മന്ത്രാലയം ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കിയ വകയില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ഈ കമ്പനിക്ക് ലഭിക്കുന്നതിനുള്ള വിഹിതം വിതരണം ചെയ്യുന്നത് എളുപ്പത്തിലും വേഗത്തിലുമാക്കുന്നതിന് സ്വന്തം അധികാരം ദുരുപയോഗിച്ച് ഉദ്യോഗസ്ഥന്‍ നിയമ വിരുദ്ധമായി ശ്രമിക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതനുസരിച്ച് തയാറാക്കിയ പദ്ധതി പ്രകാരം പത്തു ലക്ഷം റിയാല്‍ കൈക്കൂലി സ്വീകരിക്കുന്നതിനിടെ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട വകുപ്പുകള്‍ കൈയൊടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥന്‍ കുറ്റസമ്മതം നടത്തി. മറ്റു രണ്ടു പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടതായും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു പ്രതികളെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.
 ദേശീയ താല്‍പര്യത്തേക്കാള്‍ ഉപരി വ്യക്തിതാല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും വിശ്വാസ വഞ്ചന നടത്തുകയും ചെയ്ത പ്രതികള്‍ മഹാപാതകമാണ് ചെയ്തത്. രാജ്യത്തിന്റെ ആര്‍ജിത നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പബ്ലിക് പ്രോസിക്യൂഷന്‍ സ്വീകരിക്കും. പൊതുമുതല്‍ കവരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും വ്യക്തി താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അഴിമതികള്‍ നടത്തുകയും ചെയ്യുന്ന മുഴുവന്‍ പേരെയും കണ്ടെത്തി നീതിപീഠത്തിനു മുന്നില്‍ ഹാജരാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.