Monday , June   17, 2019
Monday , June   17, 2019

ഏഴു ലക്ഷം വിദേശികള്‍ മടങ്ങിയിട്ടും സൗദികള്‍ക്ക് തൊഴിലില്ല; എന്തുകൊണ്ട്?

ജിദ്ദ- സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴ് ലക്ഷത്തിലേറെ വിദേശികള്‍ തിരിച്ചു പോയിട്ടും രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഈ വര്‍ഷം ആദ്യപാദത്തില്‍ 12.9 ശതമാനമായി ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ വിദേശികളുടെ ആശ്രിതര്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ച കണക്കുകൂട്ടലുകള്‍ക്ക് എന്തു സംഭവിച്ചു. സൗദിയിലെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയും ആശ്രിത ലെവിയും വിലയിരുത്തുകയാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ താരിഖ് എ. അല്‍മഈന.
 
ഈ വര്‍ഷം ഹജ് കഴിയുന്നതോടെ ധാരാളം പ്രവാസികളുടെ സേവനവും അവസാനിക്കുമെന്ന് അദ്ദേഹം സൗദി ഗസറ്റ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. പ്രവാസി ലെവിയുടെ പ്രത്യാഘാതങ്ങള്‍ കൂടിവരികയാണെന്നും ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പതിയെ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
 
ലേഖനത്തിന്റെ പൂര്‍ണ രൂപം
 

 
ഈ വര്‍ഷം ഹജ് സമാപിക്കുന്നതോടെ നിരവധി പ്രവാസികളുടെ സേവനങ്ങളും അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓരോ പ്രവാസിക്കു മേലും വര്‍ഷംതോറും ഇരട്ടിയായി വര്‍ധിക്കുന്ന ഉയര്‍ന്ന ലെവികള്‍ അവരുടെ മടക്കയാത്രയ്ക്കുള്ള തയാറെടുപ്പുകള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. സ്ഥിരതയുള്ളതും വിശ്വസനീയവുമായ ഒരു വരുമാന മാര്‍ഗമല്ല എണ്ണ എന്നു തെളിഞ്ഞതോടെ എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ സൗദി അറേബ്യ നടപ്പിലാക്കിയ പല സാമ്പത്തിക പരിഷ്‌ക്കരണങ്ങളിലൊന്നാണ് ലെവി.
 
ഈ സാമ്പത്തിക നടപടികള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഏറ്റവും താഴ്ന്ന വരുമാനക്കാരായ പ്രവാസികളെയാണ്. ഇടത്തരം വരുമാനക്കാരായ പ്രവാസികളേയും ഇത് പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. എത്രത്തോളമെന്നു വെച്ചാല്‍, നിരവധി പ്രവാസി കുടുംബങ്ങള്‍ തങ്ങളുടെ മക്കളെ നാട്ടിലേക്കു തിരിച്ചയച്ചിരിക്കുകയാണ്. ഉയര്‍ന്ന ലെവി മൂലമുള്ള ചെലവുകള്‍ ഒതുക്കാനും ഇവിടെ തന്നെ ജോലിയില്‍ തുടരാനുമാണിത്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ബംഗ്ലദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളെയാണ്.
 
സര്‍ക്കാര്‍ നടപടികള്‍ ബിസിനസുകാരിലും ആശങ്കയ്ക്കിടയാക്കിയിരിക്കുന്നു. വിദഗ്ധരായ പ്രവാസി ജീവനക്കാരെ നഷ്ടമാകുന്നതോടെ ബിസിനസ് സ്തംഭിച്ചേക്കുമെന്നാണ് ഇവരുടെ ആധി. തുല്യ എണ്ണം സ്വദേശികളും പ്രവാസികളും ജോലി ചെയ്യുന്ന കമ്പനികളെ പ്രവാസി ലെവിയില്‍ നിന്നും ഒഴിവാക്കണമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ നയത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ 25-30 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വരുമെന്നാണ് ജിദ്ദാ ചേംബറിന്റെ ഓന്‍ട്രപ്രനര്‍ഷിപ്പ് കമ്മിറ്റി അധ്യക്ഷന്‍ പറയുന്നത്.
പ്രവാസി ലെവി നയത്തില്‍ ഏതാനും മാറ്റങ്ങള്‍ കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്സും നിര്‍ദേശിച്ചിട്ടുണ്ട്. പ്രവാസി ലെവിയുടെ സമയപരിധി 2020ല്‍ നിന്നും 2025 വരെ ആക്കി നീട്ടണമെന്നും സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങളെ ആദ്യ വര്‍ഷങ്ങളില്‍ പ്രവാസി ലെവിയില്‍ നിന്ന് ഒഴിവാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
യഥാര്‍ത്ഥത്തില്‍ ഈ പരിഷ്‌ക്കരണം കൊണ്ട് ലക്ഷ്യമിട്ട ഫലത്തിനു നേര്‍വിപരീതമായിരിക്കും അന്തിമഫലമെന്ന് പല സാമ്പത്തിക വിദഗ്ധരും കുറ്റപ്പെടുത്തുന്നുണ്ട്. ഇത് രാജ്യത്തിനും സ്വദേശികള്‍ക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഗുണാത്മകമായ നടപടിയാണെങ്കിലും ഇത് രണ്ടു കൂട്ടരുടേയും താല്‍പര്യങ്ങള്‍ക്ക് പ്രയോജനപ്പെടില്ലെന്നു വ്യക്തമാണ്. പ്രവാസി ലെവിയുടെ പ്രത്യാഘാതങ്ങള്‍ കൂടിവരികയാണ്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പതിയെ പതിയെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
 
പ്രവാസി തൊഴിലാളികളുടേയും അവരുടെ കുടുംബങ്ങളുടേയും വന്‍തോതിലുള്ള തിരിച്ചു പോക്കോടെ ഏറ്റവും വലിയ നഷ്ടം രാജ്യത്തിനു തന്നെയായിരിക്കും. ഇത് ഇപ്പോള്‍ തന്നെ മാന്ദ്യം ബാധിച്ചു തുടങ്ങിയ വിപണിയില്‍ ദോഷകരമായി പ്രതിഫലിക്കും. ഇതിനു വലിയൊരു തെളിവാണ് തെരുവുകളില്‍ ഉയര്‍ന്നിരിക്കുന്ന കാലിയായ അപ്പാര്‍ട്ട്മെന്റുകളുടേയും കടമുറികളുടേയും വാടക പരസ്യങ്ങള്‍. ജിദ്ദയിലെ തിരക്കേറിയ ഇടങ്ങളില്‍ പാതിയും ഇന്ന് കാലിയാണ്. വീട്ടു വാടക ഇടിഞ്ഞു കൊണ്ടിരിക്കുന്നു. ആശ്രിതര്‍ക്കു മേല്‍ ലെവി ഏര്‍പ്പെടുത്തിയതോടെ ചെലവ് താങ്ങാനാവാതെ പ്രവാസി കുടുംബങ്ങളുടെ കൂട്ടമായുള്ള തിരിച്ചു പോക്ക് തുടങ്ങിയ അന്നു മുതല്‍ ആറു മാസത്തോളമായി വാടകയും താഴോട്ടാണ് പോകുന്നത്.
 
സൗദിവല്‍ക്കരണം ബിസിനസുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു. നിരവധി കാര്‍ റെന്റ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഉണ്ടെങ്കിലും എല്ലാ സ്ഥാപനങ്ങളും ഇതു പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല. ചിലര്‍ കനത്ത പിഴ ഈടാക്കുമെന്ന് ഭയന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 'വാഹനങ്ങളുടെ അടവുകള്‍ തീര്‍ക്കേണ്ടതിനാലും സര്‍വീസ്, ഇന്ധനം, വാര്‍ഷിക വാടക, മറ്റു ഓഫീസ് ചെലവുകള്‍ തുടങ്ങി നടത്തിപ്പു ചെലവുകള്‍ കണ്ടെത്തേണ്ടതിനാലും സൗദികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്,' ഒരു നിക്ഷേപകന്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ബിസിനസില്‍ നിന്നും ഇതുവരെ ലഭിച്ചിരുന്ന ആദായം ഇപ്പോഴില്ല. പ്രവാസികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും മേല്‍ ചുമത്തിയ ലെവിയില്‍ നിന്നുള്ള നേട്ടങ്ങള്‍ പിന്നെ എവിടെ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
 
സ്വകാര്യ മേഖലയില്‍ നിന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും പ്രവാസി ലെവി സംബന്ധിച്ച തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സൗദി അറേബ്യയ്ക്ക് പദ്ധതിയില്ല. സാമ്പത്തിക കാര്യ മന്ത്രി മുഹമ്മദ് അല്‍ ജദാന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 'ഇതുവരെ നടപ്പാക്കിയ പരിഷ്‌ക്കരണങ്ങളില്‍ ഒരു മാറ്റത്തിനും ഇപ്പോള്‍ പദ്ധതിയില്ല. ഇത് നീണ്ട കാലത്തേക്കായി രൂപപ്പെടുത്തിയ പദ്ധതിയാണ്. എന്ത് ആഘാതമാണ് ഇതുണ്ടാക്കാന്‍ പോകുന്നത് എന്നും അറിയാം.' മന്ത്രി പറയുന്നു.
ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ കാണിക്കുന്നത് ഏഴു ലക്ഷത്തിലേറെ പ്രവാസികള്‍ ഒരു വര്‍ഷത്തിനിടെ സൗദി വിട്ടു തിരിച്ചു പോയെങ്കിലും ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയര്‍ന്നു എന്നാണ്. ബാക്കിയാകുന്ന ചോദ്യം ഇതാണ്: ആശ്രിത ലെവി നടപ്പിലാക്കാനുള്ള തീരുമാനത്തിലേക്കു നയിച്ച കണക്കുകൂട്ടലുകള്‍ സാധിച്ചു കിട്ടിയോ?
 
 

Tags