Friday , February   22, 2019
Friday , February   22, 2019

എക്‌സ്ട്രാ പവർ ക്രൊയേഷ്യ

വിജയം എക്‌സ്ട്രാ ടൈമിൽ

ക്രൊയേഷ്യ 2-ഇംഗ്ലണ്ട് 1

മോസ്‌കൊ - തുടർച്ചയായി മൂന്നാമത്തെ കളിയിലും ആദ്യം ഗോൾ വഴങ്ങുകയും എക്‌സ്ട്രാ ടൈം കളിക്കേണ്ടി വരികയും ചെയ്തതൊന്നും ക്രൊയേഷ്യയുടെ എക്‌സ്ട്രാ പവർ പുലിക്കുട്ടികൾക്ക് തടസ്സമായില്ല. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ മാരിയൊ മൻസൂകിച് നേടിയ ഗോളിൽ ഇംഗ്ലണ്ടിനെ 2-1 ന് തോൽപിച്ച് ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തി. നിശ്ചിത സമയത്ത് 1-1 സമനിലയായിരുന്നു. ഫ്രാൻസുമായി അവർ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും.
അഞ്ചാം മിനിറ്റിൽ തന്നെ കീരൻ ട്രിപ്പിയറുടെ ഫ്രീകിക്ക് ഗോളിൽ മുന്നിലെത്തിയ ഇംഗ്ലണ്ട് പിന്നീട് ക്രൊയേഷ്യൻ ആക്രമണത്തെ വരുതിയിൽ നിർത്തിയതായിരുന്നു. എന്നാൽ അറുപത്തേഴാം മിനിറ്റിൽ ഇവാൻ പെരിസിച് ഗോൾ മടക്കിയത് കളിക്കളത്തിലെയും ഗാലറിയിലെയും അന്തരീക്ഷം പൂർണമായും മാറ്റി. പിന്നീട് ക്രൊയേഷ്യയുടെ നിരന്തരമായ ആക്രമണങ്ങളിൽ ഇംഗ്ലണ്ട് ഗോൾമുഖം ആടിയുലഞ്ഞു. കളി നിശ്ചിത സമയത്ത് തന്നെ തീർക്കാൻ ക്രൊയേഷ്യയും എക്‌സ്ട്രാ ടൈമിലേക്ക് നീട്ടാൻ ഇംഗ്ലണ്ടും ശ്രമിച്ചു. കഴിഞ്ഞ രണ്ടു കളിയും ഷൂട്ടൗട്ട് വരെ കളിച്ച ക്രൊയേഷ്യ തളരുമെന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ ഇംഗ്ലണ്ടിന് കിട്ടിയ ഫ്രീകിക്കിൽ ഗോൾ നേടാനുള്ള അവസരം ഹാരി കെയ്ൻ തുലച്ചതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 
എക്‌സ്ട്രാ ടൈമിൽ ക്രൊയേഷ്യ തളർന്നില്ല. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളവസരം തുലച്ചു. ക്രൊയേഷ്യൻ ബാക്ക്‌പോസ്റ്റിലേക്കുള്ള ജോൺ സ്റ്റോൺസിന്റെ ഹെഡർ ഗോളിയെ കടന്നെങ്കിലും ഗോൾലൈനിൽ സിമൊ വെർസാലികൊ ഹെഡ് ചെയ്തകറ്റി. മറുവശത്ത് മാരിയൊ മൻസൂകിച്ചിന്റെ കാലിൽ നിന്ന് പന്ത് തട്ടിത്തെറിപ്പിക്കാൻ ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫഡ് കാണിച്ച ധൈര്യം അപാരമായിരുന്നു. എക്‌സ്ട്രാ ടൈം തീരാൻ 11 മിനിറ്റ് ശേഷിക്കെയായിരുന്നു ക്രൊയേഷ്യയുടെ വിജയ ഗോൾ. 
അഞ്ചാം മിനിറ്റിൽ ഗോൾ
ആദ്യ ആക്രമണത്തിൽ നിന്നു തന്നെ ഇംഗ്ലണ്ട് സ്‌കോർ ചെയ്തു. പ്രതീക്ഷിച്ചതു പോലെ സെറ്റ്പീസിൽ നിന്നു തന്നെയായി അവരുടെ ഗോൾ. പന്തുമായി കുതിച്ച ദെലി അലിയെ ബോക്‌സിനു മുന്നിൽ ലൂക്ക് മോദ്‌റിച് വീഴ്ത്തിയപ്പോൾ റഫറി ഫ്രീകിക്ക് വിധിച്ചു. പ്രതിരോധ മതിലിനെ വളച്ച് ട്രിപ്പിയർ തൊടുത്ത ബുള്ളറ്റ് ദാനിയേൽ സുബസിച്ചിനെ കാഴ്ചക്കാരനാക്കി ക്രൊയേഷ്യൻ വലയിലേക്കിറങ്ങി. 1958 നു ശേഷം ആദ്യമായാണ് ലോകകപ്പ് സെമിയിൽ ഇത്ര വേഗത്തിൽ ഗോൾ പിറന്നത്. 
അതോടെ ക്രൊയേഷ്യ ഉണർന്നു. കഴിഞ്ഞ രണ്ട് റൗണ്ടിലും ഗോൾ വീണ ശേഷം തിരിച്ചടിച്ച അവർ ഇത്തവണയും കച്ചമുറുക്കി. ആക്രമണങ്ങൾ പലതവണ ഇംഗ്ലണ്ട് ഗോൾമുഖത്ത് പരിഭ്രാന്തി പരത്തി. എന്നാൽ ഗോളിലേക്ക് ഷോട്ട് തടുക്കാൻ അവർക്കായില്ല. രണ്ടു തവണ ഡിഫന്റർമാരുടെ ബൂട്ടിന്റെ തലപ്പാണ് അപകടമകറ്റിയത്. ആദ്യം ജോൺ സ്റ്റോൺസും പിന്നീട് ആഷ്‌ലി യംഗുമാണ് രക്ഷകരായത്. രണ്ടു തവണയും ആന്റി റെബിച്ചിനാണ് ഗോൾ നഷ്ടപ്പെട്ടത്. പ്രത്യാക്രമണങ്ങളിൽ ഇംഗ്ലണ്ടിനും അവസരം കിട്ടി. മുപ്പത്തഞ്ചാം മിനിറ്റിൽ ബോക്‌സിലെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒഴിഞ്ഞുനിന്ന ജെസി ലിൻഗാഡിന് അലി സമർഥമായി പന്ത് മറിച്ചപ്പോൾ വലയിലേക്ക് നേർവഴിയായിരുന്നു. എന്നാൽ ലിൻഗാഡിന് പിഴച്ചു. ഇടവേളക്ക് അൽപം മുമ്പ് ഇംഗ്ലണ്ട് പ്രതിരോധം ചിതറിയ ഘട്ടത്തിൽ ഇവാൻ റാകിറ്റിച്ചിന്റെയും ഫിനിഷിംഗ് പാടവം അകന്നു. 
ക്രൊയേഷ്യയുടെ നിരന്തര സമ്മർദ്ദങ്ങളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. കോർണറുകൾ നേടിയെടുത്തെങ്കിലും ഇംഗ്ലണ്ട് ഗോൾമുഖത്ത് പരിഭ്രാന്തി പരത്താൻ ക്രൊയേഷ്യക്കായില്ല. ക്രൊയേഷ്യൻ ആക്രമണനിരയെ തടഞ്ഞുനിർത്താനുള്ള ശ്രമത്തിൽ ഇംഗ്ലണ്ടിന്റെ കയ്ൽ വാക്കർ മഞ്ഞക്കാർഡ് കണ്ടു. മൻസൂകിച്ചിനെ മാത്രം മുന്നിൽ നിർത്തി കളിച്ച ക്രൊയേഷ്യയെ ഒരുവിധം തടഞ്ഞുനിർത്താൻ ഇംഗ്ലണ്ടിന് സാധിച്ചു.
പ്രത്യാക്രമണത്തിൽ ഇംഗ്ലണ്ട് ലീഡ് വർധിപ്പിക്കേണ്ടതായിരുന്നു. ട്രിപ്പിയർ വലതു വിംഗിൽ നിന്ന് നൽകിയ മനോഹരമായ ക്രോസിന് ഗോളി മാത്രം മുന്നിൽ നിൽക്കെ കെയ്ൻ കുനിഞ്ഞ് തല വെച്ചതായിരുന്നു. എന്നാൽ കെയ്‌നിന്റെ തലയിൽനിന്ന് ദേജാൻ ലോവ്‌റേൻ പന്തടിച്ചകറ്റി. തൊട്ടുടനെ സ്റ്റെർലിംഗിന്റെ കുതിപ്പും ക്രൊയേഷ്യൻ ബോക്‌സിൽ അങ്കലാപ്പുയർത്തി.
മറുവശത്ത് ക്രൊയേഷ്യയുടെ നിരന്തര സമ്മർദ്ദം അറുപത്തഞ്ചാം മിനിറ്റിൽ ലക്ഷ്യം കണ്ടുവെന്നു തോന്നി. ബോക്‌സിലേക്ക് കുതിച്ചെത്തി മോദ്‌റിച് പറത്തിയ പ്രതിരോധ നിര ഹെഡ് ചെയ്തകറ്റിയത് മാർക്ക് ചെയ്യപ്പെടാതെ നിന്ന പെരിസിച്ചിന്റെ കാലുകളിലേക്കാണ്. പെരിസിച്ചിന്റെ ഷോട്ട് ഒരുവിധം വാക്കർ ബ്ലോക്ക് ചെയ്തു. പക്ഷെ തൊട്ടുടനെ ക്രൊയേഷ്യ തിരിച്ചടിച്ചു. വലതു വിംഗിൽ നിന്നുള്ള സിമെ വെർസാലികോയുടെ നീളൻ ക്രോസ് ബോക്‌സിലേക്ക് വന്നപ്പോൾ വാക്കർക്ക് അടിച്ചകറ്റാനായില്ല. ഡിഫന്ററുടെ തലക്കു മുകളിലൂടെ കാലുയർത്തി പെരിസിച് പന്ത് വലയിലേക്ക് തള്ളി. ഉന്നത നിലവാരമുള്ള ഗോളായിരുന്നു അത്. 
അത് ക്രൊയേഷ്യക്ക് പുത്തനുണർവ് നൽകി. പെരിസിച്ചിന്റെ മറ്റൊരു മുന്നേറ്റം വിജയ ഗോളിലെത്തേണ്ടതായിരുന്നു. പക്ഷെ പോസ്റ്റിനിടിച്ച് മടങ്ങി. ബ്രോസൊവിച്ചിന്റെ ഷോട്ട് ക്രോസ്ബാറിൽനിന്ന് ഉയർന്നു. 
സ്റ്റാർടിംഗ് ലൈനപ്പിൽ ഒരു മാറ്റവുമായാണ് ക്രൊയേഷ്യ ഇറങ്ങിയത്. ആന്ദ്രെ ക്രമാരിച്ചിന് പകരം മധ്യനിരയിൽ മാഴ്‌സെലൊ ബ്രോസോവിച്ചിനെ കൊണ്ടുവന്നു. റഷ്യക്കെതിരായ ക്വാർട്ടർ ഫൈനലിൽ പരിക്കേറ്റ് മുടന്തി പിന്മാറിയ റൈറ്റ് ബാക്ക് സിമെ വെർസാലികൊ ടീമിലുണ്ടാവില്ലെന്നാണ് കരുതിയതെങ്കിലും സ്റ്റാർടിംഗ് ലൈനപ്പിൽ സ്ഥാനം പിടിച്ചു. റഷ്യക്കെതിരായ മത്സരത്തിനു ശേഷം ഉക്രൈനെ പ്രശംസിച്ച് വീഡിയൊ പോസ്റ്റ് ചെയ്തതിന്റെ പേരിൽ താക്കീത് ലഭിച്ച ഡിഫന്റർ ദോമഗോയ് വീദയും ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തി. 
തുടർച്ചയായ മൂന്നാമത്തെ കളിയിലും ഇംഗ്ലണ്ട് സ്റ്റാർടിംഗ് ഇലവനെ നിലനിർത്തി. ഇതേ ടീം തന്നെയാണ് തുനീഷ്യക്കെതിരെ ഗ്രൂപ്പ് മത്സരം കളിച്ചത്. കൊളംബിയയെ പെനാൽട്ടി ഷൂട്ടൗട്ടിലും സ്വീഡനെ 2-0 നും തോൽപിച്ചതും ഈ ടീം തന്നെ. ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ സെമി ഫൈനലായിരുന്നു ഇത്. 1966 ലും 1990 ലുമാണ് മുമ്പ് സെമി കളിച്ചത്. 
ക്രൊയേഷ്യ മുമ്പ് ഒരേയൊരിക്കൽ ലോകകപ്പ് സെമി കളിച്ചത് 1998 ലാണ്. അന്ന് അവർ ആതിഥേയരായ ഫ്രാൻസിനോട് തോറ്റു. ഇത്തവണ ആതിഥേയരായ റഷ്യയെ തോൽപിച്ചാണ് സെമിയിലേക്ക് മുന്നേറിയത്.