ലണ്ടൻ - നാലേകാൽ മണിക്കൂറോളം നീണ്ട വിംബിൾഡൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എട്ടാം സീഡ് കെവിൻ ആൻഡേഴ്സൻ നിലവിലെ ചാമ്പ്യനും ടോപ് സീഡുമായ റോജർ ഫെദരറെ കെട്ടുകെട്ടിച്ചു. ആദ്യ രണ്ടു സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ദക്ഷിണാഫ്രിക്കക്കാരന്റെ ആവേശകരമായ തിരിച്ചുവരവ്. 2-6, 6-7 95-7), 7-5, 6-4, 13-11 ന് ആൻഡേഴ്സൻ മത്സരം സ്വന്തമാക്കി സെമിയിലേക്ക് മുന്നേറി. അഞ്ചാം സെറ്റിലെ 3-4 ൽ ബ്രെയ്ക് പോയന്റ് രക്ഷിച്ച ആൻഡേഴ്സന് 11-11 ലാണ് ആദ്യ അവസരം കിട്ടിയത്. വിംബിൾഡണിൽ തുടർച്ചയായ 34 സെറ്റുകൾ നേടിയ ഫെദരറുടെ കുതിപ്പ് അവിടെ അവസാനിച്ചു. 2005-2006 വിംബിൾഡണുകളിൽ 34 സെറ്റുകൾ തുടർച്ചയായി നേടിയ സ്വന്തം റെക്കോർഡ് ഫെദരർക്ക് ഭേദിക്കാനായില്ല. ആ ഗെയിം നേടുകയും അടുത്ത ഗെയിമിൽ സ്വന്തം സെർവിൽ മത്സരം വിജയിക്കുകയും ചെയ്തു. 2017 ലെ യു.എസ് ഓപൺ റണ്ണർഅപ്പായ ആൻഡേഴ്സൻ സെമിയിൽ 2016 ലെ വിംബിൾഡൺ റണ്ണർഅപ് മിലോക് റാവോനിച്ചിനെ നേരിടും. ആൻഡേഴ്സന്റെ ആദ്യ വിംബിൾഡൺ സെമിയാണ് ഇത്. അഞ്ചു സെറ്റിലേക്ക് നീണ്ട കഴിഞ്ഞ ആറു കളികളും ഫെദരർ ജയിച്ചിരുന്നു. ബ്രെയ്ക് ചെയ്യപ്പെടാതെ തുടർച്ചയായി 85 സെർവിസ് ഗെയിമുകൾ ജയിച്ച ഫെദരറുടെ കുതിപ്പും ആൻഡേഴ്സൻ അവസാനിപ്പിച്ചു. പീറ്റ് സാംപ്രാസിന്റെ 118 ഗെയിമുകളുടെ റെക്കോർഡിനോട് അടുക്കുകയായിരുന്നു ഫെദരർ. 2017 വിംബിൾഡണിലെ ഓപണിംഗ് സെറ്റിൽ തോമസ് ബെർദീഷാണ് ഫെദരറുടെ സെർവ് അവസാനം ബ്രെയ്ക് ചെയ്തത്.
മൂന്നാം സെറ്റിൽ 5-4 ൽ കിട്ടിയ മാച്ച് പോയന്റ് ഫെദരർ കളഞ്ഞുകുളിക്കുകയായിരുന്നു. ഫെദരറുടെ ബാക്ഹാന്റ് നെറ്റിൽ പതിച്ചു. അടുത്ത ഗെയിം ബ്രെയ്ക് ചെയ്ത ആൻഡേഴ്സൻ സെറ്റ് സ്വന്തമാക്കി കളി നാലാം സെറ്റിലേക്ക് നീട്ടി.
റാവോനിച് നേരിട്ടുള്ള സെറ്റുകളിൽ ഒമ്പതാം സീഡ് ജോൺ ഈസ്നറെയാണ് കീഴടക്കിയത്. കെയ് നിഷികോരിയെ 6-3, 3-6, 6-2, 6-2 ന് തോൽപിച്ച് 2016 നു ശേഷം ആദ്യമായി നോവക് ജോകോവിച് സെമി ഫൈനലിലെത്തി. മൂന്നു തവണ ഇവിടെ ചാമ്പ്യനായിരുന്നു നോവക്. യുവാൻ മാർടിൻ ദെൽപോട്രോയെ തോൽപിച്ച രണ്ടാം സീഡ് റഫായേൽ നദാലുമായാണ് നോവക് സെമി കളിക്കുക.