Wednesday , November   21, 2018
Wednesday , November   21, 2018

ഉംറ്റിറ്റി-ലെ ബ്ലൂസിന്റെ പുതിയ ഹീറോ

സെന്റ്പീറ്റേഴ്‌സ്ബർഗ്- നിരവധി മാച്ച് വിന്നർമാരുടെ സാന്നിധ്യമാണ് റഷ്യയിൽ ഫ്രഞ്ച് ടീമിന്റെ ഒരു പ്രധാന ഗുണമായി കണ്ടത്. 
ലോകകപ്പിലെ ഓരോ മത്സരത്തിലും അവർക്ക് ഓരോ ഹീറോകളായിരുന്നു. രണ്ടാം റൗണ്ടിൽ അർജന്റീനയെ തകർത്തത് കീലിയൻ എംബാപ്പെ ആയിരുന്നെങ്കിൽ, ക്വാർട്ടറിൽ ഉറുഗ്വായ്‌ക്കെതിരായ വിജയം അന്റോയിൻ ഗ്രീസ്മാന്റെ മിടുക്കിലായിരുന്നു. ബെൽജിയത്തിനെതിരായ സെമി ഫൈനൽ ജയത്തോടെ സാമുവൽ ഉംറ്റിറ്റിയാണ് അവരുടെ ഏറ്റവും പുതിയ താരം. 51ാം മിനിറ്റിൽ ഈ ഡിഫൻഡർ ഹെഡറിലൂടെ നേടിയ ഏക ഗോളാണ് ഫ്രാൻസിന് ഫൈനലിലേക്കുള്ള വഴി തുറന്നത്.
കളി കഴിഞ്ഞ് ഗ്രൗണ്ടിൽനിന്ന് പുറത്തേക്ക് വരുമ്പോൾ അഞ്ചാം നമ്പർ താരം വൈകാരിക തള്ളിച്ചയിലായിരുന്നു. 'എനിക്കിന്ന് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല' പക്ഷെ പ്രശ്‌നമില്ല, എനിക്കൊട്ടും ക്ഷീണമില്ല -ഉംറ്റിറ്റി പറഞ്ഞു.
1998ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് സെമിയിൽ ഫ്രാൻസ് തോൽപ്പിച്ചത് ക്രൊയേഷ്യയെയാണ്. അന്ന് മറ്റൊരു ഡിഫൻഡറായിരുന്നു മത്സരത്തിലെ ഹീറോ- ലിലിയൻ തുറാം. പിന്നീട് ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് ഫ്രാൻസ് ആദ്യമായി ലോക ചാമ്പ്യന്മാരുമായി. 'ഇതൊരു സൂചനയാണെന്നാണ് എനിക്ക് തോന്നുന്നത്' -ഉംറ്റിറ്റി പറഞ്ഞു.
മത്സരത്തിൽ വേണ്ടുവോളം ഭാഗ്യവും ഉംറ്റിറ്റിക്ക് ലഭിച്ചു. ഗോളടിക്കുന്നതിന് ഏതാനും മിനിറ്റുകൾക്കുമുമ്പ് സ്വന്തം പോസ്റ്റിനുമുന്നിൽ പന്ത് ക്ലിയർ ചെയ്യുമ്പോൾ ഉംറ്റിറ്റിക്ക് പിഴച്ചതാണ്. പന്ത് കിട്ടിയ റോമിലു ലുകാകുവിന് ഗോളടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ബെൽജിയം ലീഡ് നേടിയേനെ. കളിയാകെ മാറിയേനെ.
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ തുടർന്നുള്ള പ്രകടനത്തെ ബാധിക്കുമായിരുന്നോ എന്ന ചോദ്യത്തിന് തന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലുമില്ലെന്നായിരുന്നു ബാഴ്‌സലോണ താരത്തിന്റെ മറുപടി. 'ഒരു മത്സരത്തിനിടെ ആയിരം വ്യത്യസ്തമായ സംഭവങ്ങളുണ്ടാവും. ഒന്നുകഴിയുമ്പോൾ മറ്റൊന്ന്. ഓരോ കാര്യവും ചെയ്തത് ശരിയായിട്ടാണോ പിഴവ് പറ്റിയോ എന്നൊന്നും അന്നേരം നോക്കാൻ പറ്റില്ല.' ഉംറ്റിറ്റി പറഞ്ഞു.
റഷ്യയിൽ ഇതുവരെ തോൽവിയറിയാത്ത ടീമാണ് ഫ്രാൻസ്. മാത്രമല്ല ടീമിന്റെ ആഴവും കരുത്തും ഓരോ മത്സരം കഴിയുമ്പോഴും കൂടിവരുന്നതേയുള്ളു. മാച്ച് വിന്നർമാരുടെ സംഘത്തിന് കാര്യങ്ങൾ എളുപ്പമാവുകയാണ്.