Saturday , February   16, 2019
Saturday , February   16, 2019

റൺ പ്രളയത്തിനൊരുങ്ങി ഏകദിന പരമ്പര

നോട്ടിംഗ്ഹാം- ട്വന്റി20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് ബാറ്റെടുക്കുന്നു. മൂന്നു കളികളുള്ള പരമ്പരയിലെ ആദ്യ മത്സരം ട്രെന്റ്ബ്രിഡ്ജിലാണ്. ട്വന്റി20 പരമ്പര ഇന്ത്യ 2-1 നാണ് സ്വന്തമാക്കിയത്. ഏകദിനങ്ങളിൽ ഇംഗ്ലണ്ടാണ് ലോക ഒന്നാം നമ്പർ ടീം. 
അടുത്ത വർഷം ഇംഗ്ലണ്ടിൽ ലോകകപ്പ് നടക്കാനിരിക്കെ വിരാട് കോഹ്‌ലിക്കും കൂട്ടർക്കും കരുത്തും സാഹചര്യങ്ങളും പരീക്ഷിക്കാനുള്ള വലിയ അവസരമാണ് ഈ പരമ്പര. 2015 ലെ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ശേഷം ടീമിൽ അടിമുടി മാറ്റം വരുത്തിയ ഇംഗ്ലണ്ട് ഭയരഹിതമായ കളിയാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ 69 ഏകദിനങ്ങളിൽ നാൽപത്താറും അവർ ജയിച്ചു. 2017 ജനുവരിയിൽ ഇന്ത്യയിലാണ് അവർ അവസാനമായി അവർ ഏകദിന പരമ്പര തോറ്റത്. അതുകൊണ്ടു തന്നെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരിക്കും കാണുക.
ഇന്ത്യക്ക് ആഴത്തിലുള്ള ബാറ്റിംഗ് നിരയുണ്ട്, മുൻനിര ബാറ്റ്‌സ്മാന്മാരെല്ലാം ഫോമിലുമാണ്. ട്വന്റി20 പരമ്പരയിൽ രോഹിത് ശർമയും കെ.എൽ. രാഹുലും സെഞ്ചുറിയടിച്ചിരുന്നു. ശിഖർ ധവാനെയും രോഹിതിനെയും ഓപണർമാരായി നിലനിർത്താനും രാഹുലിനെ ടീമിലുൾപെടുത്താനം വേണ്ടി കോഹ്‌ലി നാലാം സ്ഥാനത്തേക്ക് പിൻവലിഞ്ഞേക്കും. ട്വന്റി20 പരമ്പരയിൽ കോഹ്‌ലി രണ്ടു തവണ അർധ സെഞ്ചുറി പാഴാക്കിയത് നേരിയ വ്യത്യാസത്തിലാണ്. ഏറെക്കാലത്തിനു ശേഷം സുരേഷ് റയ്‌ന ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അമ്പാട്ടി രായുഡുവിന് പകരമാണ് റയ്‌നക്ക് അവസരം കിട്ടിയത്. മഹേന്ദ്ര ധോണിക്കും ബാറ്റിംഗ് ഫോം തെളിയിക്കാനുള്ള അവസരമാണിത്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ടിംഗ് മികവ് ടീമിന് ബാറ്റിംഗിലും ബൗളിംഗിലും ആഴം നൽകുന്നു. എന്നാൽ കഴിഞ്ഞ എട്ട് ഏകദിനങ്ങളിൽ 20 വിക്കറ്റെടുത്തിട്ടുണ്ട് കുൽദീപ്. ചഹൽ അവസാന പത്ത് കളികളിൽ 24 വിക്കറ്റും. ഉമേഷ് യാദവും ഭുവനേശ്വർ കുമാറുമാണ് പെയ്‌സ്ബൗളിംഗിന് ചുക്കാൻ പിടിക്കുക. സിദ്ധാർഥ കൗൾ, ശാർദുൽ താക്കൂർ എന്നീ പെയ്‌സർമാരും ടീമിലുണ്ട്. ഭുവനേശ്വറിന് പുറംവേദനയുണ്ടായിരുന്നു. 
ഓസ്‌ട്രേലിയയെ 6-0 ന് തരിപ്പണമാക്കിയ ആവേശത്തിലാണ് ഇംഗ്ലണ്ട് ടീം. ഇന്ന് മത്സരം നടക്കുന്ന ഗ്രൗണ്ടിലാണ് ഓസീസിനെതിരെ ഇംഗ്ലണ്ട് ലോക റെക്കോർഡായ ആറിന് 481 റൺസ് അടിച്ചുകൂട്ടിയത്. ജോസ് ബട്‌ലറും ജെയ്‌സൻ റോയിയും അലക്‌സ് ഹെയ്ൽസും ജോണി ബെയര്‍‌സ്റ്റോയും ഓയിൻ മോർഗനും ബെൻ സ്റ്റോക്‌സും ഏതു ബൗളിംഗ് നിരയെയും കശക്കിവിടാൻ കെൽപുള്ളവരാണ്. സ്പിന്നർമാരായ മുഈൻ അലിയും ആദിൽ റഷീദും ഇന്ത്യൻ ബാറ്റിംഗിന് വെല്ലുവിളിയുയർത്തുകയും ചെയ്യും. ലിയാം പ്ലങ്കറ്റ്, സ്റ്റോക്‌സ്, ഡേവിഡ് വില്ലി, മാർക്ക് വുഡ് എന്നിവരടങ്ങുന്ന നല്ല പെയ്‌സ് നിരയുമുണ്ട് ആതിഥേയർക്ക്. ബട്‌ലർ ഐ.പി.എൽ മുതൽ ഉജ്വല ഫോമിലാണ്. പവർപ്ലേ ഓവറുകളിൽ ബട്‌ലർ- ജെയ്‌സൻ കൂട്ടുകെട്ടിനെ തളക്കുക ഇന്ത്യക്ക് വലിയ വെല്ലുവിളിയായിരിക്കും. 
ചാമ്പ്യൻസ് ട്രോഫിക്കു ശേഷം വെസ്റ്റിൻഡീസ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ ഇന്ത്യ കളിച്ച 27 ഏകദിനങ്ങളിലും ഒരു റിസ്റ്റ് സ്പിന്നറെങ്കിലും ടീമിലുണ്ടായിരുന്നു, നാട്ടിലായാലും വിദേശത്തായാലും. അതിൽ 23 കളികളിൽ ചഹൽ 43 വിക്കറ്റെടുത്തു, കുൽദീപ് 20 കളികളിൽ 39 വിക്കറ്റും. എന്നാൽ കഴിഞ്ഞ 69 കളികളിൽ 31 തവണ മുന്നൂറിലേറെ സ്‌കോർ ചെയ്ത ടീമാണ് ഇംഗ്ലണ്ട്. അതിൽ 11 തവണ സ്‌കോർ മുന്നൂറ്റമ്പതിനു മുകളിലും മൂന്നു തവണ നാനൂറിനു മുകളിലും പോയി. ഇന്ത്യക്ക് പോരാട്ടം എളുപ്പമായിരിക്കില്ല.