Saturday , July   21, 2018
Saturday , July   21, 2018

ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി: 30 ലക്ഷം രൂപ വിതരണം ചെയ്തു

ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി പ്രകാരമുള്ള സഹായം ട്രസ്റ്റ് ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിതരണം ചെയ്യുന്നു.

ജിദ്ദ- കഷ്ടപ്പെടുന്ന പ്രവാസികൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ് എന്ന സന്ദേശവുമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തി വരുന്ന കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള പദ്ധതി വിഹിതവും അംഗങ്ങളുടെ മെഡിക്കൽ ആനുകൂല്യങ്ങളുമടക്കം 30 ലക്ഷം രൂപ പാണക്കാട് നടന്ന ചടങ്ങിൽ ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ ട്രസ്റ്റ് ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. 
50 റിയാൽ പ്രീമിയം തുക നൽകി പദ്ധതിയിൽ ചേർന്നവർക്ക് മരണാനന്തര വിഹിതമായി 4 ലക്ഷം രൂപ വീതവും ചികിത്സകൾക്കായി 40,000 രൂപയും കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 50,000 രൂപയുമാണ് ജിദ്ദ കെ.എം.സി.സി നൽകിവരുന്നത്. വിവിധ ഘട്ടങ്ങളിലായി  2 കോടിയിലേറെ രൂപ പദ്ധതി പ്രകാരം അംഗങ്ങൾക്ക് ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. നടപ്പുവർഷം പതിനായിരത്തോളം പ്രവാസികളാണ് ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായി ചേർന്നത്. 
ജിദ്ദ തലാൽ സ്‌കൂൾ ജീവനക്കാരനായിരുന്ന കാട്ടിൽ സെയ്തലവിയുടെ കുടുംബത്തിനുള്ള 4 ലക്ഷം രൂപയുടെ ചെക്ക് കോഡൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി ഒറീസ്സ മുഹമ്മദ് ഏറ്റുവാങ്ങി. അതാത് പഞ്ചായത്ത് വാർഡ് മുസ്‌ലിം ലീഗ് നേതാക്കൾ മുഖേനയാണ് കുടുംബങ്ങൾക്കുള്ള ചെക്കുകൾ കൈമാറിയത്.
രണ്ട് ദിവസം മുമ്പ് വഴിക്കടവിൽ മരണപ്പെട്ട ജിദ്ദ അൽ ഖും റ ഏരിയാ കെ.എം.സി.സി സെക്രട്ടറി അഡ്വ. അബൂബക്കറിന്റെ കുടുംബത്തിനുള്ള പദ്ധതി വിഹിതം അഹമ്മദ് പാളയാട്ടിന്റ നേതൃത്വത്തിൽ ഭാരവാഹികൾ പരേതന്റെ വീട്ടിലെത്തി കുടുംബത്തെ ഏൽപിച്ചു.
പാണക്കാട് നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായീൽ മുണ്ടക്കുളം, നാസർ മച്ചിങ്ങൽ, ഇസ്ഹായ് പൂണ്ടോളി, ഷൗക്കത്ത് ഞാറക്കോടൻ എന്നിവരും കെ.എം.സി.സി നേതാക്കളായ പി. എം.എ. ജലീൽ, മദാരി അബ്ദുറഹ്മാൻ, ജലീൽ ഒഴുകൂർ, കബീർ മോങ്ങം, വി.വി. അശ്‌റഫ്, മുഹമ്മദാലി കോങ്ങാട്, ബാവ തെക്കിനി, സിയാസ് ബാബു, ശാബിർ പാണക്കാട്, കെ.സി ശിഹാബ്, ഷാജി ഗൾഫ് ഗേറ്റ്, ശറഫുദ്ധീൻ എടപ്പറമ്പ് എന്നിവരും പങ്കെടുത്തു.

Latest News