Saturday , February   16, 2019
Saturday , February   16, 2019

സ്ട്രച്ചറില്‍ കുട്ടികള്‍ ഉറങ്ങി; വിസ്മയ രക്ഷാദൗത്യത്തിന്റെ വിവരങ്ങള്‍ കാത്ത് ലോകം

ചിയാങ് റായി- തായ്‌ലാന്റിലെ ഗുഹയില്‍നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ അപായം നിറഞ്ഞ വഴികളിലൂടെ പുറത്തേക്കു വരുമ്പോള്‍ സ്ട്രച്ചറുകളില്‍ ഉറങ്ങിക്കിടക്കുകയാരുന്നുവെന്ന് തായ് നേവിയില്‍ മുങ്ങല്‍ വിദഗ്ധനായരുന്ന കമാന്‍ഡര്‍ ചായിയാനന്ത പീരാനാറോംഗ് പറഞ്ഞു. താം ലുവാങ് ഗുഹയില്‍നിന്ന് ഏറ്റവും അവസാനം പുറത്തേക്കു വന്ന മുങ്ങല്‍ വിദഗ്ധന്‍ ഇദ്ദേഹമായിരുന്നു.
മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ രക്ഷാ ദൗത്യം ഞായറാഴ്ച ആരംഭിച്ചതു മുതല്‍ അതിന്റെ വിശദാംശങ്ങള്‍ അതീവ രഹസ്യമായിരുന്നു. രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയായിട്ടും ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളേയും കോച്ചിനേയും പുറത്തെത്തിക്കാന്‍ സ്വീകരിച്ച നടപടികളുടെ മുഴുവന്‍ വിശദാംശങ്ങളും അധികൃതര്‍ വെളിപ്പെടുത്തിയില്ല. അതുകൊണ്ട് വിസ്്മയകരമായ ഈ ദൗത്യത്തിന്റെ നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.
ചിലര്‍ നല്ല ഉറക്കത്തിലായിരുന്നു. ചിലര്‍ വിരലുകള്‍ കോര്‍ത്തു പിടിച്ചു. പക്ഷേ എല്ലാവരും ഗുഹാകവാടത്തില്‍ നിലയുറപ്പിച്ച ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. കുട്ടികളുടെ പള്‍സ് അവര്‍ തുടര്‍ച്ചയായി നോക്കിയിരുന്നു -കമാന്‍ഡര്‍ ചായിയാനന്ത പറഞ്ഞു. സ്ട്രച്ചറുകളില്‍ ബന്ധിച്ചിരുന്ന കുട്ടികള്‍ക്ക് നേരിയ തോതില്‍ ഉറക്കുമരുന്ന് നല്‍കിയിരുന്നുവെന്ന് തായ്‌ലാന്റ് ജണ്ട മേധാവി ചൊവ്വാഴ്ച വാര്‍ത്താ ലേഖകരോട് പറഞ്ഞിരുന്നു. എന്നാല്‍ കുട്ടികളെ ബോധം കെടുത്തിയിരുന്നില്ല.
രക്ഷാദൗത്യം ആരംഭിച്ചതിനു പിന്നാലെ ഒരു മുന്‍ നേവി മുങ്ങല്‍ വിദഗ്ധന്‍ മരിച്ചത് അപായ ഭീതി ഇരട്ടിപ്പിച്ചിരുന്നു. ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിക്കുമ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ മരണം. വൈല്‍ഡ് ബോര്‍സ് ടീമില്‍ അംഗങ്ങളായിരുന്ന 11-16 വയസ്സുകാര്‍ക്ക് വെള്ളത്തിനകത്ത് ശ്വസനോപകരണം ഉപയോഗിച്ച് പരിചയമുണ്ടായിരുന്നില്ല.
13 ലോകോത്തര മുങ്ങല്‍ വിദഗ്ധരുടെ സേവനമാണ് ഇതിനു മുമ്പ് ഉദാഹരണമില്ലാത്ത ഈ രക്ഷാ ദൗത്യത്തിനു തേടിയിരുന്നതെന്ന് തായ്‌ലാന്റ് അറിയിച്ചു. അനസ്‌തേഷ്യ വിദഗ്ധന്‍ കൂടിയായ ഓസ്‌ട്രേലിയക്കാരന്‍ റിച്ചാര്‍ഡ് ഹാരിസെന്ന മുങ്ങല്‍ വിദഗ്ധനും ഇവരില്‍ ഉള്‍പ്പെടുന്നു. റിച്ചാര്‍ഡ് ഹാരിസ് ഉപയോഗിച്ച അപൂര്‍വ വിദ്യകളില്ലായിരുന്നുവെങ്കില്‍ രക്ഷാദൗത്യം പൂര്‍ത്തിയാക്കാനാവുമായിരുന്നില്ലെന്ന് ദൗത്യത്തിനു നേതൃത്വം നല്‍കിയ നരോങ്‌സാക് ഒസോട്ടാന്‍കോണ്‍ വാര്‍ത്താേലഖകരോട് പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.
തായ്‌ലാന്റ് യൂത്ത് ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളും കോച്ചും ഗുഹയില്‍ അകപ്പെട്ട സംഭവം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജൂണ്‍ 23 നാണ് ഫുട്‌ബോള്‍ പ്രാക്ടീസിനു ശേഷം മടങ്ങുകയായിരുന്ന ടീം അംഗങ്ങള്‍ ഗുഹയില്‍ അകപ്പെട്ടത്. ഇവര്‍ കയറിയ ഉടന്‍ ഗുഹയില്‍ പ്രളയ ജലം നിറയുകയായിരുന്നു.

ഗുഹയില്‍നിന്ന് കോടിക്കണക്കിനു ലിറ്റര്‍ വെള്ളം നിരന്തരമായി പമ്പ് ചെയ്താണ് കുട്ടികള്‍ക്കും കോച്ചിനും പുറത്തേക്കുള്ള വഴിയൊരുക്കിയത്. 13 പേരെയും പുറത്തെത്തിച്ചതിനു തൊട്ടുപിന്നാലെ പമ്പുകള്‍ പണിമുടക്കുകയും ഗുഹയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുവെന്നും ഡൈവര്‍മാര്‍ പറയുന്നു.  
ദിവസങ്ങളോളം സുഗമമായി പ്രവര്‍ത്തിച്ചിരുന്ന പമ്പുകള്‍ പെട്ടെന്നു നിന്നുപോയതിന്റെ കാരണം വ്യക്തമല്ല. പമ്പുകള്‍ പണിമുടക്കിയ സമയത്തു ഗുഹയുടെ 1.5 കിലോമീറ്റര്‍ ഉള്ളിലായി ഡൈവര്‍മാരും രക്ഷാപ്രവര്‍ത്തകരുമുണ്ടായിരുന്നു. ഗുഹയ്ക്കകത്തുള്ള ചേംബര്‍ മൂന്നില്‍ നില്‍ക്കേയാണു വെള്ളം ഇരച്ചെത്തുന്നതിന്റെ ശബ്ദം കേട്ടതെന്നു മൂന്ന് ഓസ്‌ട്രേലിയന്‍ ഡൈവര്‍മാരെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളം വറ്റിക്കുന്ന പ്രധാന പമ്പുകള്‍ നിശ്ചലമായതാണ് കാരണം.
കുട്ടികള്‍ അകത്തുണ്ടായിരുന്നപ്പോഴാണു പമ്പുകള്‍ പണിമുടക്കിയിരുന്നതെങ്കില്‍ രക്ഷാപ്രവര്‍ത്തനം ശുഭകരമായി അവസാനിക്കില്ലായിരുന്നു. കുട്ടികളെയും പരിശീലകനെയും പുറത്തെത്തിച്ച ശേഷവും നൂറോളം രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്കുള്ളില്‍ കര്‍മനിരതരായിരുന്നു.
വിവിധ മേഖലകളിലെ വിദഗ്ധരായ ആയിരത്തഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുടെ ശ്രമഫലമായാണ് പതിനേഴാം ദിവസം കുട്ടികളെയെല്ലാം ഗുഹയില്‍നിന്നു പുറത്തെത്തിച്ചത്. രക്ഷാദൗത്യത്തിനിടെ, തായ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ സമന്‍ കുനോന്താണ് (38) മരിച്ചത്. ഗുഹയില്‍ കുടുങ്ങിയ 13 പേര്‍ക്കായി ഓക്‌സിജന്‍ എത്തിച്ച ശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങും വഴി സ്വന്തം ശേഖരത്തിലെ ജീവവായു തീര്‍ന്നാണു നീന്തല്‍ വിദഗ്ധനായ സമന്‍ കുനോന്ത് മരിച്ചത്.
റോയല്‍ തായ് നാവിക സേനയുടെ ഭാഗമായ തായ് നേവല്‍ സീലുകളാണു രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയത്. ബ്രിട്ടന്‍, യു.എസ്, ചൈന, മ്യാന്‍മര്‍, ലാവോസ്, ഓസ്‌ട്രേലിയ, ജപ്പാന്‍, റഷ്യ, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളും സഹായിച്ചു.