Sunday , November   18, 2018
Sunday , November   18, 2018

വിദേശികളുടെ വേതനം മൂന്നു ശതമാനം വർധിച്ചു

റിയാദ് - ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ വിദേശികളുടെ ശരാശരി വേതനം മൂന്നു ശതമാനം വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കി. ഈ കൊല്ലം ആദ്യ പാദത്തിൽ വിദേശികളുടെ ശരാശരി വേതനം 3768 റിയാലായി ഉയർന്നു. കഴിഞ്ഞ കൊല്ലം അവസാന പാദത്തിൽ വിദേശികളുടെ ശരാശരി വേതനം 3674 റിയാലായിരുന്നു. സൗദികളുടെ ശരാശരി വേതനത്തിൽ രണ്ടു ശതമാനം വർധനവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം സൗദികളുടെ ശരാശരി വേതനം 10,089 റിയാലാണ്. 
സൗദി പുരുഷ ജീവനക്കാരുടെ ശരാശരി വേതനം 10,289 റിയാലും വനിതകളുടെ ശരാശരി വേതനം 9230 റിയാലുമാണ്. സർക്കാർ, സ്വകാര്യ മേഖലകളിലെ സൗദികളും വിദേശികളും അടക്കമുള്ള മുഴുവൻ ജീവനക്കാരുടെയും കണക്കെടുത്താൽ രാജ്യത്ത് ജീവനക്കാരുടെ ശരാശരി വേതനം 6210 റിയാലാണ്. ഗവൺമെന്റ് മേഖലയിൽ സൗദികളുടെ ശരാശരി വേതനം 11,095 റിയാലും വിദേശികളുടെ ശരാശരി വേതനം 10,298 റിയാലുമാണ്. സ്വകാര്യ മേഖലയിൽ സൗദികളുടെ ശരാശരി വേതനം 7197 റിയാലാണ്. സൗദികളിൽ 50 മുതൽ 54 വരെ പ്രായവിഭാഗത്തിൽ പെട്ടവർക്കാണ് ഏറ്റവുമധികം ശരാശരി വേതനം ലഭിക്കുന്നത്. ഇവരുട ശരാശരി വേതനം 14,251 റിയാലാണ്. വിദേശികളിൽ 65 ഉം അതിൽ കൂടുതലും പ്രായവിഭാഗത്തിൽ പെട്ടവർക്കാണ് ഏറ്റവുമധികം വേതനം ലഭിക്കുന്നത്. ഇവരുടെ ശരാശരി വേതനം 6189 റിയാലാണെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു.