Wednesday , November   21, 2018
Wednesday , November   21, 2018

അഫ്ഗാനിസ്ഥാനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം -മക്ക സമാധാന സമ്മേളനം 

സമാധാനത്തിന്റെയും ശാന്തിയുടെയും പുതിയ അധ്യായം തുറക്കുന്നതിന് സംവാദത്തിന്റെയും അനുരഞ്ജനത്തിന്റെയും സഹിഷ്ണുതയുടെയും പാത പിന്തുടരണം -സൽമാൻ രാജാവ്

ജിദ്ദ - അഫ്ഗാനിസ്ഥാനിൽ ഗവൺമെന്റും താലിബാനും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആഹ്വാനത്തോടെ രണ്ടു ദിവസമായി മക്കയിലും ജിദ്ദയിലുമായി നടന്ന അഫ്ഗാൻ സമാധാന സമ്മേളനത്തിന് പരിസമാപ്തി. അഫ്ഗാൻ ജനത സമാധാനം ആഗ്രഹിക്കുന്നതായും അഫ്ഗാനിസ്ഥാനിൽ നിരപരാധികൾ കൊല്ലപ്പെടുന്നത് ഇസ്‌ലാമിക മൂല്യങ്ങൾക്കും മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിനും ഐക്യദാർഢ്യത്തിനും വിരുദ്ധമാണെന്നും സമ്മേളനം അംഗീകരിച്ച സമാപന പ്രഖ്യാപനം പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ സമാധാനവും ശാന്തിയുമുണ്ടാക്കുന്നതിന് ആഗോള സമൂഹവും അന്താരാഷ്ട്ര സംഘടനകളും മുസ്‌ലിം നേതാക്കളും സൃഷ്ടിപരമായ പങ്ക് വഹിക്കണം. സംഘർഷത്തിൽ ഏർപ്പെട്ട കക്ഷികൾ പോരാട്ടം അവസാനിപ്പിക്കുകയും അനുരഞ്ജനത്തിന് തയാറാവുകയും വേണം. അഫ്ഗാൻ ഗവൺമെന്റും താലിബാനും വെടിനിർത്തൽ നടപ്പാക്കുകയും നേരിട്ടുള്ള സമാധാന ചർച്ചകൾ ആരംഭിക്കുകയും വേണം. 
അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും വക്താക്കൾക്കു മുന്നിൽ ലോക മുസ്‌ലിംകളും പണ്ഡിതരും നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കുന്നത് തുടരണം. അഫ്ഗാൻ ഗവൺമെന്റും താലിബാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് ഏറ്റവും മികച്ച മാർഗം ദേശീയ സംവാദമാണ്. നേരിട്ടുള്ള സമാധാന ചർച്ചകളിലൂടെ അഫ്ഗാൻ പ്രശ്‌നത്തിന് പരിഹാരം കാണണം. ഇക്കാര്യത്തിൽ അടുത്തിടെ അഫ്ഗാൻ പണ്ഡിതർ നടത്തിയ ശ്രമങ്ങളെ വിലമതിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. മുൻ ഉപാധികളില്ലാതെ താലിബാനെ നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് ക്ഷണിക്കുന്നതിന് അഫ്ഗാൻ പ്രസിഡന്റ് നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുന്നു. അക്രമം അകറ്റിനിർത്തുന്നതിനും പോരാട്ടം അവസാനിപ്പിക്കുന്നതിനും സമാധാന ചർച്ചകൾ ആരംഭിക്കുന്നതിനുമുള്ള അഫ്ഗാൻ ഗവൺമെന്റിന്റെ ക്ഷണത്തോട് താലിബാൻ അനുകൂലമായി പ്രതികരിക്കണമെന്നും സമ്മേളനം അംഗീകരിച്ച സമാപന പ്രഖ്യാപനം ആവശ്യപ്പെട്ടു. ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ ആണ് മാധ്യമങ്ങൾക്കു മുന്നിൽ സമാപന പ്രഖ്യാപനം വായിച്ചത്.
അഫ്ഗാനിസ്ഥാൻ സമാധാന സമ്മേളനത്തിൽ പങ്കെടുത്തവരെ ജിദ്ദ അൽസലാം കൊട്ടാരത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സ്വീകരിച്ചു. ഇരു ഹറമുകളുടെയും സേവന, പരിചരണ ചുമതല നൽകി സൗദി അറേബ്യയെ അല്ലാഹു ആദരിച്ചതായി ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ രാജാവ് പറഞ്ഞു. അബ്ദുൽ അസീസ് രാജാവിന്റെ കാലം തൊട്ട് ഇന്നു വരെ ഇക്കാര്യത്തിലുള്ള കർത്തവ്യം സൗദി അറേബ്യ ഭംഗിയായി നിർവഹിക്കുന്നു. അഫ്ഗാൻ പ്രതിസന്ധിയും ആഭ്യന്തര യുദ്ധവും ആരംഭിച്ചതു മുതൽ അഫ്ഗാൻ ജനതക്ക് സൗദി അറേബ്യ മാനുഷിക, സാമ്പത്തിക സഹായങ്ങൾ നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ അനുരഞ്ജനമുണ്ടാക്കുന്നതിന് സൗദി അറേബ്യ തുടർച്ചയായി രാഷ്ട്രീയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 
അഫ്ഗാനിസ്ഥാനിൽ സംഘർഷങ്ങളുടെ പഴയ ഏട് അടച്ചുപൂട്ടി പുതിയ അധ്യായം തുറക്കുന്നതിനും അഫ്ഗാനിസ്ഥാനിൽ സുരക്ഷാ ഭദ്രതയുണ്ടാക്കുന്നതിനും മക്ക സമാധാന സമ്മേളനത്തിൽ പങ്കെടുത്തവരുടെ ശ്രമങ്ങളിലൂടെ സാധിക്കുമെന്ന് പ്രത്യാശയുണ്ട്. ഇതിന് ഇസ്‌ലാം അനുശാസിക്കുന്നതു പോലെ സംവാദത്തിന്റെയും അനുരഞ്ജനത്തിന്റെയും സഹിഷ്ണുതയുടെയും പാത പിന്തുടരേണ്ടതുണ്ടെന്നും സൽമാൻ രാജാവ് പറഞ്ഞു. ഓർഗനൈസേഷൻ ഓഫ് മുസ്‌ലിം കോഓപ്പറേഷൻ സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിനും ചടങ്ങിൽ സംസാരിച്ചു. 
സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, റോയൽ കോർട്ട് ഉപദേഷ്ടാവ് ശൈഖ് ഡോ. സ്വാലിഹ് ബിൻ ഹുമൈദ്, ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ്, റോയൽ കോർട്ട് ഉപദേഷ്ടാവ് ശൈഖ് ഡോ. അബ്ദുല്ല അൽമുത്‌ലഖ്, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശകാര്യ സഹമന്ത്രി ഡോ. നിസാർ ഉബൈദ് മദനി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 
മക്ക ഗവർണറേറ്റ് ആസ്ഥാനത്ത് ഖാലിദ് അൽഫൈസൽ രാജകുമാരനും സമാധാന സമ്മേളനത്തിൽ പങ്കെടുത്ത പണ്ഡിതരെ സ്വീകരിച്ചു. ലോകമെങ്ങും പൊതുവിലും അഫ്ഗാനിസ്ഥാനിൽ വിശേഷിച്ചും മുസ്‌ലിം സമുദായത്തെ സേവിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകീകരിക്കണമെന്ന് സ്വീകരണ ചടങ്ങിൽ ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. സൽമാൻ രാജാവാണ് ലോക മുസ്‌ലിം പണ്ഡിതരുടെ പങ്കാളിത്തത്തോടെ അഫ്ഗാൻ സമാധാന സമ്മേളനം വിളിച്ചുചേർക്കുന്നതിന് ആഹ്വാനം ചെയ്തത്. മക്കയിലും ജിദ്ദയിലുമായി ചൊവ്വാഴ്ച ആരംഭിച്ച ദ്വിദിന സമ്മേളനത്തിൽ ലോക രാജ്യങ്ങളിൽ നിന്നുള്ള നൂറിലേറെ പ്രമുഖ പണ്ഡിതർ പങ്കെടുത്തു.