Saturday , February   16, 2019
Saturday , February   16, 2019

സർഫാസി-കൊള്ളക്കാർക്കുവേണ്ടി  ഒരു ഭീകരനിയമം

രണ്ടുലക്ഷം രൂപ വായ്പക്കു ജാമ്യം നിന്നതിന്റെ പേരിൽ രണ്ടരകോടി തിരിച്ചുപിടിക്കാൻ ജപ്തിചെയത് കുടിയിറക്കാൻ ശ്രമിക്കുക. ബ്ലേഡ് കമ്പനി എന്നറിയപ്പെടുന്ന വട്ടപ്പലിശക്കാരല്ല ഇത് ചെയ്യുന്നത്. എച്ച് ഡി എഫ് സി  എന്ന ന്യൂ ജനറേഷൻ ബാങ്കാണ്. എന്നാലത് ചെയ്യുന്നത് നിയമവിരുദ്ധമായിട്ടാണെന്നു കരുതരുത്. നിലവിലെ നിയമവ്യവസ്ഥയുടെ പിന്തുണയോടെയാണ്. കൃത്യമായി പറഞ്ഞാൽ സർഫാസി നിയമമെന്നറിയപ്പെടുന്ന കേന്ദ്രനിയമമനുസരിച്ച്. അതും കോടതിവിധി പ്രകാരം. കേന്ദ്രത്തിനെതിരെ എപ്പോഴും ഘോരഘോരം പ്രസംഗിക്കുന്ന സംസ്ഥാന സർക്കാരും ഇതുവരേയും ഈ നിയമത്തിനെതിരെ ചെറുവിരൽ പോലുമനക്കിയിട്ടില്ല. എന്നാൽ നീതിയുടെ പക്ഷത്തുനിൽക്കുന്ന ജനങ്ങളുടെ രോഷാഗ്നിക്കു മുന്നിൽ ഈ ശക്തികൾക്ക് താൽക്കാലികമാെയങ്കിലും മുട്ടുകുത്തേണ്ടിവന്നു. അതിനാണ് കഴിഞ്ഞ ദിവസം എറണാകുളം ഇടപ്പള്ളി സാക്ഷ്യം വഹിച്ചത്. 
വർഷങ്ങൾക്ക് മുൻപ് മറ്റൊരാൾക്ക് രണ്ട് ലക്ഷം രൂപയ്ക്ക് ജാമ്യം നിന്ന മാനാത്തുപാടം ഷാജിയുടെയും പ്രീതയുടെയും കിടപ്പാടമാണ് രണ്ട് കോടി എഴുപത് ലക്ഷം രൂപ കുടിശ്ശിക കണക്കാക്കി എച്ച് ഡി എഫ് സി ബാങ്ക് റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് ഓൺലൈൻ ലേലത്തിൽ വിറ്റത്. പിന്നാലെ ഷാജിയെയും പ്രീതയെയും കുടിയിറക്കാനുള്ള നീക്കങ്ങളും  ആരംഭിച്ചു. ഇതിനെതിരെ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, ബ്ലേഡ്ബാങ്ക് ജപ്തി വിരുദ്ധ പ്രസ്ഥാനം, മാനാത്തു പാടം പാർപ്പിട സംരക്ഷണ സമിതി എന്നിവയുടെ മുൻകൈയിൽ മാസങ്ങളായി സമരം നടന്നുവരികയായിരുന്നു. എന്നാൽ  ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ കഴിഞ്ഞ ദിവസം ഈ കുടുംബത്തെ തെരുവിൽ തള്ളാനുള്ള നീക്കമാണ് നടന്നത്. എന്നാൽ ഒരു നാടുമുഴുവൻ ഒന്നിച്ചുനിന്ന് ആ നീക്കത്തെ തടഞ്ഞു. കയ്യിൽ പെട്രോളുമായി തങ്ങൾ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞവരിൽ ഷാജിയും പ്രീതയും മാത്രമല്ല ഒരുപാട് നാട്ടുകാരും ഉണ്ടായിരുന്നു. ആ ജനകീയശക്തിക്കു മുന്നിൽ പിന്മാറുകയല്ലാതെ പോലീസിനു മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു. 
അങ്ങനെയാണ് നാലു വർഷമായി നടക്കുന്ന സമരമായിട്ടും സമ്പന്നരുടെ ലക്ഷോപലക്ഷം കോടികൾ എഴുതിത്തള്ളുന്ന ഭരണകൂടം ദരിദ്രരുടെ ഉടുതുണിവരെ പറിച്ചെടുത്ത് അവരെ തെരുവിൽ തള്ളുന്നു എന്ന് അവസാനം ധനമന്ത്രി തോമസ് ഐസക്കിനടക്കം പറയേണ്ടിവന്നത്.  അക്രമോത്സുകമായ നിയോ ലിബറൽ നയങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ഭീകര നിയമമായ സർഫാസി നിയമത്തിനു രാജ്യത്തെ മുഖ്യധാര പാർട്ടികളെല്ലാം ഓശാന പാടുന്ന ഘട്ടത്തിൽ നാല് വർഷം മുൻപാണ് കാക്കനാട്ടെ ഹെഡ്ലോഡ് തൊഴിലാളിയും സി.ഐ.ടി.യു സഖാവുമായിരുന്ന ബാബുവിന്റെ കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ സർഫാസി വിരുദ്ധ സമരത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി സമരമുഖങ്ങൾക്ക് സമിതി പ്രവർത്തകർ തുടക്കം കുറിച്ചു.  കണ്ണിന് ഓപ്പറേഷൻ നടത്താനായി അൻപതിനായിരം രൂപ ലോണെടുത്ത് അവസാനം വീട് ജപ്തിഭീഷണിയിലായ വൃദ്ധയായ സുശീല, വല്ലാർപാടത്തെ രവി, ലിൻഡ....എന്നിങ്ങനെ പട്ടിക നീളുന്നു. ഇപ്പോഴിതാ പ്രീതാ ഷാജിയും. എന്നാൽ ജീവിക്കാൻ വേണ്ടി ഏതെങ്കിലും ബാങ്കിൽ നിന്നോ സൊസൈറ്റിയിൽ നിന്നോ ചെറിയ ലോണെടുക്കുന്നവരെ പോലും വൻ കടബാധ്യതയിലെത്തിക്കുകയും അവസാനം ജപ്തിയിലും കൂട്ട ആത്മഹത്യകളിലും എത്തിക്കുന്ന സർഫാസി നിയമം ഭേദഗതി ചെയ്യുക എന്ന ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. പ്രമുഖ പാർട്ടികളൊന്നും ഇതവരുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. 2002 ൽ ആണ് കേന്ദ്ര സർക്കാർ സർഫാസി എന്ന പേരിൽ അറിയപ്പെടുന്ന സെക്യുരിറ്റൈസഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസെറ്റ്‌സ് ആൻഡ് എൻഫൊഴ്‌സ്‌മെന്റ് ഓഫ് സെക്യുരിറ്റി ഇൻട്രസ്റ്റ് ആക്റ്റ് പാസാക്കുന്നത്. ഇന്ത്യൻ ബാങ്കിംഗ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, ധന വിപണിയിലെ കഴുത്തറപ്പൻ മത്സരങ്ങളിൽ പിടിച്ചു നിൽക്കാനുള്ള ശേഷി ഉയർത്തുക എന്ന ലക്ഷ്യങ്ങൾ വച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ ഈ നിയമം കൊണ്ടുവന്നതെന്നായിരുന്നു അവകാശവാദം. നിയമം ബാങ്കുകൾക്ക് കിട്ടാനുള്ള കടം തിരിച്ചു പിടിക്കാൻ വിപുലമായ അധികാരങ്ങളാണ് നൽകുന്നത്. ഒപ്പം കടമെടുത്തവരുടെ സ്വാഭാവിക നീതിപോലും നിഷേധിക്കുന്നു. മുൻകാലങ്ങളിൽ കടം തിരിച്ചുപിടിക്കാൻ ബാങ്കുകൾ സിവിൽനിയമമനുസരിച്ച് സിവിൽ കോടതികളെ ആണ് ആശ്രയിച്ചിരുന്നത്. എന്നാൽ സിവിൽ കോടതികളിലെ നടപടികളുടെ കാലദൈർഘ്യം ആഗോളീകരണത്തിന്റെ കാലത്ത് ബാങ്കുകളുടെ മത്സരശേഷിയെ ബാധിക്കുമെന്നതിനാലാണ് സർക്കാർ വിപുലമായ അധികാരം ബാങ്കുകൾക്ക് നൽകിയതത്രെ. ഇതനുസരിച്ച് നൽകിയ വായ്പ തിരിച്ചടക്കുന്നതിൽ 60 ദിവസത്തെ കാലതാമസം വരുത്തിയാൽ ഈടായി നൽകിയ വസ്തുവിന്മേൽ ബാങ്കിന് നടപടികൾ സ്വീകരിക്കാം.  പഴയ സിവിൽ നടപടിക്രമങ്ങൾ പോലെ പരിശോധനകൾ ഒന്നുമില്ലാതെ വളരെ പെട്ടെന്ന് തന്നെ  വസ്തു ജപ്തി ചെയ്ത് കടം തിരിച്ചുപിടിക്കാം. 
ഒരു നീതിന്യായ വിചാരണയുമില്ലാത്ത കടാശ്വാസമോ കടപരിഹാരമോ ഇല്ലാത്ത അതിവേഗ പിടിച്ചെടുക്കൽ തീർപ്പുകളാണു ഉണ്ടാകുന്നത്. കടക്കെണിയിലായവരുടെ വസ്തുവകകൾ ചുളുവിലയ്ക്ക് തട്ടിയെടുക്കാൻ  വട്ടമിട്ട് പറക്കുന്ന റിയൽ എസ്റ്റേറ്റ് കഴുകന്മാരാണ് മാർക്കറ്റ് വിലയേക്കാൾ വളരെ കുറഞ്ഞ തുകയിൽ ഇവ ലേലം ചെയ്‌തെടുക്കുന്നത്. കണ്ണിൽ ചോരയില്ലാത്ത രീതിയിൽ നടക്കുന്ന ഈ കഴുത്തറുപ്പൻ കച്ചവടത്തിന്റെ വിഹിതം എല്ലാവരും കൈപറ്റുന്നു. കോർപ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപാ വരുന്ന വായ്പകൾ എഴുതി തള്ളാൻ യാതൊരു മടിയും കാണിക്കാത്ത ബാങ്കുകളാണ് വീടുനിർമ്മാണം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ പരിഹരിക്കാനായി വായ്പയെടുക്കുന്ന സാധാരണക്കാരുടെ നേരെ ഈ ഭീകരനിയമം ഉപയോഗിക്കുന്നത്. 
കേന്ദ്ര നിയമമായതിനാൽ തങ്ങൾക്കു ഒന്നും ചെയ്യാനില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. നിയമം ജനങ്ങൾക്ക് അനുകൂലമായ തരത്തിൽ ഭേദഗതി ചെയ്യുന്നതിനും സർഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികൾ നിറുത്തിവെക്കാനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സർക്കാർ തയ്യാറാവുന്നില്ല. മറിച്ച് ബാങ്കുകളെ കേവലം ശകാരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക് പോലും ചെയ്യുന്നത്. അതൊക്കെ തന്നെയാണ് ബാങ്കുകൾക്കും തട്ടിപ്പുകാർക്കും ഗുണകരമാകുന്നതും.