Saturday , February   16, 2019
Saturday , February   16, 2019

ഒരുമയുടെ മഹാവിജയം

മരണത്തിന്റെ ഗുഹാമുഖത്ത് നിന്ന മക്കളും, ഗുഹക്ക് പുറത്ത് തീ തിന്നു കഴിഞ്ഞ രക്ഷിതാക്കളും  തമ്മിൽ നടന്ന സംഭാഷണങ്ങളും അവരുടെ സമീപനങ്ങളും ഏതെല്ലാമോ വലിയ സന്ദേശങ്ങൾ ലോകത്തിന് കൈമാറുന്നുണ്ട്. തീർച്ചയായും അത് നന്മയുടെതാണ്. പ്രതീക്ഷയുടേതാണ്.

മനുഷ്യനന്മ ഒരിക്കലും ഇല്ലാതായിപ്പോകില്ലെന്ന് തായ്‌ലാൻഡിലെ താംലുവാങ് ഗുഹയിലെ കുട്ടികളുടെ അനുഭവം  ലോകസമക്ഷം വിളിച്ചു പറഞ്ഞു തരുന്നു. ആ ഗുഹക്കുമുന്നിൽ ഇത്രയും നാൾ പ്രാർഥനാനിരതനായിരുന്ന ബുദ്ധ സന്ന്യാസിക്കൊപ്പമായിരുന്നു  ലോകത്തിന്റെയാകെ  നിർമ്മല മനസ്സ്. ഒടുവിൽ ലോകത്തിന്റെ പ്രാർഥനയുടെയും, നമ്മൾ മനുഷ്യരൊന്നാണ് എന്ന ഐക്യപ്രഖ്യാപനത്തിന്റെയും സദ്
ഫലമായി  അവിടെ നിന്ന് നല്ല വാർത്ത തന്നെ   പുറത്തുവന്നിരിക്കുന്നു. അവശേഷിച്ച എല്ലാ കുട്ടികളും അവരുടെ പ്രിയപ്പെട്ട പരിശീലകനും രക്ഷപ്പെട്ടു.   പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളിൻ പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിൻ ... എന്ന ഇങ്ങ് വടകരയിൽ ജീവിച്ചു മരിച്ചുപോയ  കവി പി.ടി.അബ്ദുറഹ്മാനെഴുതിയ  വരികളുടെ ഭാഷ എന്തുമാകട്ടെ ആത്മാവ് സാർവ്വ ലൗകികമായിരുന്നു. തായ്‌ലാൻഡിലെ ആ ഗുഹാമുഖത്തു നിന്നും ചാന്ദ് പാഷ സംഗീതം നൽകിയ ആ വരികൾ ആരോ മൂളുന്നതുപോലെ. മനുഷ്യമനസ്സുകൾ സ്‌നേഹത്തിന്റെയും, കരുതലിന്റെയും വഴിയിൽ അവിടെ ഒന്നിക്കുകയായിരുന്നു.  ഓരോ കുട്ടിയും രക്ഷപ്പെടുമ്പോൾ അവരുടെ ഉറ്റവർക്കൊപ്പം ആ കുഞ്ഞുങ്ങളെ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തല്ലാത്തവരും അവർക്കൊപ്പം ആശ്വാസ നിശ്വാസം പൊഴിച്ചു. ദൈവത്തിന് നന്ദി പറഞ്ഞു.  മനുഷ്യരുടെ പ്രാർഥന. മനുഷ്യരുടെ കണ്ണുനീർ.
ലോകം ഫുട്‌ബോളിനൊപ്പം ജീവിക്കുന്നനാളുകളാണിത്. ഫുട്‌ബോൾ കളിച്ചു മടങ്ങുകയായിരുന്ന പന്ത്രണ്ട് ആൺകുട്ടികളും, അവരുടെ പ്രിയപ്പെട്ട പരിശീലകനും രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാത്ത ഗുഹയിൽ അകപ്പെട്ടു പോയപ്പോൾ ലോകത്തിന്റെ നന്മ നിറഞ്ഞ മനസുളൊന്നായി  ആ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്കും, പ്രിയപ്പെട്ടവർക്കുമൊപ്പം ചേരുകയായിരുന്നു.  ക്രൂരതകളുടെ വാർത്തകൾ മാത്രം കണ്ടും കേട്ടും മരവിച്ചു പോയ നമ്മൾ  ഇല്ലാ, കലർപ്പില്ലാത്ത മനുഷ്യനന്മ മരിച്ചിട്ടില്ലെന്ന് ഇപ്പോൾ തായ്‌ലാൻഡ് ജനതയുടെ ഹൃദയപക്ഷം ചേരുന്നു. 
ജൂൺ 23ന് കുട്ടികളെയും കൂട്ടി ഫുട്‌ബോൾ പരിശീലനത്തിന് പോകുമ്പോൾ ആഹ്ലാദമല്ലാതെ മറ്റൊന്നും ആ കുട്ടികളെക്കാൾ ഇത്തിരി മാത്രം മുതിർന്ന പരിശീലകൻ അകി എന്ന വിളിപ്പേരുള്ള ഇകപോൾ  ചാൻപോങിന്റെ (25)  മനസ്സിലുണ്ടായിരുന്നില്ല.  ഫുട്‌ബോൾ പരിശീലനത്തിനൊന്നും പോകേണ്ടയാളായിരുന്നില്ല അകീ. ജീവിതത്തിലുടനീളം ബുദ്ധ സന്ന്യാസ ജീവിതം നയിക്കേണ്ടിയിരുന്നവ്യക്തി. പത്താം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അകി ബുദ്ധ  സന്ന്യാസികൾക്കൊപ്പമായിരുന്നു പിന്നിടുള്ള കാലം.  സ്വാഭാവികമായും അകിയുടെ പാതയും അതു തന്നെ ആകേണ്ടതായിരുന്നു. പന്ത്രണ്ട് കുഞ്ഞുങ്ങൾക്ക്  ഇത്രയും ദിവസം, വളരെ കുറഞ്ഞ അളവിൽ ശുദ്ധവായു പോലും ഉപയോഗിക്കാൻ സാധിച്ചത്  അകി നേടിയെടുത്ത പ്രത്യേക പരിശീലനത്തിന്റെ ഫലം. അകിയുമായി  ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകളിൽ ഹൃദയഹാരിയായത് അതൊന്നുമല്ല, ഗുഹയിലേക്ക് കുട്ടികളെയും കൂട്ടി പോയതിന് രക്ഷിതാക്കളോട് ക്ഷമ ചോദിച്ചപ്പോൾ അവർ നൽകിയ മറുപടിയാണ്. ദയവ് ചെയ്ത്, ദയവ് ചെയ്ത് അങ്ങനെ പറയാതിരിക്കൂ.. അകി ഉള്ളതുകൊണ്ടാണ് ഞങ്ങളുടെ പൊന്നോമനകൾ ജീവനോടെയിരിക്കുന്നത്. നല്ല കാര്യങ്ങളെ അങ്ങനെ തന്നെ കാണാൻ കഴിയുന്ന മനുഷ്യരുള്ളതുകൊണ്ടുമാകാം അവരുടെ പരിസരത്ത് നിന്ന് അവരറിയാതെ ദുരന്തങ്ങൾ പോലും അകന്നകന്ന് പോകുന്നത്.    തങ്ങളുടെ കുഞ്ഞുങ്ങളോടുള്ള മാതാപിതാക്കളുടെ സ്‌നേഹ വാത്സല്യത്തിന്റെ ഊർജം ആ ഗുഹാമുഖത്താകെ പടരുന്നതും ലോകം അവരയച്ച സന്ദേശങ്ങളിലൂടെയും, കുട്ടികളുടെ മധുര വാക്കുകളിലൂടെയും കഴിഞ്ഞ ദിവസങ്ങളിൽ  കേട്ടിരുന്നു.  ഇതാണ് സ്‌നേഹം. ഇങ്ങിനെയാകണം കരുതൽ എന്ന് ലോകം ഇപ്പോൾ ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോടൊപ്പം നിൽക്കുന്നു. ടൈറ്റൻ എന്ന് വിളിപ്പേരുള്ള 11 കാരൻ (കൂട്ടത്തിൽ ഏറ്റവും ഇളയയാൾ) ഗുഹയിൽനിന്ന് രക്ഷിതാക്കൾക്കയച്ച സന്ദേശം കാണുക ; അമ്മേ, അച്ഛാ എന്നെ ഓർത്ത് വിഷമിക്കല്ലേ, എനിക്ക് സുഖമാണ്. എന്റെ സഹോദരനോട് പറയൂ എനിക്ക് പൊരിച്ച കോഴി കൊണ്ടുവരാൻ.
അച്ഛന്റെ മറുപടി ; ്യൂഞാൻ നിന്നെകാത്ത് ഗുഹക്ക് പുറത്തുണ്ട് മോനെ, കാണാൻ കൊതിയായിട്ട് വയ്യ. നീ ക്ഷമയോടെ കാത്തിരിക്കുക. ശക്തനാകണം കേട്ടോ. എന്റെ മോൻ തളരരുത്.  
ടൈറ്റന്റെയും അവന്റെ പ്രിയ പിതാവിന്റെയും വാക്കുകളിലുണ്ട് വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹാപാഠം.  മരണത്തിന്റെ ഗുഹാമുഖത്ത് നിന്ന മക്കളും, ഗുഹക്ക് പുറത്ത് തീ തിന്നു കഴിഞ്ഞ രക്ഷിതാക്കളും  തമ്മിൽ നടന്ന സംഭാഷണങ്ങളും, അവരുടെ സമീപനങ്ങളും ഏതെല്ലാമോ വലിയ സന്ദേശങ്ങൾ ലോകത്തിന് കൈമാറുന്നുണ്ട്. 
തീർച്ചയായും അത് നന്മയുടെതാണ്. പ്രതീക്ഷയുടേതാണ്.
മനുഷ്യർ എല്ലാ വിഭാഗീയതകളുടെയും മതിൽ മറന്ന് ഒരുമിക്കണമെന്ന സന്ദേശം. പ്രാർഥനക്കൊപ്പം നിറവേറ്റിയ ശാസ്ത്രീയമായ പ്രവർത്തനങ്ങളുടെയും വിജയം.