Tuesday , June   18, 2019
Tuesday , June   18, 2019

ദെഷാമിന്റെ പ്രതിരോധ തന്ത്രത്തില്‍ തട്ടിത്തെറിച്ച ബെല്‍ജിയന്‍ സ്വപ്നം

ഫ്രാന്‍സ് കോച്ച്‌ ദിദിയെ ദെഷാം

ലോകകപ്പിന്റെ സെമിഫൈനല്‍ കളിക്കേണ്ടത് എങ്ങനെയാണെന്ന് ബെല്‍ജിയത്തിന് ക്ലാസ്സെടുത്താണ് ഫ്രാന്‍സ് ഫൈനലിലേക്കു കയറിയത്. ഈ ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും മനോഹരമായി കളിച്ചിട്ടുള്ള ടീം അല്ല ഫ്രാന്‍സ്; അതുകൊണ്ടുതന്നെ സെമിയിലും അവരില്‍ നിന്ന് പ്രതീക്ഷിച്ചതേ അവര്‍ കാഴ്ച വെച്ചുമുള്ളൂ.

മികച്ച നിരവധി കളിക്കാര്‍ കൈവശം ഉണ്ടെന്നത് ജയിക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തിനപ്പുറം എന്തെങ്കിലും 'കാണിക്കാനുള്ള' കാരണമായി കാണുന്നയാളല്ല ദിദിയെ ദെഷാം. കളിക്കുന്ന കാലത്ത് ഡിഫന്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടമേഖല; ഇപ്പോള്‍ കോച്ചിങ്ങിലുമതേ. ആറു ലോകകപ്പുകള്‍ക്കിടെ രണ്ടുതവണ ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ ദെഷാംപ്‌സിനെ സമ്മതിച്ചേ തീരൂ... ആ കോച്ചിങ് രീതിയോട് തരിമ്പും പ്രിയമില്ലെങ്കില്‍ പോലും.

ബ്രസീലിനെ തറപറ്റിച്ച വിന്നിങ് ഫോര്‍മേഷനില്‍ കാര്യമായ അഴിച്ചുപണി നടത്തി റോബര്‍ട്ടോ മാര്‍ട്ടിനസ് ടീമിനെ ഇറക്കിയപ്പോള്‍ ബെല്‍ജിയത്തിന് കളിരീതിയില്‍ ആക്രമണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്ന് പ്രത്യാശിച്ചിരുന്നു. പക്ഷെ, സെവന്‍സിലെ സ്‌റ്റോപ്പര്‍ ബാക്കിനെ പോലെ വിന്‍സന്റ് കമ്പനിയെ ടീമിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ച്, ഹസാര്‍ഡിന്റെയും ഡിബ്രൂയ്‌നെയുടെയും വ്യക്തിഗത മികവില്‍ മാത്രം ആക്രമണ പദ്ധതി ആവിഷ്‌കരിച്ചു കൊണ്ടുള്ള ആ രീതി കേളീതന്ത്രം എന്നതിനേക്കാള്‍ തോല്‍ക്കാന്‍ പേടിയായാണ് തോന്നിയത്. അനാവശ്യമായി പന്ത് കാലില്‍ വെക്കുന്ന ശീലം ഫ്രാന്‍സിന് ഇല്ലാത്തതിനാല്‍  ഗതികേടു കൊണ്ട്  ബെല്‍ജിയത്തിന് കൂടുതല്‍ പൊസഷന്‍ ലഭിച്ചു. അതാകട്ടെ, പന്തിനെ മൈതാനത്തിന്റെ എല്ലാ ഭാഗവും കാണിക്കാന്‍ മാത്രമേ അവര്‍ ഉപയോഗപ്പെടുത്തിയുള്ളൂ. എന്നിട്ടും കളിക്കാരുടെ വ്യക്തിഗത മികവിനാലും വീഴ്ചകളാലും ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ക്ക് ആദ്യപകുതി സാക്ഷ്യം വഹിച്ചു. ലോറിസിന്റെ സേവും കോര്‍ട്വയുടെ കൃത്യമായ ഇടപെടലും ഗോള്‍ അകറ്റിനിര്‍ത്തി എന്നുമാത്രം.

കളിയുടെ മൂഡനുസരിച്ച് 60  70 മിനുട്ടുകള്‍ക്കിടെ ബെല്‍ജിയം എങ്ങനെയും ഒരു ഗോള്‍ നേടുമെന്നും അതില്‍ കളി തീരുമെന്നുമാണ് ഇടവേളയില്‍ കരുതിയത്. പക്ഷേ, സെറ്റ്പീസ് ഗോളിലൂടെ ഫ്രാന്‍സ് മത്സരം റാഞ്ചുകയും പിന്നെ കളിയെ തന്നെ കൊന്നു കളയുകയും ചെയ്തു. കഠിനമായി അധ്വാനിക്കാന്‍ ഹസാര്‍ഡും പന്തുകിട്ടുമ്പോഴൊക്കെ എന്തെങ്കിലും പ്രതീക്ഷ നല്‍കാന്‍ ഡിബ്രൂയനെയും ഉള്ളതുകൊണ്ടാണ് അവസാനം വരെ കളി കണ്ടിരിക്കാവുന്ന വിധമെങ്കിലുമായത്. ഫ്രഞ്ച് ഡിഫന്‍സിന്റെ കൃത്യമായ മാര്‍ക്കിങ്ങും റഫറിയുടെ അലസതയും ഹസാര്‍ഡിന്റെ നയിപ്പുകള്‍ വെറുതെയാക്കി. റൊമേലു ലുകാകു വലിയ ടീമുകള്‍ക്കെതിരെ എല്ലായ്‌പോഴുമുള്ള തന്റെ ഫോം നിലനിര്‍ത്തി. സ്വന്തം സഹതാരങ്ങള്‍ക്കു പുറമേ സാമുവല്‍ ഉംതിതിയും കയ്യയഞ്ഞു സഹായിച്ചിട്ടും ലുകാകു ഗോളടിക്കാന്‍ തയ്യാറായില്ല.

തന്റെ പദ്ധതികള്‍ അപ്പാടെ പാളി എന്നുകണ്ട മാര്‍ട്ടിനസ് മൂസ ഡെംബാലേയെ തിരിച്ചുവിളിച്ചും കാരസ്‌കോയേയും മേര്‍ട്ടന്‍സിനെയും ഇറക്കിയും ഒരു തിരുത്തല്‍ നടപടിക്ക് ശ്രമിച്ചെങ്കിലും ഫ്രാന്‍സ് അപ്പോഴെക്കും ജയിച്ചു കഴിഞ്ഞിരുന്നു. ജിറൂദ് പാഴാക്കിയ അസംഖ്യം അവസരങ്ങളോ ഗ്രീസ്മാന്റെ മൂര്‍ച്ചക്കുറവോ അവരെ ബാധിച്ചതേയില്ല. അവരെ സംബന്ധിച്ചിടത്തോളവും ഗോള്‍ നേടിയതില്‍പിന്നെ ബോക്‌സ് കവര്‍ ചെയ്യുക എന്നതും, നേരിട്ട് ഗോളിനെ ലക്ഷ്യം വെക്കാനാവുന്ന ഇടങ്ങളില്‍ എതിരാളികളെ നിരായുധരാക്കുക എന്നതുമായിരുന്നു പ്രധാനം. കാന്റെ, വരാന്‍, പോഗ്ബ, മാറ്റിയൂഡി, ഉംതിതി എന്നിവര്‍ അത് ഭംഗിയായി നിര്‍വഹിച്ചു. വല്ലപ്പോഴും ഡിഫന്‍സില്‍ പഴുതുണ്ടായപ്പോള്‍ ലോറിസ് തകര്‍പ്പന്‍ ഫോമിലേക്ക് ഉയരുകയും ചെയ്തു.

കാന്റെയെ പറ്റി ഇനിയും പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. വരാന്‍ ആണ് ഇന്ന് എന്റെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു താരം. ഹസാര്‍ഡിന്റെ കേര്‍ലിംഗ് ഷോട്ടില്‍ തലവെച്ചു ക്രോസ്ബാറിന് മുകളിലേക്ക് വഴിതിരിച്ചു വിട്ടപ്പോള്‍ മാത്രമല്ല, മത്സരത്തിലുടനീളം അയാള്‍ സ്വന്തം ജോലി കുറ്റമറ്റ രീതിയില്‍ ചെയ്തു. റയല്‍ മാഡ്രിഡിലെ സ്ഥിരം സ്റ്റാര്‍ട്ടര്‍ ആണെങ്കിലും വരാനെ പറ്റി ആരും അധികം പറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. തന്റെ പണി വൃത്തിയില്‍ എടുക്കുന്ന, അനാവശ്യ ബഹളങ്ങള്‍ക്കൊന്നും പോകാത്ത വരാന്‍ ഒരു കഌന്‍ ഫുട്‌ബോളറാണ്. ദെഷാംപ്‌സിനെ പോലെ, ഡിഫന്‍സീവ് ആയി ചിന്തിക്കുന്ന മാനേജര്‍മാര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകം.

ഹസാര്‍ഡ് വളരെ നന്നായി കളിച്ചു. പക്ഷെ, ആ കളിയെ വിജയമാക്കി പരിവര്‍ത്തിപ്പിക്കാന്‍ പോന്ന ടീം പ്ലാന്‍ ബെല്‍ജിയത്തിന് ഉണ്ടായിരുന്നില്ല. സഹതാരങ്ങളും അവസരത്തിനൊത്തുയര്‍ന്നില്ല. ഡിബ്രൂയ്‌നയെ ഹാസര്‍ഡിന് സപ്പോര്‍ട്ട് ആയി അതേ വിങില്‍ കളിപ്പിച്ചിരുന്നെങ്കില്‍, ലുകാകു ഫോമിലേക്ക് ഉയര്‍ന്നിരുന്നെങ്കില്‍, നിഷേധിക്കപ്പെട്ട ഫൗളുകള്‍ കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ കളി മാറുമായിരുന്നു. പക്ഷെ, ഒരേ പ്ലാനോടെ പിഴവില്ലാതെ കളിക്കുന്ന ഫ്രാന്‍സ് തന്നെയാണ് ജയം അര്‍ഹിച്ചിരുന്നത്.
 

Latest News