Saturday , February   16, 2019
Saturday , February   16, 2019

ഫൈനലിന് ഫ്രഞ്ച് ഫ്രൈ

ഫ്രാൻസ് 1 - ബെൽജിയം 0

സെയ്ന്റ്പീറ്റേഴ്‌സ്ബർഗ് - ബെൽജിയത്തിന്റെ സുവർണ തലമുറയുടെ ലോകകപ്പ് സ്വപ്‌നങ്ങൾക്കു മേൽ തിളച്ച വെള്ളമൊഴിച്ച് ഫ്രാൻസിന്റെ യുവത്വത്തുടിപ്പ് ലോകകപ്പ് കിരീടത്തിന് ഒരു ചുവട് അരികിലെത്തി. ആവേശക്കൊടുമുടി കയറിയില്ലെങ്കിലും നിരവധി ഗോളവസരങ്ങൾ കണ്ട സെമി ഫൈനലിൽ അമ്പത്തൊന്നാം മിനിറ്റിൽ സാമുവേൽ ഉംറ്റിറ്റിയാണ് ഫ്രാൻസിന്റെ വിജയ ഗോളടിച്ചത്. മറുപടി ഗോളിനായി ബെൽജിയം നിരന്തരം ആക്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം പഴുതനുവദിക്കാതെ നിന്നു. പ്രതിരോധം പതറിയ അപൂർവം ഘട്ടങ്ങളിൽ ഗോളി ഹ്യൂഗൊ ലോറിസിന്റെ സുരക്ഷിതമായ കരങ്ങൾ അവരുടെ ലീഡ് കാത്തു. ഇരുപകുതികളിലായി രണ്ട് ലോകോത്തര സെയ്‌വുകളാണ് ലോറീസ് കാഴ്ചവെച്ചത്. കളി തീരാൻ അഞ്ച് മിനിറ്റ് ശേഷിക്കേ ബോക്‌സിന് പുറത്തു കിട്ടി ഫ്രീകിക്കായിരുന്നു ബെൽജിയത്തിന്റെ അവസാന അവസരം. കെവിൻ ഡിബ്രൂയ്‌നെ എടുത്ത ഫ്രീകിക്ക് അപകടം വിതച്ചില്ല. തൊട്ടുടനെ റൊമേലു ലുകാകുവിന് കിട്ടിയ അവസരം കൂടി പാഴാക്കിയതോടെ ഗാലറിയിൽ ഫ്രഞ്ച് ആരാധകർ വിജയനൃത്തം തുടങ്ങി. ബെൽജിയത്തിന്റെ പ്രതിഭാധനരായ നിരക്ക് പുറത്തേക്കുള്ള വാതിൽ തുറന്നു. അവസാന മിനിറ്റിൽ ഫ്രാൻസിനാണ് ലീഡുയർത്താൻ അവസരം കിട്ടിയത്. ആന്റോയ്ൻ ഗ്രീസ്മാൻ അത് പാഴാക്കി. 
ആദ്യ പകുതിയിൽ കരുതലോടെയാണ് ഇരു ടീമുകളും കളിച്ചത്. ആദ്യ 20 മിനിറ്റോളം ബെൽജിയത്തിന്റെ സമ്മർദ്ദമായിരുന്നു. ബോക്‌സിൽ നിന്നുള്ള ടോബി ആൽഡർവെയ്‌റൽഡിന്റെ മിന്നൽ ഷോട്ട് മുഴുനീളം ചാടി രക്ഷിച്ച ഗോളി ഹ്യൂഗൊ ലോറിസാണ് ഫ്രാൻസിന്റെ വലയനങ്ങാതെ കാത്തത്. എഡൻ ഹസാഡിന്റെ കിടിലൻ ഷോട്ട് റഫായേൽ വരാൻ ഹെഡ് ചെയ്തകറ്റാൻ ശ്രമിച്ചത് ഗോളി നിസ്സഹായനായി നിൽക്കേ സ്വന്തം ക്രോസ്ബാറിനെ മുട്ടിയുരുമ്മി പുറത്തുപോയി. 
ഫ്രാൻസിന്റെ ഓരോ പ്രത്യാക്രമണവും ബെൽജിയം പ്രതിരോധത്തിൽ അങ്കലാപ്പുണ്ടാക്കി. ഒലീവിയർ ജിരൂവിന്റെ ഹെഡർ തലനാരിഴക്കാണ് പിഴച്ചത്. ഫ്രഞ്ച് പ്രതിരോധം കീലിയൻ എംബാപ്പെയെ തടഞ്ഞുനിർത്താൻ ശ്രമിച്ച വേളയിൽ ബെഞ്ചമിൻ പാവാഡ് നിലംപറ്റേ പറത്തിയ ഷോട്ട് ഗോളി തിബൊ കോർട്‌വയുടെ നീട്ടിയ കാലിൽ തട്ടി ലക്ഷ്യം തെറ്റുകയായിരുന്നു. എംബാപ്പെയുടെ വേഗം ബെൽജിയത്തിന് നിരന്തരം തലവേദനയുയർത്തി. 
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫ്രാൻസ് ഗോളടിച്ചു. ജിരൂവിന്റെ ഗോളെന്നുറച്ച ഷോട്ട് വിൻസന്റ് കോമ്പനി കോർണർ വഴങ്ങിയാണ് തടുത്തത്. കോർണർ കിക്ക് മർവാൻ ഫെലയ്‌നിക്കു മുകളിലേക്കുയർന്ന് ഉംറ്റിറ്റി വലയിലേക്ക് ചെത്തി വിട്ടു. ടൂർണമെന്റിൽ ഫ്രാൻസിന്റെ രണ്ട് സെൻട്രൽ ഡിഫന്റർമാരും സ്‌കോർ ചെയ്തു. 
ഫൈനൽ 
ഈ നൂറ്റാണ്ടിൽ ഫ്രാൻസിന്റെ നാലാമത്തെ പ്രധാന ഫൈനലാണ് ഇത്. 2000 ത്തിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് 2016 ലെ യൂറോ കപ്പിലും 2006 ലെ ലോകകപ്പ് ഫൈനലിലും തോൽക്കുകയായിരുന്നു. 1980 ലെ യൂറോപ്യൻ കപ്പ് ഫൈനൽ പശ്ചിമ ജർമനിയോട് തോറ്റ ശേഷം ബെൽജിയത്തിന് ഫൈനലിലെത്താനുള്ള ആദ്യ അവസരമായിരുന്നു ഇത്. മുമ്പ് ഒരേയൊരിക്കൽ ലോകകപ്പ് സെമി കളിച്ചപ്പോൾ 1986 ൽ ഡിയേഗൊ മറഡോണയുടെ അർജന്റീനയോട് ബെൽജിയം തോൽക്കുകയായിരുന്നു. 
മൂനീറിനു പകരം മൂസ
സസ്‌പെൻഷനിലായ വിംഗ്ബാക്ക് തോമസ് മൂനീറിനു പകരം പ്രതീക്ഷക്കു വിരുദ്ധമായി ടോട്ടനം ഹോട്‌സ്പർ മിഡ്ഫീൽഡർ മൂസ ദെംബലെയെയാണ് ബെൽജിയം കോച്ച് റോബർടൊ മാർടിനെസ് കളിപ്പിച്ചത്. ബ്രസീലിനെതിരെ നാലംഗ പ്രതിരോധ നിരയുമായി കളിച്ച ബെൽജിയം മൂന്നംഗ പിൻനിരയിലേക്ക് തിരിച്ചുവന്നു. മധ്യനിരയിൽ ഇടത്ത് നാസർ ഷാദ്‌ലിയും വലത്ത് മൂസയും മധ്യത്തിൽ മർവാൻ ഫെലയ്‌നി, ആക്‌സൽ വിറ്റ്‌സൽ എന്നിവരും അണിനിരന്നു. മുന്നിൽ എഡൻ ഹസാഡും റൊമേലു ലുകാകുവും കെവിൻ ഡിബ്രൂയ്‌നെയും പട നയിച്ചു. 
സസ്‌പെൻഷൻ പൂർത്തിയാക്കിയ ബ്ലയ്‌സ് മറ്റിയൂഡിയെ ഫ്രാൻസ് ടീമിൽ ഉൾപെടുത്തി. കോരന്റീൻ ടോളിസോക്കാണ് പിൻവാങ്ങേണ്ടി വന്നത്. സിനദിൻ സിദാനെ മറികടക്കാൻ ഒരു ഗോൾ കൂടി ആവശ്യമായിരുന്ന ഒലീവിയർ ജിരൂവാണ് ഫ്രാൻസിന്റെ ആക്രമണം നയിച്ചത്. ഒപ്പം എംബാപ്പെയും ഗ്രീസ്മാനും അണിനിരന്നു.