Monday , November   19, 2018
Monday , November   19, 2018

ചില്ലറ വ്യാപാര മേഖലയില്‍ വന്‍ പ്രതിസന്ധി; സൗദിയില്‍ 20 ശതമാനം സ്ഥാപനങ്ങള്‍ പൂട്ടിയേക്കും

റിയാദ് - രൂക്ഷമായ മാന്ദ്യം മൂലം ഈ വർഷം ഇരുപതു ശതമാനത്തോളം ചില്ലറ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടിയേക്കുമെന്ന്  വിദഗ്ധർ പറഞ്ഞു. ചില്ലറ വ്യാപാര മേഖലയിൽ വിൽപന കുത്തനെ കുറഞ്ഞിട്ടുണ്ട്. മാന്ദ്യവും ഉയർന്ന പ്രവർത്തന ചെലവും കടുത്ത മത്സരവും ഉപയോക്താക്കളുടെ പർച്ചേയ്‌സിംഗ് ശൈലിയിലുള്ള മാറ്റവും മറികടക്കുന്നതിന് ചില സ്ഥാപനങ്ങൾ ഓൺലൈൻ വിൽപന മേഖലയിലേക്ക് തിരിയാൻ സാധ്യതയുണ്ട്. 


പ്രവർത്തന ചെലവുകൾ കുറയ്ക്കാൻ ഈ വർഷം 70 ശാഖകൾ അടച്ചുപൂട്ടി ഓൺലൈൻ വ്യാപാര മേഖലയിലേക്ക് തിരിയുമെന്ന് ചില്ലറ വ്യാപാര മേഖലയിലെ വൻകിട കമ്പനി അറിയിച്ചു. കടുത്ത വെല്ലുവിളികളാണ് ചില്ലറ വ്യാപാര സ്ഥാപനങ്ങൾ നേരിടുന്നതെന്ന് സൗദി ഇക്കണോമിക് അസോസിയേഷൻ അംഗം ഡോ. അബ്ദുല്ല അൽമഗ്‌ലൂത്ത് പറഞ്ഞു. അടച്ചുപൂട്ടുന്നതിന് നിരവധി ചില്ലറ വ്യാപാര സ്ഥാപനങ്ങളെ ഇത് പ്രേരിപ്പിക്കുകയാണ്. നൂറു ശതമാനം മൂലധന നിക്ഷേപത്തോടെ സൗദിയിൽ ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിന് വിദേശ കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് ഈ മേഖലയിൽ മത്സരം വർധിപ്പിക്കും. 


ഇതും സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കും. തൊഴിലാളികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവുകൾ വർധിച്ചതും സർക്കാർ ഫീസുകളും നിർബന്ധിത സൗദിവൽക്കരണവും മൂലം ഇരുപതു ശതമാനത്തോളം സ്ഥാപനങ്ങൾ അടച്ചുപൂട്ടിയേക്കുമെന്നാണ് കരുതുന്നത്. ഉപയോക്താക്കളുടെ പർച്ചേയ്‌സിംഗ് ശൈലിയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. നിരവധി പേർ ഇപ്പോൾ ഓൺലൈൻ പർച്ചേയ്‌സിംഗിനാണ് മുൻഗണന നൽകുന്നത്. മികച്ച സേവനവും കുറഞ്ഞ നിരക്കുകളും ഓൺലൈൻ പർച്ചേയ്‌സിംഗിന്റെ പ്രത്യേകതകളാണെന്ന് ഡോ. അബ്ദുല്ല അൽമഗ്‌ലൂത്ത് പറഞ്ഞു.
പ്രാദേശിക വിപണിയിലുണ്ടായ നിരവധി മാറ്റങ്ങൾ പ്രവർത്തന ചെലവുകൾ കുറയ്ക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ എന്റർപ്രീനർഷിപ്പ് കമ്മിറ്റി പ്രസിഡന്റ് സാമിർ അൽഫർശൂത്തി പറഞ്ഞു. 
ആഗോള തലത്തിൽ തന്നെ ഉപയോക്താക്കളുടെ പർച്ചേയ്‌സിംഗ് ശൈലയിൽ മാറ്റമുണ്ടായിട്ടുണ്ട്. കൂടുതൽ അധ്വാനമില്ലാതെയും സമയം ലാഭിച്ചും എളുപ്പത്തിലും ഉൽപന്നങ്ങളും അവയുടെ വിലകളും തമ്മിൽ താരതമ്യം ചെയ്തു നോക്കുന്നതിന് സാധിക്കുമെന്നത് അടക്കമുള്ള കാരണങ്ങളാൽ ഓൺലൈൻ പർച്ചേയ്‌സിംഗുകൾക്കാണ് ഉപയോക്താക്കൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും സാമിർ അൽഫർശൂത്തി പറഞ്ഞു.  
 

Latest News