Monday , November   19, 2018
Monday , November   19, 2018

യെമനിലെ ഹൂത്തികള്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നു; യു.എന്‍ ഇടപെടണം

റിയാദ് -പോരാട്ടത്തിൽ പങ്കെടുക്കുന്നതിന് യുദ്ധമുന്നണിയിലേക്ക് കുട്ടികളെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ റിക്രൂട്ട് ചെയ്യുന്നതും അവരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നതും ജനവാസ കേന്ദ്രങ്ങൾക്കു നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിടുന്നതും അന്താരാഷ്ട്ര നിയമങ്ങളെ അവമതിക്കലാണെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി.

കുട്ടിപ്പട്ടാളക്കാരുടെ റിക്രൂട്ട്‌മെന്റിൽ ഹൂത്തി മിലീഷ്യകളെ പിന്തുണക്കുന്ന രാജ്യങ്ങളെയും ഗ്രൂപ്പുകളെയും യു.എൻ അപലപിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി രക്ഷാസമിതിയിൽ നടത്തിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. യുദ്ധക്കെടുതികളിൽ നിന്ന് കുട്ടികളെ അകറ്റിനിർത്തുന്നതിന് യു.എൻ നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ വിലമതിക്കുന്നു. ദിവസേനെയെന്നോണം ഗാസയിൽ കുട്ടികൾ കൊല്ലപ്പെടുന്നു. അഫ്ഗാനിൽ കുട്ടികളെ പോരാട്ട ഭൂമിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു.

യെമനിലെ സഅ്ദയിൽ കുട്ടികളെ ആയുധമണിയിക്കുന്നു. സിറിയയിൽ രാസായുധ ആക്രമണത്തിൽ കുട്ടികൾ ശ്വാസംമുട്ടി പിടഞ്ഞുമരിക്കുന്നു. നിരവധി കുട്ടികൾ ഭീകര സംഘടനകളുടെ ആക്രമണങ്ങൾക്ക് വിധേയരാകുന്നു. 
ഏറ്റവും പൈശാചികമായ അധിനിവേശത്തിന് ഫലസ്തീൻ ജനത ഇപ്പോഴും വിധേയരാകുന്നു. പത്തു വർഷത്തിലധികമായി ഗാസ നിവാസികൾ കടുത്ത ഉപരോധത്തിലാണ്. അന്താരാഷ്ട്ര സമൂഹത്തെയും മാനവിക മൂല്യങ്ങളെയും ഇസ്രായിൽ എങ്ങിനെയാണ് വെല്ലുവിളിക്കുന്നതെന്ന് നാം കാണുന്നു. ആഴ്ചകൾക്കു മുമ്പ് സമാധാനപരമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയ നിരപരാധികാളായ ഡസൻ കണക്കിന് കുട്ടികളെ ഏതാനും ദിവസങ്ങൾക്കിടെ ഇസ്രായിൽ നിഷ്‌കരുണം കൊലപ്പെടുത്തി. സിറിയൻ വിപ്ലവത്തിന്റെ തൊട്ടിലായ ദർഅയിൽ സിറിയൻ ഭരണകൂടം ചെയ്യുന്നതും ഇതു തന്നെയാണ്. സംഘർഷങ്ങളുടെ കെടുതികൾക്കിരയാകുന്ന കുട്ടികളെ കുറിച്ച റിപ്പോർട്ടുകൾ തയാറാക്കുന്നതിൽ വിശ്വാസയോഗ്യമല്ലാത്തതും ഏകപക്ഷീയവുമായ സ്രോതസ്സുകൾ യു.എൻ ഏജൻസി അവലംബിക്കരുതെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. 
യെമനിൽ നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കുന്നതിന് പ്രവർത്തിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന സാധാരണക്കാരുടെയും കുട്ടികളുടെയും ജീവൻ അപകടത്തിലാകാതെ നോക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ മാതൃകാപരവും തിളക്കമാർന്നതുമാണ്. അൽഹുദൈദ വിമോചന യുദ്ധം ഇതാണ് വ്യക്തമാക്കുന്നത്. പരമാവധി ആത്മസംയമനം പാലിച്ചും മുഴുവൻ അന്താരാഷ്ട്ര നിയമങ്ങളും ചാർട്ടറുകളും മാനിച്ചുമാണ് സഖ്യസേന പ്രവർത്തിക്കുന്നത്. യുദ്ധമുഖത്തു നിന്ന് രക്ഷിച്ച നിരവധി യെമനി കുട്ടികളെ യെമൻ അധികൃതർ വഴി കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്. യുദ്ധമുഖത്തു നിന്ന് രക്ഷിക്കുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന് കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. 

Latest News