Sunday , September   23, 2018
Sunday , September   23, 2018

ഖത്തര്‍ നയങ്ങളുടെ പരാജയം നോക്കൂ; വിമാനത്തില്‍ ഒറ്റ യാത്രക്കാരന്‍

റിയാദ് - സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിച്ഛേദിച്ചത് ഖത്തറിനെ എത്രമാത്രം ഗുരുതരമായി ബാധിക്കുന്നു എന്നതിന്റെ നേർചിത്രമായി ഒറ്റ യാത്രക്കാരനുമായി ഖത്തർ എയർവെയ്‌സ് വിമാനത്തിന്റെ യാത്ര.

കുവൈത്തിൽ നിന്ന് ദോഹയിലേക്കാണ് കഴിഞ്ഞ ദിവസം ഖത്തർ എയർവെയ്‌സിനു കീഴിലെ ബോയിംഗ് 787 ഡ്രീംലൈനർ ഇനത്തിൽ പെട്ട വിമാനം ഒരു യാത്രക്കാരനുമായി സർവീസ് നടത്തിയത്. ദോഹ സർവീസ് കൗണ്ടറുകളും ലോഞ്ചും വിമാനത്തിനകത്തെ സീറ്റുകളും തീർത്തും കാലിയായി കിടക്കുന്നതിന്റെ വീഡിയോ യാത്രക്കാരനായ കുവൈത്തി പൗരൻ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സാധാരണയിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന വേനലവധിക്കാലമായിട്ടു കൂടി ഒറ്റ യാത്രക്കാരനുമായി ഖത്തർ എയർവെയ്‌സ് വിമാനം സർവീസ് നടത്തിയത് ഖത്തർ ഭരണാധികാരികൾ പിന്തുടരുന്ന തെറ്റായ നയങ്ങളുടെ പരാജയത്തിന് തെളിവാണെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.


ഇത്തരം പ്രശ്‌നങ്ങൾ ഖത്തർ മാധ്യമങ്ങൾ അവഗണിക്കുകയാണ്. പ്രതിസന്ധി വൈകാതെ പരിഹരിക്കപ്പെടുമെന്നും ബഹിഷ്‌കരണം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കു മേൽ ഖത്തറിന് വിജയം വരിക്കുന്നതിന് സാധിക്കുമെന്നുമുള്ള മിഥ്യാബോധം ഖത്തരികളിൽ കുത്തിവെക്കുന്നതിനാണ് സ്വന്തം രാജ്യത്തെ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇവർ പറഞ്ഞു. പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച് ഖത്തർ നേതാക്കൾ നയങ്ങൾ തിരുത്തണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. 
ഖത്തറിൽ വിദേശ സന്ദർശകരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞതായും നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും ഖത്തർ എയർവെയ്‌സിന്റെ നഷ്ടം കുമിഞ്ഞുകൂടുന്നതായും അമേരിക്കൻ ചാനലായ സി.എൻ.ബി.സി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
 ഈ വർഷം ആദ്യ പാദത്തിൽ ഖത്തർ സന്ദർശകരുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഖത്തർ സെൻട്രൽ ബാങ്കിന്റെ റിയൽ എസ്റ്റേറ്റ് സൂചിക ഈ വർഷം ആദ്യ പാദത്തിൽ മാത്രം പത്തു ശതമാനം ഇടിഞ്ഞു. 
ജനുവരി ഒന്നു മുതൽ മെയ് 31 വരെയുള്ള അഞ്ചു മാസക്കാലത്ത് 8,28,500 വിദേശികൾ മാത്രമാണ് ഖത്തർ സന്ദർശിച്ചതെന്ന് ഖത്തർ ആസൂത്രണ, സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകൾ ഉദ്ധരിച്ച് അമേരിക്കൻ ചാനൽ റിപ്പോർട്ട് ചെയ്തു. ഗൾഫ് രാജ്യങ്ങളും ഈജിപ്തും ബന്ധം വിച്ഛേദിച്ചതാണ് ഖത്തറിലേക്കുള്ള വിദേശ സന്ദർശകരുടെ ഒഴുക്കിനെ ബാധിച്ചത്. 
ഈ വർഷം ആദ്യത്തെ അഞ്ചു മാസത്തിനിടെ ഖത്തർ സന്ദർശിച്ച വിദേശികളിൽ 41 ശതമാനം ഏഷ്യൻ വംശജരും 31 ശതമാനം യൂറോപ്യൻ രാജ്യക്കാരും പത്തു ശതമാനം ഗൾഫ് രാജ്യക്കാരുമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് 85,000 പേരാണ് അഞ്ചു മാസത്തിനിടെ ഖത്തർ സന്ദർശിച്ചത്. 
ഭൂരിഭാഗം രാജ്യങ്ങളിൽ നിുള്ളവരെയും ഖത്തർ വിസ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗൾഫ്, അറബ് രാജ്യങ്ങൾ ബന്ധം വിച്ഛേദിച്ചതു മൂലം മാന്ദ്യത്തിന്റെ പിടിയിലായ സമ്പദ്‌വ്യവസ്ഥക്ക് ഉണർവ് പകരുന്നതിന് ലോകത്തെ എൺപതോളം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് വിസകളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ സന്ദർശകരുടെ എണ്ണം വർധിപ്പിക്കുന്നതിന് ഈ നടപടികൾ സഹായകമായിട്ടില്ലെന്നാണ് ഔദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്. 
 
 

Latest News