Saturday , February   16, 2019
Saturday , February   16, 2019

രക്തപങ്കിലമാകുന്ന  കലാലയങ്ങൾ

പൊതുമണ്ഡലത്തിലും കലാലയങ്ങളിലും കൊലപാതകങ്ങൾ നടക്കുമ്പോൾ പൊതു സമൂഹം പറയുന്ന വാക്കാണ് ഇത് അവസാനത്തേത് ആകണമേ എന്ന്. അതിന് ശേഷം പ്രതിഷേധങ്ങളും അന്വേഷണങ്ങളും ചർച്ചകളും മുറക്ക് നടക്കുമെങ്കിലും മറവിയിലേക്ക് മനുഷ്യർ ആണ്ടു പോകുന്നതിനിടക്ക് വീണ്ടും കേൾക്കാം മറ്റൊരു കൊലപാതക വാർത്ത. ഇത് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു എന്നതാണ് സത്യം. 
ഏറ്റവും അവസാനം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് കൊല്ലപ്പെട്ടപ്പോഴും പതിവ് പല്ലവികൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടെങ്കിലും ചാനലുകളിൽ സജീവമായി ചർച്ച ചെയ്യുമ്പോഴും യഥാർത്ഥ പ്രതികളെ പിടിക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്.
ഓരോ മക്കളേയും രക്ഷിതാക്കൾ കലാലയങ്ങളിലേക്ക് പഠിക്കാൻ വിടുമ്പോൾ അവരുടെ മനസ്സിൽ ഒരുപാട് നല്ല സ്വപ്‌നങ്ങൾ ഉണ്ടാകും. അത് സഫലീകരിച്ചു കൊടുക്കുക എന്നതാവണം മക്കളുടെ കടമ. അതിന് പകരം രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകമായി പ്രവർത്തിച്ച് അക്രമത്തിനിറങ്ങുകയും കേസും ജയിലുമൊക്കെയായി ജീവിതം നശിപ്പിക്കുകയും ചെയ്താൽ അത് ഒരു മാതാപിതാക്കൾക്കും സഹിക്കാനോ ക്ഷമിക്കാനോ കഴിയണം എന്നില്ല. 
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ രാഷ്ട്രീയ വിദ്യാഭ്യാസം നേടുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. അത് പക്ഷേ നല്ല വഴിക്കായിരിക്കണം എന്ന് മാത്രം. വളർന്നു വരുന്ന തലമുറക്ക് ജനാധിപത്യ ബോധം ഉണ്ടാകാനും രാഷ്ട്ര നിർമാണത്തിൽ ഭാഗഭാക്കാനുള്ള പരിശീലനം എന്ന നിലയ്ക്കുമാണ് കലാലയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ കീഴിൽ വിദ്യാർത്ഥി സംഘടനകൾ രൂപീകരിക്കുന്നത്. അത് വഴി പാർലമെന്റ് രീതിയിലുള്ള തെരഞ്ഞെടുപ്പുകളും കലാലയങ്ങളിൽ നടക്കാറുണ്ട്. ഇവിടെയും പ്രചാരണത്തിനിടയിൽ വാക്‌പോരും അടിയും അക്രമവും എല്ലാം പതിവാണ്. എന്നാലത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാത്രമേ നീണ്ടുനിൽക്കൂ. പിന്നെയെല്ലാം സാധാരണ പോലെ. 
പണ്ട് കാലങ്ങളിൽ പ്രധാനമായും മൂന്ന് സംഘടനകളേ കലാലയങ്ങളിൽ ഉണ്ടായിരുന്നുള്ളൂ. എസ് എഫ് ഐയും കെ എസ് യു വും എം എസ് എഫും. അതിൽ തന്നെ അന്നും എസ് എഫ് ഐക്ക് ആയിരുന്നു മുൻതൂക്കം. അതിന് പ്രധാന കാരണം കൈയൂക്കും ധൈര്യവും ഉള്ള വിദ്യാർത്ഥി നേതാക്കൾ കൂടുതലും എസ് എഫ് ഐയിലായിരിക്കും എന്നതാണ്. കാലക്രമേണ എസ് എഫ് ഐ യുടെ പ്രധാന എതിരാളികളായിരുന്ന കെ എസ് യു വും എം എസ് എഫും സംഘടനാപരമായി ക്ഷയിച്ചപ്പോൾ അവിടേക്ക് നുഴഞ്ഞ് കയറിയവരാണ് എ ബി വി പി, കാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകൾ. 
കെ എസ് യുവും എം എസ് എഫുമെല്ലാം ക്ഷമയുടെ വക്താക്കളായിരുന്നുവെങ്കിൽ എസ് എഫ് ഐയോട് കട്ടക്ക് നിൽക്കാനുള്ള ധൈര്യവും ചങ്കൂറ്റവുമായാണ് പുതിയ സംഘടനകൾ രംഗപ്രവേശം ചെയ്തത്. വൈകാരിക ചിന്തകളുള്ള കുറെ വിദ്യാർത്ഥികളെ കൂടെ കൂട്ടാനും ഇവർക്ക് സാധിച്ചു.
 ഇവരുടെ വരവോട് കൂടിയാണ് കലാലയാന്തരീക്ഷം കലുഷിതമാവാൻ തുടങ്ങിയത് എന്ന് വേണം അനുമാനിക്കാൻ. അധികാരം പിടിച്ചടക്കാൻ വേണ്ടി തന്നെയാണ് എവിടെയും യുദ്ധങ്ങൾ നടന്നിട്ടുള്ളത്. ഏത് യുദ്ധത്തിലും ഇരുഭാഗത്തും നാശനഷ്ടങ്ങൾ ഉണ്ടാവുക സ്വാഭാവികവും.
അത്തരമൊരു അപ്രമാദിത്ത തർക്കത്തിന്റെ ഇരയായി മഹാരാജാസിൽ അഭിമന്യു എന്ന് പറയാം. പക്ഷേ ഇതിൽ നാശനഷ്ടം വിദ്യാർത്ഥികൾക്ക് മൊത്തമാണ്. കൊല്ലപ്പെട്ടവന്റെ കുടുംബം തീരാദുഃഖത്തിലായി. കൊന്നവരുടേതും മറിച്ചായിരിക്കില്ല.  ആർക്ക് വേണ്ടി? എന്തിന് വേണ്ടി? എന്നതാണ് ആലോചിക്കേണ്ട വിഷയം .
കേരളത്തിലിപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നേതാക്കളെല്ലാം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നു വന്നവർ തന്നെയാണ്. എന്നാൽ അവരുടെ മക്കളാരും തന്നെ സജീവ വിദ്യാർത്ഥി രാഷ്ടീയത്തിലും രാഷ്ടീയാതിപ്രസരമുള്ള കോളേജുകളിലും പഠിക്കാത്തവരാണ്. 
അതേ സമയം അവരൊക്കെ തന്നെ സമരവും അക്രമവും ഇല്ലാത്ത സ്വദേശി, വിദേശി കലാലയങ്ങളിൽ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി തിരിച്ചു വരുമ്പോൾ നേതാക്കന്മാരുടെ പിൻഗാമികളായാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. പിന്നീട് അവർക്ക് വേണ്ടിയും ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതോ അടിയും തൊഴിയും പോലീസ് മർദ്ദനവും ജയിലുമെല്ലാം ഏൽക്കേണ്ടി വരുന്ന സാധാരണക്കാരും. 
ഇവിടെയാണ് വിദ്യാർത്ഥി സമൂഹം നേതാക്കളെ മാതൃകയാക്കേണ്ടത്. നമ്മൾ തെരഞ്ഞെടുത്തയക്കുന്ന നേതാക്കൾ നിയമസഭയിൽ പരസ്പരം പോരടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അവരൊരിക്കലും പരസ്പരം കൊലവിളിക്കുകയോ കത്തിക്കുത്ത് നടത്തുകയോ കൊല്ലുകയോ ചെയ്തിട്ടില്ല. നിയമസഭക്ക് പുറത്തിറങ്ങിയാൽ അവർ പരസ്പരം തോളിൽ കൈയിട്ട് നടക്കുന്നവരാണ്. പല പൊതുപരിപാടികളിലും ഒരുമിച്ചിരിക്കുന്നവരാണ്. 
അവരുടെയിടയിൽ ശത്രുതയില്ല. പിന്നെന്തിനാണ് അവർക്ക് വേണ്ടി നമ്മൾ ശത്രുക്കളാവുന്നത്. അതുകൊണ്ട് ചിന്തിക്കുക. നന്മയുള്ള രാഷ്ട്രീയ പ്രവർത്തനം കാഴ്ച വെക്കാൻ പരിശ്രമിക്കുക.
 വിവരവും വിദ്യാഭ്യാസവും ജനാധിപത്യ ബോധവുമുള്ള യുവതയാണ് രാജ്യത്തിന്റെ കരുത്ത് എന്ന് തിരിച്ചറിയുക. 
പുതിയ കലാലയ വർഷം തുടങ്ങിയപ്പോഴേക്കും അഭിമന്യുവിനെ നമുക്ക് നഷ്ടമായി. ഓരോ കൊലപാതകത്തിന് ശേഷവും നാം പറയുന്ന വാക്കുകൾ വീണ്ടും ആവർത്തിക്കുന്നു. അഭിമന്യുവിന്റെ കൊലപാതകം അവസാനത്തേതാകട്ടെ. 
മക്കളെ, നിങ്ങളെ പിരി കയറ്റാനും ബ്രെയിൻ വാഷ് ചെയ്യാനും ആളുകളുണ്ടായേക്കാം. പകരത്തിന് പകരം ചോദിക്കാതെ അടങ്ങരുത് എന്ന് പറയാനും ആളുണ്ടായേക്കാം. അത്തരം ആളുകളുടെ വാക്കുകൾക്ക് ചെവികൊടുക്കാതിരിക്കുക. കാരണം നിങ്ങളെ ചൂട് പിടിപ്പിക്കുന്നവർക്ക് നഷ്ടപ്പെടാൻ ഒന്നുമുണ്ടാവില്ല. നേടാനേ ഉണ്ടാകൂ. നഷ്ടം നിങ്ങൾക്ക് മാത്രമായിരിക്കും. നിങ്ങൾക്ക് മാത്രം.