Saturday , February   16, 2019
Saturday , February   16, 2019

മലപ്പുറത്തുകാരുടെ ഫുട്‌ബോൾ മുഹബ്ബത്ത്

ലോക ഫുട്‌ബോൾ മാമാങ്കത്തിന് കൊടിയിറങ്ങാനിരിക്കേ, ഇപ്പോഴും പ്രവാസ മനസ്സുകളിൽ മെസ്സിയും നെയ്മാറും നിറഞ്ഞ് നിൽക്കുന്നു. ഏതായാലും അർജന്റീനയും ബ്രസീലുമില്ലാത്ത ഫൈനൽ റൗണ്ട് മൽസരങ്ങൾ 'മുന്തിരിയില്ലാത്ത ലഡു' പോലെയാണെന്നാണ് കൊച്ചുകുട്ടികൾ മുതൽ വയോവൃദ്ധർ വരെ വിലയിരുത്തുന്നത്.

ജൂലൈ 15 ന് റഷ്യൻ മണ്ണിൽ ലോക ഫുട്‌ബോളിന്റെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഫുട്‌ബോൾ ആരാധകരുടെ ആവേശമായി മാറിയ രണ്ടു ടീമുകളായ അർജൻറീനയും ബ്രസീലുമുണ്ടാകില്ല. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലുമായി പുറത്ത് പോയപ്പോൾ ലോക ഫുട്‌ബോൾ ആരാധകരുടെ ആവേശം കെട്ടടങ്ങിയിരിക്കുകയാണ്.
കേരളത്തിൽ പ്രത്യേകിച്ച് മലബാറിൽ, കൂടുതൽ ആവേശക്കൊടുങ്കാറ്റഴിച്ചു വിടുന്ന മലപ്പുറം ജില്ലയിൽ അർജന്റീനയുടെയും ബ്രസീലിന്റെയും പതനം ഫുട്‌ബോൾ പ്രേമികളെ ഏറെ നിരാശപ്പെടുത്തിയിരിക്കയാണ്. 
ഫുട്‌ബോളിനെ ഇത്രയേറെ നെഞ്ചിലേറ്റിയ ഒരു ജില്ല ലോകത്ത് തന്നെ വേറെയുണ്ടോ എന്നുള്ളത് ഒരു പഠനത്തിന് വിധേയമാക്കിയാൽ പോലും ഒന്നാം സ്ഥാനത്ത് നിൽക്കുക മലപ്പുറം ജില്ല തന്നെയായിരിക്കും.  
വേനൽ കാലത്തും അവധി ദിനങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ള എല്ലാ ചെറുതും വലുതുമായ മൈതാനങ്ങൾ സജീവമാക്കി വിവിധ ക്ലബ്ബുകൾ തമ്മിൽ തമ്മിൽ യോജിപ്പിച്ച് നടത്തപ്പെടുന്ന ഫുട്‌ബോൾ മേളകൾ വിവിധ ഗ്രൗണ്ടുകളിൽ പോയി കാണുന്ന കാഴ്ചകളും അതിൽ ഒരു ഇഷ്ടപ്പെട്ട ടീമിന്റെ ഭാഗത്ത് നിന്ന് പക്ഷം പിടിക്കുന്നതും എതിർ ടീമിന്റെ ഭാഗത്ത് നിൽക്കുന്നവരുമായി വാക്തർക്കങ്ങളും കലപില കൂടി അവസാനം സംഘട്ടനത്തിൽ വരെ എത്തുകയും ചെയ്ത എത്രയെത്ര ഫുട്‌ബോൾ ഓർമകളാണ് ഇന്നും?
കാൽപന്ത് കളിയുടെ ആവേശം ഏറ്റവും കൂടുതൽ നെഞ്ചിലേറ്റി അന്നും ഇന്നും വീറും വാശിയോടും കൂടി കൊണ്ടുനടക്കുന്നതിൽ മലപ്പുറത്തുകാർ തന്നെയാണ് ഇന്നും മുൻപന്തിയിൽ നിൽക്കുന്നത്. പേരുകേട്ട ക്ലബ്ബുകളും കളിക്കാരും എന്നും ഫുട്‌ബോൾ പ്രേമികളുടെ ഹരമായിരുന്നു.  ഒരോ മൈതാനത്തും നടക്കുന്ന ഫുട്‌ബോൾ മത്സരങ്ങളുടെ അനൗൺസ്‌മെൻറ് ഒരു പ്രത്യേക രീതിയിൽ ഒരോ കളിക്കാരന്റെയും പേരെടുത്ത് പറഞ്ഞ് വാശി കൂട്ടി വാക്കുകളെക്കൊണ്ട് അമ്മാനമാടുന്ന അനൗൺസർമാരുടെ കഴിവ് ഫുട്‌ബോൾ മത്സരത്തിന് മാറ്റു കൂട്ടുന്ന ഒരു പ്രത്യേക കഴിവ് തന്നെയാണ്. കോഴിക്കോട് ബ്ലാക്ക് ആന്റ് വൈറ്റും  മധുര ഡക്കാൻ ക്ലബ്ബും. 
മദ്രാസ് ഉദയയും  മലപ്പുറം സൂപ്പർ സ്റ്റുഡിയോയും അരീക്കോട് ടൗൺ ടീമും തെരട്ടമ്മൽ ബ്രദേഴ്‌സും മെഡിഗാഡും  മമ്പാട് ഫ്രണ്ട്‌സും ചെർപ്പുളശ്ശേരി മദീനയും  തൃശൂർ ജിംഖാനയും ഇവയെല്ലാം അന്നത്തെ ഫുട്‌ബോൾ കളരിയിലെ ചേകവന്മാർ അണിനിരക്കുന്ന അങ്കക്കളരിയിലെ ക്ലബ്ബുകളായിരുന്നു. 
മമ്പാട് റഹ്മാൻ, ഇല്ലുട്ടി, പെരിന്തൽമണ്ണ ഖാദറലി മെമ്മോറിയലിലെ കുഞ്ഞാപ്പ,  മമ്പാട്ടെ ഹനീഫ, കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ സെബാസ്റ്റ്യൻ,  പാപ്പച്ചൻ,  ഷറഫലി, പ്രീമിയർ ഹംസ, പൂക്കോട്ടൂർ റഫീഖ്, ഹസ്സൻ,  മാനുപ്പ എടക്കര,  കാളികാവ് ഫ്രണ്ട്‌സിലെ  കെ.ടി അബ്ദുറഹ്മാൻ, കൊല്ലാരൻ നസീർ തുടങ്ങിയവരെല്ലാം അന്നത്തെ കളിക്കളത്തിലെ പടക്കുതിരകളായിരുന്നത് ഇന്നും ഓർത്തു പോവുകയാണ്.
എനിക്കും എന്റെ കൂട്ടുകാർക്കും ഫുട്‌ബോൾ രംഗത്ത് ആവേശം തന്നിരുന്ന പ്രതിഭകളായിരുന്ന ഷാഫി കോട്ടക്കൽ,  ചെട്ടിയൻ തൊടിക അലവി,  കണ്ണിയൻ മുഹമ്മദ്, പുലത്ത് ബാപ്പുട്ടി, നീലാമ്പ്ര ഷംസുദ്ദീൻ, പുള്ളിയിൽ ഹംസ, പുല്ലാണി ചെറിയോൻ,  പരപ്പൻ അലവി, പൂത്തക്കൽ മുഹമ്മദ് കുട്ടി കാളികാവ,് അമ്പലക്കുന്നു മൈതാനത്തെ കോരിത്തരിപ്പിച്ച് കളിക്കളത്തിൽ നിറഞ്ഞ കയ്യടി വാങ്ങിയിരുന്ന വി.പി നാണി,  പൊറ്റയിൽ മജീദ് എന്നിവരുടെയല്ലാം കാൽപന്ത് കളിയോടുള്ള അന്നത്തെ കമ്പം പറഞ്ഞോ എഴുതിയോ അറിയിക്കാൻ പറ്റാത്ത അത്രക്ക് വിലമതിക്കപ്പെട്ടതായിരുന്നു. 
അഞ്ചു വർഷങ്ങൾക്ക് മുമ്പ് നിസാം മമ്പാട് പ്രസിഡണ്ടും  വി.പി മുസ്തഫ സെക്രട്ടറിയുമായിരുന്ന ജിദ്ദയിലെ മലപ്പുറം ജില്ലാ കെ എം സി സിയുടെ കീഴിൽ മലപ്പുറം ജില്ലയിലുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ജിദ്ദയിൽ നടത്തിയ ഫുട്‌ബോൾ മത്സരത്തിൽ നിലമ്പൂർ മണ്ഡലത്തിന്റെ ക്യാപ്റ്റനാകാൻ കഴിഞ്ഞതും ഫഌഗ് മർച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് മണ്ഡലത്തിലെ പ്രവർത്തകരെ അണി നിരത്തി വർണശബളമായ രീതിയിൽ മാർച്ചിന് നേതൃത്വം നൽകിയതും പ്രവാസത്തിലും ഫുട്‌ബോളിനെ മനസ്സിൽ നിന്ന് മായ്ച്ചുകളയാൻ കഴിയില്ല എന്നതിന്റെ പ്രധാന തെളിവായിരുന്നു.
മലപ്പുറത്തുകാരുടെ ഫുട്‌ബോൾ കളിയോടുള്ള അടങ്ങാത്ത മുഹബ്ബത്തിന്റെ അടയാളങ്ങളാണ് പല പേരുകളിൽ ജിദ്ദയിൽ അറിയപ്പെടുന്ന അനേകം ക്ലബുകൾ.  ഈ ക്ലബുകളയല്ലാം കോർത്തിണക്കി ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് സിഫ് (സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം) എന്ന പേരിൽ ഒരു പ്രധാന ഫുട്‌ബോൾ സംഘടന തന്നെ രൂപീകരിച്ച് ടൂർണമെന്റുകൾ സംഘടിപ്പിച്ചു വരുന്നു.
ലോക ഫുട്‌ബോൾ മാമാങ്കത്തിന് കൊടിയിറങ്ങാനിരിക്കേ, ഇപ്പോഴും പ്രവാസ മനസ്സുകളിൽ മെസ്സിയും നെയ്മാറും നിറഞ്ഞു നിൽക്കുന്നു. 
ഏതായാലും അർജന്റീനയും ബ്രസീലുമില്ലാത്ത ഫൈനൽ റൗണ്ട് മൽസരങ്ങൾ 'മുന്തിരിയില്ലാത്ത ലഡു' പോലെയാണന്നാണ്  കൊച്ചുകുട്ടികൾ മുതൽ വയോവൃദ്ധർ വരെ വിലയിരുത്തുന്നത്.